Tuesday 21 February 2023 01:01 PM IST

പൊക്കിൾകൊടിയിൽ മരുന്നു പുരട്ടണോ? കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങൾ, ശാരീരിക, മാനസിക വളർച്ചയിൽ വേണ്ട കരുതലുകൾ

Ammu Joas

Sub Editor

new-bornbabyyy667

കൺചിമ്മി ഒരു പിഞ്ചുകുഞ്ഞ് ജനിക്കുമ്പോൾ ഒ പ്പം ഒരമ്മയും ജനിക്കുകയാണ്. എട്ടും പൊട്ടും തിരിയാത്ത പാൽ‌കുഞ്ഞിനെപ്പോലെ തനിക്കു കിട്ടിയ മുത്തിനെ എന്തു ചെയ്യണം എങ്ങനെ വേണം എന്നറിയാത്ത ‘അമ്മക്കുഞ്ഞ്’.

വാവയെ എപ്പോൾ പാലൂട്ടണം, കുഞ്ഞുടുപ്പുകൾ എങ്ങനെ വേണം, പൊടിക്കുഞ്ഞിനും കോവിഡ് വരുമോ എന്നു തുടങ്ങി അമ്മ മനം ആശങ്കപ്പെടുന്ന പല കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങളിലാണ് അവർക്കേറെ പരിചരണം വേണ്ടത്. നവജാതശിശുവിന്റെ ശാരീരിക – മാനസിക ആരോഗ്യകാര്യങ്ങളിൽ അറിഞ്ഞിരിക്കേണ്ട കൊച്ചു കൊച്ചു വലിയ കാര്യങ്ങളറിയാം.

കുഞ്ഞിനെ പൊതിഞ്ഞു വയ്ക്കണേ

പൊടിക്കുഞ്ഞിനെ ചേർത്തുകിടത്താത്ത അമ്മമാരെ ക ണ്ടാൽ മുത്തശ്ശിമാർ കണ്ണുരുട്ടും. ഇപ്പോഴേ ചേർത്തുകിടത്തിയാലേ മക്കൾ അമ്മയോടു സ്നേഹമുള്ളവരാകൂ എ ന്നാണ് അവരുടെ പക്ഷം. എന്നാൽ, കുഞ്ഞിനെ അമ്മയോടു ചേർത്തു കിടത്തുന്നതിനു യഥാർഥ കാരണം അതല്ല. അമ്മച്ചൂടിൽ നിന്നു പുറത്തു വരുന്ന കുഞ്ഞിന്, അന്തരീക്ഷത്തിലെ താപനിലയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഈ സമയമത്രയും കുഞ്ഞിന്റെ ശരീര ഊഷ്മാവ് താഴ്ന്നുപോകാതെ നിലനിർത്തണം.

നവജാതശിശുക്കളുടെ ശരീരത്തിൽ താരതമ്യേന മസിലുകൾ കുറവായിരിക്കും. ചർമത്തിനടിയിൽ ഫാറ്റ് ലെയറും കാണില്ല. ലോല ചർമവുമായതിനാൽ ശരീരത്തിലെ ഊഷ്മാവ് കുറഞ്ഞു പോയാൽ വളർച്ചാ പ്രശ്നങ്ങളുണ്ടാ കാം. ഇൻഫക്‌ഷനും വരാനുള്ള സാധ്യതയുണ്ട്. ശരീര ഊഷ്മാവിൽ വ്യത്യാസം വരുമ്പോൾ ദഹന പ്രശ്നങ്ങളുണ്ടാകും. ഇതു തൂക്കക്കുറവിനും ആ രോഗ്യക്കുറവിനും കാരണമാകുകയും ചെയ്യും.   

ജനിച്ച് ആദ്യ രണ്ട് ആഴ്ചകളിൽ മുഖം മാത്രം പുറത്തു കാണുംവിധം കോട്ടൻ തുണി കൊണ്ടു കുഞ്ഞിനെ പൊതിഞ്ഞുവയ്ക്കണം. മാസം തികഞ്ഞു ജനിച്ച കുഞ്ഞുങ്ങളെയും രണ്ടു മാസം വരെയെങ്കിലും തണുപ്പേൽക്കാതെ നോക്കണം. മഴയും തണുപ്പുമുള്ളപ്പോൾ ഇത് അത്യാവശ്യമാണ്. രാത്രിയിൽ സോക്സും മിറ്റൻസും ധരിപ്പിക്കാം. മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ, തൂക്കകുറവുള്ള കുഞ്ഞുങ്ങൾ, തൂക്കം കൂടാത്ത കുഞ്ഞുങ്ങൾ എന്നിവര്‍ക്ക് കൂടുതൽ കരുതലും ചൂടും ആവശ്യമാണ്.

