Q ആർത്തവവിരാമത്തിന്റെ സൂചനകളായ ലക്ഷണങ്ങൾ? ആർത്തവവിരാമത്തിന് എത്ര കാലം മുൻപേ ഈ ലക്ഷണങ്ങൾ പ്രകടമാകും ?
ആർത്തവവിരാമത്തിന്റെ ഏകദേശ പ്രായം 51 എന്നാണ് അംഗീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇതു 46 ആയി കണക്കാക്കുന്നു. ഇതിന് ഏകദേശം നാലു വർഷം മുൻപു മുതൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. ലക്ഷണങ്ങൾ ഇവയാണ് : ∙ ആർത്തവം നിലയ്ക്കുന്നു. ∙ ശരീരത്തിനുണ്ടാകുന്ന അമിത ചൂടും, അമിത വിയർക്കലും (ഹോട്ട് ഫ്ലാഷ്), നെഞ്ചിടിപ്പ്, ആധിയുണ്ടാകൽ ∙ ഉറക്കമില്ലായ്മ, ഓർമക്കുറവ്, സ്വഭാവ വ്യതിയാനങ്ങൾ ∙ ചർമത്തിലുണ്ടാകുന്ന മാറ്റങ്ങളും സൗന്ദര്യപ്രശ്നങ്ങളും ∙ മൂത്രാശയ അണുബാധകൾ, മൂത്രം അറിയാതെ പോക ൽ, മൂത്രം ഒഴിക്കുമ്പോൾ വേദന, എപ്പോഴും മൂത്രം ഒഴിക്കാൻ തോന്നൽ, മൂത്രാശയ യോനീഭാഗങ്ങളുടെ വരൾച്ച ∙ ലൈംഗികപ്രശ്നങ്ങൾ, ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ വേദന, താൽപര്യക്കുറവ്. ∙ എല്ലിനുണ്ടാകുന്ന ബലക്ഷയം. ഇത് ഒടിവുകൾക്കുള്ള സാധ്യത കൂട്ടുന്നു. ∙ ഹൃദയ സംബന്ധമായ അസുഖങ്ങൾ – ഹൃദയാഘാതത്തിനു കൂടുതൽ സാധ്യത. ∙ ഹോർമോൺ മരുന്ന് ഉപയോഗിക്കുന്നവരിൽ സ്തനാർബുദം, കുടൽ സംബന്ധമായ കാൻസർ എന്നിവ കൂടുന്നു.
Q ആർത്തവവിരാമം സംഭവിച്ചശേഷം ശരീരത്തിനു കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടോ? ഇത് എങ്ങനെ നിയന്ത്രിക്കാം? ആർത്തവവിരാമത്തിനു ശേഷം പെട്ടെന്നു കടുത്ത ചൂട് അനുഭവപ്പെടാൻ സാധ്യത ഉണ്ട്. പെട്ടെന്നു മുഖത്തും മാറിടത്തിലും ചൂടു തിരപോലെ വരികയും, കലശലായി വിയർക്കുകയും ചെയ്യുന്നു. കൂടുതൽ എരിവും മസാലയും ഉള്ള ആഹാരങ്ങൾ, ചൂടുള്ള ആഹാരപാനീയങ്ങൾ എന്നിവ ഒഴിവാക്കാം. കനം കുറഞ്ഞ പരുത്തി വസ്ത്രങ്ങൾ, തണുപ്പുള്ള മുറികൾ മുതലായവയും സഹായിക്കും. ഫൈറ്റോഈസ്ട്രജൻ (Phytoestrogen) അടങ്ങിയ ആഹാരങ്ങൾ, അതായതു സോ യാ മിൽക്ക്, ചിയാ സീഡ്, കാച്ചിൽ, മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മുന്തിരി, കിവി മുതലായ പഴങ്ങളും അണ്ടിപരിപ്പ്, ബദാം മുതലായവയും ബീൻസ്, കാരറ്റ് മുതലായ പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കുക, തണുത്ത വെള്ളത്തിൽ ഇടയ്ക്കിടെ മുഖം കഴുകുക, കുളിക്കുക എന്നിവയും ആകാം. കൂടുതൽ ലക്ഷണങ്ങൾ ഉള്ളവരിൽ ഈസ്ട്രജൻ ഗുളികകൾ ഫലപ്രദമാണ്. പ്രൊജസ്റ്ററോൺ ഗുളികകൾ അത്ര ഫലം തരികയില്ല.
Q സൗന്ദര്യത്തെയും ചർമത്തിന്റെ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നു? ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമെന്ത്?
