പലതരം യാത്രകളുണ്ടായിട്ടുണ്ട് ജീവിതത്തിൽ. കുട്ടിക്കാലത്ത് അച്ഛനമ്മമാരോടൊപ്പം ഒറ്റപ്പാലത്തു നിന്നു വലപ്പാട്ടേയ്ക്കു നടത്തിയ ബസ് യാത്രകൾ. സ്കൂളിൽ നിന്നു പോയിട്ടുള്ള വിനോദയാത്രകൾ. ലൊക്കേഷനിൽ നിന്നു ലൊക്കേഷനുകളിലേക്കുള്ള തുടർച്ചയായ യാത്രകൾ. പിന്നീട് യാത്ര ഒരു ഹരമായി മാറിയ ശേഷം മുൻകൂട്ടി പ്ലാൻ ചെയ്തു നടത്തിയ യാത്രകൾ. നാൽപ്പത്തൊമ്പതു വർഷത്തിനിടെ ഒരുപാടു യാത്രകൾ നടത്തി. എല്ലാം വലിയ ജീവിതയാത്രയിലെ ചെറിയ സഞ്ചാരങ്ങൾ. വലിയ യാത്ര ഇവിടംവരെ എത്തിച്ച ദൈവത്തിനു നന്ദി.
എന്റെ അമ്മ പ്രസവത്തിന് വലപ്പാട്ടേയ്ക്കു ബസിൽ പോയതാണ് ഞാൻ ആദ്യമായി നടത്തിയ യാത്ര. അമ്മയുടെ വയറ്റിൽക്കിടന്ന് പുറം ലോകത്തിന്റെ നിറങ്ങൾ സ്വപ്നത്തിൽ കണ്ടുള്ള യാത്ര. 1966 ജനുവരി പതിനൊന്നിനു വലപ്പാട് ഗവ. ആശുപത്രിയിൽ ഞാൻ ജനിച്ച സമയത്താണ് ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണ വാർത്ത റേഡിയോയിൽ മുഴങ്ങിയത്. ആശുപത്രിയിൽ അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന ശാസ്ത്രി ഭക്തനായ ഡോക്റ്റർ എനിക്കു ലാൽ എന്നു പേരിട്ടു, പിറവിയിലെ ആദ്യ സമ്മാനം.
എന്റെ അച്ഛനും അമ്മയും ഒറ്റപ്പാലത്ത് അധ്യാപകരായിരുന്നു. അമ്മ ഒറ്റപ്പാലം കോൺവെന്റ് സ്കൂളിലെ ടീച്ചർ. അപ്പച്ചൻ ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ. രണ്ടു പേരുടേയും നാട് തൃശൂർ ജില്ലയിലെ വലപ്പാടാണ്. ഒറ്റപ്പാലത്തിനും വലപ്പാടിനും ഇടയിലുള്ള ബസ് യാത്രകളാണ് കുട്ടിക്കാലത്ത് ഏറ്റവും സന്തോഷം തന്നിരുന്ന യാത്രകൾ. ഇന്ന് ഒറ്റപ്പാലത്തു നിന്നു വലപ്പാടെത്താൻ പരമാവധി രണ്ടര മണിക്കൂർ മതി. എന്റെ ബാല്യകാലത്ത് രാവിലെ പുറപ്പെട്ടാലേ ഇതേ ദൂരം താണ്ടി ഇരുട്ടുന്നതിനു മുൻപ് വലപ്പാട് എത്തുകയുള്ളൂ. ഒറ്റപ്പാലത്തു നിന്നു ഷൊർണൂർ. ഷൊർണൂരിൽ നിന്നു ബസ് മാറി തൃശൂർ. അവിടെ നിന്നു തൃപ്രയാറിലേക്കു വേറെ ബസ്. തൃപ്രയാറിൽ നിന്നു വലപ്പാട്ടേയ്ക്കു വീണ്ടും മറ്റൊരു ബസ്. നാലു ബസ് മാറിക്കയറണം. ഒറ്റപ്പാലത്തു നിന്നു നേരിട്ടു തൃശൂരിലേക്ക് ഒരു കെഎസ്ആർടിസി ബസ് ഉണ്ടായിരുന്നു. അതു കിട്ടിയാൽ ഷൊർണൂരിറങ്ങാതെ സീറ്റിലിരുന്ന് തൃശൂരെത്താം. വാസ്തവം പറയട്ടെ, യാത്രക്കാരെ സംബന്ധിച്ചിടത്തോളം ആ ബസ് ഭാഗ്യ പരീക്ഷണമായിരുന്നു.
