Monday 09 October 2023 02:54 PM IST : By സ്വന്തം ലേഖകൻ

സിസേറിയൻ ആണെങ്കിലും അല്ലെങ്കിലും ആ ഇടവേള നിർബന്ധം: പ്രസവശേഷം ലൈംഗികത: അറിയേണ്ടതെല്ലാം

sex mistakes

പ്രസവശേഷം സ്ത്രീകളുെട മനസ്സിനും ശരീരത്തിനും ഒട്ടേറെ മാറ്റങ്ങൾ സംഭവിക്കുന്നു. അമ്മ എന്ന പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സ്ത്രീകളിൽ പ്രസവത്തെ തുടർന്ന് ഉണ്ടാകുന്ന ശാരീരികമായ വേദനകളും പ്രയാസങ്ങളും മാറാൻ ദിവസങ്ങളോ ചിലപ്പോൾ മാസങ്ങളോ വേണ്ടിവന്നേക്കാം. ഇതിനിെട പ്രസവത്തിനു മുൻപുള്ള സജീവ ലൈംഗികജീവിതത്തിലേക്കു കടക്കാൻ മിക്ക സ്ത്രീകൾക്കു അൽപം സമയം വേണ്ടിവരും. ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. അവ മനസ്സിലാക്കി പിന്തുണ നൽകുന്ന പങ്കാളി കൂടിയുണ്ടെങ്കിൽ സ്ത്രീകൾക്കു പ്രസവശേഷം ലൈംഗികജീവിതം ആസ്വദിക്കാൻ സാധിക്കും.

പ്രസവത്തിനു മുൻപുള്ള അവസ്ഥയിലെത്താൻ സ്ത്രീക്ക് ഏകദേശം ആറ് ആഴ്ച വേണ്ടിവരുമെന്നാണ് കണക്ക്.

കുഞ്ഞിനെ ഉൾക്കൊള്ളാൻ വേണ്ടി അടിവയർ പേശികളും പെൽവിക് ഫ്ലോർ പേശികളും വലിയുന്നതു കാരണവും ഹോർമോൺ പ്രവർത്തനം കാരണം യോനീനാളത്തിലെ മാംസപേശികൾ അൽപാൽപമായി അയയുന്നു. അതുകൊണ്ട് സിസേറിയൻ ആണെങ്കിൽ പോലും യോനീനാളം അയഞ്ഞതുപോലെ അനുഭവപ്പെടാം. സാധാരണ പ്രസവശേഷം യോനീനാളത്തിന്റെ മുറുക്കം ആറ് ആഴ്ച കഴിയുമ്പോഴെക്കും 90–95 ശതമാനം വരെ പ്രസവപൂർവ സ്ഥിതിയിലേക്കു വരാം. ലൈംഗികബന്ധത്തിനിടെ യോനീനാളം അയഞ്ഞിരിക്കുന്നതു ചില പങ്കാളികൾക്കു പ്രശ്നമാണ്.

ലൈംഗികബന്ധം എപ്പോൾ?

പ്രസവശേഷം എത്ര നാൾ കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടാം എന്നതിനെ കുറിച്ച് കൃത്യമായ നിർദേശങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും നാല് മുതൽ ആറ് ആഴ്ച വരെ കാത്തിരിക്കുന്നതാണ് നല്ലത്, പ്രസവം സിസേറിയൻ ആ ണെങ്കിലും സാധാരണ പ്രസവമാണെങ്കിലും. ഈ ഇടവേള നിർദേശിക്കുന്നതിനു ചില കാരണങ്ങളുണ്ട്. പ്രസവശേഷം രണ്ട് മുതൽ മൂന്നാഴ്ച വരെ യോനിയിൽ നിന്ന് ഡിസ്ചാർജ് ഉണ്ടാകും. കൂടാതെ യോനിയിലെ മുറിവ് ഭേദമാകാൻ സമയമെടുക്കും. മാത്രമല്ല പ്രസവശേഷം അമ്മ ക്ഷീണിതയായിരിക്കും. നവജാതശിശുവിന്റെ പരിചരണവും മറ്റും കാരണം ശരിയായ ഉറക്കം ലഭിക്കാതെ വരും. അമ്മ എന്ന പുതിയ ഉത്തരവാദിത്തത്തോട് ഇണങ്ങിവരാനും സ്ത്രീയ്ക്കു അൽപ്പം സമയമെടുക്കും.