പൗഡർ വേണ്ടേ വേണ്ട

കുഞ്ഞിന്റെ കഴുത്തിലും കൈമടക്കുകളിലും പൗഡർ പൂശി കിടത്തുന്നതാണ് അമ്മമാരുടെയും അമ്മൂമ്മമാരുടെയും ശീലം. ഈ ഭാഗങ്ങളിലെ ഈർപം വലിച്ചെടുത്ത് ചർമം നനവില്ലാതെ സൂക്ഷിക്കാനും അതുവഴി ചൊറിച്ചിലും അസ്വസ്ഥതകളും കുറയ്ക്കാനുമാണ് പൗഡർ പ്രയോഗം. പക്ഷേ, ബേബി പൗഡറിലുള്ള ചെറു കണികകൾ ശ്വാസോച്ഛ്വാസത്തോടൊപ്പം ശ്വാസകോശത്തിന്റെ ചെറിയ അറകളില്‍ പോലും എത്താം. വിട്ടു മാറാത്ത ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇതു കാരണമാകും. കുളിപ്പിച്ച ശേഷം ഈർപം അകറ്റാൻ മൃദുവായ കോട്ടൻ തുണി കൊണ്ട് ഒപ്പിയാൽ മതി.

തൊട്ടിലിൽ കിടത്തിയാൽ

അമ്മയുടെ കൂടെ, ശരീരത്തോട് ചേർത്ത് കുഞ്ഞിനെ കിടത്തുന്നതാണ് ഏറ്റവും നല്ലത്. കുഞ്ഞിന് അമ്മയുടെ ചൂടേൽക്കണം, മണമറിയണം. അതിലുപരി കുഞ്ഞിന്റെ ചെറിയ അനക്കങ്ങൾ അമ്മ അറിയണം. കുഞ്ഞുങ്ങൾക്കു വേണ്ട ശ്രദ്ധ കിട്ടില്ലെന്നതാണ് തൊട്ടിലിൽ കിടത്തുന്നതു കൊണ്ടുള്ള പ്രശ്നം.

തൊട്ടിലിൽ ചെരിഞ്ഞു കിടന്നാൽ ചിലപ്പോൾ സ്വയം തിരിഞ്ഞു വരാനും കഴിയില്ല. ഇതെല്ലാം അപകടം ക്ഷണിച്ചു വരുത്തും.

പുത്തൻ കുഞ്ഞുടുപ്പുകള്‍

മൃദുവായ കോട്ടൻ തുണി കൊണ്ടുള്ള ഉടുപ്പുകൾ വാങ്ങിയ ശേഷം സോപ്പുപയോഗിച്ച് നന്നായി കഴുകിയേ കുഞ്ഞിനെ അണിയിക്കാവൂ, കോവിഡ് സാഹചര്യത്തിൽ പ്രത്യേകിച്ചും.

കുഞ്ഞുടുപ്പുകളിൽ ഡിസ്ഇൻഫെക്റ്റന്റ് മുക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഇവയിൽ മുക്കിയെടുത്ത തുണി വീണ്ടും നല്ല വെള്ളത്തിൽ രണ്ടു മൂന്നു വട്ടം കഴുകി ഡിസ്ഇൻഫെക്റ്റന്റിന്റെ അംശം കളയണം. അല്ലെങ്കിൽ കു‍ഞ്ഞിന്റെ ലോല ചർമത്തിന് അലർജിയുണ്ടാകാം. കുഞ്ഞിന്റെ തുണി കഴുകി വെയിലത്തിട്ട് ഉണക്കണം. ഇസ്തിരിയിടുന്നതും അണുക്കളെ നശിപ്പിക്കും.

ഡയപ്പര്‍ വേണോ?

ആദ്യ നാളുകളിൽ ഡയപ്പർ ഉപയോഗം പരമാവധി കുറയ്ക്കുന്നതാണു നല്ലത്. രാത്രിയിൽ ഡയപ്പർ ഇട്ട് കിടത്തിയാൽ കുഞ്ഞ് സുഖമായി ഉറങ്ങിക്കോളും. എന്നാൽ ഇത്രയും നേരം മൂത്രത്തിലെ യൂറിയ കുഞ്ഞിന്റെ ശരീരവുമായി ചേർന്നിരിക്കുകയാകും. ഇത് ചിലരിൽ അലർജിയുണ്ടാക്കും. പ്രത്യേകിച്ചും നവജാത ശിശുക്കളുടെ ലോല ചർമത്തിൽ.  തുടയിടുക്കിലും പിൻഭാഗത്തും ചുവന്ന തടിപ്പുകളായി വരുന്ന നാപ്പി റാഷ് ഒരുതരം പൂപ്പൽബാധയാണ്. ഇതിനു ചികിത്സ വേണ്ടിവരും.

