കല്യാണരാമൻ എന്ന സിനിമയിൽ കള്ളക്കാമുകനായി ഒരു മുത്തശ്ശനും കുസൃതിക്കാരിക്കാമുകിയായി ഒരു മുത്തശ്ശിയുമുണ്ട്. അവർ സ്ക്രീനിലെത്തുമ്പോൾ തന്നെ കേൾക്കാം, പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞുള്ള കരഘോഷം. വെളുത്തു കൊലുന്നനെയുള്ള രൂപവും ശ്രീത്വം നിറഞ്ഞ മുഖവും പല്ലില്ലാച്ചിരിയുടെ നിഷ്കളങ്കതയും ആ സുന്ദരി മുത്തശ്ശിയെ ഏറെ പ്രിയങ്കരിയാക്കി. മുത്തശ്ശിയുടെ പേര് ആർ. സുബ്ബലക്ഷ്മി. മലയാളിക്ക് ഏറെ പ്രിയങ്കരിയായ ആ മുത്തശ്ശി ജീവിതമെന്ന അരങ്ങിൽ നിന്ന് യാത്രയായിരിക്കുകയാണ്.
തന്റെ ജീവിത ചിട്ടകളും ശീലങ്ങളുമെല്ലാം സുബ്ബലക്ഷ്മി 2016 ഫെബ്രുവരി ലക്കം മനോരമ ആരോഗ്യത്തോടു പങ്കു വച്ചിരുന്നു. ആ ഒാർമകളിലേക്ക്...
ആഹാരത്തിൽ ചിട്ട
ചെറുപ്പം മുതലുള്ള ചിട്ട ആഹാരകാര്യങ്ങളിൽ ഇപ്പോഴുമുണ്ട്. അന്നും ഇന്നും ഞാൻ തനി സസ്യഭുക്ക് ആണ്. മുട്ട ചേർന്നതിനാൽ കേക്ക് പോലും കഴിക്കാറില്ല. വെണ്ടയ്ക്ക, ചീര, ബീറ്റ്റൂട്ട്, കാരറ്റ് എന്നിങ്ങനെയുള്ള പച്ചക്കറികൾക്കാണു പ്രാധാന്യം. സാമ്പാർ, മെഴുക്കുപുരട്ടി, അവിയൽ, തോരൻ എന്നിങ്ങനെയുള്ള കറികൾ തയാറാക്കും. പഴങ്ങളിൽ ആപ്പിളും ഓറഞ്ചും മാമ്പഴവുമെല്ലാം ഇഷ്ടം. എണ്ണപ്പലഹാരങ്ങളോടു പ്രത്യേക ഇഷ്ടമൊന്നുമില്ല. രുചി അറിയാൻ അൽപം കഴിക്കും.
കത്തിരിക്ക, വെണ്ടയ്ക്ക, ചേമ്പ് ഇവ വറുത്തു കഴിക്കും. നന്നായി എണ്ണ പിടിക്കുന്നവയായതിനാൽ അളവു കുറയ്ക്കും. മരച്ചീനി, അരിഞ്ഞു തയാറാക്കുന്ന പപ്പടം ഇഷ്ടമാണ്. കൊഴുപ്പില്ലാത്ത തൈര് (പാട നീക്കിയ പാൽ കൊണ്ടു തയാറാക്കുന്നത്) കഴിക്കാറുണ്ട്. ആഹാരം പാകം ചെയ്യാൻ നല്ലെണ്ണ ഉപയോഗിക്കും.
എന്റെ ജീവിതചര്യകൾ
തിരുവനന്തപുരത്ത് മാഞ്ഞാലിക്കുളത്തെ വീട്ടിൽ ഞാൻ ഒറ്റയ്ക്കാണ്. പകൽ, സഹായത്തിനു ജോലിക്കാരിയുണ്ട്. രാവിലെ ആറര ഏഴു മണിയോടെ ഉണരും. രാവിലെ കാപ്പി കഴിഞ്ഞു വീടു വൃത്തിയാക്കും. നിലത്തിരിക്കുകയും, എഴുന്നേൽക്കുകയുമൊക്കെ ചെയ്യും. നിലത്തു കിടക്കാറുമുണ്ട്. ഇതൊക്കെ വ്യായാമത്തിന്റെ ഫലവും ശരീരത്തിനു വഴക്കവും നൽകുന്നു. രൺബീറുമൊത്തുള്ള പരസ്യചിത്രത്തിൽ കുനിഞ്ഞു നിൽക്കുന്ന രംഗം അഭിനയിക്കാനാകുമോ എന്നു പരസ്യ ചിത്രസംവിധായകൻ അന്വേഷിച്ചിരുന്നു. ഇത്ര പ്രായമായ സ്ഥിതിക്ക് അതിനു കഴിയില്ല എന്നാണവർ കരുതിയത്. എന്റെ ശരീരത്തിനു നല്ല വഴക്കമുണ്ടെന്നറിഞ്ഞപ്പോൾ അവർക്കു സന്തോഷമായി.