സാധാരണ പ്രസവത്തിൽ എപ്പിസിയോട്ടമി മുറിവ് (കുഞ്ഞിന്റെ തല ഇറങ്ങിവരുമ്പോൾ പേശികൾ വലിഞ്ഞു പൊട്ടി മുറിവുകൾ ഉണ്ടാകുന്നതു തടയാൻ ലോക്കൽ അനസ്തീസിയ നൽകി യോനീഭാഗത്ത് ചെരിച്ച് നാലഞ്ചു സെ. മീ നീളത്തിൽ ചെറിയൊരു മുറിവ് ഇട്ടുകൊടുക്കും. ഇതിന് എപ്പിസിയോട്ടമി എന്നാണ് പറയുക. ) വലുതാണെങ്കിൽ ലൈംഗികബന്ധം ആറ് ആഴ്ച കഴിഞ്ഞ് മതിയാകും. കാരണം ഈ മുറിവ് ഭേദമാകുന്നതിനു മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് സ്ത്രീക്കു വേദനാജനകമായിരിക്കും. അതിനാൽ മുറിവ് ഉണക്കാൻ ശരീരത്തിനു സമയം നൽകുക.

പ്രസവശേഷം അടിവയറിലെ പേശികൾ അയഞ്ഞ്, തൂങ്ങിക്കിടക്കുകയായിരിക്കും. ഇതു കാരണം അടിവവയറിലെ ചർമവും ഇതേ അവസ്ഥയിൽ തന്നെയാവും. ചർമവും േപശികളും പൂർവസ്ഥിതിയിലാകാൻ ഏകദേശം ആറാഴ്ചയോളം എടുക്കും. വ്യായാമത്തിലൂെട വേഗം തന്നെ ഫലം ലഭിക്കും.

എന്തുകൊണ്ടു വേദന?

സാധാരണ പ്രസവമാണെങ്കിലും യോനിയിൽ വരുത്തുന്ന എപ്പിസിയോട്ടമി മുറിവിൽ തുന്നൽ ഉണ്ടാകും. ഇതു ഭേദമാകാൻ സമയമെടുക്കും. അതിനു മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് വേദന ഉ ണ്ടാക്കും. മാത്രമല്ല പ്രസവശേഷമുള്ള ആദ്യ ആഴ്ചകളിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം സ്ത്രീക്കു ലൈംഗികതാൽപര്യം കുറവായിരിക്കും. യോനീവരൾച്ചയും അനുഭവപ്പെടാം.

സിസേറിയൻ ആണെങ്കിൽ കുഞ്ഞിനെ പുറത്തെടുക്കാൻ അടിവയറ്റിൽ ഇടുന്ന മുറിവിൽ തുന്നലുകൾ ഉണ്ടാകും. ഇതു ഭേദമാകാനും സമയം വേണം. മാത്രമല്ല മുറിവ് ഉണങ്ങാതെ ലൈംഗികബന്ധത്തിൽ ഏ ർപ്പെട്ടാൽ അടിവയറിൽ ഉണ്ടാകുന്ന സമ്മർദം വേദനയ്ക്കു കാരണമാകും.

ഗർഭത്തിന്റെ അവസാന ട്രൈമസ്റ്ററിലും പ്രസവത്തോടനുബന്ധിച്ചും പെൽവിക് ഫ്ലോർ പേശികൾ വലിയുന്നതു കാരണം പരുക്കു പറ്റാം. ഇതും ലൈംഗികബന്ധത്തിനു തടസ്സം സൃഷ്ടിക്കാം.

