Friday 31 March 2023 12:47 PM IST : By സ്വന്തം ലേഖകൻ

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് മേക്കപ്പ് ഇടരുതെന്ന് പറയുന്നത് എന്തു കൊണ്ട്? മാറ്റണം ഈ മേക്കപ്പ് ശീലങ്ങൾ

concealer-makeup

കണ്ണുകളിൽ മേക്കപ്പ് ഇടുമ്പോൾ

നമ്മുടെ ശരീരത്തിലെ സ്വയം സംസാരിക്കുന്ന അവയവം കണ്ണുകളാണ്. ഒരാളുടെ വികാരപ്രകടനങ്ങൾ അവ സന്തോഷമായാലും ദുഃഖമായാലും കോപമായാലും അവ കണ്ണുകളിൽ പ്രതിഫലിക്കുന്നത് കണ്ടിട്ടില്ലേ. അങ്ങനെയുള്ള ആ കണ്ണുകളുടെ പരിചരണം നിസ്സാരമായി കാണാൻ പാടില്ല.

ശാസ്ത്രീയ അടിത്തറ ഇല്ലാത്ത മേക്കപ്പുകൾ അലർജി, അണുബാധ എന്നിവ മുതൽ കൺപോളകൾക്ക് മുറിവുകൾ വരെ ഉണ്ടാക്കാറുണ്ട്. കണ്ണുകളിൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ കോർണിയയ്ക്ക് ഉണ്ടാകുന്ന മുറിവുകളാണ് കൂടുതൽ കണ്ടുവരുന്നത്. 30 വയസ്സു കഴിയുമ്പോൾ കണ്ണിനു ചുറ്റും കറുപ്പ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണ്ടു തുടങ്ങുന്നു.

മേക്കപ്പ് സുരക്ഷിതമാക്കാൻ

കണ്ണുകൾക്കുള്ള സൗന്ദര്യവർധക വസ്തുക്കൾ സുരക്ഷിതമായി ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ മനസ്സിലാക്കാം.

∙ ഐലൈനർ കൺപോളയുടെ വരയിൽ (ലാഷ് ലൈൻ) നിന്ന് പുറത്തേ ഉപയോഗിക്കാവൂ. ഇത് കണ്ണിനു നേർക്കുള്ള ഐലൈനറിന്റെ നേരിട്ടുള്ള സ്പർശനം തടയുന്നു. മാത്രമല്ല, കണ്ണിനുള്ളിലേക്ക് ലൈനർ പാളിയായിട്ട് ഇളകിപോകാനുള്ള സാധ്യതയും കുറയുന്നു.

∙ ഐലൈനർ പെൻസിൽ നന്നായി കൂർപ്പിച്ച് ഉപയോഗിക്കുക,

∙ ഒരുപാട് പഴകിയ ലൈനർ പെൻസിൽ ഒഴിവാക്കുക. ലൈനറിന്റെ അറ്റം കട്ടികൂടി മൃദുത്വം മാറി കൂടുതൽ പുരുക്കമുള്ളതാകും. ഈ അവസ്ഥയിൽ പെൻസിൽ ഉപയോഗിക്കുമ്പോൾ കൂടുതൽ അമർത്തി ഉപയോഗിക്കേണ്ടി വരും,

∙ ആറുമാസത്തിലൊരിക്കൽ കണ്ണുകൾക്ക് ഉപയോഗിക്കുന്ന സൗന്ദര്യവർധക വസ്തുക്കൾ മാറ്റി പുതിയവ വാങ്ങണം. ഇതു കണ്ണുകളിൽ അണുബാധ ഉണ്ടാകുന്നതു തടയും.

∙പുതിയ സൗന്ദര്യവർധക വസ്തുക്കളിൽ ഒരിക്കലും പഴയ ആപ്ലിക്കേറ്ററുകൾ ഉപയോഗിക്കാതിരിക്കുക. അത് അണുക്കളും മറ്റു പുതിയ ഉത്പന്നത്തിലേക്ക് കലരുന്നത് ഒഴിവാക്കും.

പ്രശ്നമുണ്ടായാൽ

∙ കണ്ണുകൾക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മേക്കപ്പ് സാധനങ്ങൾ മാറ്റി പുതിയവ വാങ്ങാം.

∙ കണ്ണുകളിലെ മേക്കപ്പ് നീക്കം ചെയ്യാനുള്ള മേക്കപ്പ് റിമൂവറുകൾ വളരെ സൂക്ഷ്മതയോടെ കണ്ണുകളിലേക്ക് പകരാതെ കൺപോളകളിൽ മാത്രം ഉപയോഗിക്കുക. ചില മേക്കപ്പ് റിമൂവറുകള്‍ കണ്ണുകളിൽ ചൊറിച്ചിലും മറ്റ് അസ്വസ്ഥകളും ഉണ്ടാക്കാറുണ്ട്.

