Tuesday 14 December 2021 12:34 PM IST

റോൾ മോഡലാകേണ്ട ഡോക്ടർ 92 കിലോ! മധുരം കഴിച്ചു കൊണ്ട് 15 കിലോയോളം കുറച്ച ആദിഷ സീക്രട്ട്

Asha Thomas

Senior Sub Editor, Manorama Arogyam

adisha

തടിച്ചിരിക്കുന്നതോർത്ത് വേവലാതിപ്പെടുന്നവരുടെയിടയിൽ ആദിഷ വ്യത്യസ്തയായത് തടി സ്വന്തം ഐഡന്റിറ്റിയായി കണ്ടാണ്. പിറന്നുവീണപ്പൊഴേ ആദിഷയ്ക്ക് നാലര കിലോയോളം ഭാരമുണ്ടായിരുന്നു. ആ വണ്ണം കൂടിക്കൂടി വന്ന് ബോഡിമാസ് ഇൻഡക്സ് വേണ്ടതിലധികം ആയി. ചെറുപ്പം മുതലുള്ള ഭക്ഷണപ്രിയം തടി കൂടാൻ പ്രധാന കാരണമായിരുന്നു. അപ്പോഴും ആളുകൾ പറയുന്നതുകേട്ട് ഭക്ഷണം കുറയ്ക്കാനൊന്നും പോയില്ല എന്ന് ആദിഷ പറയും. ‘ഭയങ്കര സെൻസിറ്റീവാണ് ഞാൻ. പക്ഷേ ഭക്ഷണകാര്യത്തിൽ ‘പറയുന്നവർ പറയും, ഞാൻ കഴിക്കും’ എന്നൊരു ലൈനാണ് പണ്ടുമുതലേ.

വീട്ടിൽ അച്ഛനും അമ്മയും ഫിറ്റ്നസിലും ആരോഗ്യകാര്യത്തിലുമൊക്കെ ശ്രദ്ധയുള്ളവരാണ്. ആദിഷയുടെ അമ്മ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഡോക്ടറാണ്. ഒരു ഡോക്ടറുടെ കാഴ്ചപ്പാടിൽ നിന്ന് ‘‘ഈ വണ്ണം അത്ര നന്നല്ല. കുറയ്ക്കണം കേട്ടോ’’ എന്ന് ഉപദേശിക്കും. അച്ഛൻ പഴയ സന്തോഷ് ട്രോഫി കളിക്കാരനാണ്. കളിയൊക്കെ നിർത്തിയെങ്കിലും ഇപ്പോഴും അച്ഛൻ രാവിലെ നടക്കാൻ പോകും. ആദിഷയുടെ വണ്ണത്തെ കണക്കിനു കളിയാക്കുകയും ചെയ്യും. എന്നിട്ടും മെലിയണമെന്ന് തോന്നിയിട്ടില്ലാത്ത ആദിഷയ്ക്ക് വഴിത്തിരിവായത് ബിഡിഎസ് പഠനമാണ്. പഠനം കഴിഞ്ഞ് ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയപ്പോഴാണ് ഫിറ്റ്നസ് എത്രമാത്രം ആവശ്യമാണെന്നു ആദിഷ മനസ്സിലാക്കുന്നത്. തന്റെയടുത്ത് വരുന്ന രോഗികൾക്ക് എല്ലാത്തരത്തിലും റോൾ മോഡലാകണം ഒരു ഡോക്ടർ എന്ന തോന്നൽ ശക്തമായി. അങ്ങനെയാണ് 92 കിലോയുള്ള ആദിഷ കോഴിക്കോടുള്ള എസ്എഫ്സി ക്രോസ്ഫിറ്റ് ജിമ്മിൽ ചേർന്നത്. മൂന്നുമാസമായപ്പോഴേക്കും 77 കിലോയായി. മൂന്നുമാസം കൊണ്ട് 15 കിലോ കുറച്ച ആ മായാജാലത്തെക്കുറിച്ച് ആദിഷ തന്നെ പറയട്ടെ.

