Wednesday 28 September 2022 12:52 PM IST

കുലുക്കിസർബത്ത് മുതൽ കുടംകലക്കി വരെ: വേനലിൽ സൂപ്പർഹിറ്റായ രസികൻ പാനീയങ്ങളിതാ

Asha Thomas

Senior Sub Editor, Manorama Arogyam

cooldrinks435

വേനൽ കത്തിക്കയറുകയാണ്...ഒപ്പം ശീതളപാനീയ വിപണിയും. ഷേക്ക്, സർബത്ത്, സംഭാരം, കുലുക്കി സർബത്ത് എന്നിങ്ങനെ നല്ല കലക്കൻ പേരുകളിൽ ചിമിട്ടൻ രുചിയിൽ വിപണിയിൽ പാനീയങ്ങളുടെ പടയോട്ടമാണ്. കേരളത്തിലെ ഒാരോ ജില്ലയ്ക്കും തനതായ ശീതളപാനീയരുചികളുണ്ട്...കൊച്ചിയിൽ കുടം കലക്കിയും കോഴിക്കോട് സർബത്തും ഒക്കെ പോലെ... ഒാരോ വർഷവും ഒാരോ പുതുരുചികളാണ് ശീതളപാനീയ രംഗം വാഴാൻ എത്തുന്നത്. അതും നല്ല രസികൻ പേരുകളിൽ. കുലുക്കി സർബത്തും ഫുൾ ജാർ സോഡയുമൊക്കെയായിരുന്നു പോയ വർഷങ്ങളിലെ താരങ്ങൾ ...ഈ വർഷം കുടംകലക്കിയും മുള സർബത്തുമാണ് മലയാളികളുടെ ഉള്ളം കുളിർപ്പിക്കാൻ എത്തിയിരിക്കുന്നത്. മലയാളി മനസ്സു നിറഞ്ഞു കുടിച്ചു ഹിറ്റാക്കിയ ചില വേനൽപാനീയങ്ങളെക്കുറിച്ചറിയാം.

കുലുക്കി സർബത്ത്

സർബത്തിന്റെ അലിയിക്കുന്ന മധുരവും സോഡയുടെ വീര്യവും പിന്നെ ചില കൈക്രിയകളും ചേർന്നാൽ കുലുക്കി സർബത്തായി. ഒരു ഗ്ലാസ്സിലേക്ക് നാരങ്ങാനീരും പുതിനയും പച്ചമുളകും ഇഞ്ചിനീരും കശ്കശും ഐസും നന്നാറി സർബത്തോ പഞ്ടസാര ലായനിയോ ചേർത്ത് വേറൊരു ഗ്ലാസ്സ് കൊണ്ട് മുറുക്കി അടച്ച് 20 സെക്കൻഡോളം നന്നായി കുലുക്കുന്നു. എരിവും പുളിയും മധുരവും ഇടതിങ്ങിയ ഉള്ളു കുളിർപ്പിക്കുന്ന കുലുക്കി സർബത്ത് റെഡി. ഒാരോ നാട്ടിലും ഒാരോ രുചിയിലാണ് കുലുക്കി സർബത്ത്. മുകളിൽ പറഞ്ഞതിനൊപ്പം കരിമ്പിൻ നീരു ചേർത്താൽ കരിമ്പ് കുലുക്കി സർബത്തായി. പൈനാപ്പിൾ ചേർത്തും പച്ചമാങ്ങാ ചേർത്തും ഒാറഞ്ചു ചേർത്തുമൊക്കെ ഇഷ്ടമുള്ള രുചിയിൽ കുലുക്കി സർബത്ത് തയാറാക്കാം.

ഫുൾജാർ സോഡ

നിറഞ്ഞുപതയുന്ന ഒരു വലിയ ഗ്ലാസ് സോഡയിലേക്ക്, കാന്താരിമുളക്, പുതിനയില, ഇഞ്ചിനീര്, ഉപ്പ്, പഞ്ചസാര ലായനി എന്നിവ നിറച്ച ചെറിയ ഒരു ഗ്ലാസ് ഇട്ടാൽ നാവിനെ ത്രസിപ്പിക്കുന്ന ഫുൾജാർ സോഡയായി.

