Tuesday 11 June 2024 03:23 PM IST : By സ്വന്തം ലേഖകൻ

വൈറ്റമിനുകളും പോഷകങ്ങളും നിലനിർത്തും, കൊഴുപ്പും പ്രമേഹവും നിയന്ത്രിക്കും- എണ്ണയില്ലാതെ പാചകം ചെയ്താല്‍ ഗുണങ്ങള്‍ ഒട്ടേറെ

oil43243

പാചകത്തിന് ഒഴിച്ചു കൂടാനാകാത്ത ഒരു ഘടകമാണ് എണ്ണ. വെളിച്ചെണ്ണ, സസ്യഎണ്ണ എന്നിങ്ങനെ പലതരത്തിലുള്ള എണ്ണകൾ നമ്മൾ പാചകത്തിന് ഉപയോഗിക്കുന്നു. എണ്ണ ഉപയോഗിച്ചുള്ള പാചകത്തിനു ചില ദോഷവശങ്ങളുണ്ട്. എന്നാൽ എണ്ണ ഉപയോഗിക്കാതെയിരുന്നാലും ചില പ്രശ്നങ്ങൾ ഉണ്ട്.

എണ്ണ ഉപയോഗിച്ചുള്ള പാചകത്തിന്റെ ദോഷവശങ്ങൾ എന്തൊക്കെയെന്നു പരിശോധിക്കാം.

∙ ഭക്ഷണത്തിൽ കൊഴുപ്പ്, കാലറി എന്നിവ കൂടുതൽ ഉണ്ടാവും. ഒപ്പം ഇത്തരം പാചകത്തിൽ ഉപ്പു കൂടുതലായി ഉപയോഗിക്കാനുള്ള പ്രവണതയും ഉണ്ട്. ഇവയെല്ലാം രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദം എന്നിവ ഉയർത്താനിടയാക്കാം. ദഹനപ്രക്രിയയെ സങ്കീർണമാക്കുകയും ചെയ്യും. ചില സസ്യഎണ്ണയിൽ ഒമേഗാ ഫാറ്റി ആസിഡുകളാണുള്ളത്. ഇവ കാൻസർ കോശങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തും, നീർക്കെട്ടും, രക്തക്കുഴലുകളിൽ ക്ലോട്ടും (Clot) ഉണ്ടാകുക എന്നിവയ്ക്ക് കാരണമാകും. ഒമേഗാ 3 ഫാറ്റി ആസിഡുകളും ഒമേഗാ 6 ഫാറ്റി ആസിഡുകളും ഇവയുടെ അളവുകൾ തമ്മിലുള്ള അസന്തുലിതാവസ്ഥ ഏറെ നാളത്തെ ആരോഗ്യപ്രശ്നങ്ങൾക്ക് പ്രധാനമായും ഹൃദയാരോഗ്യത്തെയും സ്വയം പ്രതിരോധ രോഗങ്ങൾ (Auto Immune Disorders) എന്നിവയെ ബാധിക്കാൻ കാരണമാകും.

∙എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ ശരീരഭാരം വർധിപ്പിക്കാൻ ഇടയുണ്ട്.

∙ എണ്ണ, വളരെ കൂടിയ താപനിലയിൽ ചൂടാക്കുന്നതു ഹാനികരങ്ങളായ സംയുക്തങ്ങൾ ഉൽപാദിപ്പിക്കാൻ കാരണമാകും. അത് രുചി മോശപ്പെടുത്തുകയും ചെയ്യും.

എണ്ണ ഉപയോഗിക്കാതെയുള്ള ഭക്ഷണത്തിന്റെ ഗുണങ്ങൾ

∙ ഈ ഭക്ഷണരീതി ശീലമാക്കുന്നവർക്കു മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമാവസ്ഥയും ലഭ്യമാകും. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം നിലനിർത്തുന്നതിനും സഹായിക്കും.

∙ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇത്തരം ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന കുറഞ്ഞ കൊഴുപ്പും കാലറിയുമാണ് സഹായിക്കുന്നത്.

∙ ഹൃദായരോഗ്യത്തെ ബാധിക്കുന്ന എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും ഈ ഭക്ഷണരീതി സഹായിക്കും.

∙ പ്രമേഹരോഗികൾക്കും ദീർഘകാലം നീണ്ടു നിൽക്കുന്ന സങ്കീർണതകൾ തടയാൻ സഹായിക്കും.

∙ പല ദീർഘകാല രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള ശരീരഭാഗങ്ങളിലെ വീക്കം (Inflammation) കുറയ്ക്കുന്നതിനും ഈ ഭക്ഷണരീതി സഹായിക്കും.

∙ എണ്ണയില്ലാത്ത പാചകം ഭക്ഷണത്തിലെ വൈറ്റമിനുകളും പോഷകങ്ങളും നിലനിർത്തും. എന്നാൽ എണ്ണയില്ലാതെ വലിയ ചൂടിൽ വറുത്തെടുക്കുന്നത് ഭക്ഷണത്തിലെ പോഷകങ്ങളെ കേടുവരുത്താനും കാലറിയിലും കൊഴുപ്പിന്റെ അംശത്തിലും വ്യത്യാസം വരുത്താനും ഇടയുണ്ട്.

∙ എണ്ണയില്ലാതെയുള്ള ഭക്ഷണം കൊഴുപ്പുള്ളവയെക്കാൾ രുചികരമാക്കാൻ സാധിക്കും. പുതുമയുള്ള സ്വാഭാവിക രുചി അനുഭവിക്കാനും സാധിക്കും.

