12 വർഷം മുൻപ് അർബുദരോഗത്തെ ധീരമായി നേരിട്ട സൂര്യകല പിന്നീട് അർബുദമെന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തു. അർബുദ ബോധവൽകരണത്തിലും ക്യാംപുകൾ നടത്തുന്നതിലും സജീവമാണിപ്പോൾ...
അർബുദത്തിന്റെ അവസാനഘട്ടത്തിലാണ്, രക്ഷയില്ല...’ എന്ന വിധിയെഴുത്തിനെ മറികടന്നു ചികിത്സ പൂർത്തിയാക്കി ഇരട്ടി തേജസ്സോടെ ഡോ. സൂര്യകല ജീവിച്ചു തുടങ്ങിയിട്ട് 12 വർഷമായി. അർബുദം ഭേദമായ ശേഷം അതേ വിഷയത്തിൽ പിഎച്ച്ഡി എടുത്തു, അൻപതോളം സൗജന്യ അർബുദ നിർണയ ക്യാംപുകൾ നടത്തി... ബോധവൽകരണ ക്ലാസ്സുകൾ എടുത്തു... പേരുപോലെ തന്നെ നിറഞ്ഞ ചിരിയോടെയാണ് ഡോ. സൂര്യകല.
സംസാരിച്ചു തുടങ്ങിയത്.
‘‘ 37–ാം വയസ്സിലാണു കാൻസർ എന്ന അതിഥി എന്നെ തേടിവരുന്നത്. അന്നു കോയമ്പത്തൂരിലെ ഒരു കോളജിൽ ലക്ചറർ ആയി ജോലി ചെയ്യുകയാണ്. അകാരണമായ ക്ഷീണമായിരുന്നു ആദ്യത്തെ ലക്ഷണം. തളർച്ചയ്ക്കൊപ്പം വായ്ക്കു രുചിയില്ലായ്മയും കണ്ടു. ഡോക്ടറുടെ അടുത്തുപോയി ക്ഷീണത്തിനു മരുന്നു വാങ്ങി കഴിച്ചു. പക്ഷേ, കുറേ ഗുളിക കഴിച്ചിട്ടും ക്ഷീണം കുറയുന്നില്ല. അതിനുശേഷം ഒന്നര മാസം കഴിഞ്ഞുള്ള ഒരു ദിവസമാണു സ്തനത്തിൽ ഒരു മുഴ ഉണ്ടെന്നു ഞാൻ തിരിച്ചറിയുന്നത്. ഉടൻ തന്നെ പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചെന്നു ഡോക്ടറെ കണ്ടു. അർബുദ നിർണയത്തിനുള്ള, സൂചി കുത്തി കോശങ്ങളെടുത്തുള്ള (എഫ്എൻഎസി) പരിശോധന ചെയ്യാൻ ഡോക്ടർ നിർദേശിച്ചു.
ഉള്ളുലച്ച വിധിയെഴുത്ത്
അന്നൊക്കെ കാൻസർ എന്നു പറഞ്ഞാൽ മരണത്തിന്റെ പര്യായമാണ്. അർബുദം വന്നാൽ വേറെ അസുഖത്തിന്റെ പേരും പറഞ്ഞാണു പലരും ചികിത്സയ്ക്കു പോകുന്നതുപോലും. പരിശോധന കഴിഞ്ഞു റിപ്പോർട്ടുമായി ഡോക്ടറുടെ അടുത്തു ചെല്ലുമ്പോഴും എന്റെ ഉള്ളിൽ ഒരു തരി പ്രതീക്ഷയുണ്ട്– അർബുദമായിരിക്കില്ല എന്ന്. ഞാൻ മാംസഭക്ഷണം അത്ര കഴിക്കാറില്ല, ചെറുപ്പമാണ്. അതുകൊണ്ട് അർബുദമൊന്നും എനിക്കു വരില്ല എന്നൊരു ധാരണയുണ്ടായിരുന്നു ഉള്ളിൽ.
പക്ഷേ, പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ഡോക്ടർ പറഞ്ഞു– ‘അർബുദം അവസാന ഘട്ടത്തിലാണ്. വേണമെങ്കിൽ ഒരു ശസ്ത്രക്രിയ നടത്തി നോക്കാം’.