താൽപര്യക്കുറവ് വരുത്താം

ഗർഭകാലത്തു സ്ത്രീകൾക്കു 10–15 കിലോ വരെ ശരീരഭാരം വർധിക്കാം. ചിലർ ഗർഭകാലത്തു രണ്ടുപേർക്കുള്ള ഭക്ഷണം എന്ന നിലയിൽ അമിതമായ ഭക്ഷിച്ച് അമിതഭാരം വരുത്തുന്നു. കൂടാതെ പ്രസവശേഷം പ്രസവരക്ഷ എന്ന പേരിൽ കഴിക്കുന്ന നെയ്യ് കലർന്ന മരുന്നുകളും മറ്റും വീണ്ടും ശരീരഭാരം വർധിപ്പിക്കാം. പ്രസവശേഷമുള്ള പൂർണവിശ്രമം കൂടിയാകുമ്പോൾ സാമാന്യം നല്ല രീതിയിൽ സ്ത്രീകൾ വണ്ണം വയ്ക്കും. സ്വന്തം ശരീരത്തിൽ വന്ന ഈ മാറ്റം പലപ്പോഴും സ്ത്രീകൾക്കു ഉൾക്കൊള്ളാൻ കഴിയില്ല. പലരിലും അപകർഷതാ ബോധം ഉടലെടുക്കും. ഭർത്താവിനു തന്നിലുള്ള താൽപര്യം കുറയുമോ തുടങ്ങിയ ഭയം മനസ്സിൽ രൂപപ്പെടും. പലപ്പോഴും ഇത്തരം ബാലിശമായ ചിന്തകൾ സ്ത്രീകളിൽ ലൈംഗികതാൽപര്യം കുറയാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ പങ്കാളിയുെട പിന്തുണയോടെ പ്രശ്നപരിഹാരം നടത്താം. ആവശ്യമെങ്കിൽ ഡോക്ടറുെട സേവനം തേടാം.

pregnancy-q-and-a

ഹോർമോണിന്റെ കളികൾ

പ്രസവം കഴിഞ്ഞുടൻ ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുെട നിരക്കു വളരെ കുറവായിരിക്കും. കൂടാെത മുലപ്പാൽ ഉൽപാദനത്തിനു സഹായിക്കുന്ന പ്രോലാക്ടിൻ ഹോർമോൺ, ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ ഹോർമോണുകളുെട പ്രഭാവം കുറയ്ക്കും. ഇതു ചെറിയ രീതിയിൽ ലൈംഗികതാൽപര്യക്കുറവിനു കാരണമാകാം. യോനീഭാഗത്ത് അനുഭവപ്പെടുന്ന വരൾച്ച ഈ ഹോർമോണുകളുെട പ്രവർത്തനവ്യത്യാസം കാരണമാണ്.

പോസ്റ്റ്പാർട്ടം ബ്ലൂസ് (പ്രസവശേഷം രണ്ട് മൂന്നു ദിവസത്തിനുള്ളിൽ വരാം. എപ്പോഴും സങ്കടവും കരച്ചിലും ആയിരിക്കും. 1–2 ആഴ്ച കൊണ്ടു തനിയെ മാറും.) അവസ്ഥയിലും ലൈംഗികതാൽപര്യം കുറവായിരിക്കാം. ഇവർക്കും ലൈംഗികത ആസ്വദിക്കാനുള്ള മൂഡ് ഉണ്ടാകാൻ കുറച്ചു സമയമെടുക്കും.

ലൂബ്രിക്കന്റുകൾ

പ്രസവശേഷമുള്ള യോനീ വരൾച്ച‌ പരിഹരിക്കാൻ ലൂബ്രിക്കന്റുകൾ ഉപയോഗിക്കാം. ലൈംഗികബന്ധത്തിൽ ഏർപ്പെടും മുൻപ് മൂത്രസഞ്ചി ശൂന്യമാക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. ചൂടുവെള്ളത്തിലെ കുളി യോനീമുറിവ് പൂർണമായി ഭേദമാകാൻ സഹായിക്കും. വേദന നീണ്ടുനിൽക്കുകയാണെങ്കിൽ വൈദ്യസഹായം തേടണം.

പ്രസവശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സമയവും സാഹചര്യവും പ്രധാനമാണ്. ഉറക്കകുറവ്, ക്ഷീണം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ ൈലംഗികബന്ധത്തിനു ശ്രമിക്കാതിരിക്കുന്നതാണ് നല്ലത്.

