മുഖത്തെ പേശികൾക്കു വേണ്ടത്ര ചലനവും ചർമത്തിനു സുലഭമായി രക്തയോട്ടവും ലഭിച്ചാൽ ചർമത്തിനു തുടിപ്പും കാന്തിയും എന്നും നില നിൽക്കും. മുഖ ചർമത്തിനു തിളക്കവും സൗന്ദര്യവും യൗവനവും തിരിച്ചു പിടിക്കാനുള്ള എളുപ്പവഴികളിലൊന്നാണു മുഖത്തു സ്വയം ചെയ്യാവുന്ന ഫേഷ്യൽ മസാജുകൾ. നെറ്റിയിലേയും മറ്റും ചുളിവുകൾ മാറ്റാനും മുഖം അയഞ്ഞുതൂങ്ങൽ ഒഴിവാക്കാനും ഇവ വളരെ ഫലപ്രദമാണ്.
മുഷ്ടി മസാജ്
മുഖം അയഞ്ഞു തൂങ്ങുന്നത് ഒഴിവാക്കാനും മുഖപേശികളിലേക്കു വേണ്ടത്ര രക്തയോട്ടം കിട്ടാനും സഹായിക്കുന്ന ഒരു മസാജാണ് ഇത്. ഈ മസാജുകളെല്ലാം ദിവസവും കുളിക്കുന്നതിനു മുൻപു ചെയ്യുന്നതാണ് സൗകര്യപ്രദം. അടുത്ത പേജിൽ വിശദീകരിക്കുന്ന പോലെ എണ്ണ പുരട്ടി സ്നിഗ്ധമാക്കിയ ശേഷമാണ് ഇതു ചെയ്യേണ്ടത്. മുഖചർമം വരണ്ടത് ആയാലും എണ്ണമയമുള്ളത് ആയിരുന്നാലും എണ്ണ പുരട്ടി കൂടുതൽ എണ്ണമയമുള്ളത് ആക്കിയതിനു ശേഷം മാത്രമേ ഫേഷ്യൽ മസാജുകൾ ആരംഭിക്കാവൂ
∙ ഇടതു വശത്തുള്ള പ്രധാന ചിത്രത്തിൽ കാണുന്നപോലെ വിരൽമടക്കി മുഷ്ടി താടിയെല്ലിനു സമാന്തരമായി (ജോ ലൈന്‍) ചേർത്തു വയ്ച്ച ശേഷം കൈകൾ അമർത്തി മുകളിലേക്കു നീക്കുക. കണ്ണിനു താഴെ ചീക്ക് ബോൺ വരെ ഇങ്ങനെ മസാജ് ചെയ്യാം.
∙ മുകളിലെത്തുമ്പോൾ കൈകൾ വേർപെടുത്തി താഴെനിന്നും വീണ്ടും ആവർത്തിക്കാം. 10 തവണ ചെയ്യാം.
∙ ഒരു കാരണവശാലും വിപരീതദിശയിൽ അതായതു മുകളിൽനിന്നും താഴേക്കു മസാജ് ചെയ്യരുത്.
സൈനസ് ഡ്രെയ്നിങ് മൂവ്മെന്റ്
സൈനസൈറ്റിസിന് പ്രശ്നങ്ങളുള്ളവർക്ക് അതിന്റെ തീവ്രത കുറയ്ക്കാനും സഹായിക്കുന്ന മസാജാണ്. കണ്ണിനും കാഴ്ചയ്ക്കും കൂടുതൽ ഗുണം നൽകുന്നതിനൊപ്പം കണ്ണിനു താഴെയുള്ള കറുത്തപാട് കുറയ്ക്കാനും നല്ലത്. ∙ചിത്രം–1ൽ കാണിച്ചിരിക്കുന്നതുപോലെ ചൂണ്ടുവിരൽ മാത്രമായോ ചൂണ്ടുവിരലും നടുവിരലും ചേർത്തോ മൂക്കിന്റെ മുകൾ ഭാഗത്തു ചേർത്തുവെച്ച് അവിടെ നിന്നും വായുടെ വശങ്ങൾ വരെ എത്തുന്ന വിധം താഴേക്ക് വലിച്ചു വിടുന്നു. മുകളിൽ നിന്നും താഴേക്ക് മാത്രമേ വിരലുകൾ ചലിപ്പിക്കാം. ഇടത്തരം സമ്മര്‍ദം മതി.
