Friday 06 May 2022 04:52 PM IST

‘വെളിച്ചെണ്ണ ചൂടാക്കി കല്ലുപ്പ് പൊടിച്ചതു യോജിപ്പിച്ച് ദേഹം മുഴുവൻ പുരട്ടും’: ദിവ്യയെ സുന്ദരിയാക്കുന്ന സൗന്ദര്യ രഹസ്യം

Sruthy Sreekumar

Sub Editor, Manorama Arogyam

divya-pillai ചിത്രം, കടപ്പാട്– ദിവ്യ പിള്ള ഇൻസ്റ്റഗ്രാം

ദുബായിലാണ് ജനിച്ചതും വളർന്നതും എങ്കിലും ജീവിതരീതികളിൽ മലയാളിത്തം ദിവ്യ പിള്ള വിട്ടുകളഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദിവസങ്ങളിലെ എണ്ണ തേച്ചുകുളിയും അമ്പലദർശനവും ദിവ്യയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സൗന്ദര്യസംരക്ഷണത്തിലാകട്ടെ നാടൻ രീതികളായിരുന്നു ദിവ്യയ്ക്കു പ്രിയം. തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഫുൾ ക്രെഡിറ്റ് ദിവ്യ നൽകുന്നത് അമ്മ ചന്ദ്രികാ പിള്ളയ്ക്കാണ്.

അയാൾ ഞാനല്ല എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അരങ്ങേറ്റം കുറിച്ച ദിവ്യ പിള്ള പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാർഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അമ്മയിൽ നിന്ന് പകർന്നു കിട്ടിയ ബ്യൂട്ടി ടിപ്സ് മനോരമ ആരോഗ്യം വായനക്കാർക്കു വേണ്ടി ദിവ്യ പങ്കുവയ്ക്കുന്നു.

Amma’s Beauty Tips

എന്റെ അമ്മ നഴ്സ് ആയിരുന്നു. നമ്മുടെ ചർമത്തിനു എന്തു വേണം, വേണ്ട എന്നതിനെക്കുറിച്ചൊക്കെ അമ്മയ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നു. സൗന്ദര്യ സംരക്ഷണത്തിൽ അമ്മയുടേതായ ഒട്ടേറെ ടിപ്സ് ഉണ്ട്. ദുബായിൽ വെള്ളിയാഴ്ച ആണല്ലോ പൊതുഅവധി. അന്ന് എണ്ണ തേച്ചുകുളിക്കണമെന്ന് അമ്മയ്ക്കു നിർബന്ധമാണ്. ആദ്യം ശരീരം മുഴുവൻ എണ്ണ തേച്ചു പിടിപ്പിക്കും. പിന്നെ കടലമാവ്, മഞ്ഞൾ, പയറുപൊടി പാൽ, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് ശരീരം മുഴുവൻ പുരട്ടും. പത്ത് മിനിറ്റ് കഴിഞ്ഞാണ് കുളിക്കുക. തലയിൽ എണ്ണ പിടിച്ച ശേഷം കുറച്ചു നേരത്തേയ്ക്ക് പിന്നി കെട്ടിവയ്ക്കും. കോളജിൽ പോകുന്നതു വരെ എല്ലാ വെള്ളിയാഴ്ചയും ഈ ശീലം ഉണ്ടായിരുന്നു. അതിൽ മുടക്കം വരുത്താൻ അമ്മ സമ്മതിച്ചിരുന്നില്ല.

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിൽ കല്ലുപ്പ് പൊടിച്ചതു യോജിപ്പിച്ച് ദേഹം മുഴുവൻ പുരട്ടും. സ്‌ക്രബ് പോലെ. ശേഷം മുകളിൽ പറഞ്ഞ കൂട്ട് സോപ്പ് പോലെ തേയ്ക്കും. ശരീരത്തിലെ എണ്ണമയം മുഴുവൻ പോകും. മൃദുവാകുകയും ചെയ്യും. പയർ പൊടിക്കുപകരം ഓട്സ് പൊടിച്ചതും ഉപയോഗിക്കും.

Beauty from home

ചെറുപ്പത്തിൽ അമ്മ െചയ്തുതരുമായിരുന്ന കുറെ പൊടിക്കൈകൾ ഉണ്ട്. റോസാപ്പൂ കഴുകി വെള്ളത്തിൽ ഇട്ട് ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം അരച്ചെടുത്ത് ചുണ്ടിൽ തേയ്ക്കും. ബീറ്റ്റൂട്ട് അരച്ച് മുഖത്ത് പുരട്ടുമായിരുന്നു. ഇങ്ങനെ െചയ്താൽ കവിളിനു നല്ല റോസ് നിറം ലഭിക്കും. ചർമം ക്ലീൻ ആവുകയും ചെയ്യും. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കി

ഉപയോഗിക്കും. മുഖത്തിലെയും ശരീരത്തിലെയും കരുവാളിപ്പു മാറാൻ ഉരുളക്കിഴങ്ങ് സഹായിക്കും. പഴുത്ത പപ്പായ ഉടച്ചെടുത്ത് മുഖത്തു പുരട്ടും. മുടിയിൽ തൈര് തേയ്ക്കും. എണ്ണ ചൂടാക്കി, അതിൽ ഉള്ളിയും കുരുമുളകും ഇട്ട ശേഷം തലയോട്ടിയിൽ തേച്ചു പിടിപ്പിക്കും. ചെറിയ ഉള്ളി അരച്ചതു തലയിൽ പുരട്ടിയ ശേഷം മസാജ് ചെയ്യും. ഇത് മുടി കൊഴിച്ചിൽ മാറ്റും. പുരികം കൊഴിച്ചിൽ മാറാൻ ആവണക്കെണ്ണ പുരട്ടുമായിരുന്നു. വീട്ടിൽ എന്താണോ ഉള്ളത് അതാണ് അമ്മ ഉപയോഗിച്ചിരുന്നത്. അല്ലാതെ സൗന്ദര്യസംരക്ഷണത്തിനായി വില കൂടിയ ഉൽപന്നങ്ങൾ വാങ്ങാറില്ലായിരുന്നു.