Friday 28 October 2022 03:06 PM IST

കൂട്ടുകാരിയുടെ പെർഫ്യൂം നമ്മൾ ഉപയോഗിച്ചാൽ അതേ മണം കിട്ടണമെന്നില്ല: കാരണമിതാണ്...

Ammu Joas

Sub Editor

perfume-selection

ഒരു വൈകുന്നേരം. വഴിയിലൂടെ അലസമായി നടക്കുമ്പോൾ എതിരെ വന്നൊരാൾ നമ്മളെ കടന്നുപോകുന്നു. അവരുടെ ഗന്ധം മൂക്കിനെ ചുറ്റിപ്പറ്റി നിൽക്കുമ്പോൾ പുറകിൽ നിന്നു വിളിച്ച് ‘ഏതാ പെർഫ്യൂം’ എന്നു ചോദിക്കണമെന്നു തോന്നും. പക്ഷേ, ചെറിയൊരു ചമ്മൽ തോന്നുന്നത് കൊണ്ട് പലരും ആ ചോദ്യം മനസ്സിൽ തന്നെ സൂക്ഷിക്കും. രാവിലെ ഉപയോഗിച്ച പെർഫ്യൂമിന്റെ മണമാകുമോ ഇത്രനേരവും മങ്ങാതെ നിൽക്കുന്നത് ?

ഇങ്ങനെ വാസന മനം കവർന്ന ഓർമകൾ മിക്കവർക്കുമുണ്ടാകും. പെർഫ്യൂമിനെ മനസ്സിൽ തങ്ങിനിൽക്കുന്ന ‘നറുമണ’മാക്കുന്നതിനു പിന്നിലെ സുഗന്ധരഹസ്യങ്ങൾ അറിയാം.

പെർഫ്യൂമിനുമുണ്ട് നോട്ടുകൾ

എസൻഷ്യൽ ഓയിൽ, ഈതൈൽ ആൽക്കഹോൾ, സോ ൾവെന്റ്സ് തുടങ്ങിയവയുടെ മാജിക്കാണ് പെർഫ്യൂം. സംഗീതം ചിട്ടപ്പെടുത്തുമ്പോൾ നോട്സ് എത്ര പ്രധാനമാണോ അതുപോലെ തന്നെയാണ് പെർഫ്യൂമിന്റെ കാര്യത്തിലും. മൂന്ന് നോട്സ് അടിസ്ഥാനമാക്കിയാണ് പെർഫ്യൂം തയാറാക്കുന്നത്.

പെർഫ്യൂം ഉപയോഗിച്ച ഉടനെ കിട്ടുന്ന മണമാണ് ടോപ് നോട്ട്. പിന്നെയെത്തുന്ന ഗന്ധമാണ് ഹാർട് നോട്ട് അഥവ മിഡ്നോട്ട്. ഒടുവിലായി എത്തുന്നതാണ് ബേസ് നോട്ട്. ഈ ബേസ് നോട്ടാണ് പെർഫ്യൂമിന്റെ യഥാർഥ ഗന്ധം. ഇതു തന്നെയാണ് ഏറെ നേരം നിലനിൽക്കുന്ന ഗന്ധവും. പൊതുവേ ആറു മണിക്കൂർ വരെ ബേസ് നോട്ട് കൂട്ടിനുണ്ടാകും. ടോപ് നോട്ട് ഗന്ധം 5–15 മിനിറ്റ് വരെയും മിഡ് നോട്ടിന്റെ ഗന്ധം 15 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നിലനിൽക്കും.

മിക്കവരും കണ്ടിട്ടുണ്ടാകും പെർഫ്യൂം കുപ്പികളിലെ ചി ല എഴുത്തുകൾ. Eau de cologne, Eau de toilette, Eau de perfume, Parfum എന്നിങ്ങനെ. പെർഫ്യൂമിനെ പെർഫ്യൂമാക്കുന്ന, സുഗന്ധം നൽകുന്ന കോൺസൻട്രേറ്റഡ് എസൻഷ്യൽ ഓയിലിന്റെ അളവനുസരിച്ചാണ് ഇത് മാറുന്നത്. ഓയിലിന്റെ അളവ് കൂടുംതോറും മണവും ഏറെ നേരം നിലനിൽക്കും.

Eau de cologneലാണ് കുറഞ്ഞ അളവിൽ ഓയിൽ ഉള്ളതും (5-15 %) കുറച്ചു നേരം മാത്രം ഗന്ധം നിലനിൽക്കുന്നതും. Parfum ന്റെ ഗന്ധം 10 മണിക്കൂറിലേറെ നിലനിൽക്കാം. എന്നിരുന്നാലും കാലാവസ്ഥ, ചെയ്യുന്ന ജോലി തുടങ്ങിയ പല കാരണങ്ങൾ ഗന്ധത്തിന്റെ ‘സമയപരിധിയെ’ ബാധിക്കാം.

എങ്ങനെ തിരഞ്ഞെടുക്കാം ?