മയിൽ വാഹനം മോട്ടോഴ്സായിരുന്നു അക്കാലത്ത് പാലക്കാട് – ഷൊർണൂർ മേഖലയിൽ റോഡുകളുടെ ‘ഫ്ലീറ്റ് ഓണർ’. അവർക്കൊരു നൂറു ബസുണ്ടാകുമെന്നാണ് എന്റെ ധാരണ. തൃശൂരിൽ മയിൽ വാഹനമില്ല. ‘കെ.കെ. മേനോൻ ട്രാൻസ്പോർട്ടേഴ്സാണ്’ വലപ്പാട്ടേയ്ക്കുള്ള റോഡുകളുടെ അധിപതി.
വലപ്പാട് ചെല്ലുമ്പോൾ എന്റെ അമ്മാവന്മാരുടെ മക്കളുമായി ഞാൻ ബസുകളെക്കുറിച്ചു പറഞ്ഞു തർക്കിക്കും. മയിൽ വാഹനത്തിന്റത്രയും ബസുകൾ കെ.കെ. മേനോന് ഇല്ലെന്നാണ് എന്റെ വാദം. മയിൽ വാഹനത്തിന് എറണാകുളത്തേയ്ക്കു വണ്ടിയുണ്ടോടാ...? കോഴിക്കോട്ടേയ്ക്ക് വണ്ടിയുണ്ടോടാ...? എന്നൊക്കെയാണ് അവരുടെ ചോദ്യം. രണ്ട് ബസ് മുതലാളിമാരും അറിയാതെ അവരുടെ ബസുകൾക്കു വേണ്ടി ഞങ്ങൾ കുട്ടികൾ വലിയ യുദ്ധങ്ങൾ നടത്തി. മയിൽ വാഹനവും കെകെ മേനോനും കുട്ടിക്കാലത്തെ യാത്രകളിൽ ആഹ്ലാദമുള്ള ഓർമകളാണ്.
തൃശൂരിൽ നിന്നുള്ള യാത്രയിൽ തൃപ്രയാറപ്പന്റെ അമ്പലം കാണുമ്പോഴാണ് വലപ്പാടെത്തി എന്നു മനസിലാക്കുന്നത്. പുഴയുടെ തീരത്താണ് ശ്രീരാമക്ഷേത്രം. പാലം കടക്കുമ്പോഴേയ്ക്കും അമ്മ എന്നെ കുലുക്കി വിളിച്ച് ഇറങ്ങാനുള്ള സ്ഥലമെത്തി എന്നു പറഞ്ഞ് എഴുന്നേൽപ്പിക്കും. വടക്കുന്നാഥക്ഷേത്രം, ഉത്രാളിക്കാവ് എന്നീ അമ്പലങ്ങളാണ് വലപ്പാട്ടേയ്ക്കുള്ള യാത്രയിൽ മറ്റു ലാൻഡ് മാർക്കുകൾ. വർഷത്തിൽ എത്രയോ തവണ യാത്രയ്ക്കിടെ ഈ ക്ഷേത്രങ്ങളിലേക്കു നോക്കി പ്രാർഥിച്ചിട്ടുണ്ട്.
