ഡയറ്റിങ് ചെയ്യുന്ന അഞ്ചുപേരിൽ രണ്ടുപേർ ആദ്യ 7 ദിവസത്തിനുള്ളിൽ ഡയറ്റ് നിർത്തുന്നു എന്നാണ് കണക്കുകൾ. മാസങ്ങൾക്കു ശേഷവും ഡയറ്റ് തുടരുന്നത് ഒരാൾ മാത്രമാണ്. എന്താണു കാരണമെന്നു നോക്കാം.
∙ വിൽപവർ ഇല്ല
ശരീരം മാറണമെങ്കിൽ ആദ്യം മനസ്സ് മാറണം. നമ്മൾ ആഗ്രഹിക്കുന്ന മാറ്റത്തിന്റെ ചിത്രം ആദ്യം മനസ്സിൽ വിരിയണം. എന്തൊക്കെ പ്രലോഭനങ്ങളുണ്ടായാലും ഡയറ്റിങ് തുടരുമെന്ന ഉറപ്പു വേണം. വീട്ടിലുള്ളവരോടും ജോലി സ്ഥലത്ത് ഉള്ളവരോടും ഡയറ്റിങ് ചെയ്യുന്ന കാര്യം അറിയിക്കുക. അവരുടെ സപ്പോർട്ട് കൂടിയുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.
∙ സ്മാർട്ടായ പ്ലാൻ അല്ല
കൃത്യമായ ഫോക്കസ്സോടു കൂടിയ റിയലിസ്റ്റികായ ഒരു പ്ലാനിങ് ഇല്ലാതിരുന്നാൽ ഡയറ്റ് പരാജയപ്പെടും. ആറു മാസത്തേക്കെങ്കിലുമുള്ള ഒരു ഡയറ്റ്–വ്യായാമ രീതി പ്ലാൻ ചെയ്യുക. ഘട്ടംഘട്ടമായി ലക്ഷ്യങ്ങൾ നേടിയെടുക്കുക. ആദ്യ ആഴ്ച, ദിവസവും മുടങ്ങാതെ അര മണിക്കൂർ നടക്കണമെന്നാണ് ലക്ഷ്യമിട്ടതെങ്കിൽ അടുത്തയാഴ്ച ദൈനംദിന ജീവിതത്തിൽ കായികപ്രവർത്തനം കൂട്ടണമെന്നു ലക്ഷ്യം വയ്ക്കുക. ഒാരോ ആഴ്ചത്തെയും പ്ലാൻ എഴുതിസൂക്ഷിക്കുക.
∙ ജീവിതശൈലി മാറുന്നില്ല
ഡയറ്റിനൊപ്പം ജീവിതരീതിയിലും മാറ്റം വരുത്തിയാലേ ഡയറ്റിങ് തുടരാനാകൂ. ഉദാഹരണത്തിന് ഉറക്കം. ഉറക്കം കുറഞ്ഞാൽ ഡയറ്റ് ചെയ്താലും ഭാരം കുറയാൻ പ്രയാസമാണ്. അതുപോലെ പുകവലി, മദ്യപാനം, ഇടനേരങ്ങളിലെ കൊറിക്കൽ എന്നീ ശീലങ്ങളും ഡയറ്റിങ് ഫലം കുറയ്ക്കാം.
∙ ഇടയ്ക്കു കയറിവരുന്ന ക്രേവിങ്
ഡയറ്റിങ് എന്നു പറഞ്ഞ് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം വേണ്ടെന്നു വച്ചാൽ അതിനോടുള്ള ആർത്തി കൂടിവരും. അതുകൂടിക്കൂടി ഡയറ്റൊക്കെ പാളിപ്പോകാം. അതുകൊണ്ട് ഒന്നുകിൽ അളവു കുറച്ച് വല്ലപ്പോഴും അതു കഴിക്കുക. ഇല്ലെങ്കിൽ പകരം ആരോഗ്യകരമായ ഒരു വിഭവം കഴിക്കുക. ഉദാഹരണത്തിന് ചോക്ലേറ്റ് കൊതിയുള്ളവർക്ക് ഡാർക് ചോക്ലേറ്റ് കഴിക്കാം. മധുരക്കൊതിയുള്ളവർക്ക് ആരോഗ്യകരമായ മധുരം കഴിക്കാം. ഐസ്ക്രീമിനു പകരം മധുരമുള്ള യോഗർട്ട് കഴിക്കുന്നതുപോലെ. ഏതെങ്കിലും ഭക്ഷണത്തോട് കൊതി തോന്നുമ്പോൾ ഉടൻ കഴിക്കരുത്. ഒരു മണിക്കൂർ വെയിറ്റ് ചെയ്യുക. അപ്പോഴേക്കും ആഗ്രഹം അടങ്ങിയിട്ടുണ്ടാകും.
∙ അപ്രതീക്ഷിത സാഹചര്യങ്ങൾ
വീട്ടിൽ ഒരാഴ്ചത്തേക്ക് വിരുന്നുകാർ വരിക, അല്ലെങ്കിൽ ഏറെ പ്രിയപ്പെട്ട വിഭവം വീട്ടിലുണ്ടാക്കുക പോലുള്ള സാഹചര്യങ്ങളിൽ ഡയറ്റിങ് തെറ്റാം. അപ്പോഴുമോർക്കുക. ഒരു തെറ്റുകൊണ്ട് ഡയറ്റ് പരാജയപ്പെടില്ല. ഒരുനേരം കൈവിട്ടു കഴിച്ചുപോയാൽ അടുത്തനേരം പഴങ്ങളോ പച്ചക്കറികളോ മാത്രം കഴിക്കുക. അല്ലെങ്കിൽ കൂടുതൽ വ്യായാമം ചെയ്യുക.
