Tuesday 29 June 2021 12:14 PM IST : By Staff Reporter

ഭൂമിയിൽ സ്വർഗം കണ്ടതിന്റെ അനുഭൂതിയുമായി ലക്ഷ്മി നായർ

3 - lakshmi

പ്രാദേശിക വിഭവങ്ങളുടെ രുചിതേടി യാത്ര ചെയ്യുന്ന ലക്ഷ്മി നായർ ഇതാ കശ്മീരിൽ. കശ്മീർ യാത്രയുടെ ഓർമകൾ വിഡിയോയും ചിത്രങ്ങളുമായി ലക്ഷ്മി നായർ പങ്കുവച്ചു. ചെന്നിറങ്ങുന്ന സ്ഥലത്തിന്റെ മാത്രമല്ല വഴിയോരക്കാഴ്ചയുടെ ഭംഗിയും ആസ്വദിക്കുന്ന യാത്രികയാണു ലക്ഷ്മി. അതിനാൽത്തന്നെ റോഡ് യാത്രകളാണു പ്രിയം. കശ്മീർ യാത്രയിലും പതിവുരീതി മാറ്റിയില്ലെന്നു ലക്ഷ്മി പറയുന്നു. ഡൽഹിയിൽ നിന്നു കശ്മീർ വരെയുള്ള വഴിയോരക്കാഴ്ചകളും വിഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.

ഭൂമിയിലെ സ്വർഗമെന്നു കശ്മീരിനെ വിശേഷിപ്പിക്കാനുണ്ടായ സാഹചര്യം ക്യാമറയിലൂടെ ലക്ഷ്മി കാണിച്ചു തരുന്നു. കല്ലുപയോഗിച്ചു നിർമിച്ച വീടു കണ്ട് എന്താണെന്നു നോക്കാൻ മലയോരത്തു പോയി. ധാന്യം പൊടിക്കുന്ന മില്ലായിരുന്നു അത്. കശ്മീരിൽ ഭക്ഷണം നിർമിക്കുന്ന സ്ഥാപനങ്ങൾ പോലും ഉപയോഗിക്കുന്നത് അരുവികളിലെ വെള്ളമാണ്. അദ്ഭുതങ്ങളുടെ ഭൂമിയാണു കശ്മീർ.

4 - lakshmi

കശ്മീരിൽ കാണാനുള്ളതെല്ലാം അതിഗംഭീരമെങ്കിലും റോഡ് തീരെ മോശമാണ്. ശ്രീനഗറിലേക്കു പ്രവേശിക്കുന്ന ജവഹർ ടണലിലൂടെ യാത്ര ചെയ്തത് മറക്കാനാവാത്ത അനുഭവമായി. ടണലിൽ നിന്നു പുറത്തേയ്ക്കു കടന്നപ്പോൾ പ്രകൃതി സ്വാഗതം ചെയ്യുന്നതായി തോന്നി. മഞ്ഞു പെയ്യുന്നതു കണ്ടു. കശ്മീരിലെ തടാകങ്ങളുടെ കുളിര് ആസ്വദിച്ചു. സോനാമാർഗിൽ സഞ്ചാരികളുമായി സവാരി നടത്തുന്നതു കഴുതകളാണ്. ജീവിതത്തിൽ ആദ്യമായി അങ്ങനെയൊരു യാത്രയും നടത്തി.

കശ്മീരികളുടെ സൗന്ദര്യവും ലക്ഷ്മി വർണിക്കുന്നു. മേക്കപ്പ് ഇല്ലെങ്കിലും സൗന്ദര്യമുള്ളവരാണ് ശ്മീരിലുള്ളവർ. അത്രയും ഭംഗിയുള്ള ആളുകൾ വേറെ എവിടെയുമുണ്ടെന്നു തോന്നുന്നില്ല. ആണുങ്ങളും പെണ്ണുങ്ങളും സുന്ദരന്മാരും സുന്ദരികളുമാണ്. ഗഗൻഗീർ ഗ്രാമത്തിൽ താമസിക്കുന്നവരെ കണ്ടതിനു ശേഷമാണ് ഈ അഭിപ്രായ പ്രകടനം.

ശ്രീനഗറിലെ പ്രശസ്തമായ ഹസ്രത് മഹൽ സന്ദർശിച്ചു. മുഹമ്മദ് നബിയുടേതെന്നു കരുതപ്പെടുന്ന തലമുടി സൂക്ഷിച്ചിട്ടുള്ള ആരാധനാലയമാണു ഹസ്രത് മഹൽ. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ ഇവിടെ തീർഥാടകരായി എത്തുന്നു.

മഞ്ഞു പെയ്യുന്ന കശ്മീർ താഴ്‌വരയുടെ സൗന്ദര്യം മനസ്സു നിറഞ്ഞ് ആസ്വദിച്ചുവെന്നു വിഡിയോയിലൂടെ ലക്ഷ്മി നായർ പറയുന്നു.