ADVERTISEMENT

Q എനിക്ക് 48 വയസ്സുണ്ട്. കഴിഞ്ഞ മൂന്നുമാസമായി മാസം രണ്ടു തവണ വീതം ആർത്തവം വരുന്നു. സാധാരണയേക്കാൾ കൂടുതൽ രക്തസ്രാവവും ഉണ്ട്. മൂന്നുനാലു മണിക്കൂർ കൊണ്ടു തന്നെ പാഡ് മാറേണ്ടി വരും. ഇതൊക്കെ ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളാണ് എന്നാണു ചില സുഹൃത്തുക്കൾ പറഞ്ഞത്. എന്നാൽ ഇത് ആർത്തവ വിരാമത്തിൽ സാധാരണമാണോ? അതോ ഏതെങ്കിലും അപായകരമായ സൂചനകൾ ആണോ? ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ട ആവശ്യമുണ്ടോ?

റിതുപർണ, കോഴിക്കോട്

ADVERTISEMENT

ആർത്തവവിരാമം സാധാരണയായി 45 മുതൽ 55 വരെയുള്ള പ്രായത്തിലാണ് ഉണ്ടാവുക. ചുരുക്കം ചിലർക്ക് 45 വയസ്സിനു മുൻപും സംഭവിക്കാം. ആർത്തവം നിലയ്ക്കാറാകുമ്പോൾ മിക്ക സ്ത്രീകളിലും ആർത്തവത്തിനു വ്യതിയാനം വരാം.

അണ്ഡാശയത്തിലെ അണ്ഡോൽപാദനം പൂർണമായും നിലച്ച് ആർത്തവം എന്ന പ്രക്രിയ ഇല്ലാതാകുന്നതാണ് ആർത്തവവിരാമം.സ്ത്രീകളിലെ ഹോർമോണുകളായ ഈസ്ട്രജൻ പ്രൊജസ്‌ ട്രോൺ എന്നിവയും ക്രമേണ കുറഞ്ഞുവന്ന് ഇല്ലാതാകുന്നു.

ADVERTISEMENT

ആർത്തവവിരാമത്തിനു നാലോ അ ഞ്ചോ വർഷം മുൻപു തന്നെ ലക്ഷണങ്ങൾ പ്രകടമാകും. ഹോർമോണുകൾ കുറഞ്ഞുവരുന്നതാണ് കാരണം. പല സ്ത്രീകളിലും ഇതു വ്യത്യസ്തമായ രീതികളിലാണ് പ്രകടമാവുക. ഈസ്ട്രജ ൻ എന്ന ഹോർമോണിന്റെ അഭാവം മൂലമാണ് ശരീരത്തിൽ മാറ്റങ്ങൾ അനുഭവപ്പെടുന്നത്. കുറച്ചു സമയത്തേക്കു മാത്രമായി ശരീരം മുഴുവൻ ചൂട് അനുഭവപ്പെടാം. ഇതാണ് ഹോട്ട് ഫ്ലാഷ് എന്ന് അറിയപ്പെടുന്നത്. അതിനോടൊപ്പം ഉറക്കക്കുറവും വരാം. പെരിമെനോപോസ് എന്നും ഈ ഘട്ടം അറിയപ്പെടുന്നു. ക്രമം തെറ്റിയ ആർത്തവം, വൈകാരികമായ മാറ്റങ്ങൾ തുടങ്ങിയവയും ഉണ്ടാകും. ആർത്തവത്തിൽ രക്തസ്രാവം കുറവോ അമിതമോ ആയും വരാം. ഈ ഘട്ടത്തിലെ അസ്വാസ്ഥ്യങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടി അവ ലഘൂകരിക്കാവുന്നതാണ്.

സങ്കീർണതയുടെ സൂചനകൾ

ADVERTISEMENT

ചിലരെങ്കിലും അപായ സൂചനകളേയും ആർത്തവിരാമ സൂചനകളായി കരുതി നിസ്സാരമാക്കാറുണ്ട്. ആർത്തവ വിരാമത്തോട് അടുത്ത ഘട്ടത്തിൽ അമിതമായ രക്തസ്രാവം, ക്രമം തെറ്റിയുള്ള ആർത്തവം അതിനോടൊപ്പം വയറുവേദനയുമൊക്കെ കണ്ടാൽ ഗർഭപാത്രസംബന്ധമായ രോഗങ്ങളാണോ അതിനു കാരണം എന്ന സംശയം തീർക്കേണ്ടതുണ്ട്.

ഗർഭപാത്രത്തിലെ മുഴകൾ ഗർഭപാത്രത്തിന്റെ ഉള്ളിലെ പാടയുടെ കട്ടി കൂടുക, വളരെ ചുരുക്കം ചിലരിൽ കാൻസറും ഒക്കെ ഇതേ ലക്ഷണങ്ങൾ കാണിക്കാം.

കത്തിൽ സൂചിപ്പിക്കുന്ന പോലുള്ള ലക്ഷണങ്ങളിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ടു പരിശോധനകൾക്കു വിധേയമാകണം. സ്കാനിങ് റിപ്പോർട്ടു കണ്ടതിനു ശേഷം ചികിത്സ തീരുമാനിക്കണം. ഗർഭപാത്രത്തിൽ മുഴകൾ ഒന്നുമില്ല പക്ഷേ ഉള്ളിലെ പാടയുടെ കട്ടി കൂടുതലാണ് എങ്കിൽ ഡി ആൻഡ് സി അഥവാ ഓപ്പറേഷൻ ചെയ്തു അതിന്റെ പരിശോധന റിപ്പോർട്ട് അനുസരിച്ച് മരുന്നുകൊണ്ട് ചികിത്സിക്കാം

ഗർഭപാത്രത്തിലെ മുഴകൾ ആണ് എങ്കിൽ മാത്രം നീക്കം ചെയ്യൽ വേണ്ടിവരും. വളരെ ചുരുക്കം ചിലർക്കു മാത്രം ഗർഭപാത്ര കാൻസർ ആകാം അങ്ങനെയാണെങ്കിൽ അതിനാവശ്യമായ ചികിത്സകളാവും വേണ്ടിവരുക.

േഡാ. എൻ.എസ്. ശ്രീദേവി

എമരിറ്റസ് പ്രഫസർ

ഒബ്സ്റ്റട്രിക്സ്& ഗൈനക്കോളജി,

പുഷ്പഗിരി മെഡിക്കൽ കോളജ്

തിരുവല്ല.

മുൻ മേധാവി, ഗൈനക്കോളജി വിഭാഗം, ഗവ.മെഡിക്കൽ കോളജ്, കോഴിക്കോട്

drssreedevi@yahoo.co.in

 

ADVERTISEMENT