Thursday 20 April 2023 02:39 PM IST

ഹോർമോൺ തിരയിളക്കത്തിൽ മനസ്സു കൈവിട്ടു പോകാം: പിഎംഎസ്സിനെ നിസ്സാരമാക്കരുത്; ആയുർവേദത്തിലെ പരിഹാരങ്ങൾ അറിയാം

Asha Thomas

Senior Sub Editor, Manorama Arogyam

pms4353

മാസത്തിലെ ആ പ്രത്യേകദിവസങ്ങളിൽ ചിലർക്ക് മനസ്സ് മൂടിക്കെട്ടിയ മാനമാകും. പെയ്തു പെയ്തില്ലെന്ന മട്ടിൽ പേരറിയാത്ത സങ്കടങ്ങൾ തെന്നിനീങ്ങും. ആകെ അസ്വസ്ഥത, ദേഷ്യം, പൊട്ടിെത്തറിക്കൽ....എന്തുകൊണ്ടാണ് ആർത്തവദിവസങ്ങളിൽ സ്ത്രീ മനസ്സ് ഉരുകുകയും തിളയ്ക്കുകയും ചെയ്യുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇതുവരെ പരിചിതയായിരുന്ന ആ ശാന്തശീല കാരണമില്ലാതെ അരിശം കൊള്ളുന്നതെന്തിനാണെന്നു വിചാരിച്ചിട്ടുണ്ടോ? ഇവിടെ വില്ലനാകുന്നത് ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന പിഎംഎസ് അഥവാ പ്രീ മെനുസ്ട്രുവൽ സിൻഡ്രം എന്ന പ്രത്യേക അവസ്ഥയാകാം. ചാക്രികമായി ആവർത്തിച്ചുവരുന്ന ശാരീരികവും മാനസികവും പെരുമാറ്റപരവുമായ പ്രശ്നങ്ങളെയാണ് പിഎംഎസ് കൊണ്ടുദ്ദേശിക്കുന്നത്.

പിഎംഎസ്സിൽ സംഭവിക്കുന്നത്

സ്ത്രീശരീരം എന്നു പറയുന്നത് കടൽ പോലെയാണ്. പുറമേ തിരയടങ്ങി ശാന്തമായ കടൽ. ഉള്ളിൽ തിരതല്ലുന്ന ഹോർമോണുകളുടെ ആർത്തിരമ്പൽ....ആദ്യാർത്തവത്തിലേക്കുള്ള കാൽവയ്പ് മുതൽ ആർത്തവത്തിന്റെ അവസാനം വരെ ഹോർമോണുകളുടെ തേരിലേറിയാണ് സ്ത്രീശരീരം മുൻപോട്ടു കുതിക്കുന്നത്.

ആർത്തവചക്രം എന്നു പറയുന്നതേ ഒരു കൂട്ടം ഹോർമോണുകളുടെ കളിയാണ്. ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്ന ഹോർമോണുകളാണ് ആർത്തവകാലത്തെ പ്രധാന സ്വാധീനശക്തികൾ. ഗർഭപാത്രത്തിന്റെ ആവരണം കട്ടിവയ്ക്കാനുള്ള സിഗ്നൽ നൽകി അണ്ഡാശയത്തിൽ നിന്നും പുറത്തുവരുന്ന അണ്ഡത്തിനു വളരാനുള്ള സാഹചര്യം ഒരുക്കുന്നത് ഈസ്ട്രജനാണ്. തുടർന്ന് അണ്ഡം അണ്ഡാശയത്തിൽ നിന്നും പുറത്തുവരുന്നു. തുടർന്ന് പ്രൊജസ്റ്ററോൺ രംഗത്തുവരുന്നു. അതോടെ ഗർഭപാത്രആവരണത്തിന്റെ കട്ടി കുറയുന്നു. ഗർഭധാരണം നടന്നില്ലെങ്കിൽ രണ്ടു ഹോർമോണുകളുടെയും അളവു താഴും.

