ഗർഭാശയഗള അർബുദം ഫലപ്രദമായി തടയാൻ എച്ച്പിവി വാക്സീൻ സഹായിക്കും. ആർക്കൊക്കെ, എപ്പോഴാണ് വാക്സീൻ എടുക്കേണ്ടത്?
ഇന്ത്യയിൽ സ്ത്രീകളിലെ അർബുദങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഗർഭാശയഗള/ ഗർഭാശയമുഖ അർബുദം (Cervical cancer). സ്തനാർബുദമാണ് ഒന്നാം സ്ഥാനത്ത്. മറ്റു കാൻസറുകളിൽ നിന്നും വ്യത്യസ്തമായി അണുബാധ കാരണമാണു സെർവിക്കൽ കാൻസർ വരുന്നത്. ഹ്യൂമൻ പാപ്പിലോമ വൈറസാണ് (HPV) പ്രധാന (99%) രോഗകാരണം. ഗർഭാശയഗള അർബുദത്തിനു പ്രധാനമായും കാരണമാകുന്നതു ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ വകഭേദങ്ങളായ എച്ച്പിവി 16, എച്ച്പിവി 18 എന്നിവയാണ്. ഇന്ത്യയിൽ മാത്രം 80 മുതൽ 85 ശതമാനം ഗർഭാശയഗള അർബുദത്തിനും കാരണം ഈ രണ്ടു വകഭേദങ്ങളാണ്.
എച്ച്പിവി വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്കു ലൈംഗിക ബന്ധം വഴി പകരാം. ∙ ഒന്നിലധികം ലൈംഗിക പങ്കാളികൾ ∙ ചെറിയ പ്രായത്തിൽ ലൈംഗികബന്ധം ആരംഭിക്കുക, ∙ ഗർഭം ∙ പ്രസവം∙ പുകവലി ∙ എയ്ഡ്സ് തുടങ്ങി ലൈംഗികബന്ധത്തിലൂടെ വരുന്ന മറ്റു രോഗങ്ങൾ. ∙ വർഷങ്ങൾ നീണ്ടു നിൽക്കുന്ന ഗർഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയൊക്കെ എച്ച്പിവി അണുബാധയ്ക്കും അതുവഴിയായി ഗർഭാശയഗള അർബുദത്തിനും ഉള്ള സാധ്യത വർധിപ്പിക്കാം.
ലക്ഷണങ്ങൾ
∙ ലൈംഗികബന്ധത്തെ തുടർന്നുണ്ടാകുന്ന രക്തസ്രാവം (post coital bleeding)
∙ അമിതവും ദുർഗന്ധത്തോടു കൂടിയതുമായ യോനീസ്രവങ്ങൾ (vaginal discharge)
∙ ആർത്തവശേഷവും കാണുന്ന രക്തസ്രാവം.
∙ രോഗം അധികരിച്ചവരിൽ ഇടുപ്പെല്ല്, കാലുകൾ എന്നീ ഭാഗങ്ങളിൽ വേദന, കാലുകളിൽ നീര് എന്നിവ കാണപ്പെടാം.
∙ യോനിയിലൂടെ മലം, മൂത്രം പോവുക (fistulas) എന്നിവയാണു ഗർഭാശയഗള അർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എങ്കിലും പലരിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ രോഗനിർണയവും ചികിത്സയും വൈകാനിടയുണ്ട്.
വാക്സീൻ ആർക്കൊക്കെ?
മറ്റ് അർബുദങ്ങളെ അപേക്ഷിച്ചുഗർഭാശയഗള കാൻസറിന്റെ ഒരു പ്രധാന അനുകൂലഘടകം എച്ച്പിവി അണുബാധയ്ക്കെതിരെ വാക്സീൻ ഉണ്ട് എന്നതാണ്. ഗർഭാശയഗള അർബുദ വാക്സീനുകളെ ജനിതക വകഭേദം അനുസരിച്ചു മൂന്നായി തിരിച്ചിരിക്കുന്നു. ∙ ബൈവാലന്റ് (Bivalent-Cervarix Vaccine) ∙ ക്വാഡ്രിവാലന്റ്ÐQuadrivalent (Gardasil) ∙ നോനാവാലന്റ്Ð Nonavalent (Gardasil-9)
ഗർഭാശയഗള അർബുദ വാക്സീൻ സംബന്ധിച്ച് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്ന
വിദഗ്ധ സമിതിയുടെ മാർഗരേഖയിൽ എപ്പോഴാണു വാക്സീൻ നൽകേണ്ടതെന്നും എത്ര അളവിൽ നൽകണമെന്നും വ്യക്തമാക്കുന്നുണ്ട്.