‘‘ മധുരമായിരുന്നു എന്റെ ദൗർബല്യം. ഒരു കോഴിക്കോടുകാരി ബിരിയാണിയെ സ്നേഹിക്കുന്നതിലധികം ഞാൻ മധുരത്തെ സ്നേഹിച്ചു. ഒാരോ സമയത്തും ഒാരോതരം മധുരങ്ങളോടായിരുന്നു ഭ്രാന്ത്. സ്കൂളിൽ പഠിക്കുമ്പോൾ ഐസ്ക്രീം ആയിരുന്നു പ്രിയം. പറ്റിയാൽ ദിവസവും ഐസ്ക്രീം കഴിച്ചിരുന്നു. കോളജിലായപ്പോൾ ഫ്രൂട്ടി പ്രാന്ത് ആയി. ദിവസവും 9–10 ഫ്രൂട്ടി കുടിക്കുമായിരുന്നു. എന്തെങ്കിലും ടെൻഷൻ വരുമ്പോൾ ഉടനെ പോയി മധുരം കഴിക്കും.

വ്യത്യസ്തമായ വർക് ഔട്ട്

മുൻപ് ചില ഫിറ്റ്നസ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടപ്പോൾ മധുരവും കാർബോഹൈഡ്രേറ്റും പൂർണമായും ഒഴിവാക്കണമെന്നൊക്കെ കേട്ട് ഡിപ്രഷൻ പോലും വന്നിട്ടുണ്ട്. ക്രോ സ് ഫിറ്റ് ജിമ്മിൽ പോയപ്പോഴും ‘മധുരം വേണ്ടെന്നു വച്ചുള്ള വ്യായാമത്തിനൊന്നും എന്നെ കിട്ടില്ല’ എന്ന് മനസ്സുറപ്പിച്ചാണ് പോയത്. പക്ഷേ, പരിശീലകനായ രഞ്ജിത്ത് ഡയറ്റിനെക്കുറിച്ചൊന്നും പറഞ്ഞില്ല. സാധാരണ ജിമ്മിൽ നിന്നും വ്യത്യസ്തമായിരുന്നു അവിടെ. മെഷീൻ വ്യായാമങ്ങളെക്കാൾ കൂടുതൽ ഫ്ളോർ വ്യായാമങ്ങൾ. ദിവസവും വ്യത്യസ്തമായവ. പൊതുവായ വ്യായാമങ്ങൾക്കൊപ്പം വയർ ഒതുങ്ങാൻ സഹായിക്കുന്ന ഏതെങ്കിലും ഒരു വ്യായാമം ദിവസവും ചെയ്യും.

എനിക്ക് ആസ്മയുണ്ടായിരുന്നു. അതുകൊണ്ട് അധികനേരം വ്യായാമം ചെയ്യുന്നത് പ്രശ്നമാകുമോ എന്ന പേടിച്ചിരുന്നു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ആദ്യ രണ്ടുദിവസം കഠിനമായ പേശീവേദനയും ക്ഷീണവുമുണ്ടായി. പതിയെ അതും മാറി. ആദ്യമൊക്കെ പുഷ് അപ് പോലെ കയ്യിൽ ശരീരഭാരമൂന്നിയുള്ള വ്യായാമങ്ങൾ ചെയ്യാൻ പ്രയാസമായിരുന്നു. രണ്ടാഴ്ചയെടുത്തു ഞാൻ വ്യായാമത്തിന്റെ ട്രാക്കിലേക്കെത്താൻ. രാവിലെ 7.30 മുതൽ 8.30 വരെയുള്ള സമയത്താണ് വർക് ഔട്ട്. ഒരു മണിക്കൂറിൽ ഇത്ര വ്യായാമം ചെയ്യണമെന്ന് ഒരു ടാർഗറ്റ് ഉണ്ട്. അത് പൂർത്തിയാക്കണം.