വൈകുന്നേരം കുഞ്ഞു കരയുന്നു

കുഞ്ഞുങ്ങള്‍ നിർത്താതെ കരയുന്നത് ‘ഈവനിങ് കോളിക്’ ആകാം. വൈകുന്നേരങ്ങളിലാണ് ഈ കരച്ചിൽ കൂടുതലും. ജനിച്ചു രണ്ടാഴ്ച മുതൽ ആറു മാസം വരെയുള്ള  കുഞ്ഞുങ്ങളിലാണ് ഈ പ്രശ്നം കാണുന്നത്. കുഞ്ഞിന്റെ വയർ വികസിക്കുന്നത്, ഭക്ഷണത്തിലെ പ്രോട്ടീൻ അലർജി, വയറിലെ ഗ്യാസ് തുടങ്ങിയവയൊക്കെ കോളിക്കിന് കാരണമായി പറയാം.

കരച്ചിലിനു മറ്റു കാരണങ്ങളില്ലെന്ന് ഡോക്ടറെ കണ്ട് ഉറപ്പു വരുത്തണം. പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ കുഞ്ഞിന്റെ വയറിലും പിൻഭാഗത്തും തടവിക്കൊടുക്കുന്നതു നല്ലതാണ്. അൽപനേരം എടുത്തു കൊണ്ടു നടന്നാലും കുഞ്ഞിന്റെ അസ്വസ്ഥതകൾ കുറയും.

ശരീരത്തിലെ മഞ്ഞനിറം

ജനിച്ച് രണ്ടു മൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞിന്റെ ശരീരത്തിൽ കാണുന്ന  മഞ്ഞനിറം സാധാരണമാണ്. പൂർണവളർച്ചയെത്തിയ 80 ശതമാനം കുഞ്ഞുങ്ങളിലും ഈ പ്രശ്നം വരാം. ഇതിനു കാരണം നവജാതശിശുക്കളിൽ ഹീമോഗ്ലോബിൻ കൂടിയിരിക്കുന്നതുകൊണ്ടും ചുവന്ന രക്താണുക്കൾ പെട്ടെന്നു നശിപ്പിക്കുമ്പോഴുണ്ടാകുന്ന ബിലിറൂബിൻ നിയന്ത്രിക്കാൻ കരൾ പാകമാകാത്തതു കൊണ്ടുമാണ്. കുഞ്ഞിന് രണ്ടാഴ്ച പ്രായമാകുമ്പോൾ കരൾ പാകമാകുകയും മഞ്ഞനിറം പോകുകയും ചെയ്യും.

രണ്ടാഴ്ചയ്ക്കു ശേഷം മഞ്ഞനിറം മാറിയില്ലെങ്കിലോ, മഞ്ഞനിറം വന്നാലോ ശ്രദ്ധിക്കണം. കുഞ്ഞ് ജനിച്ചനാൾ ത ന്നെ ശരീരത്തിൽ മഞ്ഞനിറം കാണുന്നതും സൂക്ഷിക്കണം.    

infantttbbb55vhhh

പാലൂട്ടേണ്ടത് എപ്പോഴൊക്കെ ?

ആദ്യദിവസങ്ങളിൽ അമ്മയ്ക്ക് പാൽ കുറവായിരിക്കും. പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാൽ കൊടുക്കണം. കുഞ്ഞ് പാൽ കുടിച്ചെങ്കിൽ മാത്രമേ അമ്മയ്ക്ക് പാൽ ഉണ്ടാകൂ. ‘ഡിമാൻഡ് ഫീഡിങ്’ ആണ് ഡോക്ടർമാർ നിർദേശിക്കുന്നത്. കുഞ്ഞ് എപ്പോഴൊക്കെ വിശപ്പിന്റെ ലക്ഷണം കാണിക്കുന്നുവോ അപ്പോഴൊക്കെ അമ്മ പാൽ നൽകണം. ഓരോ തവണയും രണ്ടു മുലയും കുടിപ്പിക്കണം. ആദ്യ ദിവസങ്ങളിൽ കൂടുതൽ സമയവും കുഞ്ഞ് ഉറക്കമായിരിക്കും. ഒരു ദിവസം 14–17 മണിക്കൂർ കുഞ്ഞുവാവ ഉറങ്ങും. വിശക്കുമ്പോൾ വാവ ഉണർന്നുകൊള്ളും.

ആദ്യ ആറു മാസം കുഞ്ഞിന് മുലപ്പാൽ മാത്രം മതി. തിളപ്പിച്ചാറിയ വെള്ളമോ ഫോർമുല മിൽക്കോ നൽകരുത്.

കൃത്യമായ ഇടവേളകളിൽ പാൽ നൽകിയാലും കുഞ്ഞ് പാൽ കുടിക്കുന്നുണ്ടോ, വയറു നിറയുന്നുണ്ടോ എന്നെല്ലാം മിക്ക അമ്മമാർക്കും സംശയമാണ്. ദിവസം ആറു തവണയിൽ കൂടുതൽ കുഞ്ഞ് മൂത്രമൊഴിക്കുന്നുണ്ടെങ്കിൽ വാവയ്ക്ക് വയറു നിറയുന്നുണ്ട് എന്നു മനസ്സിലാക്കാം.

