Thursday 20 October 2022 03:34 PM IST : By ലിസ്‌മി എലിസബത്ത് ആന്റണി

കഞ്ഞിവെള്ളം ഹെയർവാഷ്, നാരങ്ങാത്തൊലി ക്ലെൻസർ; വെറുതെ കളയുന്ന ഈ വസ്തുക്കൾ കൊണ്ട് സുന്ദരിയാകാം

facepack മോഡൽ : റിയ

ഓഫിസിലേക്കും തിരികെ വീട്ടിലേക്കും തിരക്കിട്ട യാത്രകൾ. അതിനൊപ്പം പെട്ടെന്നു ചെയ്തു തീർക്കുന്ന അടുക്കള ജോലികൾ. വീട്ടമ്മമാർക്ക് അടുക്കളയിൽ മാത്രം ദിവസം മുഴുവൻ നീളുന്നത്ര ജോലികളുണ്ട്. ഈ തിരക്കിനിടയിൽ സൗന്ദര്യപരിചരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലെന്ന് നിങ്ങൾ പറയാറുണ്ടോ? എങ്കിൽ മാറി ചിന്തിക്കാൻ സമയമായി. ഇനി അടുക്കളയിലും അഴകു വർധിപ്പിക്കാം. ഈ സൗന്ദര്യപരിചരണം അടുക്കളയിൽ ഉപയോഗശൂന്യമാകുന്ന വസ്തുക്കൾ കൊണ്ടാണ്. തികച്ചും പ്രകൃതിദത്തമായ ആ സൗന്ദര്യ സംരക്ഷണ വഴികളറിയാം. അടുക്കളയും ഒരു ഹെർബൽ ബ്യൂട്ടി ക്ലിനിക് ആണ്.

1. തക്കാളി നല്ലൊരു മോയ്സ്ചറൈസർ

തക്കാളി കറിവയ്ക്കാനൊരുങ്ങുമ്പോൾ മോശമായതിനാൽ മാറ്റി വയ്ക്കുന്നൊരു തക്കാളി ഉണ്ടാകില്ലേ. ഇത്തിരി നേരം കിട്ടുമ്പോൾ അതെടുത്ത് മിക്സിയിലടിച്ച് പൾപ്പാക്കിയെടുക്കാം. അത് മുഖ ചർമത്തിൽ പുരട്ടി വയ്ക്കുക. പത്തുമിനിറ്റ് കഴിഞ്ഞു മുഖം കഴുകുക. ചർമത്തിലെ അധിക എണ്ണമയമെല്ലാം പോകും.ചർമം വൃത്തിയുള്ളതും മുറുക്കമുള്ളതും ആകും. മുഖത്തിനു നിറവും തിളക്കവും ലഭിക്കും. തക്കാളിയുടെ നീരും ഇങ്ങനെ പുരട്ടാം. തക്കാളിയിലെ ആന്റി ഒാക്‌സിഡന്റായ ലൈക്കോപീൻ ചർമത്തിന്റെ യുവത്വം കാത്തു വയ്ക്കും. തക്കാളി ഒന്നാന്തരം മോയ്സ്ചറൈസർ ആണ്.

2. ഉരുളക്കിഴങ്ങ് ബ്ലീച്ച് ചെയ്യും

കറിക്കൊരുക്കുമ്പോൾ കളയുന്ന ഉരുളക്കിഴങ്ങു കഷണങ്ങളൊക്കെ മാറ്റി വച്ചോളൂ. അവ കനം കുറച്ചരിഞ്ഞ് കണ്ണിനു ചുറ്റും വച്ചാൽ കണ്ണിന്റെ ചുറ്റുമുള്ള കറുപ്പ് കുറഞ്ഞു കൊള്ളും. നല്ലൊരു െഎ പായ്ക്കാണത്. ഉരുളക്കിഴങ്ങ് സ്ക്രബ് ആയും ഉപയോഗിക്കാം. ഉരുളക്കിഴങ്ങിന്റെ നീരും മുഖത്തു പുരട്ടാം. മുഖത്തെ കറുത്ത പാടുകളെല്ലാം മായും. ഉരുളക്കിഴങ്ങിലെ പൊട്ടാസ്യം ചർമത്തെ മോയ്സ്ചറൈസ് ചെയ്യും. ചെറിയ തോതിൽ ഇത് ചർമത്തെ ബ്ലീച്ച് ചെയ്യും. ഇതിലെ മഗ്‌നീഷ്യം ചുളിവുകളെ തടയും.