മുലയുട്ടുന്നത് ലൈംഗികതാൽപര്യക്കുറവിനു കാരണമാകും എന്ന ധാരണ തെറ്റാണ്. മുലയൂട്ടൽ ലൈംഗികബന്ധത്തെ ദോഷകരമായി ബാധിക്കുകയില്ല എന്നു മാത്രമല്ല സുരക്ഷിതമായ ലൈംഗികബന്ധത്തിനു സഹായകവുമാണ്. മുലയുട്ടുമ്പോ ൾ ഗർഭിണിയാകാനുള്ള സാധ്യത കുറവാണല്ലോ.

pregnancy-tips

ഗർഭനിരോധന മാർഗങ്ങൾ

പ്രസവം കഴിഞ്ഞശേഷം ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത് സജീവമായ ലൈംഗികജീവിതത്തിനു സഹായകരമാണ്.

പ്രസവശേഷം വീണ്ടും ഗർഭിണിയാകുന്നതിനു രണ്ട് മുതൽ അഞ്ച് വർഷമാണ് പൊതുവായി പറയുന്ന ഇടവേള. രണ്ട് വർഷമെങ്കിലും ഇടവേള എടുക്കണം. അതിനാൽ ആദ്യ പ്രസവം കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ട് വർഷംവരെയെങ്കിലും ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്.

സിസേറിയൻ ആണെങ്കിൽ ചുരുങ്ങിയത് 6 മാസമെങ്കിലും കഴിഞ്ഞേ വീണ്ടും ഗർഭിണിയാകാൻ പാടുള്ളൂ. 18 മാസത്തെ ഇടവേളയാണ് മികച്ചതെങ്കിലും ആറ് മാസത്തെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം.

പലതരത്തിലുള്ള ഗർഭനിരോധന മാർഗങ്ങളുണ്ട്. മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ചടത്തോളം മുലയൂട്ടുന്നതാണ് ഏറ്റവും മികച്ച ഗർഭനിരോധന മാർഗം. 98 ശതമാനം ഫലപ്രദമായ മാർഗമാണിത്. പ്രസവശേഷം മുലയൂട്ടുന്നില്ലെങ്കിലോ മുലയൂട്ടുന്നത് കുറവോ ആണെങ്കിലോ നാല് ആഴ്ച കഴിയുമ്പോൾ തന്നെ അണ്ഡോൽപാദനം ആരംഭിക്കും.

ഉറകൾ ധരിക്കാം

വളരെ ഫലപ്രദമായ ഗർഭനിരോധന മാർഗമാണ് ഉറകൾ അഥവാ കോണ്ടം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്നതുണ്ട്. പുരുഷന്മാരുെട ഉറകൾ ലളിതമായ ഉപയോഗിക്കാമെന്നതിനാൽ അവയാണ് കൂടുതൽ ദമ്പതികളും തിരഞ്ഞെടുക്കുന്നത്. പ്രസവശേഷം ആർത്തവചക്രം ക്രമമായിരിക്കില്ല. അതിനാൽ ഒാരോ തവണ ബന്ധപ്പെടുമ്പോഴും ഉറ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാൽ ബന്ധപ്പെടുമ്പോൾ ഉറ വഴുതി പോകാനും കീറിപ്പോകാനും സാധ്യതയുണ്ട്. സ്ത്രീകൾക്കുള്ള ഉറയ്ക്ക് (ഫീമെയിൽ കോണ്ടം) കാര്യമായ പ്രചാരം ലഭിച്ചിട്ടില്ല. ഏതാണ്ട് ഏഴ് ഇഞ്ച് നീളം വരുന്ന ഒരുവശം അടഞ്ഞ ബാസ്ക്കറ്റ് ബോൾ നെറ്റിനോട് സാമ്യമുള്ളവയാണ് സ്ത്രീകളുെട കോണ്ടം. രണ്ടഗ്രത്തും ഒാരോ വളയങ്ങളുണ്ട്.

സെർവിക്കൽ ക്യാപ്, ഡയഫ്രം, സ്പോഞ്ച് തുടങ്ങിയവയും സ്ത്രീകൾക്കുള്ള ഗർഭനിരോധന മാർഗങ്ങളാണ്.