പാൽ തികട്ടി വരുന്നത് സ്വാഭാവികം

ആറു മാസം വരെയും കുഞ്ഞുങ്ങളിൽ സ്വാഭാവികമായി കാണുന്നതാണിത്. പാലു കുടിച്ചു കഴിഞ്ഞ് ഗ്യാസ് ശരിയായി തട്ടിക്കളഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാം. വെളുത്ത നിറത്തിൽ പാൽ മാത്രം ദിവസം മൂന്നോ നാലോ തവണ ചെറിയ തോതിൽ ഛർദിച്ചു കളയുന്നതുകൊണ്ട് പേടിക്കേണ്ടതില്ല.  എന്നാൽ നിറവ്യത്യാസമോ (കടുത്ത മഞ്ഞനിറത്തിലോ പച്ചനിറത്തിലോ) അധിക അളവിൽ ഛർദിച്ചു പോകുകയോ ചെയ്താൽ ഡോക്ടറെ കാണണം.

പാൽ കുടിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയാൽ കുഞ്ഞിനെ എടുത്തു കുലുക്കരുത്. പരിഭ്രാന്തരായി മിക്കവരും ചെയ്യുന്ന അബദ്ധമാണിത്. എത്ര ചെറിയ കുഞ്ഞാണെങ്കിലും കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി പുറത്തു തട്ടി കൊടുക്കുക. തല അൽപം താഴ്ത്തി പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൊണ്ടയിൽ കുടുങ്ങിയത് വായിലൂടെ പുറത്തേക്കു പൊയ്ക്കോളും. തലയിലടിക്കുന്നതോ, തലയിലൂതുന്നതോ ഒന്നും തന്നെ ഫലം നൽകില്ല.

കുഞ്ഞ് ശ്വസിക്കുമ്പോൾ

ആദ്യത്തെ ഒരു മാസം കുഞ്ഞിന്റെ ശ്വസനം ശരിയായ രീതിയിലായിരിക്കില്ല. ശ്വസിക്കുമ്പോഴുള്ള ചെറിയ ശബ്ദത്തിലോ, കുറച്ചു സമയം ശ്വാസം പിടിച്ചു നിന്നിട്ട് വീണ്ടും ശ്വസിക്കുന്നതിലോ ഭയക്കേണ്ടതില്ല. വളരെ വേഗത്തിൽ ശ്വസിക്കുക, പാൽ കുടിക്കാൻ പ്രയാസപ്പെടുക, ശരീരം നീല നിറത്തിലാകുക, ശ്വാസം മുട്ടി പല തവണ ഉറക്കം ഞെട്ടുക എന്നിവ കണ്ടാൽ ഡോക്ടറുടെ സഹായം തേടണം.

ആരോഗ്യകാര്യത്തിലെ ‘അലാം സൈൻസ്’

∙ കുഞ്ഞ് ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ വയറ്റിൽ നിന്നു പോകാതിരിക്കുന്നത്, 48 മണിക്കൂറിനുള്ളിൽ മൂത്രമൊഴിക്കാതിരിക്കുന്നത്, ജനിച്ച് ആദ്യ ദിവസങ്ങളിൽ തന്നെ തൊലിപ്പുറത്തു മഞ്ഞനിറം കാണുന്നത്, തുടരെ ഉമിനീർ വരുന്നത്, പാൽ കുടിക്കുമ്പോഴെല്ലാം ചുമയ്ക്കുന്നത്, കുഞ്ഞിന്റെ ചുണ്ടിലോ നഖങ്ങളിലോ നീല നിറമുണ്ടാകുന്നത്, അപസ്മാരമുണ്ടാകുന്നത് തുടങ്ങിയവ കുഞ്ഞിന് ആരോഗ്യ പ്രശ്നമുള്ളതിന്റെ സൂചനയാണ്. ഇവയെ കരുതിയിരിക്കണം.

∙ കുഞ്ഞിന്റെ ചൂട് 36.5 ഡിഗ്രി സെൽഷ്യസിൽ കുറയുക. 37.5 ഡിഗ്രി സെഷ്യൽസിൽ കൂടുക.

∙ കുഞ്ഞ് നാഴികകല്ലുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കണം. ഒന്നാം മാസത്തിൽ അമ്മയുടെ മുഖത്തു നോക്കി കുഞ്ഞ് ചിരിക്കും. രണ്ടാം മാസം മുതൽ അവരുടെ കൺമുന്നിലൂടെ പേനയോ കളിപ്പാട്ടമോ ചലിപ്പിക്കുമ്പോൾ അവയിലേക്ക് നോക്കും. മൂന്നാം മാസമാകുമ്പോൾ കഴുത്തുറച്ചു തുടങ്ങും. തല നേരെ പിടിക്കും.

