Wednesday 17 May 2023 12:16 PM IST : By സ്വന്തം ലേഖകൻ

ശരീരഭാരം കുറയ്ക്കാനും അകാലനര തടയാനും പയർ മുളപ്പിച്ചു കഴിക്കാം: മുളപ്പിച്ച പയറിന്റെ ഇതുവരെ കേൾക്കാത്ത ആരോഗ്യഗുണങ്ങളറിയാം

sprouts3213

ചെറുപയർ മുളപ്പിച്ച് ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പലതരത്ത്ിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കുവാനും സഹായിക്കുന്നു. പയർ മുളപ്പിക്കുമ്പോൾ അതിലെ പോഷകഗുണം ഇരട്ടിക്കുന്നു. അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ഒമേഗ3 ഫാറ്റി ആസിഡ് എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന് പ്രോട്ടീൻ ലഭിക്കാനുള്ള മികച്ച വഴിയാണ് മുളപ്പിച്ച ധാന്യങ്ങൾ. വൈറ്റമിനുകളുടെയും അമിനോ ആസിഡുകളുടെയും കലവറയാണത്.

∙ ദഹനത്തിനു നല്ലത്

പയർ മുളപ്പിക്കുമ്പോൾ ആന്റിഒാക്സിഡന്റുകൾ, ഫൈറ്റോകെമിക്കലുകൾ, ബയോഫ്ലവനോയിഡുകൾ, ജീവകങ്ങൾ, എൻസൈമുകൾ എന്നിവ ധാരാളമുണ്ടാകും. ഇതു ദഹനപ്രവർത്തനങ്ങൾ വർധിപ്പിക്കുന്നു. ഇതിലുള്ള എൻസൈമുകൾ പോഷകാഗിരണം സുഗമമാക്കുന്നു.

∙ രോഗപ്രതിരോധശേഷിക്ക്

മുളപ്പിച്ച പയറിൽ വൈറ്റമിൻ എ, സി എന്നിവ ധാരാളമുണ്ട്. ഇതിലെ വൈറ്റമിൻ സി ശരീരത്തിലെ പ്രതിരോധഭടന്മാരായ ശ്വേതരക്താണുക്കളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. അങ്ങനെ അണുബാധയും രോഗങ്ങളും തടയുന്നു.

∙ ഭാരം കുറയ്ക്കാൻ നല്ലത്

കാലറി കുറവും പോഷകങ്ങൾ കൂടുതലുമാണ് മുളപ്പിച്ച പയറിൽ. നാരുകൾ ധാരാളമുള്ളതിനാൽ പെട്ടെന്നു വയർ നിറഞ്ഞു എന്ന തോന്നലുളവാക്കും.

∙ ഹൃദയാരോഗ്യത്തിന് സഹായകരം

നല്ല കൊളസ്ട്രോൾ തോത് വർധിപ്പിക്കുന്നു. ചീത്ത കൊളസ്ട്രോൾ അളവു കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. മുളപ്പിച്ച പയറിലെ ഒമേഗ–3 ഫാറ്റി ആസിഡാണ് ഇതിനു സഹായിക്കുന്നത്. ഇവയിലെ നാരുകൾ ശരീരത്തിലെ വിഷാംശം നീക്കാനും സഹായിക്കും. ഇതിൽ ധാരാളമുള്ള മഗ്നീഷ്യം ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കും.

∙ തലമുടിക്ക് നല്ലത്

ഹെയർ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് കട്ടികൂടിയ ഇടതൂർന്ന മുടി വളരാൻ സഹായിക്കുന്നു. മുളപ്പിച്ച പയറിലെ ബയോട്ടിൻ അകാലനരയും താരനും തടയുന്നു.

∙ ചർമസംരക്ഷണത്തിന്

മുളപ്പിച്ച പയറിലെ സെലിനിയം ചർമത്തിനു തിളക്കവും ഒാജസ്സും നൽകുന്നു. മുഖക്കുരു , മറ്റു ചർമരോഗങ്ങൾ എന്നിവയിൽ നിന്നു സംരക്ഷിക്കുന്നു. അകാല വാർധക്യത്തിന് കാരണമാകുന്ന ഡിഎൻഎയുടെ നാശം തടയാൻ മുളപ്പിച്ച പയർ ഉത്തമമാണ്.

∙ കാഴ്ചശക്തിക്ക്

മുളപ്പിച്ച പയറിലുള്ള വൈറ്റമിൻഎ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. പ്രമേഹരോഗികൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു നിയന്ത്രിച്ച് നിർത്തുന്നതിന് ചെറുപയർ ഗുണകരമാണ്. ഇത് ഇൻസുലിൻ ഉൽപാദനത്തിനു സഹായിക്കുന്നു.

പ്രീതി ആർ നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്

എസ് യു റ്റി ഹോസ്പിറ്റൽ

പട്ടം

Tags:
  • Manorama Arogyam
  • Health Tips