ഓരോരുത്തരുടെയും ചർമ സ്വഭാവം വ്യത്യസ്തമാണ്. ഓ രോരുത്തർക്കും ശരീരത്തിലെ ഫിറമോൺ സമ്മാനിക്കുന്ന ഗന്ധവുമുണ്ട്. ഇവ രണ്ടും കൂടി ചേർന്നാണ് പെർഫ്യൂമിന്റെ ഗന്ധമായി നമ്മൾ ‘മണ’ത്തറിയുന്നത്. അതുകൊണ്ട് കൂട്ടുകാരിയുടെ പെർഫ്യൂം നമ്മൾ ഉപയോഗിച്ചാൽ അതേ വാസന തന്നെ കിട്ടണമെന്നില്ല.

ടെസ്റ്റ് ചെയ്തു നോക്കിയ ശേഷമേ പെർഫ്യൂം തിരഞ്ഞെടുക്കാവൂ. ഒരു കൈത്തണ്ടയിൽ പെർഫ്യൂം സ്പ്രേ ചെയ്തശേഷം മറ്റേ കൈത്തണ്ട ഉപയോഗിച്ച് മെല്ലെ അമർത്തുക. വിരൽകൊണ്ട് തിരുമ്മുന്നത് ശരിയല്ല. അൽപനേരം കാത്തിരിക്കാം. അതിനുശേഷം മണത്തു നോക്കി ഇഷ്ടപ്പെട്ടാൽ വാങ്ങിക്കോളൂ.നമ്മുടെ ഇഷ്ടമനസുരിച്ച് പെർഫ്യൂം തയാറാക്കി നൽകുന്ന ബ്രാൻഡുകളുമുണ്ട്.

പെർഫ്യൂം ടിപ്സ്

∙ സിട്രസ്, മിന്റ് എന്നിങ്ങനെയുള്ള ഫ്രഷ് സുഗന്ധം, പൂക്കളുടെ ഗന്ധം പേറുന്ന ഫ്ലോറൽ ഗന്ധം, ഓറിയന്റലിന്റെ സ്പൈസി സ്മെൽ തുടങ്ങി വാസനകൾ പലതുണ്ട്. ഡെയ്‌ലി യൂസ് പെർഫ്യൂം, രാത്രിയിലും പകലും ഉപയോഗിക്കാവുന്നവ, സ്ട്രോങ് പെർഫ്യൂം എന്നിങ്ങനെയും തരംതിരിവുകളുണ്ട്. ഓരോ പെർഫ്യൂമിന്റെയും ഗന്ധം തിരിച്ചറിയുകയും ഔചിത്യത്തോടെ ഉപയോഗിക്കുകയും വേണം.

∙ ഒഫിഷ്യൽ മീറ്റിങ്, കോർപറേറ്റ് ഇവന്റ് എന്നിങ്ങനെയുള്ള ഫോർമൽ അവസരങ്ങളിൽ രൂക്ഷഗന്ധമുള്ള പെർഫ്യൂം വേണ്ട. രൂക്ഷഗന്ധം ചിലരുടെ മനം മടുപ്പിക്കും. വിവാഹം, പാർട്ടി തുടങ്ങിയ ആഘോഷങ്ങള്‍ക്കായി സ്ട്രോങ് പെർഫ്യൂം തിരഞ്ഞെടുക്കാം.

∙ പെർഫ്യൂം ഉപയോഗിക്കുമ്പോൾ ഇത്തിരി ‘സെൻസും സെൻസിബിലിറ്റി’യും വേണം. ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാൻ പോകുമ്പോൾ പെർഫ്യൂം ഉപയോഗിക്കേണ്ട കാര്യമില്ല. നിർബന്ധമാണെങ്കിൽ നേർത്ത മണമുള്ളവ മാത്രം തിരഞ്ഞെടുക്കുക. ചില രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ഗന്ധം അസ്വസ്ഥതയും തലവേദനയുമുണ്ടാക്കാം.

∙ വസ്ത്രം അലക്കി ഉണക്കി സൂക്ഷിക്കുമ്പോൾ ടിഷ്യൂ പേപ്പറിൽ പെർഫ്യൂം അടിച്ചശേഷം വസ്ത്രങ്ങൾക്കിടയിൽ വയ്ക്കാം. അവയുടെ ഗന്ധം വസ്ത്രങ്ങളിലേക്കും പടരും.

∙ പെർഫ്യൂം കുപ്പി ലീക്കാകുകയോ പൊട്ടുകയോ ചെയ്താൽ ഈ പെർഫ്യൂമിനെ മറ്റൊരു ചില്ല് കുപ്പിയിലേക്ക് പകർത്തി സൂക്ഷിക്കാം. മറ്റു മെറ്റീരിയലുകളൊന്നും പെർഫ്യൂം സൂക്ഷിക്കാൻ ഉപയോഗിക്കരുത്.

∙ ഏറ്റവും പ്രിയപ്പെട്ട പെർഫ്യൂമുകളുടെ വലിയ കുപ്പികൾ വാങ്ങുമ്പോൾ ഇവയുടെ തന്നെ ചെറിയ കുപ്പികളും വാങ്ങി കരുതാം. യാത്രകളിൽ ഇത് ഏറെ ഉപകാരപ്പെടും.

അമ്മു ജൊവാസ്

വിവരങ്ങൾക്കു കടപ്പാട് : നബീൽ,

ഡയറക്ടർ, മേക് യുവർ ഓൺ പെർഫ്യൂം (MYOP)

Website : www.myop.in

ലൊക്കേഷൻ : കല്ലറയ്ക്കൽ ലേഡീസ് കളക്ഷൻസ്, കോട്ടയം