“ഡോക്ടർ എനിക്ക് മറ്റ് പെൺകുട്ടികളെ പോലെ ഭംഗിയുള്ള വസ്ത്രം ധരിക്കാൻ പറ്റുന്നില്ല. എൻറെ ഇടുപ്പ് ഒരു വശത്തേക്ക് തള്ളി നിൽക്കുന്നു.. കൂടാതെ മുതുകിലും ഒരു മുഴ ഉണ്ട്...
ആദ്യം വലിയ ഇറുക്കമില്ലാത്ത ഉടുപ്പുകൾ ധരിച്ച് വൈകല്യത്തെ മറയ്ക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ ഏതു വസ്ത്രം ഇട്ടാലും വൈകല്യം കാണാം, അതുകൊണ്ട് കല്യാണം നടക്കുന്നില്ല".
സ്കോളിയോസിസ് ബാധിച്ച പെൺകുട്ടിയുടെ അവസ്ഥയാണ് മുകളിൽ വിവരിച്ചത്
*എന്താണ് സ്കോളിയോസിസ്* ?
നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവാണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തൻമൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്കു കൂടുതല്‍ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്‍റെ വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.
കാരണങ്ങൾ
ജന്മനാ കാണുന്ന വളവ് കൺജെനിറ്റൽ സ്കോളിയോസിസ് എന്നറിയപ്പെടുന്നു.
കൗമാരപ്രായക്കാരിലെ സ്കോളിയോസിസ് അഡോൾസെന്റ് ഇഡിയോപതിക് സ്കോളിയോസിസ് (adolescent idiopathic scoliosis)എന്നറിയപ്പെടുന്നു. ഇതിനുകാരണം ഇപ്പോഴും വ്യക്തമല്ല.
സെറിബ്രൽ പാൾസി, മസ്കുലര്‍ ഡിസ്ട്രോഫി, ന്യൂറോ ഫൈബ്രമറ്റോസിസ്, മയോപതി, പോളിയോ, ചില ജനതിക രോഗങ്ങൾ എന്നിവയുള്ളവർക്ക് നട്ടെല്ലിനെ സ്വാഭാവികമായി പിടിച്ച് നിർത്തുവാനുള്ള പേശികളുടെ ബലഹീനത കൊണ്ട് സ്കോളിയോസിസ് കണ്ടുവരാറുണ്ട്.
*ലക്ഷണങ്ങൾ*
സ്കോളിയോസിസ് പെൺകുട്ടികളിലാണേറെയും കണ്ടുവരുന്നത്. കൗമാരപ്രായത്തിലുള്ള സ്കോളിയോസിസാണ് സാധാരണയായി കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുൻപുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്കോളിയോസിസിന്റെ പ്രാരംഭദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്കു കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം ആദ്യമായി ശ്രദ്ധിക്കുന്നത്. ചില കുട്ടികളില്‍ ശരീരത്തിലുണ്ടാകുന്ന അഭംഗി മറയ്ക്കാനായി അധികം ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാറുമില്ല. അങ്ങനെ വളവിന്റെ തോത് കൂടുന്നത് ഒരുപക്ഷേ മാതാപിതാക്കള്‍ക്കും മനസ്സിലാകാറില്ല.
ശരീരത്തിനു വൈരൂപ്യം
നട്ടെല്ലിന്റെ വളവും കൂനം കൂടുന്നതനുസരിച്ച് ശരീരത്തിന്റെ വൈരൂപ്യം കൂടിക്കൂടിവരുന്നു. അതിനാൽ ചിലരിൽ അപകർഷതാ ബോധവും മാനസിക വിഷമവും അലട്ടാറുണ്ട്.
നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുവാൻ തുടങ്ങും. വേഗത്തിൽ നടക്കുമ്പോഴും പടികൾ കയറുമ്പോഴും ശ്വാസതടസം, കിതപ്പ് എന്നിവ ഉണ്ടാകാം. ചിലരിൽ ഹൃദയത്തേയും ബാധിച്ചേക്കാം. കൂടാതെ കാലുകളിലേക്ക് പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്.
ഇതുകൊണ്ടുതന്നെയാണ് കൃത്യസമയത്തുള്ള രോഗനിർണയവും അതിനനുസരിച്ചുള്ള ചികിത്സയും അത്യന്താപേക്ഷിതമാണ്.