3. തൈര് നല്ല കോംപ്ലക്‌ഷന്

തൈര് അൽപം പുളിച്ചാലും സാരമില്ല. അത് കളയാതെ മാറ്റിവയ്ക്കുക. ഈ തൈര് മിക്സിയിൽ ഒന്ന് അടിച്ചെടുത്താൽ സൂപ്പർ ഫേസ് പായ്ക്കാണ്. പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി എന്നിവയാൽ സമൃദ്ധമായ തൈര് , ചർമത്തിന്റെ നിറം വർധിപ്പിക്കും. യാത്ര കഴിഞ്ഞ് വെയിലേറ്റു കരിവാളിച്ചു വരുമ്പോൾ മുഖത്ത് തൈര് പുരട്ടുന്നത് വളരെ നല്ലതാണ്. ഇത് ശരീരമാകെയും പുരട്ടാം. അൽപമൊന്ന് ഉണങ്ങിത്തുടങ്ങുമ്പോൾ കഴുകിക്കളയുകയോ കുളിക്കുകയോ ആകാം. തൈര് മുഖക്കുരുവും കുറയ്ക്കും.

fp-1

4. ഒാറഞ്ചു തൊലി നൽകും തിളക്കം

വലിച്ചെറിയുന്ന ഒാറഞ്ച് തൊലിക്കും സൗന്ദര്യ സംരക്ഷണത്തിൽ ചിലതൊക്കെ ചെയ്യാനുണ്ട്. ഈ തൊലി നല്ല വെയിലിൽ ഉണക്കിയെടുക്കുക. ഇനി ഇത് മിക്സിയിൽ പൊടിച്ച് വൃത്തിയുള്ള ഒരു ടിന്നിലിട്ട് കാറ്റുകയറാതെ സൂക്ഷിക്കുക. ഇത് ഫേസ് പായ്ക്കായി ഉപയോഗിക്കാം. ഈ പൊടി അൽപം എടുത്ത് പാലോ വെള്ളമോ ചേർത്തു ചാലിച്ച് മുഖത്തു പുരട്ടുക.15 മിനിറ്റു കഴിയുമ്പോൾ കഴുകിക്കളയുക. മുഖചർമത്തിന്റെ കാന്തി വർധിപ്പിക്കുന്നതിന് ഇതു സഹായിക്കും. ഏതെങ്കിലും വിശേഷാവസരങ്ങളിൽ പങ്കെടുക്കുന്നതിനു മുൻപായി ഇങ്ങനെ ഒന്നു ചെയ്തു നോക്കൂ. ഇതിലെ വൈറ്റമിൻ സി സൂപ്പർ ഗ്ലോ നൽകും. മാത്രമല്ല സ്കിൻ ടോൺ നന്നാകും, മുഖക്കുരുവും പാടുകളും മായ്ക്കും, ചുളിവു തടഞ്ഞ് ചർമം ചെറുപ്പമാക്കി വയ്ക്കും. ഒാറഞ്ച് തൊലിയിലുള്ള കാൽസ്യം ആന്റി ഒാക്സിഡന്റ് ഉത്പാദനത്തിനു സഹായിച്ച് ചർമം തിളക്കമുള്ളതാക്കുന്നു.