അമ്മൂമ്മ വൈദ്യം
ഞാൻ ആശുപത്രിയിൽ പോകാറില്ല. ബിപിയോ കൊളസ്ട്രോൾ പ്രശ്നങ്ങളോ ഇല്ല. വർഷം തോറും ഹെൽത്ത് ചെക്കപ്പും ഇല്ല. 35-ാം വയസ്സിൽ ഒരു അപകടത്തിലാണ് എനിക്ക് പല്ലുകൾ നഷ്ടമായത്.
കൂട്ടുകുടുംബത്തിലാണു വളർന്നത്. അവിടെ അമ്മൂമ്മ പഠിപ്പിച്ചു തന്ന ചില ഔഷധക്കൂട്ടുകളുണ്ട്. അതാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. വായുകോപം വന്നാൽ എന്റെ ചികിത്സ ഇതാണ്– ചട്ടിയിൽ നെയ്യൊഴിച്ച് ജീരകം പൊട്ടിച്ചെടുക്കുക. ഇതിലേക്ക് കറിവേപ്പിലയും ചുക്കുപൊടിയും ചേർക്കുക. ഒരു ഗ്ലാസ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കണം. അതു വറ്റിക്കുറുകി കാൽ ഗ്ലാസ് ആയിത്തീരും. ആ സത്ത് എടുത്തു പിഴിഞ്ഞു കുടിക്കുക. വായുകോപത്തിന് ഏറെ ഫലപ്രദമാണ്.
പനിക്ക് ഫലപ്രദമായ മറ്റൊരു മരുന്നുകൂട്ടുണ്ട്. ഇത് ഒരു സ്പെഷൽ രസമാണ്. കുരുമുളക്, ജീരകം, തിപ്പലി, നറുക്കു മൂലം, നിലവേമ്പ്, ഇഞ്ചി എന്നിവ പൊടിച്ച് അൽപം പുളി ചേർത്ത് രസം തയാറാക്കുക. ജീരകം, കറിവേപ്പില എന്നിവ എണ്ണയിൽ വഴറ്റിയെടുത്തതു ചേർത്തു ചോടോടെ കഴിക്കണം. ഇതേത്തുടർന്ന് ശരീരം വിയർത്തു പനി പോകും. ചികിത്സ വേണ്ടിവന്നാൽ ഹോമിയോപ്പതിയോടാണിഷ്ടം. മകൾ ചിത്ര ഹോമിയോ ഡോക്ടറാണ്. തിമിര ചികിത്സയ്ക്കു ഹോമിയോ തുള്ളിമരുന്നുകൾ കണ്ണിൽ ഒഴിക്കുന്നുണ്ട്.
സൗന്ദര്യ സംരക്ഷണം
സമയം കിട്ടുമ്പോഴൊക്കെ പാൽപ്പാടയും കസ്തൂരിമഞ്ഞൾ പൊടിയും ചേർത്തു മുഖത്തു പുരട്ടും. തലമുടിയിൽ 15-20 ദിവസം കൂടുമ്പോൾ ബ്ലാക്ക് ഹെന്ന ചെയ്യാറുണ്ട്. തലയിൽ നല്ലെണ്ണയാണ് തേയ്ക്കാറുള്ളത്. മുമ്പ് ഒരു സ്പെഷൽ എണ്ണ തേച്ചിരുന്നു. നല്ലെണ്ണയും ഇഞ്ചി, പുഴുക്കലരി, ചുവന്ന മുളക്, മഞ്ഞൾ, കുരുമുളക് ഇവയും ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ.
പ്രസവരക്ഷയും നാട്ടുമരുന്നുകളുമൊക്കെ അമ്മൂമ്മ കൃത്യമായി ചെയ്തു തന്നതാണ് ശരീരഭംഗിയുടെ രഹസ്യം. അന്നുമിന്നും ഞാൻ ഒരുപോലെയാണ്. ദുർമേദസ് തൊട്ടു നോക്കാത്ത ശരീരം.
ഊർജസ്വലതയുടെ ജീവിതം
പ്രായമായല്ലോ എന്നു ചിന്തിച്ചു മനസ്സു വിഷമിപ്പിക്കാറില്ല. ആ ചിന്ത ജീവിക്കാനുള്ള ഊർജ്ജത്തെ കെടുത്തും. ഇപ്പോഴും സാധിക്കുമ്പോൾ രണ്ടര മണിക്കൂര്‍ കച്ചേരി ചെയ്യാറുണ്ട്. ഏറെ നേരം പ്രർഥിക്കും. ജീവിതം തന്നതെല്ലാം നന്മകൾ മാത്രമാണെന്ന് ഓരോ നിമിഷവും അനുഭവിച്ചറിയുന്നു....