ആ യാത്രകളിൽ എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത് രണ്ടു ദേശങ്ങളിൽ ഭൂമികയുടെ വ്യത്യാസങ്ങളാണ്. അവധിക്കാലത്ത് ചുവപ്പു പൂക്കൂട പിടിക്കുന്ന പ്ലാശ്് മരം, വാക മരങ്ങൾ തുടങ്ങിയവയാണ് ഒറ്റപ്പാലത്തെ വഴിയോരക്കാഴ്ചകൾക്കു ചന്തം ചാർത്തുന്നത്. ഇവിടത്തെ പ്രകൃതിയിൽ പലവക മരങ്ങളാണ്. പ്ലാവ്, തേക്ക്, പുളി, നെല്ലി, തടിയൻ ഗോമാവുകൾ... അങ്ങനെ. തൃശൂരെത്തിയാൽ സംഗതി മാറും. പിന്നെ തെങ്ങുകൾ മാത്രമേയുള്ളൂ. ദേശങ്ങൾ മാറുമ്പോൾ ഭൂമിയുടെ ഗന്ധത്തിനും മാറ്റം വരുന്നു. എന്റെ കുട്ടിക്കാലത്ത് ഒറ്റപ്പാലത്തിനും ഷൊർണൂരിനും കൽക്കരിയുടെ മണമായിരുന്നു. അന്ന് തീവണ്ടികളെക്കുറിച്ചു പറഞ്ഞാണ് വലപ്പാട്ടെ കൂട്ടുകാരെ ഞാൻ മറികടന്നത്. വലപ്പാടിനു തീവണ്ടിയില്ല, ഒറ്റപ്പാലത്തിനു തീവണ്ടിയുണ്ട്. അവർ കെ.കെ. മേനോൻ ബസിന്റെ പ്രൗഢി പറഞ്ഞ് എന്നെ തോൽപ്പിക്കുമ്പോൾ, തീവണ്ടിയിൽ പിടിച്ച് ഞാൻ ജയിക്കും. തീവണ്ടിയോടുള്ള അവരുടെ കൗതുകം മാറ്റാനായി അപ്പച്ചൻ അവരേയും കൂട്ടി ഒരിക്കൽ പാസഞ്ചറിൽ ഒറ്റപ്പാലത്തേയ്ക്കു പുറപ്പെട്ടു. ആ ട്രെയ്ൻ എന്റെ സ്വന്തമാണെന്നുള്ള ഭാവത്തിലാണ് അന്നു ഞാൻ അവരോടൊപ്പം ഇരുന്നത്. ഞാനെന്റെ ഔദാര്യംകൊണ്ട് അവരെ ട്രെയ്നിൽ കയറാൻ അനുവദിച്ചു എന്നുള്ള അഹന്തയോടു കൂടിയാണ് ഞാൻ യാത്ര ചെയ്തത്...!
മുതിർന്നതിനു ശേഷം നടത്തിയിട്ടുള്ള യാത്രകളിൽ പ്രധാനം ഒറ്റപ്പാലത്തു നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള എൻഎസ്എസ് കോളെജിലേക്കുള്ള യാത്രകളാണ്. വീട്ടിൽ പറയാതെ പാലക്കാട്ടേയ്ക്കു സിനിമയ്ക്കു പോയിട്ടുള്ള പ്രൈവറ്റ് ബസ് യാത്രകൾ വേറെ. ബസിന്റെ പേരുകൾ എനിക്കു ഹരമായിരുന്നു, ബസ് ഡ്രൈവർമാർ ഹീറോകളും. കൗതുകകരമായ സ്ഥലപ്പേരുള്ള ബസിന്റെ ബോർഡുകൾ കണ്ടിട്ട് ആ സ്ഥലത്തേയ്ക്കു ടിക്കറ്റെടുത്തു കയറിയിരുന്ന് അപരിചിതമായ സ്ഥലത്തു പോയി ഇറങ്ങി അതേ ബസിനു തിരിച്ച് ഒറ്റപ്പാലത്തേയ്ക്കു നടത്തിയ യാത്രകൾ ഏറെ. ‘പഴമ്പാലക്കോട് ’ എന്ന സ്ഥലപ്പേരു വായിച്ചപ്പോഴുണ്ടായ കൗതുകം അങ്ങനെയുള്ള അനവധി യാത്രകളിലൊന്ന്.