5. നാരങ്ങത്തൊലി ക്ലെൻസറാണ്

ചെറുനാരങ്ങയുടെ തൊണ്ട് ഇനി കളയാൻ വരട്ടെ. ഇതിൽ വൈറ്റമിൻ സി ധാരാളമായടങ്ങിയിട്ടുണ്ട്. നാരങ്ങാത്തൊണ്ട് മുഖത്തു മൃദുവായി ഉരസുന്നതിലൂടെ ചർമത്തിന്റെ യുവത്വം നിലനിർത്താനാകും. ഇതിലെ സിട്രിക് ആസിഡ് ചർമം വ‍ൃത്തിയുള്ളതും മൃദുവും തിളക്കമുള്ളതുമാക്കുന്നു. നാരങ്ങാത്തൊലി കൊണ്ട് കൈകളിലും പാദങ്ങളിലും ശരീരമാകെയും മൃദുവായി മസാജ് ചെയ്യുന്നതു നല്ലതാണ്. അത് സ്ക്രബ്ബിന്റെ ഗുണം നൽകും. വരണ്ട ചർമം മാറി ചർമത്തിന് കൂടുതൽ നിറവും തിളക്കവും ലഭിക്കും. നാരങ്ങയിലെ വൈറ്റമിൻ സി ആണ് ചർമത്തിനു നിറം നൽകുന്നത്. വളരെ സ്വാഭാവികമായ ബ്ലീച്ചിങ് ആണിതിലൂടെ ലഭിക്കുന്നത്. താരന്റെ ശല്യമുണ്ടെങ്കിൽ നാരങ്ങാത്തൊണ്ട് കൊണ്ട് തലയോടിലാകെ മൃദുവായി മസാജ് ചെയ്യുക. താരൻ കുറഞ്ഞുകൊള്ളും. ശേഷം തലയോട് വൃത്തിയായി കഴുകി കുളിക്കുക.

ജ്യൂസിനായി പിഴിഞ്ഞ ശേഷം മാറ്റി വയ്ക്കുന്ന നാരങ്ങയിൽ നിന്ന് ശേഷിക്കുന്ന നീര് പിഴിഞ്ഞെടുക്കുക. അതിലേക്ക് അൽപം തേനും ചേർത്തു യോജിപ്പിക്കുക. ഇത് മുഖത്തു പുരട്ടി വയ്ക്കൂ. മുഖം മിന്നിത്തിളങ്ങും. നാരങ്ങാനീരു മാത്രമായും മുഖത്തു പുരട്ടാം. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞാൽ കഴുകാം.

fp-3

6. കഞ്ഞിവെള്ളം നല്ല ഹെയർവാഷ്

വെറുതേ കളയുന്ന കഞ്ഞി വെള്ളം ഇനി സൂക്ഷിച്ചു വച്ചോളൂ. അത് നല്ല ഹെയർ വാഷാണ്. കുളിക്കാൻ കയറുമ്പോൾ അൽപം തണുത്ത കഞ്ഞിവെള്ളം കൂടി കരുതുക. കഞ്ഞിവെളളം കൊണ്ട് തലയോടും തലമുടിയും മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകാം. മുടിയിൽ അധികമുള്ള സീബവും എണ്ണമയവും ഇങ്ങനെ കഴുകുന്നതിലൂടെ മാറിക്കൊള്ളും. മുടി വൃത്തിയാകുമെന്നു മാത്രമല്ല, മുടിക്ക് തിളക്കവും ഫ്രെഷ്നസും കിട്ടും.

7. പഴുത്ത നേന്ത്രപ്പഴം പായ്ക്കാണ്

വാഴപ്പഴവും നേന്ത്രപ്പഴവുമൊക്കെ അൽപം കൂടുതൽ പഴുത്താൽ പിന്നെ കഴിക്കാൻ മടിയാണ്. അതു വെറുതെ കളയേണ്ട. മിക്സിയിൽ അടിച്ചെടുക്കുക. ഇനി അൽപം തേനും നാരങ്ങാ നീരും ചേർത്ത് മുഖത്തു പുരട്ടാം. നേന്ത്രപ്പഴത്തിലെ പൊട്ടാസ്യം, വൈറ്റമിൻ ഇ, സി എന്നിവ ചർമം തിളങ്ങാൻ സഹായിക്കും. ഈ പൾപ്പ് ദേഹത്തും പുരട്ടുന്നതും നല്ലതാണ്. ചർമം മൃദുവാകും. തിളങ്ങുകയും ചെയ്യും.

