Saturday 29 July 2023 05:22 PM IST

അടുപ്പിലെ കരിയും പുകയും കൊതുകുതിരിയും പ്രശ്നമാകാം: സ്ത്രീകളിലെ സിഒപിഡി തിരിച്ചറിയുന്നതിങ്ങനെ....

Asha Thomas

Senior Sub Editor, Manorama Arogyam

copd3232

സിഒപിഡി അഥവാ ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസോഡർ എന്നതു സാധാരണ പുകവലിയുമായി ബന്ധിപ്പിച്ചു കാണുന്നതിനാൽ പൊതുവേ പുരുഷന്മാരുടെ രോഗമായാണ് കാണാറ്. എന്നാൽ, സമീപകാല പഠനങ്ങളിൽ, പ്രത്യേകിച്ചും പുണെയിൽ നിന്നു ഡോ. സന്ദീപ് സാൽവി എന്ന പൾമണോളജിസ്റ്റ് ഇതു സംബന്ധിച്ചു നടത്തിയ പഠനങ്ങളിൽ പുകവലി മാത്രമല്ല സിഒപിഡിക്കു കാരണം എന്നു കണ്ടെത്തി. സിഒപിഡിയ്ക്കു കാരണമായി നമ്മൾ ഇതുവരെ വിചാരിച്ചിരുന്നത് പുകവലി മാത്രമാണെങ്കിലും വായുമലിനീകരണം, പ്രത്യേകിച്ചും വീടിനുള്ളിലെ മലിനീകരണം ഒരു പ്രധാന കാരണമാണെന്ന് അദ്ദേഹം കണ്ടെത്തി.

സിഒപിഡി രോഗികളിൽ 25–45 ശതമാനവും പുകവലിച്ചിട്ടില്ല. അതായത് പുകവലി കാരണമല്ലാതെയുള്ള സിഒപിഡിയുടെ നിരക്ക് മുൻപു കരുതിയിരുന്നതിലും ഉയർന്നതാണ്. ഏതാണ്ട് മുന്നുറൂ കോടി ആളുകളിൽ, അതായത് ലോകജനസംഖ്യയുടെ പകുതിയോളം പേർ ബയോമാസ് ഇന്ധനങ്ങളിൽ (മൃഗ–സസ്യ അവശിഷ്ടങ്ങളിൽ നിന്നുള്ള ഇന്ധനങ്ങൾ–വിറക്, ചാണകം, പുല്ല്, കോൾ, മണ്ണെണ്ണ, മറ്റു ബയോവേസ്റ്റ്) നിന്നുള്ള പുകയേൽക്കുന്നുണ്ട് എന്നാണു കണക്കുകൾ പറയുന്നത്. 101 കോടി ആളുകളേ പുകവലിക്കുന്നവരായുള്ളൂ. മേൽപറഞ്ഞ രണ്ടു കണക്കുകളും കൂട്ടിവായിക്കുമ്പോൾ, ബയോമാസ് ഇന്ധനങ്ങളിൽ നിന്നുള്ള പുക ശ്വസിക്കുന്നത്, വീടിനുള്ളിലെ വായു മലിനമാക്കുകയും അങ്ങനെ സിഒപിഡി വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നു കാണാം.

ഇന്ത്യൻ അടുക്കളകളിൽ നല്ലൊരു ശതമാനവും വിറകും മറ്റു ബയോഇന്ധനങ്ങളും വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്. സ്വാഭാവികമായും അടുക്കള ജോലികൾ ചെയ്യുന്നതു സ്ത്രീകളായതിനാൽ അവരാണ് പ്രധാനമായും ഈ പുകയേൽക്കുന്നത്. ദിവസം മൂന്നു മണിക്കൂർ വീതം പുകയേൽക്കുന്നുവെന്നിരിക്കട്ടെ, 30–40 വർഷം കൊണ്ട് 40,000 ത്തോളം മണിക്കൂറുകൾ അവർ പുക ശ്വസിക്കുന്നു. സ്ത്രീകളെ മാത്രമല്ല ഇതു ബാധിക്കുന്നത്, വീടിനുള്ളിലുള്ള കുട്ടികളെയും പ്രായമായവരെയും ബാധിക്കാം.