അമ്മയുടെയും കുഞ്ഞിന്റെയും ചില ചിട്ടകൾ

∙ മുലയൂട്ടുമ്പോൾ അമ്മ കഴിക്കുന്ന ആഹാരവും ചിട്ടകളുമൊക്കെ കുഞ്ഞിലും മാറ്റങ്ങളുണ്ടാക്കും. വെള്ളം കുടിക്കുന്നത് കുറയുക, വറുത്തതും പൊരിച്ചതുമായ ആഹാരം കഴിക്കുക, മാംസാഹാരം അധികമായി കഴിക്കുക തുടങ്ങിയവ അമ്മയ്ക്കു മലബന്ധമുണ്ടാക്കും. കുഞ്ഞിന്റെ മലശോധനയെയും അമ്മയുടെ ആഹാരശീലം ബാധിക്കും.

കുഞ്ഞിന്റെ മലബന്ധം ഒരാഴ്ചയിലധികം നീണ്ടു നിൽക്കുന്നെങ്കിൽ തൈറോയ്ഡ് പ്രശ്നമാണോ എന്നു നോക്കണം. അമ്മയുടെ ആഹാരവും ശ്രദ്ധിക്കണം.  

∙ നവജാത ശിശുവിന്റെ അമ്മയുടെ ആരോഗ്യവും പ്രധാനമാണ്. ആയുർവേദ മരുന്നുകൾ കഴിക്കാം. ഓരോ സ്ത്രീയുടെയും ആരോഗ്യം കണക്കിലെടുത്തു വേണം മരുന്നുകൾ. ഇതിനായി ഡോക്ടറുടെ നിർദേശം സ്വീകരിക്കണം. ഇവ കുഞ്ഞിനും ഗുണം ചെയ്യും.

ഷഢങ്കം കഷായ ചൂർണം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കാം. ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചുവന്നുള്ളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. അമ്മയുടെ ദഹനം വർധിക്കും, പ്രതിരോധശേഷിയും കൂടും.

നവജാത ശിശുവിന് കോവിഡ് വരുമോ?

നവജാത ശിശുക്കളെ കോവിഡ് അധികം ബാധിക്കാറില്ല. കാരണം കുഞ്ഞുങ്ങളിൽ കോവിഡ് വൈറസ് ഗേറ്റ്‌വേ  ആയ ACe2 റിസപ്റ്റേഴ്സ് എന്ന പ്രോട്ടീന്റെ സാന്നിധ്യം വളരെ കുറവാണ്. കുഞ്ഞുങ്ങളെ കോവിഡ് ബാധിച്ചാൽ ചെറിയ ജലദോഷമോ പനിയോ തുമ്മലോ ആയി വന്നു പോകുകയേ ഉള്ളൂ. എങ്കിലും ജാഗ്രത കൈവിടരുത്. ഭയം വേണ്ട എന്നു മാത്രം.

കോവിഡ് കാലത്ത് സന്ദർശകരെ പൂർണമായി ഒഴിവാക്കുന്നതാണ് അമ്മയ്ക്കും കുഞ്ഞിനും നല്ലത്. അഥവാ ആരെങ്കിലും വന്നാൽ കയ്യും കാലും സോപ്പിട്ടു കഴുകിയ ശേഷം പ്രവേശിപ്പിക്കുക. അമ്മയും കുഞ്ഞും കിടക്കുന്ന മുറിയിലല്ലാതെ, വായു സഞ്ചാരമുള്ള മറ്റേതെങ്കിലും മുറിയിലിരുന്ന് കുഞ്ഞിനെ കാണിക്കുക. കുഞ്ഞിനെ എടുക്കാനും ഓമനിക്കാനും കൈമാറേണ്ടതില്ല.

 അമ്മയെയും കുഞ്ഞിനെയും കുളിപ്പിക്കാന്‍ ആളു വരുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കാൻ നിഷ്കർഷിക്കുക. ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. വീട്ടിലെ അംഗങ്ങൾ പുറത്തു പോകുമ്പോഴും മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കണം. പുറത്തു പോയി വന്നാലുടൻ സോപ്പുപയോഗിച്ച് കുളിക്കുക. കുഞ്ഞിനടുത്തേക്ക് മാസ്ക് ധരിച്ചു മാത്രം പോകുക.