അത്തരം കുസൃതിയാത്രകൾ, പിന്നീട് മദ്രാസിലേക്ക് ജീവിതമാർഗം തേടിയുള്ള യാത്ര. ഇരുപത്തൊന്നാമത്തെ വയസിലായിരുന്നു അത്. അതിനു മുൻപും ഞാൻ മദ്രാസിൽ പോയിരുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതാൻ കൂട്ടുകാരോടൊപ്പം പോയതാണ് ആദ്യത്തെ മദ്രാസ് യാത്ര. ഡിഗ്രി പൂർത്തിയാക്കിയ ശേഷമാണ് വീണ്ടും മദ്രാസിലെത്തുന്നത്. മാന്യുവൽ കളർ പ്രൊസസിങ് അറിയുന്നവർക്ക് ദുബായിയിൽ ജോലി സാധ്യതയുണ്ടെന്നു കേട്ടറിഞ്ഞ് അതു പഠിക്കാനാണ് മദ്രാസിലേക്കു വണ്ടി കയറിയത്. വിദേശത്തേയ്ക്കു പോകാൻ കഴിഞ്ഞില്ലെങ്കിലും മദ്രാസിലെ ദാസ് കളർ ലാബിൽ ജോലി കിട്ടി. ജീവിതയാത്രയിലെ മറ്റൊരു വഴിത്തിരിവായി ഇക്കാലത്തുണ്ടായ വാഹനാപകടം. പരിക്കുകൾ മാറിയ ശേഷം മദ്രാസിൽത്തന്നെ ഒരു ഗാർമെന്റ്സ് എക്സ്പോർട്ടിങ് കമ്പനിയിൽ ജോലിക്കു കയറി. ഈ സമയത്താണ് കമൽ സാറിനെ പരിചയപ്പെടുന്നത്.
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ എന്ന സിനിമയുമായി ബന്ധപ്പെട്ടു മദ്രാസിലെത്തിയതായിരുന്നു സംവിധായകൻ കമൽ. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ‘പ്രാദേശിക വാർത്തകളി’ൽ അസിസ്റ്റന്റ് ഡയറക്റ്ററാവാൻ വേണ്ടി മദ്രാസിൽ നിന്ന് ഒരു മഴക്കാല രാത്രിയിൽ മംഗലാപുരം മെയിലിൽ ഞാൻ കോഴിക്കോട്ടേയ്ക്കു യാത്ര പുറപ്പെട്ടു. നിറക്കൂട്ടുകളുടെ ലോകത്തേയ്ക്ക് വഴി തിരിയാനുള്ള കന്നിയാത്രയായിരുന്നു അതെന്നു ഞാൻ തിരിച്ചറിയുന്നു. ഒരുകാര്യം തുറന്നു പറയട്ടെ, എന്നെ സംബന്ധിച്ചിടത്തോളം സിനിമയിലേക്കുള്ള യാത്ര അലച്ചിലുകളുടേതായിരുന്നില്ല.
