Wednesday 02 November 2022 03:49 PM IST

പത്തു ദിവസത്തിലൊരിക്കല്‍ എണ്ണതേച്ചു കുളി, ഫെയ്‌സ് വാഷിനൊപ്പം പയറുപൊടിയും കടലമാവും; അമ്മ മകള്‍ക്കു കരുതേണ്ട സൗന്ദര്യക്കൂട്ട്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

556

ഇന്നത്തെക്കാലത്ത് മിക്ക അമ്മമാരും ജോലിചെയ്യുന്നവരും തിരക്കുള്ളവരുമാണ്. എങ്കിലും പുതിയ കാലത്തെ അമ്മയ്ക്കു കൗമാരക്കാരിയായ മകളോടു പറയാൻ അവളുടെ അഴകിനു കാവൽ നിൽക്കുന്ന കുറേ പൊടിക്കൈകളുണ്ട്. പത്തു വയസ്സു മുതൽ 18 വയസ്സുവരെയുള്ള പെൺകുട്ടികളുടെ കാര്യത്തിലാണ് ഈ നിർദേശങ്ങൾ കൂടുതൽ പ്രായോഗികമാകുന്നത്.

മകളേ മുഖം തിളങ്ങട്ടെ

ഫെയ്സ് വാഷ് വ്യാപകമല്ലാതിരുന്ന കാലത്ത് സോപ്പും വെള്ളവും കൊണ്ടു ദിവസം മൂന്നു തവണ മുഖം വൃത്തിയായി കഴുകണമെന്ന് അമ്മമാർ പറഞ്ഞിരുന്നു. ഇപ്പോൾ ഫെയ്സ് വാഷ് ഉപയോഗിച്ച് ദിവസം മൂന്നു പ്രാവശ്യമെങ്കിലും മുഖം കഴുകാനാണ് അമ്മമാർ പറയുന്നത്. രാവിലെയും വൈകുന്നേരവും രാത്രി കിടക്കും മുൻപും. മെഡിക്കേറ്റഡ് ഫെയ്സ് വാഷുകളാണ് ഉത്തമം. പയറുപൊടിയോ, കടലമാവോ കുഴമ്പു രൂപത്തിലാക്കി മുഖത്തു പുരട്ടി വെള്ളം കൊണ്ടു കഴുകാം.

മുടിക്കു കരുതലായ്

ആറുമാസം കൂടുമ്പോൾ മക്കളുടെ മുടിത്തുമ്പ് അരയിഞ്ച് മുറിക്കാം. ആഴ്ചയിലൊന്ന് ഹോട്ട് ഒായിൽ മസാജ് ചെയ്യാം. വെളിച്ചെണ്ണ ചെറിയ സ്‌റ്റീൽ പാത്രത്തിലൊഴിച്ച് അടുപ്പിൽ ചൂടായിരിക്കുന്ന പാത്രത്തിന്റെ മേൽ വച്ച് ചൂടാക്കി ആ എണ്ണ വിരൽത്തുമ്പു കൊണ്ടു തലയോടിൽ പുരട്ടി വൃത്താകൃതിയിൽ 10 മിനിറ്റ് മസാജ് ചെയ്യുന്നു. ഹോട്ട് ഒായിൽ മസാജ് ചെയ്തില്ലെങ്കിലും ആഴ്ചയിൽ രണ്ടു ദിവസം തലയോടിൽ വെളിച്ചെണ്ണ തേച്ചു കൊടുക്കാം.

ആഴ്ചയിലൊരിക്കൽ ഷാംപൂ ഉപയോഗിക്കുക. ഒപ്പം കണ്ടീഷനറും ഉപയോഗിക്കണം. പയറുപൊടി ഇത്തിരി വെള്ളത്തിൽ കലർത്തി ക ഴുകിയാൽ തലയോടു വൃത്തിയാകുമെന്നു പറയാത്ത അമ്മമാരില്ല. ചെമ്പരത്തി താളിയും മുടി വൃത്തിയാക്കും. ഹെന്ന നല്ല കണ്ടീഷനറാണ്. മുറ്റത്തെ മൈലാഞ്ചിയാണെങ്കി ൽ ഏറെ നല്ലത്. കുട്ടികൾക്ക് നരയില്ലാത്തതിനാൽ അധികം നിറം വയ്ക്കേണ്ട. മാസത്തിലൊരിക്കൽ ഹെന്ന പുരട്ടി അരമണിക്കൂർ കഴിയുമ്പോൾ കഴുകാം. കുളി കഴിഞ്ഞ് നനഞ്ഞ മുടി കെട്ടി വയ്ക്കരുത്. കൺപീലിയും പുരികവും വളരാൻ ആവണക്കെണ്ണ പുരട്ടാം.