സ്ത്രീ ഹോർമോണുകളുടെ കുറവു കാരണം, ചർമത്തിന്റെ കട്ടി കുറഞ്ഞു ചുളിവുകൾ വരും. മുഖത്തു രോമവളർച്ച, മുഖക്കുരു, ചർമവരൾച്ച, കറുത്തപാടുകൾ മുതലായവ സൗന്ദര്യത്തിന്റെ മാറ്റു കുറയ്ക്കുന്നു. അമിതമായ മുടികൊഴിച്ചിൽ, വണ്ണംവയ്ക്കൽ കാരണം ചർമത്തിൽ വെളുത്ത വരകൾ പ്രത്യക്ഷപ്പെടുക എന്നിവയും സംഭവിക്കുന്നു. ചർമത്തിലെ കൊളാജൻ കുറയുന്നതു കാരണം ചർമം ചുളിയുന്നു. കുളി കഴിഞ്ഞ് ഗ്ലിസറിൻ, ഹയലൂറോണിക് ആസിഡ് ഇവ കലർന്ന മോയിസ്ചറൈസിങ് ക്രീം ഉപയോഗിക്കാം. വീര്യം കുറഞ്ഞ ഫേസ് വാഷ്, ബോഡി വാഷ് എന്നിവയാണു സോപ്പിനേക്കാൾ നല്ലത്. മുഖത്തെ രോമവളർച്ചയ്ക്കു വാക്സിങ്, ത്രെഡിങ്, ലേസർ മുതലായവ ചെയ്യാം. മുടികൊഴിച്ചില്‍ അധികമായി ഉണ്ടെങ്കിൽ മിനോക്സിഡിൽ (Minoxidil) കലർന്ന ലേപനങ്ങൾ ഉപയോഗിക്കാം. ലേസർ ചികിത്സ, ഹെയർ ട്രാൻസ്പ്ലാന്റ് എന്നിവയും ഫലപ്രദമാണ്. സൂര്യതാപം അ ധികം കൊള്ളാതെ നോക്കുകയും റെറ്റിനോൾ അടങ്ങിയ ലേപനങ്ങൾ ഉപയോഗിക്കുകയും വേണം.
Q ആർത്തവവിരാമത്തോടെ എന്തുകൊണ്ടാണു ശരീരഭാരം കൂടുന്നത് ? ഇത് എങ്ങനെ കുറയ്ക്കാം?
ആർത്തവവിരാമശേഷം, മിക്കവാറും സ്ത്രീകളിൽ ശരീരഭാരം കൂടുന്നതായി കാണാം. പ്രത്യേകിച്ചു വയറിനു ചുറ്റും കൊഴുപ്പ് അടിയാനുള്ള സാധ്യത കൂടുതൽ ആണ്. സ്ത്രീ ഹോർമോണുകളുടെ കുറവ്, പ്രായം കൂടുന്നതു കാരണുള്ള പേശികളുടെ ചുരുക്കം, ജനിതക ഘടകങ്ങൾ, ജീവിതശൈലീമാറ്റങ്ങൾ പ്രത്യേകിച്ച് അമിത ഭക്ഷണം, വ്യായാമം ഇല്ലായ്മ മുതലായവയാണു കാരണം. ആവശ്യമെങ്കിൽ വൈദ്യസഹായം തേടണം. ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പി കൊണ്ടു വയറിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പു മാറ്റാം.
Q മൂത്രാശയ അണുബാധ ഇടയ്ക്കിടെ വരാനുള്ള സാധ്യത കൂടുതലാണോ? എന്തുകൊണ്ട് ?
ആർത്തവവിരാമശേഷം മൂത്രാശയ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. ഈസ്ട്രജൻ ആണു മൂത്രാശയത്തിലെയും യോനിയിലെയും പേശികളും പാളികളും നനവുള്ളതും ഇലാസ്തികവും ആക്കി തീർക്കുന്നത്. ഈസ്ട്രജന്റെ അഭാവം കാരണം മൂത്രാശയത്തിലെയും മൂത്രനാളിയിലെയും അകത്തുള്ള പാളികൾ ചുരുങ്ങുകയും, നനവു നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനാൽ മൂത്രം ഒഴിക്കുമ്പോൾ ചുടിച്ചിൽ, വേദന, എപ്പോഴും ഒഴിക്കണമെന്ന തോന്നൽ, മൂത്രം അറിയാതെ പോകൽ, മൂത്രസഞ്ചി താഴ്ന്നു പോകൽ, മുതലായവ ഉണ്ടാകുന്നു. ധാരാളം വെള്ളം കുടിക്കണം. മൂത്രം ഒ രുപാടു സമയം പിടിച്ചു വയ്ക്കാതെ നോക്കണം. ഈസ്ട്രജന്റെ അഭാവം കാരണം യോനിയിലെ ലാക്ടോബാസിലസ് ബാക്ടീരിയയുടെ (Lactobacillus) സാന്നിധ്യം കുറയുകയും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുകയും െചയ്യുന്നു. ഈസ്ട്രജൻ അടങ്ങിയ ക്രീമുകൾ, ഗുളികകൾ മുതലായവ യോനിയിൽ വയ്ക്കുന്നതു കാരണം 75% വരെ മൂത്രാശയ അണുബാധ തടയാൻ സാധിക്കും. ആവശ്യമെങ്കിൽ മൂത്രം പരിശോധിച്ചു ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് ഉപയോഗിക്കണം.
ഡോ. ഗീതാലക്ഷ്മി പി. എല്‍.
കണ്‍സല്‍റ്റന്റ് ഗൈനക്കോളജിസ്റ്റ്
ജില്ലാ ഹോസ്പിറ്റല്‍, ചെങ്ങന്നൂര്‍