വാക്സീൻ എടുക്കാൻ പോകുമ്പോൾ

ബിസിജി, ഒപിവി, ഹെപ്പറ്റൈറ്റിസ് ബി എന്നിവയാണ് ജനനസമയത്ത് നൽകുന്ന കുത്തിവയ്പ്പുകൾ. ബിസിജി ടിബി രോഗത്തിനെതിരെയും ഒപിവി പോളിയോക്കെതിരെയും  ഹെപ്പറ്റൈറ്റിസ് ബി മഞ്ഞപ്പിത്തത്തിനെതിരെയും നൽകുന്നവയാണ്. കുഞ്ഞ് ജനിച്ച് ആറാമത്തെ ആഴ്ചയിൽ അമ്മയും കുഞ്ഞും ഡോക്ടറെ കണ്ട് ആരോഗ്യസ്ഥിതി പരിശോധിക്കേണ്ടത് ആവശ്യമാണ്. ഈ സമയത്താണ് രണ്ടാമത്തെ വാക്സീനും. ഹെപ്പറ്റൈറ്റിസ് ബിയുടെ രണ്ടാം ഡോസ്, പോളിയോ, ഡിപിറ്റി അഥവാ ട്രിപ്പിൾ (ഡിഫ്തീരിയ, പെർറ്റൂസിസ്, ടൈഫോയ്ഡ്, രോഗങ്ങൾക്കെതിരെ) എന്നീ വാക്സീനുകളെടുക്കും. പത്താമത്തെ ആഴ്ചയിൽ ഡിപിറ്റി ബൂസ്റ്ററും പോളിയോയും.

കോവിഡിനെ പേടിച്ച് വാക്സീൻ എടുക്കാതിരിക്കരുത്. അധികം തിരക്കില്ലാത്തപ്പോൾ ഹോസ്പിറ്റലിൽ പോകുക. അമ്മ ഡബിൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക. ആൾക്കൂട്ടം ഉള്ളിടത്തേക്ക് പോകാതിരിക്കുക. വീട്ടിൽ നിന്നു കൊണ്ടുപോകുന്ന തുണിയിൽ കുഞ്ഞിനെ കിടത്തി വാക്സീൻ എടുത്ത ശേഷം ഉടനെ തുണി മാറ്റി പുതിയ തുണി പുതപ്പിക്കുക.

infffvbb655pare

കുഞ്ഞിന്റെ മുറി

കോവിഡ് കാലത്ത് അമ്മയ്ക്കും കുഞ്ഞിനും പുറത്തുള്ളവരുമായി അധികം സമ്പർക്കം ഇല്ലാത്തതാണ് നല്ലത്. വായുസഞ്ചാരമുള്ള മുറി തിരഞ്ഞെടുക്കണം. പകൽ സമയങ്ങളിൽ ജനാലകൾ തുറന്നിടണം. മുറിയിൽ പ്രകാശം ധാരാളമെത്തുമ്പോൾ പകലും രാത്രിയും വേർതിരിച്ച് കുഞ്ഞിന് മനസ്സിലാകും. രാത്രി ഉറക്കം സുഖകരമാക്കും.

എല്ലാ അവശ്യ സാധനങ്ങളും മുറിയിൽ ഒരുക്കി വ യ്ക്കാം. ടൗവലുകളും വൈപ്സും മറ്റും കൈയെത്തും ദൂര ത്തു വയ്ക്കണം. വെള്ളം ചൂടാക്കി ഫ്ലാസ്കിൽ കരുതാം.

നവജാത ശിശുക്കളെ എസി മുറിയിൽ കിടത്തുന്നതിൽ തെറ്റില്ല. പക്ഷേ, തണുപ്പ് അധികമാകരുത്. അന്തരീക്ഷ ഊ ഷ്മാവിനെക്കാൾ ഒരു ഡിഗ്രി കുറഞ്ഞ് എസി ഇടാം. മാത്രമല്ല, എസി മുറിയിൽ നിന്നു പുറത്തിറങ്ങുമ്പോഴുള്ള താപനി ലയിലെ വ്യത്യാസം കുഞ്ഞിന് പ്രശ്നമാകാം.

അമ്മയുടെ ഗർഭപാത്രത്തിന്റെ ചൂടിൽ നിന്നു പുറത്തു വന്ന ഉടനെ അധികം തണുപ്പേൽക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. കോവിഡ് സാഹചര്യ ത്തിൽ വായുസഞ്ചാരമുള്ള മുറിയാണ് നല്ലത് എന്നതും മറക്കേണ്ട.

എസി യഥാസമയം വൃത്തിയാക്കിയില്ലെങ്കിൽ പൊടിയും മറ്റും ഫിൽറ്ററിൽ പിടിച്ചിരുന്ന് ജലദോഷം, ശ്വാസംമുട്ടൽ പോ ലുള്ള അലർജി പ്രശ്നങ്ങൾ കുഞ്ഞുങ്ങൾക്ക് ഉണ്ടാകാം. അതിനാൽ എസി ഉപയോഗത്തിൽ വളരെ ശ്രദ്ധ വേണം.

കുഞ്ഞിന്റെ പൊക്കിൾകൊടിയിൽ മരുന്നു പുരട്ടണോ?