ഇനി ഒറ്റപ്പാലത്തു നിന്നു വേളാങ്കണ്ണിയിലേക്കു നടത്തിയ ഒരു ‘വലിയ’ യാത്രയെക്കുറിച്ച്. അപ്പച്ചന്റെയും അമ്മച്ചിയുടേയും സുഹൃത്തായ വാറുണ്ണിച്ചേട്ടന്റെ കുടുംബത്തോടൊപ്പമായിരുന്നു ആ ട്രിപ്പ്. ഒറ്റപ്പാലത്ത് നീലഗിരി കോഫി & ചായപ്പൊടി കച്ചവടം നടത്തുന്ന വാറുണ്ണിച്ചേട്ടന് ‘അംബാസഡർ’ കാറുണ്ടായിരുന്നു. ആ കാറിൽ ഞങ്ങൾ വേളാങ്കണ്ണിക്കു പുറപ്പെട്ടു. വാറുണ്ണിച്ചേട്ടനും ഭാര്യ അമ്മിണിച്ചേച്ചിയും, ഞാനും എന്റപ്പനും അമ്മയും അനിയനും അനിയത്തിയും, അപ്പച്ചന്റെ സുഹൃത്തായ ജോണങ്കിളും ഭാര്യ മേരി ടീച്ചറും അവരുടെ മക്കളായ മെജോയും റിനിയും. – നാലാൾക്ക് ഇരിക്കാൻ സൗകര്യമുള്ള കാറിൽ പതിനൊന്നു പേർ... ജീവിതത്തിലെ ആദ്യത്തെ ദീർഘ യാത്ര...!
സ്റ്റൗവും മണ്ണെണ്ണയും പച്ചക്കറി സാധനങ്ങളും അരിയും പാത്രങ്ങളുമായാണ് യാത്ര. വെള്ളത്തിനു സൗകര്യമുള്ള സ്ഥലത്ത് വണ്ടി നിർത്തി ഭക്ഷണമുണ്ടാക്കി കഴിച്ചു. വഴിയരികിലിരുന്നു തമിഴന്മാർ വിൽക്കുന്ന മീൻ വാങ്ങി കറിവച്ചു. വാറുണ്ണിച്ചേട്ടന് അതിലൊക്കെ താത്പര്യമായിരുന്നു. ഈ വക പരിപാടികളോടൊന്നും വലിയ ഇഷ്ടമില്ലെങ്കിലും എല്ലാവരുടേയും സന്തോഷത്തിൽ അപ്പച്ചനും പങ്കുചേർന്നു. ഞങ്ങൾ കുട്ടികൾക്ക് ആ യാത്ര ഉത്സവമായിരുന്നു. വണ്ടി നിർത്തിയ സ്ഥലങ്ങളിലെല്ലാം ഞങ്ങൾ ഓടിക്കളിച്ചു. കനാലിൽ നീന്തിക്കുളിച്ചു. വട്ടംകൂടിയിരുന്നു മീൻകറി കൂട്ടി ഊണു കഴിച്ചു. വാറുണ്ണിച്ചേട്ടൻ തമിഴിൽ തമിഴന്മാരോടു സംസാരിക്കുന്നതു ഞാൻ ആശ്ചര്യത്തോടെ നോക്കി നിന്നു. പുതിയ ഭാഷ കേൾക്കുന്നതിന്റെ കൗതുകമായിരുന്നു ഞങ്ങൾക്ക്. ആ യാത്രയിൽ ഞാൻ ആദ്യമായി തമിഴ്നാടിനെ അടുത്തു കണ്ടു.
വേളാങ്കണ്ണി വരെയുള്ള യാത്ര ആവേശകരമായിരുന്നു. ലക്ഷ്യ സ്ഥാനത്തേയ്ക്കുള്ള യാത്രകളിൽ ഉത്സഹവും സന്തോഷവുമൊന്നു വേറെ തന്നെ. പ്രാർഥന കഴിഞ്ഞ് ഞങ്ങൾ മടങ്ങി. എല്ലാവരും വീട്ടിലെത്താനുള്ള തിടുക്കത്തിലായി. വാറുണ്ണിച്ചേട്ടൻ സ്റ്റിയറിങ്ങിൽ ആഞ്ഞുപിടിച്ചു.