അതു വലിയൊരു ഷോക്ക് തന്നെ ആയിരുന്നു. ഇപ്പോൾ ഒാർക്കുമ്പോഴും വലിയ സങ്കടം തരുന്ന വാക്കുകളാണത്. പ്രതീക്ഷകളൊന്നുമില്ലാതെയാണ് അവിടെ നിന്നും ഇറങ്ങുന്നത്. ഡോക്ടറുടെ മുറിയിൽ വച്ചു കിനിഞ്ഞു തുടങ്ങിയ ക ണ്ണീർ പിന്നെ നിലച്ചില്ല. ആശുപത്രിയിൽ നിന്നു വന്നിട്ടു ഭർത്താവും ഭയങ്കര കരച്ചിലായിരുന്നു. ഞങ്ങളുടേതു പ്രണയ വിവാഹമായിരുന്നു. അദ്ദേഹം ഗൾഫിലെ ജോലിവിട്ടു നാട്ടിലെത്തി ബിസിനസ്സ് ഒക്കെ തുടങ്ങി, ഒരുമിച്ചു ജീവിച്ചു തുടങ്ങിയിട്ടേയുള്ളൂ. രണ്ടു ചെറിയ കുട്ടികളാണുള്ളത്. ഇളയ കുട്ടിയുടെ മുലപ്പാലൂട്ടൽ നിർത്തിയിട്ട് അധികനാളായിട്ടില്ല.
‘ഇനി ഈ കുഞ്ഞുങ്ങളുടെ കാര്യം ആരു നോക്കും.?’– വിവരമറിഞ്ഞ ബന്ധുക്കളുടെ സഹതാപവാക്കുകൾ തീയായി ഉള്ളിൽ വീണു.
കണ്ണീരിൽ മുങ്ങിത്താഴ്ന്ന ആ ദിവസങ്ങളിലൊന്നിലാണു ഭർത്താവിന്റെ കോട്ടയത്തുള്ള ബന്ധുക്കൾ പറഞ്ഞു ഡോ.വി.പി. ഗംഗാധരനെ കുറിച്ച് അറിയുന്നത്. അന്ന് അദ്ദേഹം കോട്ടയത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ രോഗികളെ കാണുന്നുണ്ട്. എല്ലാ പ്രതീക്ഷകളും അസ്തമിച്ചിട്ട് ഒരു കച്ചിത്തുരുമ്പു കാണുന്നതുപോലെയാണു ഞങ്ങൾ ഡോക്ടറെ കാണാൻ പോയത്. പാലക്കാട്ടെ ഡോക്ടർ പറഞ്ഞതുപോലെ ആകരുതേ എന്നു മനസ്സുരുകി പ്രാർഥിച്ചു നിറകണ്ണുകളോടെയാണു ഞാൻ റിപ്പോർട്ടുകൾ കാണിച്ചത്. സാവകാശം അതു നോക്കിയശേഷം ശാന്തനായി അദ്ദേഹം പറഞ്ഞു–‘കുഴപ്പമില്ല, ഞാനൊന്നു നോക്കട്ടെ...’ സ്കാനിങ്ങിനും കുറേ പരിശോധനകൾക്കും കൂടി അദ്ദേഹം എഴുതി തന്നു.
വൈകുന്നേരം റിസൽട്ടുമായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു– ‘സൂര്യാ, ഇതു ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്ന അസുഖം തന്നെയാണ്. കുഴപ്പമില്ല... ആറേഴു മാസം ലീവെടുത്താൽ മതി’.
പ്രതീക്ഷയുടെ തിരി
ആ വാക്കുകൾ...അതു പറഞ്ഞ രീതി...അതുവരെ മുനിഞ്ഞു കത്തിയിരുന്ന വിളക്ക് പെട്ടെന്നു പ്രകാശപൂരിതമായതുപോ ലെ ജീവിതത്തിൽ ഒരു വെളിച്ചം നിറഞ്ഞു. ആ വാക്കുകൾ വലിയ പ്രതീക്ഷയും സന്തോഷവും തന്നു. അന്നതു കേട്ടപ്പോൾ ലഭിച്ച ആ ഒരു ഊർജം തന്നെയാണ് ഇപ്പോഴും ജീവിതത്തിൽ മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത്. ഇനിയും എനിക്കു ജീവിക്കാൻ പറ്റും, എന്റെ മക്കളെ താലോലിക്കാൻ പറ്റും, ജോലി ചെയ്യാൻ പറ്റും എന്നൊരു വലിയ പ്രതീക്ഷ ആ വാക്കുകളിലൂടെ ലഭിച്ചു.
അതിനുശേഷം ഞാൻ കരഞ്ഞിട്ടില്ല. ഒരു വർഷത്തോളം മക്കളെ പാലക്കാട് എന്റെ അച്ഛനുമമ്മയ്ക്കുമൊപ്പമാക്കി മാറിനിൽക്കേണ്ടി വന്നു. ആദ്യം മാസ്ടക്ടമി സർജറി ചെയ്തു. തുടർന്ന് ആറു സൈക്കിൾ കീമോതെറപ്പിയും 30 റേഡിയേഷനും ചെയ്തു.