∙ 11 Ð 12 വയസ്സിന് ഇടയിലാണു സാധാരണ നൽകാറ്. 9 വയസ്സു മുതൽ ആരംഭിക്കാം. ആദ്യ ഡോസ് നൽകി ആറു മുതൽ 12 മാസത്തിനുള്ളിൽ രണ്ടാം ഡോസ് നൽകണം.
∙ 26 വയസ്സു വരെ നൽകാം.
∙ 20 മുതൽ 45 വയസ്സുവരെയുള്ള സ്ത്രീകളിൽ വാക്സീൻ നൽകാമെങ്കിലും പരിമിതമായ ഗുണമേ ലഭിക്കൂ.
∙ 15 വയസ്സിനു മുൻപു രണ്ടു ഡോസുകൾ മതിയാകും. അതിനു മുകളിൽ പ്രായമുള്ളവർക്കു മൂന്നു ഡോസുകൾ നൽകണം.
∙ എച്ച്ഐവി ബാധിതരിലും പ്രതിരോധശേഷി കുറഞ്ഞവരിലും വാക്സീൻ ഗുണകരമാണെന്നു പഠനങ്ങൾ പറയുന്നു.
ആൺകുട്ടികളിലും
ഗർഭാശയഗള കാൻസർ കൂടാതെ മലദ്വാരത്തിലെ കാൻസർ, യോനിയിലെ (Vagina) കാൻസർ, യോനീദള (Vulva) കാൻസർ, ലിംഗത്തിലെ (Penis) കാൻസർ, വായിലെയും തൊണ്ടയിലെയും അർബുദം എന്നിവയും ഒരു പരിധി വരെ ഈ വാക്സീൻ കൊണ്ടു പ്രതിരോധിക്കാനാകും. കുറഞ്ഞത് അഞ്ചു മുതൽ 10 വർഷം വരെ വാക്സീനിന്റെ സംരക്ഷണം ലഭിക്കും.
ആൺകുട്ടികളിൽ ലിംഗത്തിലെ കാൻസർ, മലദ്വാര കാൻസർ, വായുടെ പിൻഭാഗത്തെ (തൊണ്ട) കാൻസർ (Oropharynx), ഗുഹ്യഭാഗത്തെ അരിമ്പാറ ( ജനിറ്റൽ വാർട്ട്) എന്നിവ തടയാൻ ഈ വാക്സീൻ ഒരുപരിധി വരെ സഹായകമാകും.
ഈ വാക്സീൻ വളരെ ഫലപ്രദവും, സുരക്ഷിതവുമാണെന്നു ക്ലിനിക്കൽ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഭാവിയിൽ, പ്രത്യുൽപാദന ശേഷിയെ (Fertility) ബാധിക്കുന്നില്ല എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.
എച്ച്പിവി വാക്സീൻ ഭാവിയിൽ അണുബാധ വരാനുള്ള സാധ്യതയെ തടയുന്നു. എന്നാൽ, നിലവിൽ അണുബാധയുണ്ടെങ്കിൽ വാക്സീൻ എടുത്താലും രോഗത്തെ തടയാനാകില്ല. അതുകൊണ്ടാണു സജീവമായ ലൈംഗികജീവിതം തുടങ്ങുന്നതിനു മുൻപേ തന്നെ വാക്സീൻ എടുക്കണമെന്നു പറയുന്നത്. വാക്സീൻ എടുത്താലും പാപ്സ്മിയർ പരിശോധന നിശ്ചിത ഇടവേളകളിൽ നടത്തണം.
2030 ആകുന്നതോടെ ആഗോളമായി ഗർഭാശയഗള കാൻസർ തുടച്ചു നീക്കുക (Elimination) എന്നതാണു ലക്ഷ്യം. ഇതിനായി ഗർഭാശയഗള കാൻസർ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നാലിനു (4/1,00,000) താഴെ എന്ന നിരക്കിലെത്തിക്കണം. അതിനായി 90-70-90 മാതൃകയാണു നടപ്പാക്കുന്നത്.
അതായത്,
∙ 15 വയസ്സിനു മുൻപ് 90 ശതമാനം പെൺകുട്ടികളും എച്ച്പിവി വാക്സീൻ സ്വീകരിക്കുക.
∙ 70 ശതമാനം പേരും 35, 45 വയസ്സിൽ രോഗം മുൻകൂട്ടി കണ്ടെത്താനുള്ള പരിശോധനകൾ ചെയ്യുക.
∙ മുൻകൂട്ടി രോഗം കണ്ടെത്തിയവരിൽ 90 ശതമാനം പേരെങ്കിലും ചികിത്സയ്ക്കു വിധേയമാവുക.
പരിശോധന
എച്ച്പിവി അണുബാധ വന്നാൽ അതു കാൻസറായി മാറുവാൻ 10 മുതൽ 15 വർഷം വരെ സമയമെടുക്കും. അതുകൊണ്ട് തന്നെ പരിശോധനകൾ വഴി അണുബാധ മുൻകൂട്ടി കണ്ടെത്തിയാൽ എളുപ്പമാണ്.