∙ ഒരിക്കലും യാത്രവേളകളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലിരുന്ന് കണ്ണുകളിൽ മേക്കപ്പ് ഇടരുത്. അപ്രതീക്ഷിതമായി ആപ്ലിക്കേറ്റർ കണ്ണുകളിൽ തട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്.

∙ കൂടിചേർന്നിരിക്കുന്ന കൺപീലികൾ വേർതിരിക്കുന്നതിന് സേഫ്റ്റി പിന്നോ അതു പോലുള്ള കൂർത്ത ഉപകരണങ്ങളോ ഉപയോഗിക്കാതിരിക്കുക.

∙ കൺപീലികൾ ചുരുട്ടി ഭംഗി കൂട്ടുന്നതിന് ഐലാഷ് കേർളർ (Eyelash Curler) ഉപയോഗിക്കുകയാണെങ്കിൽ മസ്കാര ഇടുന്നതിനു മുമ്പ് ചുരുട്ടുക.

∙ നിക്കൽ അലർജിയുള്ളവർ ഐലാഷ് കേർളർ ഒഴിവാക്കുക. കേർളറിന്റെ മെറ്റൽ ഫ്രെയിമിൽ നിക്കൽ അടങ്ങിയിട്ടുണ്ട്.





ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പ് നീക്കുക

∙ രാത്രി ഉറങ്ങുന്നതിനു മുമ്പ് കണ്ണുകളിലും ചുറ്റിലുമുള്ള എല്ലാ മേക്കപ്പുകളും നീക്കം ചെയ്യുക. വൃത്തിയുള്ള പഞ്ഞി ഉപയോഗിച്ച് കൺപീലികൾ ശുചിയാക്കി മേക്കപ്പിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുക.

∙ കണ്ണുകളിൽ ഉപയോഗിക്കുന്ന മേക്കപ്പ് സാധനങ്ങൾ ഒരിക്കലും മറ്റൊരാളുമായി പങ്കിടരുത്. ചർമത്തിലെ അണുക്കൾ മേക്കപ്പ് സാധനങ്ങളിൽ പകരുന്നതിനും കണ്ണുകളിൽ അണുബാധയുണ്ടാകാനും കാരണമാകും.

∙ കോൺടാക്റ്റ് ലെൻസ് സ്ഥിരമായി ഉപയോഗിക്കുന്നവർ ലെൻസ് വച്ചതിനുശേഷം കണ്ണുകളിൽ മേക്കപ്പ് ഇടുകയും ലെൻസ് മാറ്റിയതിനു ശേഷം മേക്കപ്പ് നീക്കം ചെയ്യേണ്ടതുമാണ്.

∙ കണ്ണിനുള്ള ക്രീം വളരെ നേർമ്മയുള്ളവ ആയിരിക്കണം.

കണ്ണുകളിലെ മേക്കപ്പും ശസ്ത്രക്രിയയും

കണ്ണുകളിലെ പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയയ്ക്ക് വിധേയരാകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. കണ്ണുകളിൽ അണുബാധയുണ്ടാകാതിരിക്കാൻ ശസ്ത്രക്രിയകൾക്ക് മൂന്നോ നാലോ ദിവസം മുമ്പേ മേക്കപ്പ് ചെയ്യുന്നതു നിർത്തണം.

സൗന്ദര്യം ആധുനിക രീതിയിലൂടെ

കണ്ണുകൾക്ക് ചുറ്റിലുമുള്ള ചർമം മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ കട്ടി കുറഞ്ഞതും മൃദുലവുമാണ്. അതിനാൽ ചുളിവുകൾ വളരെ വേഗത്തിൽ രൂപപ്പെടുന്നു. ഹയാലൂ റോണിക് ആസിഡ്, വിറ്റമിൻ ഇ, റെറ്റിൻ തുടങ്ങിയവ ചേർന്നുള്ള ലേപനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ചുറ്റിലുമുള്ള ചുളിവുകൾക്ക് വളരെ ഫലപ്രദമാണ്.

മീസോതെറപ്പി, പിആർപി തുടങ്ങിയ ആധുനിക ചികിത്സാരീതികൾ കൊളാജൻ ഉത്തേജിപ്പിക്കുന്നതിനും ചുളിവുകൾ നീക്കം ചെയ്യുന്നതിനും ഉപയോഗിക്കുന്നു. കണ്ണിനു ചുറ്റിലും എണ്ണഗ്രന്ഥികൾ കുറവായതിനാൽ ചർമം വളരെ പെട്ടെന്ന് വരണ്ടു പോകുന്നതിനും ചൊറിച്ചിൽ ഉണ്ടാകുന്നതിനും കാരണമാകാം. ചർമത്തിലെ ഈർപ്പം നിലനിർത്തുന്ന ലേപനങ്ങൾ സ്ഥിരമായി ഉപയോഗിച്ചാൽ ഇതിനു പരിഹാരമാകും.

ഡോ. ആശ ബിജു

കോസ്മറ്റോളജിസ്റ്റ്

വോവ് ഫാക്ടർ മെഡി കോസ്മെറ്റിക് ലേസർ സെന്റർ

തിരുവനന്തപുരം