കീമോയുടെ ദുരിതങ്ങൾ താണ്ടി
കാൻസർ വന്നവരെ സംബന്ധിച്ച് ഏറ്റവും പേടിയുള്ള കാര്യമാണു കീമോതെറപ്പി. കൈകാൽ തരിപ്പ്, മുടി മുഴുവനായി കൊഴിഞ്ഞുപോവുക, കൺപീലി പോവുക, ഛർദി, ന ഖത്തിലും ചുണ്ടിലും കറുപ്പു വരിക എന്നിങ്ങനെ കുറേ അസ്വാസ്ഥ്യങ്ങൾ കീമോതെറപ്പിക്കു ശേഷം വരുമായിരുന്നു. എന്റെ ഒപ്പം കീമോ ചെയ്യുന്ന 5–6 പേരുമായി നല്ല കൂട്ടായിരുന്നു. ഞങ്ങൾ ബുദ്ധിമുട്ടുകളൊക്കെ പരസ്പരം പ ങ്കുവയ്ക്കും. അതുവഴി ‘ഇതെനിക്കു മാത്രമുള്ള പ്രശ്നമല്ല, എല്ലാവർക്കുമുണ്ട്... ചികിത്സയുടെ പാർശ്വഫലമാണ് എന്നൊരു ആശ്വാസം ലഭിക്കും.
ഉറക്കമില്ലായ്മ വലിയൊരു പ്രശ്നമായിരുന്നു. ക ഷ്ടിച്ച് 1–2 മണിക്കൂറേ ഉറക്കം കിട്ടുമായിരുന്നുള്ളു. ഈ സമയത്തു കരുത്തായതു കാൻസർ വന്നു പൂർണമായും സുഖപ്പെട്ട ‘കാൻസർ വിന്നേഴ്സി’ന്റെ വാക്കുകളാണ്. ആശുപത്രിയിൽ റിവ്യൂവിനു വരുന്ന അവരോടു സംസാരിക്കാൻ എനിക്കു വലിയ ഇഷ്ടമായിരുന്നു. ‘ഇതൊന്നും കുഴപ്പമില്ല, ഒക്കെ മാറും’ എന്ന അവരുടെ വാക്കുകൾ ഒരു മരുന്നു തന്നെയായിരുന്നു.
ഉറക്കമില്ലാതിരുന്ന സമയത്തു ഞാൻ നല്ല പാട്ടുകൾ കേട്ടു. പണ്ട് ക്ലാസ്സ് എടുത്തിരുന്ന സമയത്തെ നല്ല ന ല്ല ഒാർമകൾ വീണ്ടും ഒാർത്തെടുത്തു. യോഗ, ബ്രീതിങ് വ്യായാമങ്ങൾ എന്നിവയൊക്കെ ചെയ്യുമായിരുന്നു. ചികിത്സാ സമയത്ത് എന്റെയും ഭർത്താവിന്റെയും കുടുംബം തന്ന പിന്തുണയും വലുതായിരുന്നു. ഡോ. വി.പി. ഗംഗാധരൻ തന്ന കരുതലും കൂടെ ആയപ്പോൾ ഏഴെട്ടുമാസം കൊണ്ട് ഞാൻ കാൻസറിനെ ജയിച്ചു.
കാൻസറിൽ ഉപരിപഠനം
അർബുദം ഭേദമായവരെ സംബന്ധിച്ച് സഹതാപമല്ല പിന്തുണയാണ് ആവശ്യം. അക്കാര്യത്തിൽ ഞാൻ ഭാഗ്യവതിയായിരുന്നു. കോയമ്പത്തൂർ കോളജിൽ നിന്നും അവരിങ്ങോട്ടു നിർബന്ധിച്ചു പറയുകയായിരുന്നു വീണ്ടും ജോയിൻ ചെയ്യാൻ. ചികിത്സയെല്ലാം കഴിഞ്ഞ് മുടി വന്നു തുടങ്ങിയേതയുള്ളായിരുന്നു. അതുകൊണ്ട് ഒരു വിഗ്ഗ് ഒക്കെ വച്ചാണ് പോയത്. ‘ആർ യു ഒകെ?, ചികിത്സയെല്ലാം നന്നായി കഴിഞ്ഞില്ലേ’ എന്നുള്ള ചില കുശലാന്വേഷണങ്ങളല്ലാതെ ഒരുതരത്തിലുള്ള സഹതാപമോ അനാവശ്യ ചോദ്യങ്ങളോ ഉണ്ടായില്ല. പ്രിൻസിപ്പൽ ഡോ. ആശ ബാലഗംഗാധരൻ ഉൾപ്പെടെയുള്ളവർ ജോലിയിലും ഒരുപാടു പിന്തുണ തന്നു.