∙ വെള്ളം കുടിക്കാതിരിക്കുക
വെള്ളം കുറഞ്ഞാൽ ശരീരത്തിനു നിർജലീകരണം വന്ന് വിശപ്പായും മധുരത്തോടു ക്രേവിങ് ആയും അനുഭവപ്പെടാം. ദിവസവും കുറഞ്ഞത് 3 ലീറ്റർ വെള്ളമെങ്കിലും കുടിക്കണം. ഒരു കുപ്പിയിൽ വെള്ളം നിറച്ച് കയ്യെത്തുന്നിടത്ത് വച്ചാൽ മറക്കാതെ വെള്ളം കുടിക്കാൻ സാധിക്കും.
∙. ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ
ഡയറ്റ് ചെയ്യുന്നവർ എണ്ണയുടെയും തേങ്ങയുടെയും അളവു പ്രത്യേകം ശ്രദ്ധിക്കണം.100 ഗ്രാം തേങ്ങയിൽ തന്നെ 444 കാലറിയുണ്ട്. ആഹാരമൊക്കെ നിയന്ത്രിച്ചാലും കറികളിലൂടെയും മറ്റും ഇഷ്ടം പോലെ തേങ്ങ കഴിച്ചാൽ ഭാരം കൂടാനിടയാകും. അതുപോലെ എണ്ണയുടെ അളവു നിയന്ത്രിക്കണം. ഒരാൾക്ക് ഒരു മാസത്തേക്ക് അര കിലോ എണ്ണ, അഞ്ചു തേങ്ങ അതിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല.
∙ നിഷേധിക്കപ്പെടുന്നെന്ന മനോഭാവം വേണ്ട
ഡയറ്റിങ് പലർക്കും ഒരു യുദ്ധം പോലെയാണ്. ഞാൻ ഡയറ്റിലാണ്, ആവശ്യമുള്ള ഭക്ഷണം കഴിക്കുന്നേയില്ല എന്ന തോന്നൽ ഡയറ്റ് ഇടയ്ക്ക് വച്ച് നിർത്താൻ ഇടയാക്കും. ‘ഞാൻ ആവശ്യത്തിന് ആഹാരം കഴിക്കുന്നുണ്ട്, അനാരോഗ്യകരമായ ഭക്ഷണം മാറ്റി ആരോഗ്യകരമായവ തിരഞ്ഞെടുക്കുന്നു എന്നേയുള്ളൂ’ എന്ന ഫീലിങ് ശരീരത്തിനു കിട്ടിക്കഴിഞ്ഞാൽ നമ്മുടെ റെസ്റ്റിങ് മെറ്റബോളിസം കൂടും. അതു ഭാരം കുറയ്ക്കാൻ സഹായിക്കും. അങ്ങനെ ഭാരം കുറയുമ്പോൾ വല്ലപ്പോഴും സ്വയം ഒരു സമ്മാനം നൽകും പോലെ ഇഷ്ടഭക്ഷണം കഴിക്കാം.
∙ അളവു മാത്രം പോര ഗുണവും വേണം
ഒരുപാട് കാലറി കുറച്ച് പട്ടിണി കിടക്കുന്ന അവസ്ഥ ഭാരം കുറയാൻ സഹായിക്കില്ല. പ്രത്യേകിച്ച് പ്രാതൽ ഒഴിവാക്കരുത്. കാലറി കുറഞ്ഞാൽ മാത്രം പോര ആവശ്യത്തിനു പോഷകങ്ങളും ലഭിക്കണം. ഇല്ലെങ്കിൽ ഡയറ്റിങ് തുടരാനുള്ള ആരോഗ്യമുണ്ടാകില്ല. തന്നെയുമല്ല അതു പിന്നീട് വളരെ കൂടുതൽ ഭക്ഷണം കഴിക്കുന്ന ബിഞ്ച് ഈറ്റിങ് പോലുള്ള പ്രശ്നങ്ങളിലേക്കു നയിക്കും. ഡയറ്റിങ് പരാജയപ്പെടും.
ഒാർക്കുക, ഡയറ്റിങ് എന്നാൽ മെലിയാനായുള്ള യുദ്ധമാകരുത്. ആരോഗ്യകരമായി ജീവിക്കാനുള്ള ദൃഢനിശ്ചയമാകണം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ലളിത അപ്പുക്കുട്ടൻ
വെയിറ്റ്‌ലോസ് എക്സ്പർട്ട്
ഹെഡ്,നാച്യുറോപ്പതി& ഡയറ്റ്
നാച്യുറൽസ്, നിംസ് ഹോസ്പിറ്റൽ
തിരുവനന്തപുരം
ഡോ. മിനി മേരി പ്രകാശ്, ചീഫ് ക്ലിനിക്കൽ ഡയറ്റീഷൻ
പിആർഎസ് ഹോസ്പിറ്റൽ, തിരുവനന്തപുരം
നെറ്റ് പ്രോ ഫാൻ, കേരള ചാപ്റ്റർ മെമ്പ