fp2

8. കൂൾ സ്കിന്നിന് വെള്ളരിക്ക

അടുക്കളയിൽ വെള്ളരിക്ക കേടായി അൽപം ബാക്കി വന്നാൽ അത് കനം കുറച്ചരിഞ്ഞ് കണ്ണിന് മേൽ വച്ച് കിടന്നോളൂ.വെള്ളരിക്കയിലെ വൈറ്റമിൻ സിയും കഫേയിക് ആസിഡും ചർമത്തിലെ അസ്വസ്ഥതകളകറ്റും. കണ്ണിനു ചുറ്റുമുള്ള വീർപ്പും കണ്ണിനു ചുറ്റുമുള്ള കറുപ്പും മാറ്റാൻ വെള്ളരിക്ക വയ്ക്കുന്നതു നല്ലതാണ്. വെള്ളരിക്കയോടൊപ്പം മേൽ പറ‍ഞ്ഞ പല ചേരുവകളും ചേർത്താൽ നല്ല ഫേസ് പായ്ക്കുകൾ ലഭിക്കും. വെള്ളരിക്ക പൾപ്പിൽ അൽപം പഴയ തൈര് കൂടി ചേർത്തും ഫേസ്പായ്ക്ക് ആക്കാം. എണ്ണമയമുള്ള , മുഖക്കുരു സാധ്യതയുള്ള ചർമത്തിനു ചേരുന്ന പായ്ക്കാണ്. പഴുത്ത തക്കാളി ചേർത്ത പായ്ക്ക് ചർമത്തിനു കൂടുതൽ ശോഭ നൽകും. കാരറ്റ് നീര് വെള്ളരിക്കയ്ക്കൊപ്പം ചേർത്താൽ വരണ്ട ചർമമുള്ളവർക്ക് നല്ല പായ്ക്കാണ്. പുരട്ടി പത്തു മിനിറ്റ് കഴിഞ്ഞ് ചെറുതായൊന്ന് മസാജ് ചെയ്തു കഴുകിക്കളയാം.

fp-4

9. മുട്ടവെള്ള ഒരു ഹെയർ മാസ്ക്

പാചകശേഷം മുട്ടവെള്ള ബാക്കി വന്നാൽ അത് അൽപം ചെറുനാരങ്ങാനീരു ചേർത്ത് തലയോടിൽ പുരട്ടാം. മുട്ടവെള്ള മാത്രമായും തലയോടിൽ പുരട്ടാം. മുട്ടവെള്ളയിൽ രണ്ടു സ്പൂൺ വെളിച്ചെണ്ണ കൂടി ചേർത്തും മുടിയിൽ പുരട്ടാം. മുടിക്കു ബലമേറും, മുടിവളർച്ചയെ സഹായിക്കും, താരനകറ്റും എന്നൊക്കെയാണ് മുട്ടവെള്ളയെക്കുറിച്ചു പറയുന്നത്.

10. പാൽ നല്ല ക്ലെൻസർ, പാൽപാട മികച്ചത്

പാൽ ചീത്തയായി േപായെന്നു കരുതി കളയേണ്ടതില്ല. അൽപം പാലിൽ കോട്ടൻ മുക്കി മുഖത്തും കഴുത്തിലും ദേഹമാകെയും പുരട്ടിക്കോളൂ. ഇത് ചർമം വൃത്തിയാകാൻ സഹായിക്കുന്ന മികച്ചൊരു ക്ലെൻസറും ടോണറും ആണ്. ഇത് തലയോടിൽ തൊട്ടു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നതും നല്ലതാണ്.