ജൈവ ഇന്ധനങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന വിഷ പുകയിൽ കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, പോളി ഒാർഗാനിക്–പോളി അരോമാറ്റിക് ഹൈഡ്രോകാർബൺ, ബെൻസീൻ, ഫോർമാൽഡിഹൈഡ്, ചിലതരം ഖരപദാർഥങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ഉത ഇന്ധനങ്ങളിൽ നിന്നുള്ള പുകയേൽക്കുന്നവർക്ക് സിഒപിഡി വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നു പഠനങ്ങൾ പറയുന്നു. അതിൽ തന്നെ ചാണകവും കൽക്കരിയുമൊക്കെ കത്തിക്കുന്നതിലും കൂടുതൽ ദോഷമുണ്ടാക്കുന്നത് വിറക് പുകയാണ്. ജൈവ ഇന്ധന പുക ശ്വസിക്കുന്നതു വഴി സിഒപിഡി മാത്രമല്ല ന്യൂമോണിയ, ശ്വാസകോശാർബുദം, സ്ട്രോക്ക് എന്നീ രോഗാവസ്ഥകൾക്കും സാധ്യതയേറെയാണ്. ദീർഘകാലം മലിനീകാരികളുമായി സമ്പർക്കത്തിൽ വരുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.

എത്രമാത്രം പുക ശ്വസിക്കുന്നു എന്നത് ഏതുതരം ഇന്ധനം ആണെന്നതും വീട്ടിലെ വായുസഞ്ചാരവും അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു. ശരിയായി വായുസഞ്ചാരമോ ചിമ്മിനിയോ ഇല്ലാത്ത കുടുസ്സു മുറികളോ ഉള്ള വീടുകളിലുള്ളവർ കൂടുതൽ പുക ശ്വസിക്കാനിടയാകുന്നു.

ജേണൽ ഒഫ് റേഡിയോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത് സ്ത്രീകളിലെ ശ്വാസകോശനാളികൾ ഘടനാപരമായി ചെറുതായതിനാൻ അവർക്ക് സിഒപിഡി വരാനുള്ള സാധ്യത കൂടുതലാണെന്നാണ്. പുരുഷന്മാരിലെ ശ്വാസനാളികൾക്ക് സ്ത്രീകളുടേതിനേക്കാൾ കട്ടി കൂടുതലാണ്. ഈ വ്യത്യാസങ്ങൾ മൂലം സ്ത്രീകളിൽ കിതപ്പു കൂടുതലും, ശ്വാസകോശപ്രവർത്തനം കുറവും ശ്വാസകോശാരോഗ്യനിലവാരം മോശവുമായിരിക്കും എന്നും പഠനം പറയുന്നു. ഇങ്ങനെയൊരു സാഹചര്യത്തിൽ ജൈവ ഇന്ധനങ്ങളിൽ നിന്നുള്ള പുക കൂടി ആകുമ്പോൾ ശ്വാസകോശരോഗങ്ങൾ വരാനും ശ്വാസകോശത്തിനു പ്രായമേറാനും സാധ്യതയേറുന്നു.

വീടിനുള്ളിലെ മലിനീകരണം തടയാൻ

∙ വീടു പണിയുമ്പോൾ നല്ല രീതിയിൽ വായു സഞ്ചാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ച് അടുക്കളകളിൽ.

∙ ചിമ്മിനി പണിയുന്നത് പുക അകത്തു തങ്ങിനിൽക്കാതെ പുറത്തേക്കു പോകുവാൻ സഹായിക്കും.

∙ പുകയില്ലാത്ത അടുപ്പുകൾ ഉപയോഗിക്കുന്നതു വഴി വീടിനുള്ളിലെ മലിനീകരണം കുറയ്ക്കാം.

∙ വിറകടുപ്പിന്റെ ഉപയോഗം അത്യാവശ്യം പാചകത്തിനു മാത്രമാക്കുക.

∙ കൊതുകുതിരി, ചന്ദനത്തിരി പോലുള്ളവ കത്തിക്കുന്നതും വീടിനുള്ളിലെ വായുമലിനീകരണ നിരക്കു വർധിപ്പിക്കും. അത് ഒഴിവാക്കുക.

∙ വീടിനുള്ളിൽ ചില ചെടികൾ നട്ടുവളർത്തുന്നത് ഒരു പരിധി വരെ വായു ശുദ്ധമാകാൻ സഹായിക്കും.

∙ ആസ്മ, അലർജി പോലെ ശ്വാസകോശം സ്വതവേ ദുർബലമായ ആളുകൾ വിറകടുപ്പിന്റെ ഉപയോഗം ഒഴിവാക്കുക.

∙ ഇടയ്ക്കിടെ, ചുമ, ശ്വാസംമുട്ടൽ, പനി എന്നിവ വരുന്നുണ്ടെങ്കിൽ ശ്വാസകോശ രോഗ വിദഗ്ധനെ കാണിക്കുക.

വിവരങ്ങൾക്കു കടപ്പാട്

ഡോ. പി. സുകുമാരൻ, പൾമനറി വിഭാഗം

പുഷ്പഗിരി മെഡി. കോളജ്, തിരുവല്ല

Tags:
  • Manorama Arogyam