2018 ൽ പിഎച്ച്ഡി എടുക്കണമെന്ന ആഗ്രഹം തോന്നിയപ്പോഴേ മനസ്സിൽ വന്ന വിഷയം കാൻസറായിരുന്നു. ‘അർബുദ രോഗികളുടെ ചികിത്സയിലെ ബോധ്യങ്ങളും സംതൃപ്തിയും’ എന്നതായിരുന്നു വിഷയം. രോഗികളോടു സംസാരിച്ചപ്പോൾ അവർ പറഞ്ഞ പ്രധാനപ്രശ്നം, പരിശോധനകളും ചികിത്സകളുമൊക്കെ എ ന്തിനുള്ളതാണ് എന്നു കൃത്യമായും വ്യക്തമായും അവർക്കാരും പറഞ്ഞുകൊടുക്കുന്നില്ല എന്നതാണ്. പരിശോധനയുടെ ചെലവ്, എന്തുകൊണ്ട് ഇത്രയും ചെലവുള്ള പരിശോധന വേണ്ടിവരുന്നു എ ന്നു പറഞ്ഞുകൊടുക്കേണ്ടതു പ്രധാനമാണ്. എന്നിട്ടു വേണം പണം വാങ്ങാൻ.
അർബുദം മനുഷ്യരെ വല്ലാതങ്ങു മാറ്റിക്കളയും. അസുഖത്തിനു മുൻപ് ഒതുങ്ങിക്കഴിയാൻ ഇഷ്ടപ്പെടുന്നൊരാളായിരുന്നു ഞാൻ. ഇപ്പോൾ പാടേ മാറി. സാമൂഹിക പ്രവർത്തനങ്ങളിലൊക്കെ സജീവമായി. ആരോഗ്യമാണ് എല്ലാറ്റിലും വലുത് എന്നു പഠിച്ചു. ജൈവഭക്ഷണത്തിലേക്കും യോഗ ഉൾപ്പെടെയുള്ള ആരോഗ്യശീലങ്ങളിലേക്കും തിരിഞ്ഞു.
നേരത്തെ തിരിച്ചറിയുക എന്നതാണു കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നേരത്തേയുള്ള രോഗനിർണയത്തിലൂടെ ഒരാളെ എങ്കിലും ഈ അസുഖത്തിൽ നിന്നു രക്ഷിക്കാനായെങ്കിലോ എന്ന ചിന്തയിലാണു പരിചയമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊക്കെ അർബുദ ബോധവൽകരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു തുടങ്ങിയത്. തുടർന്ന്, അർബുദ നിർണയ ക്യാംപുകളും നടത്തിത്തുടങ്ങി. കൊച്ചിൻ കാൻസർ സൊസൈറ്റിയും വിവിധ പഞ്ചായത്തുകളുമായി സഹകരിച്ച് അട്ടപ്പാടിയിലുൾപ്പെടെയുള്ള ഗ്രാമീണപ്രദേശങ്ങളിലായി 35 ഒാളം സൗജന്യ സ്തനാർബുദ നിർണയ ക്യാംപുകൾ നടത്തുകയുണ്ടായി.
സ്ത്രീകൾക്കു പ്രത്യേകിച്ചും ശരീരം കാണിച്ചു തരുന്ന ചെറിയ ലക്ഷണങ്ങളെ അവഗണിക്കാനും മറച്ചുവയ്ക്കാനുമുള്ള പ്രവണത കൂടുതലാണ്. കുട്ടികളുടെ പഠനം കഴിയട്ടെ, പരീക്ഷ കഴിയട്ടെ, മക്കളുടെ വിവാഹം കഴിയട്ടെ എന്നു മാറ്റിവയ്ക്കും. എല്ലാ തിരക്കും കഴിയുമ്പോഴേക്കും ചികിത്സിച്ചിട്ടു ഫലമില്ലാതാകും. അതുകൊണ്ട് അസാധാരണ ലക്ഷണങ്ങൾ കാണുമ്പോഴേ അർബുദമല്ല എന്നുറപ്പാക്കണം.
അർബുദം വന്നു മാറിയവരെ സംബന്ധിച്ച് മാരകമായ രോഗത്തെ തോ ൽപിച്ചെന്ന ആത്മവിശ്വാസം വലുതാണ്. അതുകൊണ്ടാകാം ചെറിയ പ്രശ്നങ്ങളൊന്നും ഞാനിപ്പോൾ കാര്യമാക്കാറില്ല. ‘പണ്ടു നീളൻ മുടിയായിരുന്നല്ലോ, ഒക്കെ പോയി ’എന്നൊക്കെ സഹതാപവുമായി വരുന്നവരോടു ഞാൻ പറയും–‘ മുടിയല്ല, ജീവിതമാണു വലുത് ’ എന്ന്.