പോയവർഷങ്ങളിൽ ട്രോളന്മാരുടെ പ്രിയപാനീയമായിരുന്നു ഫുൾജാർ സോഡ്. ഒരു വലിയ വെള്ളം നിറച്ച വീപ്പയിലേക്ക് ചെറിയ ബക്കറ്റ് വെള്ളമിടുന്നതും അതു വലിച്ചുകുടിക്കുന്നതുമായ രസകരമായ വിഡിയോകൾ വൈറലാകുന്നതോടൊപ്പം ഫുൾജാർ സോഡ വേനൽ വിപണിയിൽ പൊന്നുംതാരമായി. സെലിബ്രിറ്റികൾ വരെ ഫുൾജാർ സോഡ പരീക്ഷണങ്ങൾ നടത്തി വിഡിയോ പങ്കുവച്ചു. ‘കുലുക്കി സർബത്ത് എന്ന വന്മരം വീണു, ഇനി ഫുൾജാർ സോഡ അരങ്ങുവാഴും’ എന്നുവരെ ഫുൾജാർ സോഡയുടെ ആരാധകർ പറഞ്ഞുനടന്നു.

കുടംകലക്കിയും മുള സർബത്തും

എന്നാൽ ഫുൾജാർ സോഡ രുചിയോർമകളിലേക്ക് മറഞ്ഞുകഴിഞ്ഞു. ഈ വേനലിലെ പ്രിയ താരങ്ങൾ കുടംകലക്കിയും മുള സർബത്തുമാണ്. മാതളനാരങ്ങ കൊണ്ടും പച്ചമാങ്ങ കൊണ്ടും ഒക്കെ കുടംകലക്കിയുണ്ടാക്കുന്നു. കുടംകലക്കിക്ക് അത്യാവശ്യം വേണ്ടത് നല്ലൊരു മൺകുടമാണ്. ശേഷം രണ്ടോ മൂന്നോ മാതളമെടുത്ത് കുരു അധികം അരയാതെ മിക്സിയിൽ ഒന്നു കറക്കി നീരെടുക്കുക. മൺകുടത്തിലേക്ക് ഈ മാതളനീരും നന്നാറി സർബത്തും നാരങ്ങാനീരും ഒരുനുള്ള് ഉപ്പും ഐസും ചേർക്കുക. ഇതിലേക്ക് സോഡ കൂടി ഒഴിക്കുക. ഒന്നാന്തരം കുടംകലക്കി രുചിക്കാം.

മുള സർബത്ത് തൃശൂർ, വടക്കാഞ്ചേരി ഭാഗങ്ങളിലാണ് ഹിറ്റായി തുടങ്ങിയതെങ്കിലും ഇപ്പോൾ തെക്കൻ കേരളത്തിലും വ്യാപകമാണ്. ഒരു മുളങ്കുറ്റിയെടുത്ത് അതിലേക്ക് ഇഞ്ചി , പച്ചമുളക്, കുരുമുളക് എന്നിവ ചതച്ചെടുത്തതും ഏലക്കായും ഗ്രാംപൂവും പൊടിച്ചതും നാരങ്ങാനീരും അൽപം കശ്കശും ഉപ്പും ചേർക്കുക. ഇതിലേക്ക് നന്നാറി സർബത്ത് ഒഴിക്കുക. ഇതു മിക്സ് ചെയ്തിട്ട് മുകളിലേക്ക് സോഡ ഒഴിക്കുക. നുരഞ്ഞുപൊന്തുന്ന രസികൻ മുള സർബത്ത് റെഡി.

മതിമറന്നു കുടിക്കും മുൻപേ..

വേനലിൽ ശീതളരുചികളുടെ പുറകേ പോകും മുൻപ് ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നു പറയുന്നു പോഷകാഹാരവിദഗ്ധയായ ഡോ. അനിതാമോഹൻ. സോഡ പോലുള്ള എയ്റേറ്റഡ് പാനീയങ്ങളുടെ ഉപയോഗം കഴിയുന്നതും കുറയ്ക്കണം. കാരണം നമ്മുടെ ശരീരത്തിന് വേണ്ടത് ഒാക്സിജനാണ്. സോഡയിൽ കാർബൺ ഡൈ ഒാക്സൈഡ് ആണ് കൂടുതൽ. തണുപ്പു നൽകാനായി പാനീയങ്ങളിൽ ചേർക്കുന്ന ഐസും വെള്ളവുമൊക്കെ ശുദ്ധമാണോ എന്നുറപ്പിക്കാൻ ബുദ്ധിമുട്ടാണ്. കഴിവതും വിശ്വാസയോഗ്യമായ ഇടങ്ങളിൽ നിന്നുമാത്രം പാനീയങ്ങൾ കുടിക്കുക. ഡിസ്പോസിബിൾ ഗ്ലാസ്സും സ്ട്രോയും ഉപയോഗിക്കുക. വല്ലപ്പോഴും മാത്രം രുചിയറിയാനായി ഇത്തരം പാനീയങ്ങൾ കുടിക്കുന്നതാണ് സുരക്ഷിതം. ദാഹം ശമിപ്പിക്കാൻ നല്ല ശുദ്ധജലം ധാരാളം കുടിക്കുക.

Tags:
  • Manorama Arogyam
  • Health Tips