ADVERTISEMENT

ഈയടുത്തു വന്ന ഒരു കോടതിവിധിയിൽ ട്യൂബൽ ലിഗേഷൻ നടത്തിയ ഒരു സ്ത്രീ വീണ്ടും ഗർഭിണി ആയപ്പോൾ അങ്ങനെയുണ്ടായ കുട്ടിക്ക് 21 വയസ്സ് ആകുന്നതുവരെ സർക്കാർ 10,000 രൂപ പ്രതിമാസം നൽകണമെന്നു വിധി വന്നിരുന്നു. എന്തുകൊണ്ടാണ് സ്ത്രീകളിലെ ഗർഭനിരോധന മാർഗമായ ട്യൂബൽ ലിഗേഷൻ ചിലപ്പോൾ പരാജയപ്പെടുന്നത്? ആരിലൊക്കെയാണ് ഇങ്ങനെ സംഭവിക്കുക?

സ്ത്രീകളിലെ വളരെ ഫലപ്രദമായ ഗർഭനിരോധന മാർഗമാണ് ട്യൂബൽ ലിഗേഷൻ അഥവാ അണ്ഡവാഹിനിക്കുഴൽ മുറിച്ചുകെട്ടൽ. പ്രസവം നിർത്തൽ ശസ്ത്രക്രിയ എന്നതു കൊണ്ടുദ്ദേശിക്കുന്നതും ഇതു തന്നെയാണ്. ഇതുവഴി അണ്ഡാശയത്തിൽ നിന്നും ഉൽസർജിക്കപ്പെടുന്ന അണ്ഡം ഗർഭപാത്രത്തിലേക്കെത്താതെ തടയപ്പെട്ടാണ് ഗർഭനിരോധനം സാധ്യമാകുന്നത്. കുട്ടികളേ വേണ്ട എന്നു തീരുമാനിക്കുന്നവർക്ക് ഏറ്റവും ഉചിതവും ഫലപ്രദവുമാണ് ട്യൂബൽ ലിഗേഷനെങ്കിലും നൂറുശതമാനവും സുരക്ഷിത മാർഗമല്ല.

ADVERTISEMENT

എന്തുകൊണ്ട് വീണ്ടും ഗർഭധാരണം നടക്കുന്നു?

ട്യൂബൽ ലിഗേഷൻ സർജറിയിൽ രണ്ട് അണ്ഡവാഹിനിക്കുഴലുകളും മുറിച്ചു കെട്ടുന്നു. എന്തെങ്കിലും കാരണവശാൽ ഈ ട്യൂബുകൾ കൂടിച്ചേർന്നാൽ ഗർഭധാരണ നടക്കാം. ഇത് ഒരിക്കലും സർജറി രീതിയുടെയോ ശസ്ത്രക്രിയാവിദഗ്ധന്റെയോ കുഴപ്പമല്ല. സ്വാഭാവികമായി സംഭവിക്കുന്നതാണ്.

ADVERTISEMENT

ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ചെറുപ്പത്തിലേ ട്യൂബൽ ലിഗേഷൻ നടത്തുന്ന സ്ത്രീകളിൽ ഗർഭധാരണ നടക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. ട്യൂബൽ ലിഗേഷനു ശേഷം ഇരുന്നൂറിൽ ഒരു സ്ത്രീക്ക് എന്ന കണക്കിൽ വീണ്ടും ഗർഭധാരണ സാധ്യതയുണ്ടെന്നു കരുതപ്പെടുന്നു.

വളരെ ചെറിയ ദ്വാരത്തിലൂടെ നടത്തുന്ന ലാപറോസ്കോപിക് ശസ്ത്രക്രിയകളിൽ അപൂർവമായി ട്യൂബൽ ലിഗേഷൻ ചെയ്യുന്നതിൽ തെറ്റു വരാം. ഇതുമൂലവും പ്രസവം നിർത്തലിനു ശേഷം ഗർഭം ധരിക്കാം.

ADVERTISEMENT

ചിലർ ട്യൂബൽ ലിഗേഷൻ നടക്കുന്ന സമയത്ത് ഗർഭിണിയായിരിക്കാം. ബീജവുമായി കൂടിച്ചേർന്ന അണ്ഡം ട്യൂബൽ ലിഗേഷനു മുൻപായി തന്നെ ഗർഭാശയത്തിൽ എത്തി അവിടെ പറ്റിപ്പിടിച്ചു വളരാൻ തുടങ്ങിയിട്ടുണ്ടാകാം. ഇക്കാരണത്താൽ പ്രസവം കഴിഞ്ഞയുടനെയോ അല്ലെങ്കിൽ ആർത്തവം കഴിഞ്ഞയുടനെയോ പോലെ ഗർഭധാരണ സാധ്യതയില്ലാത്ത ഘട്ടത്തിൽ ട്യൂബൽ ലിഗേഷൻ നടത്തുന്നതാകും നല്ലത്.