കുഞ്ഞ് ജനിച്ച് അഞ്ച് – ഏഴു ദിവസങ്ങൾക്കുള്ളിൽ പൊക്കിൾകൊടി അടർന്നു പോകുകയാണ് പതിവ്. പ ണ്ടൊക്കെ പൊക്കിൾകൊടിയിൽ മരുന്നു പുരട്ടുകയും ആന്റി ബയോട്ടിക്ക് പൊടിയും മറ്റും ഇടുകയും ചെയ്യുമായിരുന്നു. എന്നാലിന്ന് പൊക്കിളിൽ മരുന്നുകളൊന്നും പുരട്ടേണ്ടതില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്. വൃത്തിയുള്ള തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി വച്ചാൽ മാത്രം മതി.   

 വെള്ളം, എണ്ണ, പാൽ തുടങ്ങിയവ പൊക്കിളി ൽ കെട്ടി നിന്നാൽ അണുബാധ വരാം. പൊക്കിൾക്കൊടിക്കു ചുറ്റും ചുവപ്പോ തടിപ്പോ ഉണ്ടെങ്കിലോ ചോര പൊടിഞ്ഞാലോ ഉടനെ ഡോക്ടറെ കാണിക്കണം, ഇത് ഇൻഫക്‌ഷന്റെ ലക്ഷണമാകാം. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടറെ കാണാൻ വൈകരുത്.

കുഞ്ഞാവയെ കുളിപ്പിക്കുമ്പോൾ

ആരോഗ്യമുള്ള കുഞ്ഞിനെ ജനിച്ച് ആറു മണിക്കൂർ കഴിഞ്ഞു കുളിപ്പിക്കും. വീട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷം എണ്ണ തേപ്പിച്ചു ദേഹം മൃദുവായി മസാജ് ചെയ്തു കുളിപ്പിക്കാം. അതുവരെ ചൂടുവെള്ളത്തിൽ മുക്കിയ തുണി കൊണ്ട് കുഞ്ഞുശരീരം തുടച്ചാലും മതി.

കുഞ്ഞിന്റെ ആദ്യ മൂന്നു മാസത്തെ പരിപാലനത്തിൽ ആയുർവേദം പ്രധാനമായും പറയുന്നത് എണ്ണ തേപ്പിച്ചുള്ള കുളിയാണ്. കുഞ്ഞിനെ കുളിപ്പിക്കാൻ തേങ്ങാ വെന്ത വെളിച്ചെണ്ണ മതി. തലയിലും ശരീരത്തും ഇതു പുരട്ടാം. കാച്ചിയ എണ്ണകൾ മൂന്നു മാസം വരെ വേണ്ട. കുഞ്ഞിന്റെ ചർമസ്വഭാവവും പ്രതിരോധശക്തിയും കണക്കിലെടുത്തു മൂന്നു മാസത്തിനു ശേഷം ആയുർവേദ ഡോക്ടറുടെ നിർദേശപ്രകാരം കാച്ചിയ എണ്ണകൾ ഉപയോഗിക്കാം.

കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നത് രക്തയോട്ടം വർധിപ്പിക്കും. മസാജിങ് കഴിഞ്ഞാലുടനെ കുഞ്ഞിനെ കുളിപ്പിക്കാം. കുളിപ്പിക്കാനായി 5–8 മിനിറ്റിൽ കൂടുതൽ സമയം വേണ്ട. നാൽപാമര പട്ട, തെച്ചി, ത്രിഫല എന്നിവയിലേതെങ്കിലും ഇട്ടു വെന്ത വെള്ളം ഇളം ചൂടോടെ ഉപയോഗിക്കാം. സോപ്പിനു പകരം ചെറുപയറുപൊടി, നെല്ലിക്കാപ്പൊടി, തെച്ചിയോ ചെമ്പരത്തിയോ ഉണക്കിപ്പൊടിച്ചത് ഇവ ഉപയോഗിക്കാം.

കിടന്നു പാൽ കൊടുത്താൽ

അമ്മമാർക്ക് സൗകര്യപ്രദമായ രീതിയിൽ പാലൂട്ടാം. എന്നാൽ അതു കുഞ്ഞിന് അപകടമാകുന്ന തരത്തിലാകരുത്. കിടന്നു കൊണ്ടു പാലൂട്ടുന്നതല്ല പ്രശ്നം, ഉറക്കത്തിലെ പാലൂട്ടലാണ്. രാത്രിയിൽ കിടന്നു കൊണ്ടു പാലു കൊടുക്കുമ്പോൾ പലപ്പോഴും കുഞ്ഞും അമ്മയും ഉറങ്ങിപ്പോകും. കുഞ്ഞിന്റെ വായിൽ കുടിച്ചിറക്കാത്ത പാലും ഉണ്ടാകും. ഉറക്കത്തിൽ കരയുമ്പോഴോ ദീർഘമായി ശ്വസിക്കുമ്പോഴോ ഇതു ശ്വാസകോശത്തിൽ കുടുങ്ങി അപകടമുണ്ടാകും.