∙ പാപ്സ്മിയർ പരിശോധന
ഒപിയിൽ വച്ചു ചെയ്യാവുന്നലളിത പരിശോധന. ഗർഭാശയമുഖത്ത് നിന്നും ശേഖരിച്ച കോശങ്ങളെ മൈക്രോസ്കോപ്പിലൂടെ വിശകലനം ചെയ്യുന്നു.
∙ ആർത്തവം തുടങ്ങി പത്താം ദിവസം മുതൽ പരിശോധിക്കാം.∙ അണുബാധയുടെ ലക്ഷണങ്ങളുണ്ടെങ്കിൽ അതു ചികിത്സിച്ച ശേഷവും പരിശോധിക്കണം.
∙ പരിശോധനയ്ക്ക് 48 മണിക്കൂർ മുൻപു വരെ ലൈംഗികബന്ധം ഒഴിവാക്കുക. യോനിക്കുള്ളിൽ ഉപയോഗിക്കുന്ന മരുന്നുകളും, വാഷുകളും മേൽ പറഞ്ഞ സമയത്ത് ഒഴിവാക്കുക.
∙ 21 വയസ്സു മുതൽ പരിശോധന ആരംഭിക്കണം. ഇന്ത്യയിൽ 30 വയസ്സിനു താഴെ രോഗികളുടെ എണ്ണം കുറവായതിനാൽ അതിനു ശേഷം ആരംഭിച്ചാലും മതി. 65 വയസ്സു വരെ, മൂന്നു വർഷം കൂടുമ്പോൾ ചെയ്യണം.
∙ 30 വയസ്സു കഴിഞ്ഞവരിൽ പാപ്സ്മിയറിനൊപ്പം എച്ച്പിവി ഡിഎൻഎ പരിശോധനയും ചെയ്യാം. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ വീണ്ടും അഞ്ചു വർഷം കഴിഞ്ഞു പരിശോധിച്ചാൽ മതി.
∙ ലിക്വിഡ് ബേസ്ഡ് സൈറ്റോളജി
ഗർഭാശയമുഖത്തു നിന്നു ശേഖരിച്ച കോശങ്ങൾ ഉപയോഗിച്ച് മെഷീന്റെ സഹായത്തോടു കൂടി പരിശോധനയ്ക്കായുള്ള സ്ലൈഡുകൾ നിർമിക്കുന്നു. ഈ സ്ലൈഡുകൾക്കു ഗുണമേന്മ കൂടുതലായിരിക്കും.
∙ കോൾപോസ്കോപ്പി (Colposcopy)
പാപ്സ്മിയർ പരിശോധനയിൽ എന്തെങ്കിലും അസ്വാഭാവികതകൾ കണ്ടെത്തിയാൽ കൂടുതൽ വിശകലനത്തിനു കോൾപോസ്കോപി പരിശോധന ഉപയോഗിക്കുന്നു. കോൾപോസ്കോപ്പിലൂടെ പരിശോധിക്കുമ്പോൾ ഗർഭാശയമുഖം പതിന്മടങ്ങു വലുപ്പത്തിൽ കാണാനാകും. ഈ പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തിയാൽ ബയോപ്സി പരിശോധന ചെയ്യാം.
സർജറിയും മറ്റു ചികിത്സകളും
ഗർഭാശയഗള അർബുദത്തിനു ഫലപ്രദമായ ചികിത്സകളുണ്ട്. കാൻസറിനു മുന്നോടിയായ മാറ്റങ്ങളെ (Pre-invasive disease) താപവ്യതിയാന ചികിത്സകൾ (cryotherapy, Thermal ablation),ലേസർ ചികിത്സ എന്നിവയിലൂടെ ഭേദമാക്കാം. അർബുദം ബാധിച്ചവരിൽ ആദ്യഘട്ടത്തിൽ സർജറി (ഗർഭാശയഗളവും ചുറ്റുമുള്ള കോശങ്ങളും നീക്കുന്നു) മതിയാകും. രോഗം അധികരിച്ചാൽ കീമോതെറപ്പിയും റേഡിയേഷനും വേണം. നാലാം ഘട്ടത്തിൽ സാന്ത്വന ചികിത്സ നൽകുന്നു. രോഗത്തെ കുറിച്ചുള്ള അവബോധം, ആരോഗ്യകരമായ ലൈംഗികപ്രവണതകൾ, വാക്സിനേഷൻ എന്നിവ വഴി ഗർഭാശയഗള അർബുദം തടയാം.
ഡോ. ആദർശ് ധർമ്മരാജൻ
അസോ. പ്രഫസർ
ഗൈനക്ക് ഒാങ്കോളജി വിഭാഗം
മലബാർ കാൻസർ സെന്റർ,
തലശ്ശേരി