ഒറ്റപ്പാലം എത്തുന്നതിന് ആറേഴു കിലോമീറ്റർ മുൻപായി ലക്കിടിയിൽ വച്ച് കാറിന്റെ ഹെഡ് ലൈറ്റ് ഫ്യൂസായി. അർധരാത്രി. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ലൈറ്റ് അണഞ്ഞെങ്കിലും വാറുണ്ണിച്ചേട്ടൻ ഡ്രൈവിങ് തുടർന്നു. വളവുകൾ തിരിഞ്ഞു വന്ന ഇരുചക്ര വാഹനങ്ങൾ ഞങ്ങളുടെ കാറിനു മുന്നിൽ തെന്നി നീങ്ങി. അപകടത്തിൽ നിന്നു കഷ്ടിച്ചു രക്ഷപെട്ട ബൈക്കുകാർ പുളിച്ച തെറി വിളിച്ചു. അതോടെ അപ്പച്ചനു ടെൻഷനായി. പെണ്ണുങ്ങളേയും കുട്ടികളേയും ഓട്ടൊറിക്ഷ വിളിച്ച് വീട്ടിലെത്തിക്കാമെന്നായി അപ്പച്ചൻ. പക്ഷേ, അഭിമാനിയായ വാറുണ്ണിച്ചേട്ടന് അതു സുഖിച്ചില്ല. വേളാങ്കണ്ണി വരെ കൊണ്ടുപോയി യാതൊരു കുഴപ്പവുമില്ലാതെ ലക്കിടി വരെ എത്തിച്ചെങ്കിൽ ഇതേ വണ്ടിയിൽ നിങ്ങളെ വീട്ടിലെത്തിക്കാനും എനിക്കറിയാമെന്നായിരുന്നു വാറുണ്ണിച്ചേട്ടന്റെ മറുപടി. വണ്ടിക്കൊരു പ്രശ്നം വന്നപ്പോൾ വഴിയിൽ ഉപേക്ഷിക്കുന്നതു ശരിയാണോ എന്നായിരുന്നു വാറുണ്ണിച്ചേട്ടന്റെ ന്യായം.
ആ ചോദ്യത്തിന്റെ ലോജിക് പിടികിട്ടാതെ അപ്പച്ചൻ ശങ്കിച്ചു നിന്നു. സ്ത്രീകളെ വീട്ടിലെത്തിക്കാം, അതു കഴിഞ്ഞ് വർക്ക് ഷോപ്പിൽ പോയി ആളെ കൊണ്ടു വന്ന് വണ്ടി നേരെയാക്കാമെന്ന് അപ്പച്ചൻ പറഞ്ഞു. പക്ഷേ, അഭിമാനിയായ വാറുണ്ണിച്ചേട്ടൻ അതൊന്നും കേട്ടതായിപ്പോലും നടിച്ചില്ല. നട്ടപ്പാതിരയ്ക്ക് തരിവെളിച്ചമില്ലാത്ത റോഡിലൂടെ വണ്ടിയോടിച്ച് വാറുണ്ണിച്ചേട്ടൻ ഒടുവിൽ ഞങ്ങളെ വീട്ടിലെത്തിച്ചു.
വേളാങ്കണ്ണിയിൽപ്പോയി പ്രാർഥനകളും വഴിപാടും തുലാഭാരവും നടത്തി. തിരിച്ചു വരുമ്പോൾ കാറിന്റെ വെളിച്ചം കെട്ടുപോയെങ്കിലും എന്റെ ജീവിതത്തിലേക്ക് പ്രകാശം കൊണ്ടു വന്ന ലീന എന്ന പെൺകുട്ടിയെ തന്നത് ആ യാത്രയിൽ ചക്രം പിടിച്ച വാറുണ്ണിച്ചേട്ടനും ഭാര്യ അമ്മിണിച്ചേച്ചിയുമാണ്. അവരുടെ മൂത്തമകളാണ് എന്റെ ഭാര്യ ലീന.