ADVERTISEMENT

ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നു തിരിച്ചറിയാൻ പല പരിശോധനകളുമുണ്ട്. മൂത്രം, രക്തം, ഉമിനീർ, മുടി, നഖം ഇവയിൽ നിന്നെല്ലാം ലഹരി ഉപയോഗം തിരിച്ചറിയാനാകും. ചികിത്സയുടെ ഭാഗമായോ കുറ്റകൃത്യത്തിന്റെ ഭാഗമായ പ്രതിരോധസേനകളിലുള്ള റിക്രൂട്ടുമെന്റിന്റെ ഭാഗമായോ ഒക്കെ ഇതു ചെയ്യാറുമുണ്ട്.

ഏറ്റവും സാധാരണമായി ചെയ്യുന്നത് ‘യൂറിൻ ഡിപ് സ്റ്റിക് ടെസ്റ്റ് ’ ആണ്. ഗർഭധാരണം അറിയാനായി പരിശോധിക്കുന്നതുപോലെ ടെസ്റ്റ് സ്റ്റിക്കിലേക്ക് ഒരു തുള്ളി മൂത്രം ഇറ്റിച്ചാൽ അഞ്ചു മിനിറ്റിനുള്ളിൽ അതിൽ ഡാർക് ലൈൻ തെളിഞ്ഞാൽ ലഹരിമരുന്നുപയോഗം ഉണ്ടോ എന്നുറപ്പിക്കാം.

ADVERTISEMENT

ഏതൊക്കെ അറിയാം?

സാധാരണ നിലയിൽ ആംഫിറ്റമിൻ അഥവാ എംഡിഎംഎ, കഞ്ചാവ്, കൊക്കെയ്ൻ, മദ്യം, മെബൻസോഡയസപിൻ തുടങ്ങിയവ അറിയാനായി സാധിക്കും. ചെലവു കുറവാണ്, വളരെ പെട്ടെന്നു ഫലം അറിയാം എന്നുള്ളതാണ് ഇതിന്റെ മേൻമ. ഓരോ ലഹരിമരുന്നിനും അതിന്റേതായ ഡിപ് സ്റ്റിക് ആണ് ഉള്ളത്. അതിലൂെട സംശയം ഉറപ്പാക്കാം. 100-200 രൂപ മാത്രമേ ചെലവു വരൂ എന്നതും മേൻമയാണ്.

ADVERTISEMENT

എന്നാൽ ഈ വ്യക്തി ഇത്തരം ലഹരിമരുന്നുകൾ ഉപയോഗിക്കുന്നില്ലെങ്കിലും ഉപയോഗിക്കുന്നതായി ഫാൾസ് പൊസിറ്റീവ് റിസൾട്ടു അപൂർവമായി കിട്ടാറുണ്ട്. കഞ്ചാവുപോലുള്ളവ ഉപയോഗിച്ചിട്ട് രണ്ടാഴ്ച ആയാലും ഈ പരിശോധനയിൽ തെളിവു കിട്ടും. എന്നാൽ എംഡിഎംഎ പോലുള്ള മറ്റു ചില ലഹരികൾ ഉപയോഗിച്ചിട്ട് രണ്ടോ മൂന്നു ദിവസം കഴിഞ്ഞാൽ തിരിച്ചറിയാനാകണമെന്നില്ല. മൂത്രത്തിനു പകരം വെള്ളമോ മറ്റു മായം ചേർക്കലോ നടത്തിയാലും തെറ്റായ ഫലം കിട്ടും.

ഇത്തരം സാഹചര്യങ്ങളിൽ കാർഡ് ടെസ്റ്റിനേക്കാൾ കൃത്യതയോടെ പരിശോധിച്ച് ഉറപ്പാക്കാനുള്ള മറ്റു മാർഗങ്ങളുണ്ട്. അതിനുദാഹരണമാണ് ഹൈ പെർഫോമൻസ് ലിക്വിഡ് ക്രൊമറ്റോഗ്രഫി (HPLC) പരിശോധന. ഏറ്റവും കൃത്യതയുള്ള പരിശോധനയാണിത്. മൂത്രമാണു സാധാരണ ഉപയോഗിക്കുന്നതെങ്കിലും രക്തവും സാംപിൾ ആയി ഉപയോഗിക്കാം. ചെറിയ അളവിൽ ലഹരി ഉപയോഗിച്ചാൽ പോലും തിരിച്ചറിയാം. ചെലവും സമയവും കൂടുതലാണ് എന്നതാണ് ഇതിന്റെ പരിമിതി.

ADVERTISEMENT

 

ഡോ. പി. എൻ. സുരേഷ്കുമാർ

കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ്,

ഡയറക്ടർ, ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി,

കോഴിക്കോട്

drpnsuresh@gmail.com

 

ADVERTISEMENT