ബെൽറ്റുകൾ മുതൽ ശസ്ത്രക്രിയ വരെ
സ്കോളിയോസിസ് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ഒരു വിദഗ്ധ സ്പൈന്‍ സര്‍ജന്റെ കീഴില്‍ ചികിത്സ തേടുന്നതാണ് അഭികാമ്യം. കാരണം വളവിന്റെ തോതനുസരിച്ച് ചികിത്സാരീതി മാറുന്നതിനാല്‍ സ്ഥിരമായി ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്. എക്സ്റേയില്‍ വളവിന്റെ വിശദാംശങ്ങള്‍ അറിയുവാന്‍ സാധിക്കും. ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്പൈനൽ ബ്രേസ്) ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂർണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്കോളിയോസിസ് 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കാലുകളിലേക്കു പോകുന്ന സുഷുമ്നാനാഡിയിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന നൂതന സാങ്കേതിക വിദ്യായായ ന്യൂറോമോണിറ്ററിങ് ഇപ്പോള്‍ ലഭ്യമാണ്.
കുട്ടികളില്‍ സര്‍ജറി കഴിഞ്ഞാൽ ഏതാനും ആഴ്ചകൾ കഴിയുമ്പോള്‍ സ്കൂളില്‍ പോകാന്‍ സാധിക്കും. പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ, ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ബാധിക്കുന്നതല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്. അതിനാല്‍ സ്കോളിയോസിസിനെ പറ്റി അറിയേണ്ടതും, അവശ്യ ചികിത്സ നേടേണ്ടതും അത്യാന്താപേക്ഷിതമാണ്.
സ്കോളിയോസിസൂം തെറ്റിദ്ധാരണകളും.
∙ അമിതമായ ഭാരമുള്ള സ്കൂൾബാഗ് ഇട്ടാൽ നട്ടെല്ല് വളയും എന്ന് പൊതുവേ പറഞ്ഞു കേൾക്കാറുണ്ട്-- തികച്ചും തെറ്റാണ്. അമിതഭാരമുള്ള സ്കൂൾബാഗ് നടുവിന് വേദനയും മറ്റ് പ്രശ്നങ്ങളും വരുമെങ്കിലും സ്കോളിയോസിസ് വരാറില്ല.
∙ അസ്ഥിവളർച്ച വളർച്ച തീരുന്നതുവരെ കാത്തിരുന്നതിനു ശേഷം മതിയോ സ്കോളിയോസിസിനുള്ള് ശസ്ത്രക്രിയ?
വളവിന്റെ തോതനുസരിച്ച് ഏതൊരു ഘട്ടത്തിലും ശസ്ത്രക്രിയ വേണ്ടിവന്നേക്കാം. ശരിയായ ചികിത്സ നൽകുന്നതിനുള്ള കാലതാമസം കുട്ടിയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ ബാധിച്ചേക്കാം.
സ്കോളിയോസിസ് ബാധിതരുടെ കൂട്ടായ്മ
കേരളത്തിലെ സ്കോളിയോസിസ് ബാധിച്ചവരുടെ കുടുംബങ്ങളുടെ കൂട്ടായ്മ 4 വർഷങ്ങൾക്കുമുമ്പ് ലേഖകന്റെ നേതൃത്വത്തിൽ രൂപമെടുത്തു. 200ൽ പരം സ്കോളിയോസിസ് ബാധിച്ചവരുടെ കുടുംബങ്ങൾ ഇതിൽ സജീവമായി പങ്കെടുക്കുന്നു. 'സ്കോളിയോസിസ് സപ്പോർട്ട് ഗ്രൂപ്പ്' എന്നാണ് ഈ കൂട്ടായ്മ അറിയപ്പെടുന്നത്.
ഡോ കൃഷ്ണകുമാർ ആർ.
കൺസൾട്ടന്റ് സ്പൈൻ സർജൻ, സ്പൈൻ സർജറി വിഭാഗം യൂണിറ്റ് മേധാവി,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം
( അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ സ്കോളിയോസിസ് റിസർച്ച് സൊസൈറ്റിയുടെ ഫെല്ലോ ആയി ലേഖകൻ പ്രവർത്തിച്ചിട്ടുണ്ട് )