എപ്പോൾ പാലു കൊടുത്താലും കുഞ്ഞിനെ തോളിൽ കിടത്തി ഗ്യാസ് തട്ടിക്കളയണം. കുഞ്ഞ് പാൽ കുടിച്ചിറക്കിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ കിടത്താവൂ. ഇരുന്നു കൊണ്ടാണ് പാൽ കൊടുക്കുന്നതെങ്കിൽ അമ്മ ഉറങ്ങിപ്പോകാനുള്ള സാധ്യത കുറവാണ്. മാത്രമല്ല കൈത്തണ്ടയിൽ കിടത്തുമ്പോൾ തല അൽപം ഉയർന്നിരിക്കുന്നതിനാൽ പാ ല്‍ വേഗം ഇറങ്ങിപ്പോകുകയും ചെയ്യും.

കിടത്തി പാലൂട്ടന്നതു കൊണ്ടുള്ള മറ്റൊരു പ്രശ്നമാണ് ചെവിയിലെ അണുബാധ. ചെവിയുടെ ഉൾഭാഗത്തേക്ക് പാൽ കടക്കുകയും അതുവഴി അണുബാധയുണ്ടാകുകയും ചെയ്യും. തലയൽപം ഉയർത്തി പാലൂട്ടിയാൽ ഈ പ്രശ്നം പരിഹരിക്കാം.

കുഞ്ഞിന്റെ തൂക്കം

കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കാനുള്ള ഏറ്റവും നല്ല വഴി തൂക്കം പരിശോധിക്കുക എന്നതാണ്. ജനിച്ച് ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞിന്റെ ഭാരം കുറയും. രണ്ടാഴ്ചയ്ക്കുള്ളിൽ ജനനസമയത്തെ തൂക്കം തിരിച്ചു കിട്ടും. ആ ദ്യ മൂന്നു മാസങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളർച്ച കൂടുതലാണ്. ആഴ്ചയിൽ ഏകദേശം 200 ഗ്രാം വീതം ഭാരം കൂടും. ഒരു മാസം മുക്കാൽ കിലോ മുതൽ ഒരു കിലോ വരെ ഭാരം ഇങ്ങനെ കൂടാം.

അമ്മ കോവിഡ് പോസിറ്റീവ് ആണെങ്കിൽ

അമ്മയ്ക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ അതു കുഞ്ഞുങ്ങളിലേക്കു പടരുന്നത് സാമീപ്യത്തിലൂടെയും ശ്വാസത്തിലൂടെയുമാണ്. മുലപ്പാലിലൂടെ അല്ല. അതിനാൽ പാലൂട്ടൽ നിർത്തുന്നതിൽ അർഥമില്ല. പാലൂട്ടൽ നിർത്തിയാൽ കുഞ്ഞിന് മറ്റു പല അസുഖങ്ങളും ഉണ്ടാകുകയും ചെയ്യും.

കോവിഡ് പോസിറ്റീവായ അമ്മ കുഞ്ഞിനെ പാലൂട്ടുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

∙കുഞ്ഞിനെ പാലൂട്ടും മുൻപ് കൈകൾ നന്നായി സോപ്പിട്ടു കഴുകണം. പാലൂട്ടുന്ന സമയത്ത് മൂന്നു മാസ്ക് ഉപയോഗിക്കുക. ഫെയ്സ്ഷീൽഡും ധരിക്കാം.  

∙ ധരിച്ചിരിക്കുന്ന വസ്ത്രത്തിനു മീതെ കഴുകി വച്ചിരിക്കുന്ന തുണി പുതച്ച ശേഷം കുഞ്ഞിനു പാൽ നൽകാം. അതല്ലെങ്കിൽ കുഞ്ഞിനു പാൽ നൽകുമ്പോൾ മാത്രം ധരിക്കാൻ ഒരു വസ്ത്രം മാറ്റി വയ്ക്കുക. കൈ കഴുകി മാസ്ക് ധരിച്ച ശേഷം വസ്ത്രം മാറുക.

∙പാലൂട്ടിയ ശേഷം കുഞ്ഞിന്റെ ഉടുപ്പു മാറ്റി പുതിയതു ധരിപ്പിക്കാം. ഏതെങ്കിലും തരത്തിൽ ഉടുപ്പിൽ സ്രവം വീണിട്ടുണ്ടെങ്കിൽ അതു കുഞ്ഞിന് ദോഷമാകാതിരിക്കാനാണിത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. മുരളീധരൻ, കൺസൽറ്റന്റ് പീഡിയാട്രീഷൻ, ജനറൽ ആശുപത്രി, മാഹി. ഡോ. അഞ്‌ജലി ടി. സി, അസി. പ്രഫസർ, ഡിപാർട്മെന്റ് ഓഫ് പീഡിയാട്രിക്സ്, ഗവ. ആയുർവേദ കോളജ്, പരിയാരം

Tags:
  • Mummy and Me
  • Baby Care
  • Parenting Tips