കുളിച്ചൊരുങ്ങാം

ദിവസം രണ്ടു തവണ കുളിക്കണമെന്ന് അമ്മ പറയുന്നത് വെറുതെയല്ല. കുളി വൃത്തിക്കും അഴകിനും പ്രധാനമാണ്. തണുപ്പുകാലത്ത് ഇളം ചൂടുവെള്ളത്തിൽ കുളിക്കാം. അല്ലാത്തപ്പോൾ സാധാരണവെള്ളത്തിലും. കുളിക്കാനുപയോഗിക്കുന്ന സോപ്പ് മോയ്സ്ചറൈസർ അടങ്ങിയതു തിരഞ്ഞെടുക്കുക. കുളി കഴിഞ്ഞ് ഈർപ്പത്തോടെ ശരീരമാകെ മോയ്സ്ചറൈസർ പുരട്ടണം. പത്തു ദിവസത്തിലൊരിക്കൽ ശരീരമാകെ എണ്ണ തേച്ചു കുറച്ചു സമയം ഇരുന്ന് കുളിക്കണം. അമ്മമാർക്ക് ഈ സമയത്ത് പെൺകുട്ടികളുടെ ശരീരം ഒന്നു മസാജ് ചെയ്തു കൊടുക്കാം. രാവിലെയും വൈകിട്ടും പല്ല് ബ്രഷ് ചെയ്യണം. പല്ലിനു കുഴപ്പമൊന്നുമില്ലെങ്കിലും ആറുമാസത്തിലൊരിക്കൽ ഡെന്റിസ്‌റ്റിനെ കാണണം.

അടുക്കളയിലെ ടിപ്സ്

18 വയസ്സു കഴിഞ്ഞാൽ ദിവസവും രണ്ടു ലീറ്റർ വെള്ളം കുടിക്കണം. ചെറുനാരങ്ങാനീര്, മുട്ടവെള്ള അങ്ങനെ അടുക്കളയിൽ നിന്നുള്ള മിക്ക വസ്തുക്കളും സൗന്ദര്യവർധകങ്ങളാണ്. ഒരു ഒാറഞ്ചു മുറിച്ച് മുഖത്തു മസാജ് ചെയ്താൽ നല്ല തിളക്കം കിട്ടും. തക്കാളി ചർമത്തിലുരസാം. പപ്പായപ്പഴം ഒന്നാംതരം ഫെയ്സ് പായ്ക്കാണ്. കഞ്ഞിവെള്ളം കൊണ്ടു മുടി കഴുകാം. തേങ്ങാപ്പാൽ ദേഹത്തു പുരട്ടാം...അങ്ങനെ അമ്മയ്ക്കറിയാവുന്ന എത്രയെത്ര സൂപ്പർ ടിപ്‌സ്.

18 വരെ മെയ്ക്കപ്പ് വേണ്ട

മെയ്ക്കപ്പ് അപ്പ് ഉത്പന്നങ്ങൾ 18 വയസ്സുവരെ ഉപയോഗിക്കേണ്ട എന്നാദ്യം പറയുന്നത് അമ്മയാണ്. ബ്യൂട്ടി പാർലറിൽ പോയിത്തുടങ്ങേണ്ടത് 18 വയസ്സു കഴിഞ്ഞാണ്. 18 വയസ്സിനു മുൻപ് ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധാരണ ടാൽക്കം പൗഡറോ, കോംപാക്‌റ്റ് പൗ‍ഡറോ മതി. ആവശ്യമെങ്കിൽ ലിപ് ബാം പുരട്ടാം. 18 വയസ്സിനുശേഷം ബ്രാൻഡഡ് മെയ്ക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിക്കാം. ഒരു വർഷം കഴിയുമ്പോൾ പുതിയവ വാങ്ങണം. കണ്ണിന്റെ മെയ്ക്കപ്പ് നീക്കിയില്ലെങ്കിൽ കണ്ണിനു ചുറ്റും കറുത്ത പാടു വരും. ഉറങ്ങുന്നതിനു മുൻപ് മെയ്ക്കപ്പ് പൂർണമായും മാറ്റണം.

mom-beauty-1

കൈകാൽ ചന്തം

20 വയസ്സു കഴിഞ്ഞാൽ രണ്ടുമാസത്തിലൊരിക്കൽ പെഡിക്യൂറും മാനിക്യൂറും ചെയ്യാം. കഴിയുമെങ്കിൽ ബ്യൂട്ടി പാർലറിൽ ചെയ്യുക. വീട്ടിൽ വെള്ളത്തിൽ അൽപം ലിക്വിഡ് ബാത് സോപ്പും ഉപ്പും കലർത്തി അതിൽ കാൽ മുക്കി വച്ച് ഒരു പ്യൂമിസ് സ്‌റ്റോൺ കൊണ്ട് ഉരച്ചു കഴുകാം. തുടർന്ന് മോയ്സ്ചറൈസർ പുരട്ടാം. എല്ലാ ആഴ്ചയിലും ഒരു ദിവസം ഇതു ചെയ്യാം. കൈകൾ ഒാറഞ്ച് അല്ലിയോ നാരങ്ങാത്തൊണ്ടോ കൊണ്ട് ഉരച്ചു കഴുകി മോയ്സചറൈസർ പുരട്ടാം.ചുണ്ടുകളിൽ തേൻ പുരട്ടുന്നതു നിറം നൽകും. പാൽപ്പാടയോ നെയ്യോ പുരട്ടാം. ഇത് ചുണ്ടിന്റെ വരൾച്ചയകറ്റും. അധരഭംഗിയേകും.

വിവരങ്ങൾക്കു കടപ്പാട്

ഡോ. കുക്കു മത്തായി

കൺസൽറ്റന്റ് ഡെർമറ്റോളജിസ്‌റ്റ്

നെടുംചാലിൽ ട്രസ്‌റ്റ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