ട്യൂബൽ ലിഗേഷൻ കഴിഞ്ഞവരിൽ അണ്ഡം അണ്ഡവാഹിനിക്കുഴലിൽ എത്തി അവിടെ പറ്റിപ്പിടിച്ച് ( ഇംപ്ലാന്റ്) വളരാം. ഇതിനെ ട്യൂബിലെ ഗർഭധാരണം അഥവാ എക്ടോപിക് പ്രഗ്നൻസി എന്നു പറയുന്നു. ഗർഭിണിയുടെ ജീവനു തന്നെ ഭീഷണിയാകാവുന്ന ആരോഗ്യ അടിയന്തിരാവസ്ഥയാണിത്.

ട്യൂബിലെ ഗർഭധാരണം–ലക്ഷണങ്ങൾ

സാധാരണഗതിയിലുള്ള ഗർഭാവസ്ഥയുടേതായ ലക്ഷണങ്ങളാകും ട്യൂബിലെ ഗർഭധാരണത്തിലും ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഉദാഹരണത്തിന്, പ്രഗ്നൻസി ടെസ്റ്റ് നടത്തിയാൽ റിസൽട്ട് പൊസിറ്റീവായിരിക്കും. ആർത്തവം വരാതിരിക്കുക, തലചുറ്റൽ, ഛർദി എന്നീ ലക്ഷണങ്ങളൊക്കെ വരാം. പിന്നീട്, വയറുവേദന, യോനിയിലൂടെയുള്ള രക്തസ്രാവം, ഇടുപ്പുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നു.

ഭ്രൂണത്തിന് അണ്ഡവാഹിനിക്കുഴലിൽ കിടന്നു വളരാൻ സാധിക്കുകയില്ല. ആദ്യഘട്ടത്തിലേ ഇങ്ങനെയൊരു പ്രശ്നം ഉള്ളതു തിരിച്ചറിയാനായാൽ മരുന്നുകൾ വഴി ഭ്രൂണവളർച്ച നിർത്താം. അതു സാധ്യമല്ലെങ്കിൽ സർജറി ചെയ്ത് ട്യൂബിലെ ഭ്രൂണം നീക്കാം. എന്നാൽ, ട്യൂബിലെ ഗർഭധാരണം തിരിച്ചറിയപ്പെടാതെ കുറേനാൾ കഴിഞ്ഞാൽ ഭ്രൂണം വളർന്ന് അണ്ഡവാഹിനിക്കുഴൽ പൊട്ടിപ്പോകാം. ഈ ഘട്ടത്തിൽ അതിശക്തമായ വയറുവേദനയോ ഇടുപ്പുവേദനയോ യോനിയിൽ നിന്നും രക്തസ്രാവമോ ഉണ്ടാകാം. ഇവകണ്ടാൽ ഉടനെ ആശുപത്രിയിലെത്തിക്കണം. ഇല്ലെങ്കിൽ ആന്തരിക രക്തസ്രാവമുണ്ടായി ഷോക്ക് പോലുള്ള അവസ്ഥയിലേക്കു പോകാൻ ഇടയാകും.

പൊട്ടിപ്പോയ അണ്ഡവാഹിനിക്കുഴൽ സർജറി ചെയ്തു ശരിയാക്കിയെടുക്കാനാകും, ചിലപ്പോൾ അതു സാധ്യമല്ലാതെ വരും. അങ്ങനെയുള്ളവരിൽ ട്യൂബ് നീക്കിക്കളയുന്നു.

ട്യൂബൽ ലിഗേഷൻ നടത്തുന്നതിനു മുൻപേ അതിന്റെ വിജയസാധ്യതകളെക്കുറിച്ചു ഡോക്ടറുമായി സംസാരിക്കുക. നിങ്ങളുടെ പ്രായം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കുന്നതാകും ഉചിതം. ട്യൂബൽ ലിഗേഷൻ കഴിഞ്ഞ് നാളേറെക്കഴിഞ്ഞവർ ഗർഭധാരണ സാധ്യത കണക്കിലെടുത്ത് ഒരു കോണ്ടം കൂടി ഉപയോഗിക്കുന്നതാകും കൂടുതൽ സുരക്ഷിതം. കോണ്ടം പോലെയുള്ളവ ലൈംഗികരോഗങ്ങളെ തടയുന്നതുപോലെ ട്യൂബൽ ലിഗേഷൻ നടത്തിയാലും ലൈംഗിക രോഗങ്ങൾ പകരില്ല എന്നൊരു ധാരണയുണ്ട്. ഇതു വെറും തെറ്റിധാരണയാണ്. ട്യൂബ് മുറിച്ചുകെട്ടിയതുകൊണ്ട് ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളെ തടയാനാകില്ല.

കടപ്പാട്

ഡോ. ലക്ഷ്മി അമ്മാൾ, ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം

ADVERTISEMENT