∙ ശാരീരികമായ ആരോഗ്യത്തെ പോലെ തന്നെ മാനസികാരോഗ്യവും മെച്ചപ്പെടാനിടയാക്കും. മെച്ചപ്പെട്ട മാനസികാവസ്ഥയും ഭാരക്കുറവും അനുഭവപ്പെടാനും കൂടുതൽ ഊർജ്ജസ്വലരായിരിക്കാനും സഹായിക്കും.

∙ തിളങ്ങുന്ന ചർമ്മം കൊഴുത്ത മുടി എന്നിവയും ഈ ഭക്ഷണരീതിയിലൂടെ ലഭ്യമാകും.

∙ ഭക്ഷണ പ്രക്രിയ എളുപ്പമാക്കാൻ സാധിക്കും. കാരണം ഭക്ഷണത്തിലടങ്ങുന്ന എണ്ണ ആമാശയത്തെയും കുടലിനെയും ആവരണം ചെയ്യുമെന്നതിനാൽ എണ്ണയിൽ പാചകം ചെയ്ത ആഹാരം ദഹിക്കാൻ ബുദ്ധിമുട്ടാണ്.

എണ്ണ ഉപയോഗിക്കാതെയുള്ള ഭക്ഷണരീതിയിൽ ചില ദോഷവശങ്ങളുമുണ്ട്.

∙ കൊഴുപ്പ് ലയിക്കുന്ന വൈറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവയുടെ ആഗിരണത്തിനു പാചക എണ്ണ അടങ്ങിയ ആഹാരരീതി വേണ്ടിവരും.

∙ ത്വക്കിന്റെ സംരക്ഷണത്തിനു വേണ്ടുന്ന ഘടകങ്ങൾ ലഭ്യമല്ലാതെ വരുന്നതു രോഗാണുക്കളും മറ്റ് പ്രകോപനങ്ങളും തൊലിയെ ബാധിക്കാനിടവരും. അടരുകളുള്ള വരണ്ട ചർമം, ഈർപ്പം നഷ്ടപ്പെട്ട ചർമം എന്നിവ എണ്ണ തീരെ ഉപയോഗിക്കാത്ത ഭക്ഷണരീതി കൊണ്ടു ണ്ടാകാവുന്നവയാണ്. മത്സ്യം, കടല, ബദാം തുടങ്ങിയ എണ്ണക്കുരു ഇവയിൽ അടങ്ങിയ ആവശ്യ ഫാറ്റി ആസിഡുകൾ ത്വക്കിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായകമാകും. സൂര്യതാപത്തിൽ നിന്ന് രക്ഷ നേടുന്നതിനും തൊലിയുടെ സംവേദനക്ഷമത മെച്ചപ്പെടുത്താനും. ചർമത്തിലെ കാൻസർ തടയാനും അവശ്യ ഫാറ്റി ആസിഡുകൾ ഭക്ഷണത്തിലൂടെ ലഭ്യമാക്കണം.

∙ നമ്മുടെ തലച്ചോറിൽ 60 ശതമാനം കൊഴുപ്പാണുള്ളത്. കൊഴുപ്പ് തീരെ കുറഞ്ഞ ആഹാര രീതിമൂലം മാനസിക ക്ഷോഭം, മാനസികാവസ്ഥയിലെ അസന്തുലിതാവസ്ഥ, ബ്രെയിൻ ഫോഗ്, കോപം എന്നിവയ്ക്കു സാധ്യതയുണ്ട്. മാനസിക പിരിമുറുക്കം ഉണ്ടാവുന്നതിനും സാധ്യതയുണ്ടെന്ന് കാണുന്നു. എന്നാൽ അവശ്യ ഫാറ്റി ആസിഡുകൾ സ്വാഭാവികമായി തന്നെ അടങ്ങിയ നട്സ്, വിത്തുകൾ, അവക്കാഡോ , ചില മത്സ്യങ്ങൾ (Salmon, Sardine, Tuna) ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകയില്ല.

∙ ശരീരത്തിലെ ചില ഹോർമോണുകൾ കൊഴുപ്പിനാൽ നിർമിതമാണ്. കൊഴുപ്പു കുറഞ്ഞ ആഹാരരീതി ഈ ഹോർമോണുകളുടെ പ്രവർത്തനത്തെ ബാധിക്കും. ഈസ്ട്രെജൻ, ടെസ്‌റ്റോസ്റ്റിറോൺ എന്നീ ലൈംഗീക ഹോർമോണുകൾ ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ ആശ്രയിക്കുന്നവയാണ്. ക്രമം തെറ്റിയുള്ള ആർത്തവം, വന്ധ്യത എന്നിവ ഇതുമൂലം ഉണ്ടാകാം.

∙ കൊഴുപ്പടങ്ങിയ ആഹാരം പതുക്കയേ ദഹിക്കുകയുള്ളൂ. അതുകൊണ്ടു വിശപ്പറിയുകയില്ല. എന്നാൽ എണ്ണയില്ലാത്ത ഭക്ഷണരീതിയിൽ വിശപ്പ് നിരന്തരം തോന്നിപ്പിക്കും,.

തയാറാക്കിയത്

‌ഡോ. ബി. സുമാദേവി

ഇഎസ്ഐസി ഹോസ്പിറ്റൽ

ആശ്രാമം, കൊല്ലം

Tags:
  • Manorama Arogyam