ഐ ബ്രോ മൂവ്മെന്റ്
പുരികത്തിന്റെ ആകൃതി മെച്ചപ്പെടുത്താനും ഭംഗി കൂടാനും സഹായിക്കുന്ന ഒരു മസാജ് രീതിയാണിത്. പുരികം കുറഞ്ഞവർക്ക് അതു കൂട്ടാനും ഈ മസാജ് ഉപകരിക്കും.
∙മൂക്കിനു മുകളിൽ പുരികം ആരംഭിക്കുന്ന ഭാഗത്തു ചൂണ്ടുവിരലുകൾ ചേർത്തു വയ്ക്കുക. ∙ തുടർന്ന് മീഡിയം സമ്മർദത്തിൽ വിരൽ കൊണ്ട് പുരികം വരയ്ക്കുക. പുരികത്തിന്റെ അഗ്രം എത്തിയാൽ അവിടെ നിർത്താതെ അല്പം കൂടി നീട്ടി വരയ്ക്കാൻ ശ്രദ്ധിക്കണം. വിരൽ വേർപെടുത്തിയശേഷം ആവർത്തിക്കാം. ഒരുകാരണവശാലും തിരികെ വരയ്ക്കരുത്.
സിഗ്സാഗ് മൂവ്മെന്റ്
പ്രായമേറുന്നതിന്റെയും പിരിമുറുക്കത്തിന്റെയും ലക്ഷണങ്ങളിലൊന്നാണു നെറ്റിയിലെ ചുളിവുകൾ. ഇത് മാറ്റാനുള്ള ഫലപ്രദമായ രീതിയാണ് സിഗ്സാഗ് മസാജ്.
∙ ഇരുകൈകളിലേയും ചൂണ്ടുവിരലുകൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ ആദ്യം നെറ്റിയുടെ ഒരുവശത്തു വെച്ചശേഷം വിരലുകൾ വിപരീതദിശയിൽ ചലിപ്പിച്ചു തുടങ്ങുക. ഇങ്ങനെ സഞ്ചരിപ്പിച്ച് നെറ്റിയുടെ മറുവശം വരെ എത്തിക്കഴിഞ്ഞാൽ വിരലുകൾ അതേ രീതിയിൽ ചലിപ്പിച്ചുകൊണ്ട് തന്നെ തിരിച്ചു വരാം. ഇടത്തരം സമ്മർദത്തിൽ 10 തവണവരെ ഇതു ചെയ്യാം.
ജോ ലൈൻ മൂവ്മെന്റ്
ഇരട്ടത്താടി മാറാനും താടിയെല്ലുകൾ തെളിഞ്ഞ മുഖത്തിന് ആകൃതി മെച്ചപ്പെടാനും സഹായിക്കുന്ന ഒരു മസാജാണിത്.
∙ ഈ പ്രധാന ചിത്രത്തിൽ കാണുന്ന പോലെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് താടിയുടെ മുൻഭാഗത്ത് ‘പിഞ്ചു’ ചെയ്യുന്നപോലെ പിടിക്കുക. തുടർന്ന് കൈ എടുക്കാതെ, താടിയെല്ലിലൂടെ തന്നെ ചെവിയുടെ താഴ് വശം എത്തുന്നതുവരെ വിരലുകൾ നീക്കുക. ഇതും വിപരീത ദിശയിൽ ചെയ്യരുത്. ചെവിയുടെ താഴെ നിന്നും കൈ വേർപെടുത്തി താടിയുടെ മുൻ ഭാഗത്തുനിന്നും പുനരാരംഭിക്കുക. 10 തവണ ചെയ്യാം.
മിക്കി മൗസ് മൂവ്മെന്റ്
മുഖത്തെ പ്രത്യേകിച്ചും ചുണ്ടിനു ചുറ്റുമുള്ള ചുളിവുകൾ കുറ യ്ക്കാൻ സഹായിക്കുന്ന മസാജ് ആണിത്. ∙എണ്ണ തേയ്ക്കുന്ന സമയത്തു ചെയ്ത പോലെ ഇരുകൈകളും മൂക്കിനോടു ചേർത്തു കൂപ്പി പിടിക്കുക. അപ്പോൾ മൂക്കിനോടു ചേർന്നു വരുന്ന ചൂണ്ടുവിരൽ തള്ളവിരൽ ഭാഗങ്ങൾ ഇടത്തരം സമ്മർദത്തിൽ അമർത്തി പുറകിലേക്ക് വലിച്ച് ചെവിയുടെ മുൻവശം എത്തിക്കുക. കൈകൾ പുറകിലേക്കു നീക്കുന്ന സ മയത്ത് ചുണ്ടുകൾ ഒരു എലിയുടെ ചുണ്ടു പോലെ മുന്നിലേക്കു ചേർത്തു പിടിക്കുകയും വേണം. തുടർന്ന് കൈകൾ വേർപെടുത്തി മസാജ് ആവർത്തിക്കാം.
