ADVERTISEMENT

നമ്മുടെ പാരമ്പര്യ ചികിത്സയിൽ ശരീര സൗന്ദര്യം വർദ്ധിപ്പിക്കാൻ നിരവധി മാർഗ്ഗങ്ങൾ വിവരിക്കുന്നുണ്ട്. പ്രത്യേകിച്ചും വണ്ണവും വയറും കുറയ്ക്കാനും മറ്റുമായി പഞ്ചകർമത്തിലൊന്നായ അഭ്യംഗം തന്നെ എണ്ണ തേച്ചു കുളിയാണ്. ഓരോ രോഗാവസ്ഥകൾക്കും തനതായ ഔഷധങ്ങൾ ചേർത്ത് പ്രത്യേക രീതിയിലാണ് എണ്ണ കാച്ചേണ്ടതും ദേഹത്തു പുരട്ടേണ്ടതും.

അമിത വണ്ണം കറുയ്ക്കാം

ADVERTISEMENT

ശരീര സൗന്ദര്യം ഏറ്റവും വികൃതമാക്കുന്ന ഒന്നാണ് അമിത വണ്ണം. ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് അലിയിച്ചു കളയാൻ ഒട്ടനവധി ആയുർവേദ മാർഗ്ഗങ്ങൾ ഉണ്ട്.

അഭ്യംഗം സ്വേദനം: യുക്തമായ തൈലങ്ങൾ ദേഹത്തു തേച്ചു ഉഴിഞ്ഞു വിയർപ്പിക്കുന്ന മാർഗമാണിത്. ഓരോരുത്തരുടേയും ശരീര പ്രകൃതമനുസരിച്ച് ഉഴിയുന്നതിന്റെ മർദ്ദം ക്രമീകരിക്കുന്നു. ഇതു തുടർച്ചയായി ഏഴു ദിവസം ചെയ്യാം. പിന്നീട് രണ്ടാഴ്ചയിൽ ഓരിക്കൽ ആവർത്തിക്കാം. ഇതു കൊഴുപ്പ് ഒഴിവാക്കി, ശരീരത്തു രക്തയോട്ടം വർധിപ്പിക്കും.

ADVERTISEMENT

∙ ഉദ്വർധനം: ഇതിനെ ശോഷണ മസാജ് എന്നും പറയും. അഭ്യംഗത്തിൽ മുകളിൽ നിന്ന് താഴേക്കാണ് തടവുന്നത്. എന്നാൽ ഉദ്വർധനത്തിൽ തുടർച്ചയായി മുകളിൽ നിന്നും താഴേക്കും താഴെ നിന്നു മുകളിലേക്കും വലിയ ബലം പ്രയോഗിക്കാതെ തടവും. തൈലമോ വിവിധ ചൂർണ്ണങ്ങളോ തേനോ പഴച്ചാറുകളോ ഉപയോഗിച്ച് ഉള്ളംകൈ കൊണ്ടാണ് തടവുന്നത്.

ദേഹത്തു തേച്ചു കുളിക്കാൻ

ADVERTISEMENT

∙ 200 മി. ലി. നല്ലെണ്ണയിൽ 60 ഗ്രാം അമുക്കുരം അരച്ചു കലക്കി എണ്ണ കാച്ചി ദേഹത്തു പുരട്ടി അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കഴിഞ്ഞ് ചെറു ചൂടുവെള്ളത്തിൽ കുളിക്കണം. ശരീരം ചെറുപ്പമായി നിലനിൽക്കും.

‌∙ 200 മി. ലി നല്ലെണ്ണയിൽ 100 ഗ്രാം അശോകപ്പൂവ് കാച്ചി അരിച്ചു ദേഹത്തു തേച്ചാൽ ശരീര കാന്തിയും സൗന്ദര്യവും വർദ്ധിക്കും.

∙ അമുക്കുരവും ഇരട്ടി മധുരവും പൊടിച്ചിട്ട് പാൽ കാച്ചി കുറുക്കി ദേഹത്തു തേച്ചു പിടിപ്പിച്ച് അര മണിക്കൂർ കഴിയുമ്പോൾ കുളിക്കുക. ശരീരകാന്തി വർധിക്കുകയും സൗന്ദര്യത്തോടുകൂടി ഇരിക്കുകയും ചെയ്യും.

∙ചെറുപയർപൊടി 50 ഗ്രാം. നാൽപ്പാമരം പൊടിച്ചത്–25 ഗ്രാം, ചന്ദനപ്പൊടി–ഒരു ടീസ്പൂൺ. ഇവ നന്നായി യോജിപ്പിച്ച് ഒരു ടിന്നിൽ അടച്ചു സൂക്ഷിക്കുക. അവരവരുടെ ശരീരത്തിന്റെ ആവശ്യമനുസരിച്ച് 10 മുതൽ 15 ഗ്രാം വരെ എടുത്ത് പശുവിന്റെ പാലിലോ വെള്ളത്തിലോ കുഴച്ച് 10 തുള്ളി പനിനീരും ചേർത്ത മിശ്രണം ദേഹത്തു തേച്ചു കുളിക്കാൻ ഉപയോഗിക്കാം.

വയറു കുറയ്ക്കാൻ എണ്ണ

വയറും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ ദുർമേദസ്സും കുറയ്ക്കാൻ സഹായിക്കുന്ന എണ്ണകളുണ്ട്. വയറിനുണ്ടാകുന്ന സൗന്ദര്യക്കുറവിന് ഉഴിച്ചിലും ചെയ്യാം. വയർ വലുതാകുക മടക്കുകൾ വീഴുക. തൂങ്ങിപ്പോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്കു തിരുമ്മൽ നടത്താം.

∙ വയറിന്റെ സൈന്ദര്യത്തിനുള്ള ഒരു എണ്ണ

മൂന്നു പിടി പുളിയില എടുത്തു ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് നന്നായി വറ്റിച്ചെടുക്കണം. ഇതിലേക്കു 200 മി. ലി. നല്ലെണ്ണ ചേർക്കുക. ഇതിൽ മുരിങ്ങവേരിന്റെ തൊലി 100 ഗ്രാം എടുത്ത് ചതച്ച് ഇതിൽ ഇടുക. കുറച്ച് ഇന്തുപ്പ്, വിളയുപ്പ്, കല്ലുപ്പ്, കാരുപ്പ്, വെടിയുപ്പ് എന്നിവ 20 ഗ്രാം വീതം ചേർത്ത് എണ്ണ കാച്ചുക. എണ്ണ മെഴുകു പാകത്തിൽ ആകുമ്പോൾ എടുക്കുക. ഈ എണ്ണ തേച്ച് വയറിൽ കറക്കി തടവുക. ആദ്യം പത്തു പ്രാവശ്യം വലത്തോട്ടു കറക്കിത്തടവുക. അതുകഴിഞ്ഞ് പത്തു പ്രാവശ്യം ഇടത്തോട്ടു തടവുക. ഒരുപാട് ബലം പ്രയോഗിക്കരുത്. പതിയെ തടവുക.

 

ഡോ. രാജ്കുമാർ ബി.

റിട്ട. ഗവൺമെന്റ് സീനിയർ

മെഡിക്കൽ ഓഫിസർ

മെഡിക്കൽ സൂപ്രണ്ട്,
ശാന്തിഗിരി മെഡിക്കൽ സർവീസസ്.

ADVERTISEMENT