പാൽ തണുത്തു കഴിയുമ്പോൾ പാൽപാട കളയുന്നവരുണ്ട്. ആ പാൽപാട അൽപമെടുത്തു മുഖത്തു പുരട്ടൂ. മുഖകാന്തി വർധിക്കും. പാൽപാടയ്ക്കൊപ്പം അൽപം മഞ്ഞളും ചേർത്താൽ കൂടുതൽ ഗുണം കിട്ടും. ചെറിയ കുട്ടികളുടെ ശരീരമാകെ പാൽപാട പുരട്ടുന്നതും നല്ലതാണ്. പാൽപാടയ്ക്കൊപ്പം അൽപം തേനും ചെറുനാരങ്ങാനീരും ചേർത്തു ചുണ്ടിൽ പുരട്ടിയാൽ അധരകാന്തി വർധിക്കും. വരണ്ട ചർമമുള്ളവർക്ക് പാൽപാടയ്ക്കൊപ്പം തേൻ ചേർക്കാം, പാൽപാട പുരട്ടിയാൽ ടാനിങ് മാറും. പാൽപാടയ്ക്കൊപ്പം കടലമാവ് ചേർത്താൽ ചർമം തിളങ്ങും.

11. കാരറ്റ് സ്വർണകാന്തിയേകും

കറിക്കുപയോഗിക്കാനാകാത്ത അൽപം പഴകിയ കാരറ്റ് ഉണ്ടോ ? ഇങ്ങെടുത്തോളൂ. അത് മിക്സിയിലടിച്ച് കുഴമ്പാക്കാം. ഇനി മുഖത്തു പുരട്ടാം. മുഖത്തു നല്ല നിറം കിട്ടാൻ ഈ

പായ്ക്ക് സഹായിക്കും. കാരറ്റിൽ അൽപം തേൻ കൂടി ചേർത്താൽ നല്ലൊരു ഫേസ് മാസ്കായി. കാരറ്റിലെ വൈറ്റമിൻ സി ചർമത്തിലെ ബ്രൗൺപാടുകളും ടാനിങ്ങും മാറ്റുന്നു. ചർമത്തിന് ദൃഢത നൽകുന്നു.

അടുക്കളയിൽ നിന്ന് ഇതിലുമേറെ സൗന്ദര്യ പൊടിക്കൈകൾ ഇനിയും കണ്ടെത്താം. അടുക്കളജോലി കൊണ്ട് സൗന്ദര്യം പോയി എന്നു പറയാതെ അടുക്കളയിൽ നിന്ന് ഞാൻ കൂടുതൽ ഫ്രെഷ് ആയി എന്നു പറയുന്നവരുടെ കാലമാണിനി വരുന്നത്. കൗമാരക്കാർക്കും ഇവ ചെയ്യാം. അടുക്കള ഒരു ഹെർബൽ ബ്യൂട്ടി ക്ലിനിക് ആണെന്ന തിരിച്ചറിവിൽ ഒരു ത്രിൽതോന്നുന്നില്ലേ?

പപ്പായപ്പഴം ഫേസ്പായ്ക്ക് ആണ്

ചെലവു കുറഞ്ഞ  ഫ്രൂട്ട് ഫേസ് പായ്ക്കിന് ഏറ്റവും നല്ലതാണ് പപ്പായ. പപ്പായപ്പഴം കളയേണ്ടതില്ല. അത് മിക്സിയിൽ നല്ല കുഴമ്പുരൂപത്തിൽ അടിച്ചെടുക്കുക. അതിൽ അൽപം തേനും നാരങ്ങാനീരും ചേർത്താൽ ഫേസ്പായ്ക്കായി. പപ്പായയുടെ കുഴമ്പ് മാത്രമായും മുഖത്തു പുരട്ടാം. പപ്പായ ബീറ്റാകരോട്ടിനാൽ സമ്പന്നമാണ്. പപ്പായയിലെ സൗന്ദര്യം വർധിപ്പിക്കുന്ന ഘടകം പപ്പെയ്ൻ ആണ്. ഈ എൻസൈമിന് സ്കിൻ ലൈറ്റ്നിങ് സ്വഭാവം ഉണ്ട്. അത് മുഖക്കുരുക്കളുടെ പാടുകളും മറ്റു പാടുകളുമെല്ലാം മങ്ങിയതാക്കും. പപ്പായ മുഖം പ്രകാശഭരിതമാക്കുമെന്ന്പറയുന്നതിൽ കാര്യമുണ്ടെന്നു മനസ്സിലായില്ലേ?

വിവരങ്ങൾക്കു കടപ്പാട്;  

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്റ്റ്

നെടുംചാലിൽ ട്രസ്റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