ഇയർ ലോബ് മസാജ്
പിരിമുറുക്കം മുഖസൗന്ദര്യം ഇല്ലാതാക്കും. പിരിമുറുക്കം പെട്ടെന്ന് കുറയ്ക്കുന്ന ഒരു മാർഗമാണിത്. ഇതിലൂടെ മുഖപേശികൾ അയയുകയും മുഖം കൂടുതൽ ഭംഗിയുള്ളതാവും.
∙ ഈ ചിത്രത്തിൽ കാണുന്ന പോലെ, ചെവിയുടെ ലോബിൽ അതായത് ചെവിയിൽ കമ്മലിനു കുത്തുന്ന ഭാഗം– ആ മാംസളമായ ആ ഭാഗത്തു തള്ള വിരലും ചൂണ്ടു വിരലും കൊണ്ടു പിടിക്കുന്നു. തുടർന്നു ചെറുതായി വിരലുകൾകൊണ്ട് തിരുമ്മി കൊടുക്കുക. തീരുമ്പോൾ താഴേക്കു വലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒരുമിനിറ്റു നേരം വരെ ചെയ്താൽ മതിയാകും. പെട്ടെന്നു പിരിമുറുക്കം അ യഞ്ഞുപോകും.
വെർജിൻ കോക്കനട്ട് ഓയിലും വൈറ്റമിൻ ഇ ക്യാപ്സൂളും
മസാജിന് അനുയോജ്യമായ എണ്ണ വെർജിൻ കോക്കനട്ട് ഓയിൽ ആണ്. ബദാം എണ്ണയോ ഒലിവ് എണ്ണയോ ഉപയോഗിക്കാം. എണ്ണ പുരട്ടാതെ മസാജ് ചെയ്യാൻ ശ്രമിച്ചാൽ ചർമം വലിഞ്ഞു പൊട്ടാനുള്ള സാധ്യതയുണ്ട്. ഒരു നേരത്തേയ്ക്ക് ഏകദേശം ഒരു സ്പൂൺ എണ്ണ മതിയാകും. മസാജ് ചെയ്യുന്നതിനിടയിൽ എണ്ണമയം കുറവാണ് എന്നു തോന്നിയാൽ വീണ്ടും എണ്ണ പുരട്ടാൻ ശ്രദ്ധിക്കണം.
തേയ്ക്കേണ്ട വിധം: അൽപം വെർജിൻ കോക്കനട്ട് ഓയിൽ കയ്യിലേക്കു പകർന്ന ശേഷം അതു കൈപ്പത്തികൾക്കുള്ളിലായി പരസ്പരം തേച്ചുപിടിപ്പിക്കുക. തുടർന്ന് മൂക്കിനോട് ചേർത്ത് കൈകൾ കൂപ്പുകൈ പോലെ പിടിച്ച് മുഖത്ത് ഇരുവശത്തേക്കും കൈപ്പത്തികൾ ചേർത്തു അമർത്തി ചെവിയുടെ അടുത്ത് എത്തുന്നതുവരെ എണ്ണ തേയ്ക്കുക. ഇത് ഏതാനും തവണ ആവർത്തിച്ചു മുഖം മുഴുവൻ എണ്ണ എത്തി എന്ന് ഉറപ്പുവരുത്തുക. ഒരു നേരത്തേയ്ക്കായി എടുക്കുന്ന എണ്ണയിൽ വൈറ്റമിൻ ഇ യുടെ ഒരു ക്യാപ്സൂൾ കൂടി പൊട്ടിച്ചൊഴിച്ചാൽ ചർമത്തിന് ഏറെ പോഷകപ്രദവുമാകും.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അഖില വിനോദ്നാച്യുറോപ്പതി കൺസൽറ്റന്റ്, യോഗ തെറപ്പിസ്റ്റ്
യോഗാശ്രം, പാലാരിവട്ടം
എറണാകുളം