മറ്റൊരു ഫലപ്രദമായ മാർഗമാണ് കോപ്പർ ടി. ഗർഭാശയത്തിലേക്കു നിക്ഷേപിക്കുന്ന, ഇൻട്രായൂട്ടറൈൻ ഡി വൈസ് (ഐയുഡി) എന്നറിയപ്പെടുന്ന ഉപകരണമാണ് കോപ്പർ ടി. വളരെയധികം സുരക്ഷിതവും വേദനാരഹിതവുമായ മാർഗമാണിത്. ആശുപത്രി ഒപി അഡ്മിഷൻ ആയിട്ടാണ് കോപ്പർ ടി നിക്ഷേപിക്കുക. വളരെ ചെലവു കുറഞ്ഞ മാർഗമാണിത്. മൂന്നു മുതൽ പത്ത് വർഷത്തേക്കു വരെ കോപ്പർ ടി ധരിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ തന്നെ കോപ്പർ ടി നിക്ഷേപിക്കാം. അല്ലെങ്കിൽ ആറ് ആഴ്ചകൾക്കു ശേഷം.

ഹോർമോൺ മാർഗം

ഹോർമോൺ അടങ്ങിയ ഗുളികകൾ നിലവിലുണ്ട്. പ്രൊജസ്റ്ററോൺ മാത്രം അടങ്ങിയതും പ്രൊജസ്റ്ററോണും ഈസ്ട്രജനും ഒരുമിച്ച് അടങ്ങിയ ഗുളികകളും ലഭ്യമാണ്. വളരെ ചെലവു കുറഞ്ഞ മാർഗമാണിത്. ഇവ ദിവസവും ഉപയോഗിക്കണം.

ഹോർമോൺ അടങ്ങിയ ഐയുഡികളും നിലവിലുണ്ട്. ഇവ മൂന്ന് മുതൽ ഏഴ് വർഷത്തേക്കു വരെ ധരിക്കാം.

ഹോർമോൺകുത്തിവയ്പുകളും ഗർഭനിരോധന മാർഗമായി സ്വീകരിക്കാം. പ്രൊജസ്റ്ററോൺ ഹോർമോൺ അടങ്ങിയ കുത്തിവയ്പു മൂന്നു മാസത്തിലൊരിക്കൽ സ്ത്രീകൾക്കു നൽകിയാൽ മതി.

മൂന്നു മുതൽ അഞ്ച് വർഷം വരെ ഉപയോഗിക്കാവുന്ന ഇംപ്ലാന്റുകൾ (ഹോർമോൺ അടങ്ങിയ ചെറിയ ദണ്ഡ് ചർമത്തിനടിയിൽ സ്ഥാപിക്കുന്നു. ഇതിൽ നിന്ന് ഗർഭനിരോധന ഹോർമോൺ ദിവസേന ശരീരത്തിനു ലഭിക്കും), ഹോർമോണുകളടങ്ങിയ പാച്ചുകൾ (ബാൻഡേജ് പോലെ തൊലിപ്പുറത്തു ഒട്ടിക്കാവുന്നത്), ഹോർമോണുകളടങ്ങിയ ഗർഭനിരോധനവളയങ്ങൾ‌ തുടങ്ങിയവയും ഗർ‍ഭനിരോധന മാർഗങ്ങളാണ്. ഇത്തരം ഹോർമോൺ അടങ്ങിയ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത് ഡോക്ടറുെട നിർദേശപ്രകാരം മാത്രമായിരിക്കണം.

പ്രസവം കഴിഞ്ഞ് കൃത്യമായ ഇടവേളയെടുത്ത്, മനസ്സൊരുക്കി, ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചാൽ പ്രസവശേഷമുള്ള ലൈംഗികത ആസ്വാദ്യകരമാക്കാം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. നിത്യ ചെറുകാവിൽ

കൺസൽറ്റന്റ്
ഗൈനക്കോളജിസ്റ്റ്
ഇന്ദിരാഗാന്ധി കോ–
ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ
കടവന്ത്ര, എറണാകുളം