ആത്മഹത്യയിലേക്കു പോലും നയിക്കാം

മുഖക്കുരു, അടിവയറ്റിൽ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന, ചാഞ്ചാടുന്ന മാനസികഭാവങ്ങൾ, തലവേദന, ക്ഷീണം എന്നിങ്ങനെ മാനസികവും ശാരീരികവുമായ ഒട്ടേറെ ലക്ഷണങ്ങൾ പിഎംഎസിന്റെ ഭാഗമായി കണ്ടുവരുന്നുണ്ട്. എല്ലാവരിലും ഒരേ ലക്ഷണങ്ങൾ കാണാറില്ല. ചിലരിൽ മാസംതോറും പ്രകടമാകുന്ന ലക്ഷണങ്ങളിൽ പോലും വ്യത്യാസം കാണാറുണ്ട്. സ്വയംഹത്യയ്ക്കു പോലും ഇടയാക്കുന്നത്ര തീവ്രമായ രീതിയിൽ ഹോർമോണുകൾ ചിലപ്പോൾ സ്ത്രീ മനസ്സിനെ ഈ കാലയളവിൽ സ്വാധീനിക്കാം. മാസത്തിൽ ഈ ദിവസങ്ങളിൽ സ്വഭാവം തന്നെ മാറിയ രീതിയിൽ പെരുമാറാം. കുടുംബാംന്തരീക്ഷത്തിൽ പോലും സമാധാനക്കേടുണ്ടാകാം.

ചുറ്റുമുള്ളവർക്ക് പിഎംഎസ്സിനെ കുറിച്ച് അവബോധമില്ലാത്തത് ചിലപ്പോഴെങ്കിലും ആപത്കരമായ സാഹചര്യങ്ങളിലേക്കു നയിക്കാം. ഇക്കാര്യത്തിൽ സ്ത്രീയെ കുറ്റപ്പെടുത്തുന്നതിനു പകരം കുടുംബാംഗങ്ങൾ അവരോടു സ്നേഹപൂർണമായി പെരുമാറുകയും മാനസികമായ പിന്തുണ നൽകുകയും വേണം. വിശ്രമത്തിനു സാഹചര്യമൊരുക്കണം. അതീതീവ്രമായ അസ്വാസ്ഥ്യം ഉള്ളപക്ഷം ചികിത്സ തേടാൻ പ്രേരിപ്പിക്കണം.

ആയുർവേദ പരിഹാരങ്ങൾ

ആയുർവേദത്തിൽ പിഎംഎസ്സിനു ഫലപ്രദമായ ഒട്ടേറെ പരിഹാരങ്ങളുണ്ട്. ലക്ഷണങ്ങൾക്കനുസരിച്ച് പരിഹാരം നൽകുകയാണ് ആയുർവേദ രീതി. ആദ്യം വിശപ്പും ദഹനവും കൃത്യമാക്കാൻ ശ്രമിക്കുന്നു. അതുണ്ടായാൽ തന്നെ ശരീരം രോഗാതുരമായ അവസ്ഥയിലേക്കു പോകില്ല. അണ്ഡവിസർജനമൊക്കെ കൃത്യമായി നടക്കുകയും ചെയ്യും. അഷ്ടചൂർണം പോലുള്ള ഔഷധങ്ങൾ നൽകി വിശപ്പു ശരിയാക്കുന്നു.

ഉറക്കക്കുറവിനും മാനസികമായ അസ്വാസ്ഥ്യങ്ങൾക്കും ദ്രാക്ഷാദി കഷായം, മാനസമിത്ര വടകം, അശ്വഗന്ധാരിഷ്ടം, കല്യാണകഘൃതം തുടങ്ങിയ ഔഷധങ്ങൾ ഫലപ്രദമാണ്. ക്ഷീരബല, ഹിമസാഗര തൈലം പോലുള്ള എണ്ണകൾ തലയിൽ പുരട്ടി കുളിക്കുന്നത് ഉറക്കം ലഭിക്കാൻ സഹായിക്കും. അടിക്കടിയുള്ള മൂഡ് മാറ്റങ്ങൾക്ക് ശംഖപുഷ്പം ചൂർണം പാലിൽ ചേർത്തു കഴിക്കാം. ഇത് ഒന്നാന്തരം വിശ്രാന്തി ദായക ഔഷധമാണ്.

തലവേദന, സന്ധിവേദന പോലുള്ള ശാരീരികപ്രയാസങ്ങളാണെങ്കിൽ അതിനനുസരിച്ച് കുഴമ്പുകളും തൈലങ്ങളും അശോകാരിഷ്ടം, ദശമൂലാരിഷ്ടം പോലുള്ള ഔഷധങ്ങളും നൽകുന്നു. മലബന്ധവും വായുകോപവും ഉള്ളവർക്ക് ത്രിഫലാദിചൂർണം പോലെ ഫലപ്രദമായ ഒട്ടേറെ മരുന്നുകളുണ്ട്. ഒാരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ ഔഷധ എണ്ണകൾ പുരട്ടി (അഭ്യംഗം) കുളിക്കുന്നതും ആർത്തവസഹജമായ ശാരീരികവൈഷമ്യങ്ങളും വേദനയും കുറയ്ക്കും.

ഡോ. ആശ ശ്രീധർ, ഹെഡ്, പ്രഫസർ, പ്രസൂതിതന്ത്ര വിഭാഗം, ഗവ. ആയുർവേദ മെഡി. കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips