പ്രസവാനന്തര വിഷാദം എന്ന പോസ്റ്റ് പാർട്ടം ഡിപ്രഷനെക്കുറിച്ച് നമുക്കറിയാം. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന അമ്മമാർക്കു നൽകേണ്ട പരിഗണനയെയും പിന്തുണയെയും കുറിച്ച് ഏറെ ചർച്ച ചെയ്യുന്ന കാലമാണിത്. പോസ്‌റ്റ് പാർട്ടം ബ്ലൂസ് (Postpartum blues) അഥവാ ബേബി ബ്ലൂസ് എന്ന മറ്റൊരു അവസ്ഥയുണ്ട്. മെറ്റേണിറ്റി ബ്ലൂസ് എന്നും ഇത് അറിയപ്പെടുന്നു.
ആദ്യമായി അമ്മയാകുന്നവരിൽ 70 ശതമാനത്തോളം പേർക്ക് ബേബി ബ്ലൂസ് ഉണ്ടാകുന്നുണ്ടെന്നാണ് വൈദ്യശാസ്ത്രം വിലയിരുത്തുന്നത്. പ്രസവശേഷം രണ്ടോ മൂന്നോ ദിവസങ്ങൾക്കു ശേഷമാകും ഇതാരംഭിക്കുന്നത്.
പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നു കരച്ചിൽ വരുക, ക്ഷോഭം വരുക, അസ്വസ്ഥത, വെപ്രാളം , ടെൻഷൻ, കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക , ക്ഷീണം , ഭക്ഷണം കഴിക്കാനും ഉറങ്ങുന്നതിനുമൊക്കെ ബുദ്ധിമുട്ട് ഇതൊക്കെ ഇതിന്റെ ഭാഗമായി വരാം.
എന്നാൽ ഇത് ചെറിയ ഒരു കാലയളവിൽ മാത്രം പ്രകടമാകുന്ന അവസ്ഥയാണ്. സാധാരണയായി ഇത് രണ്ടാഴ്ചയിലധികം നീണ്ടു പോകാറില്ല. അമ്മമാരുടെ ദൈനംദിന ജീവിതത്തെയോ ജോലിയിലെ കാര്യക്ഷമതയേയോ ഈ അവസ്ഥ അത്ര പ്രകടമായി ബാധിക്കാറില്ല. ഇതിനു ചികിത്സയും വേണ്ടി വരാറില്ല. പോസ്‌റ്റ് പാർട്ടം ബ്ലൂസ് തനിയെ കുറഞ്ഞ് പുതിയ അമ്മമാർ സാധാരണ ജീവിതത്തിലേക്ക് എത്തും. മതിയായ സമയം ഉറങ്ങുക , കുടുംബത്തിൽ നിന്ന് വൈകാരികമായ പിന്തുണയും കരുതലും ലഭിക്കുക എന്നത് ഈ ഘട്ടത്തിൽ പ്രധാനമാണ്. എന്നാൽ ബേബി ബ്ലൂസിന്റെ ഭാഗമായ ബുദ്ധിമുട്ടുകൾ രണ്ടാഴ്ച കഴിഞ്ഞിട്ടും കുറയാതെ നിൽക്കുകയാണെങ്കിലും അത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന വിധത്തിൽ ഗുരുതരമാവുകയും ചെയ്താൽ ശ്രദ്ധിക്കണം. പോസ്‌റ്റ് പാർട്ടം ഡിപ്രഷൻ ഉണ്ടോ എന്നു വിലയിരുത്തേണ്ടത് പ്രധാനമാണ്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. എൽസി ഉമ്മൻ
കൺസൽറ്റന്റ് സൈക്യാട്രിസ്‌റ്റ്
മെഡിക്കൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, കൊച്ചി