മുലപ്പാൽ ബാങ്ക് എന്ന ആശയം നമ്മൾ മലയാളികൾക്ക് അത്ര പരിചിതമാകണമെന്നില്ല. വിദേശരാജ്യങ്ങളിൽ പണ്ടുമുതലേ ഈ മിൽക്ക് ബാങ്ക് സംവിധാനം പ്രചാരത്തിലുണ്ട്. പ്രസവശേഷം അമ്മ മരിച്ചുപോകുന്ന സാഹചര്യങ്ങളിലും ആരോഗ്യപ്രശ്നങ്ങളാൽ അമ്മയും കുഞ്ഞും വേറിട്ടു താമസിക്കേണ്ടിവരുന്ന സാഹചര്യത്തിലും അമ്മയ്ക്ക് ആവശ്യത്തിന് മുലപ്പാൽ ഇല്ലാതെ വരുമ്പോഴുമെല്ലാം മുലപ്പാൽ ബാങ്കിൽ നിന്നും പാൽ ലഭിക്കും. ഏതു കുഞ്ഞിനാണ് മുലപ്പാൽ നൽകുന്നതെന്നും ആരുടെ പാലാണ് നൽകുന്നതെന്നുമൊക്കെയുള്ള കാര്യം രഹസ്യമായി സൂക്ഷിക്കും.
‘‘മുലപ്പാൽ കുഞ്ഞിനെ സംബന്ധിച്ച് അമൃതാണ്. കൊളസ്ട്രം എന്ന പേരിൽ ആദ്യദിവസങ്ങളിൽ ഉണ്ടാകുന്ന മഞ്ഞനിറമുള്ള പാൽ കുഞ്ഞിന് രോഗപ്രതിരോധശേഷി ലഭിക്കാൻ ഉത്തമമാണ്. അത് മറ്റൊരമ്മയിൽ നിന്നാണെങ്കിലും ലഭിക്കുന്നത് നല്ല കാര്യമാണ്. കാരണം, മുലപ്പാൽ കുടിച്ചുവളരുന്നതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ലഭിക്കും. മാത്രമല്ല ചില പ്രത്യേക സാഹചര്യങ്ങളിൽ അമ്മയുടെ പാൽ കുഞ്ഞിനു നൽകാനാകാതെ വരാം....’’ കോട്ടയം മെറ്റീര ആശുപത്രിയിലെ ശിശുരോഗവിഭാഗം മേധാവി ഡോ. ജോസഫ് പാറ്റാനി പറയുന്നു. മുലപ്പാൽ ബാങ്കിന്റെ പ്രവർത്തനത്തെക്കുറിച്ചു കൂടുതൽ അറിയാൻ വിഡിയോ കാണാം.