മധുരം കഴിച്ച് ഡയറ്റിങ്

കുറെക്കൂടി കഴിഞ്ഞപ്പോൾ ഇനി ഡയറ്റ് ചെയ്യേണ്ടേ എന്നു ട്രെയ്നറോട് ഞാൻ തന്നെ ചോദിച്ചു. അദ്ദേഹം നിർദേശിച്ച ഡയറ്റ് ഈസിയായിരുന്നു. രാവിലെ പ്രാതലിന് ഒരു റോബസ്റ്റ പഴം. രണ്ടു മുട്ടവെള്ള. പതിനൊന്നു മണിക്ക് ഒാട്സ് മധുരം ചേർക്കാതെ പാലൊഴിച്ച് അൽപം നീട്ടിയത് അല്ലെങ്കിൽ നാരുകളുള്ള പഴങ്ങൾ. ചക്ക പോലുള്ള മധുരം കൂടിയവയും കഴിക്കാം. ഒന്നോ രണ്ടോ ചുള മാത്രം. ഉച്ചയ്ക്ക് ഒന്നോ രണ്ടോ ചപ്പാത്തി. കൂടെ മത്സ്യം അല്ലെങ്കിൽ മാംസം കറിവച്ചതോ അൽപം എണ്ണചേർത്ത് വറുത്തതോ പൊള്ളിച്ചതോ. എണ്ണയിൽ മുക്കി വറുത്തുകോരിയത് പാടില്ല. കൂടെ ധാരാളം പച്ചക്കറി കഴിക്കാം. രാത്രി പരമാവധി എട്ടു മണിക്കു മുൻപ് അത്താഴം. ചപ്പാത്തി അല്ലെങ്കിൽ ഒരു ബൗൾ ചോറ്. കൂടെ മീനോ ഇറച്ചിയോ കഴിക്കാം. സാലഡുകളുമാകാം. ഇടയ്ക്കൊക്കെ പാൽ കുടിച്ചിരുന്നു, മധുരമിടാതെ. നാരുകൾ ധാരാളമുള്ള ഷുഗർ അളവ് കുറഞ്ഞ പഴങ്ങൾ തിരഞ്ഞെടുത്തു കഴിച്ചു. അതു കഴിവതും കടിച്ചു ചവച്ച് കഴിക്കും. ചെറുപ്പം മുതലേ തുടുത്ത കവിളാണ് എന്റേത്. കവിൾ ഒതുങ്ങാൻ ഇത് ഉത്തമമായിരുന്നു.

ദാഹത്തിനനുസരിച്ചാണ് വെള്ളം കുടിച്ചിരുന്നത്. ചായയും കാപ്പിയും നേരത്തേ തന്നെ കഴിച്ചിരുന്നില്ല. ജിമ്മിൽ പോയശേഷം ട്രെയ്നർ പറഞ്ഞിട്ട് ഗ്രീൻ ടീ കുടിക്കാൻ തുടങ്ങി. ദിവസവും ഒാരോ ഗ്ലാസ്സ് ഗ്രീൻ ടീ കുടിച്ചിരുന്നു.

ഇടയ്ക്കൊക്കെ അടുപ്പിച്ച് രണ്ട് ചീറ്റ് ഡേ എടുത്തിരുന്നു. രണ്ടു ദിവസം മുഴുവൻ ഇഷ്ടമുള്ളതൊക്കെ കഴിക്കും. പക്ഷേ, വ്യായാമം മുടക്കില്ല. അതുകൊണ്ടാകാം ചീറ്റ് ഡേ കഴിഞ്ഞ് ഭാരം നോക്കിയാലും ഒരു പൊടിപോലും കൂടി കണ്ടിട്ടില്ല.

തടിച്ചിരുന്ന സമയത്ത് ഡ്രസ് സൈസ് ഡബിൾ എക്സ്എൽ ആയിരുന്നത് ഇപ്പോൾ ലാർജ് ആയി. ഇഷ്ടമുള്ള ഏതു ഡ്രസ്സും ധരിക്കാം. എന്താ പറയുക...വണ്ണം കുറച്ചതോടെ ജീവിതമാകെ പൊസിറ്റിവായി എന്നു പറയാം. ഇപ്പോൾ എത്രമാത്രം ഹാപ്പിയാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ’’ആദിഷയുടെ കണ്ണുകളിൽ പ്രതിഫലിക്കുന്നുണ്ട് ആ അതിരില്ലാത്ത സന്തോഷം.

വെയ്റ്റ്ലോസ് സീക്രട്ട്

∙ ദിവസവും മുടങ്ങാതെ ഒരുമണിക്കൂർ വർക് ഔട്ട്.

∙ മധുരവും കാർബോഹൈഡ്രേറ്റും അളവു കുറച്ചു കഴിച്ചു.

∙ ദാഹത്തിനനുസരിച്ച് വെള്ളം കുടിച്ചു

∙പഴങ്ങൾ കഴിവതും കടിച്ചു ചവച്ചു കഴിച്ചു. അത് കവിൾ ഒതുങ്ങാൻ സഹായിച്ചു.

∙ ദിവസവും ഗ്രീൻ ടീ കുടിച്ചു.

Tags:
  • Diet Tips