Thursday 22 July 2021 03:17 PM IST : By Text : Dileep Madhavan | Photo : Subhash P. S. & Manu Shankar M. A

കേരളത്തിലെ നദികളിൽ ‘കിഴക്കോട്ടൊഴുകുന്ന നദി’ മാത്രമല്ല കബനി... കാടിന്റെ സൗന്ദര്യം പേറുന്ന, ഐതിഹ്യങ്ങളുടെ നിറച്ചാർത്തിൽ അലിയുന്ന, പോഷകസമൃദ്ധമായ മണ്ണൊരുക്കുന്ന കബനി തീരത്തുകൂടി യാത്ര

kabani1

സ്‌കൂളിലേക്ക് പോകുമ്പോഴും വൈകിട്ട് വീട്ടിലേക്കു മടങ്ങുമ്പോഴും ബാല്യ കൗതുകത്തിനു നിറം പകര്‍ത്തിയിരുന്ന കാഴ്ചയാണ് കബനി നദി. 'മറ്റു നദികളില്‍ നിന്നു വ്യത്യസ്തമായി കബനി നദി കിഴക്കോട്ടാണ് ഒഴുകുന്നത്' - സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ പറഞ്ഞത് ആ പുഴയോടുള്ള കൗതുകം ആരാധനയ്ക്കു വഴി തുറന്നു. വയനാട്ടിലെ ഏതെങ്കിലുമൊരു ഗ്രാമത്തില്‍ 1975നും 1985നും ഇടയില്‍ ജനിച്ചവര്‍ക്ക് 'പഴയ കബനി'യുടെ ചിത്രം ഓര്‍മയുണ്ടാകും. ഇരുകരതൊട്ട്, ഇലകളെ തഴുകി, ഓളങ്ങളില്‍ കാടിന്റെ സൗന്ദര്യവുമായി പരന്നൊഴുകിയിരുന്ന കബനി. മഴക്കാലത്ത് ആര്‍ത്തലച്ച് കലിതുള്ളി പാഞ്ഞിരുന്ന കബനി. കൊടുംവേനലില്‍ വയനാടിന്റെ നീരുറവയായിരുന്ന കബനി...

കബനിയുടെ തീരത്ത് ഇരിക്കാനും കബനി എവിടെയാണ് ഉദ്ഭവിക്കുന്നതെന്ന് അറിയാനും കുഞ്ഞു മനസ്സിൽ ആഗ്രഹം ഉണ്ടായിരുന്നു. ജീവിതത്തിനു ഗൗരമേറിയപ്പോഴും കബനിയോടുള്ള ഇഷ്ടം കുറഞ്ഞില്ല. മനസ്സിൽ എന്നും മോഹമായി ഒഴുകിയ കബനിയുടെ തീരങ്ങളിലേക്ക് യാത്രയ്ക്ക് അവസരം ഒരുങ്ങിയപ്പോള്‍ ആകാംക്ഷ വാക്കുകളില്‍ വിവരിക്കാനാകുന്നില്ല.

കുറുമ്പു കാട്ടുന്ന കുട്ടികളുടെ സ്വഭാവമാണ് കബനിക്ക്. ചില സ്ഥലത്ത് ശാന്തമായി ഒഴുകും. മറ്റു ചിലയിടങ്ങളില്‍ കുതിച്ചു പായും. പാറകളില്‍ ആര്‍ത്തലച്ച് പാഞ്ഞിറങ്ങും. കാടിനു നടുവില്‍ നിഗൂഢതയുടെ മുഖമണിയും.

ഇനി കബനിയുടെ തീരത്തെ ഐതിഹ്യങ്ങള്‍ തിരയുകയാണ്. പിതൃതര്‍പ്പണത്തിനു പ്രശസ്തമായ തിരുനെല്ലിയില്‍ ദുര്‍ഗാദേവിയുടെ അനുഗ്രഹം തേടി ആയിരങ്ങളെത്തുന്നു. വള്ളിയൂര്‍ കാവിലേക്ക് പുണ്യം തേടി ഇതര സംസ്ഥാനത്തു നിന്നു ജനം പ്രവഹിക്കുന്നു. വയനാടിന്റെ വിപ്ലവസിംഹം വീര പഴശ്ശി നെഞ്ചില്‍ ചേര്‍ത്തു വച്ച വിശ്വാസങ്ങളില്‍ ഈ ക്ഷേത്രങ്ങളും ഉള്‍പ്പെടും.

അറിയപ്പെടാത്ത ത്രിവേണി

വയനാട്ടിലെ സീതാമൗണ്ടിനപ്പുറത്തു നിന്നു തുടങ്ങുകയാണ് യാത്ര. കൊളവള്ളിയില്‍ വച്ച് കേരളത്തിനോടു യാത്ര പറഞ്ഞ് കബനി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നു. കാടിന്റെ ഹരിതാഭയില്‍ നിന്നു കര്‍ണാടകയുടെ കൃഷിഭൂമിയിലേക്കുള്ള മനോഹരമായ പ്രയാണം. നമ്മള്‍ ആദ്യം വയനാട്ടിലൂടെ ഒഴുകുന്ന കബനിയുടെ തീരത്തുകൂടിയാണ് നടക്കുന്നത്. ഓരോ സ്ഥലങ്ങളിലും അതാതു സ്ഥലപ്പേരിലാണ് കബനി അറിയപ്പെടുന്നത്. 'സ്വന്തം പേരില്‍' കബനി ഒഴുകിത്തുടങ്ങുന്ന സ്ഥലമാണു കൂടല്‍ക്കടവ്. മാനന്തവാടിപ്പുഴയും പനമരം പുഴയുമായി കബനി ഒത്തു ചേരുന്ന സ്ഥലം. ഇവിടം ഇത്രയും കാലം 'ത്രിവേണി സംഗമം' എന്ന് അറിയപ്പെട്ടില്ല. അതിന്റെ കാരണം തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

kabani5

പനമരത്തിനപ്പുറം പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പയ്യമ്പള്ളിക്കു സമീപത്താണ് കൂടല്‍ക്കടവ്. അവിടം താണ്ടിയാല്‍ വിനോദസഞ്ചാരത്തിനു പ്രിയപ്പെട്ട കുറുവാ ദ്വീപ്. വയനാടിന്റെ ടൂറിസത്തിന് ഊര്‍ജം നല്‍കിയ ദ്വീപാണ് കുറുവ. ചെറുതുരുത്തുകളും നിബിഡ വനവുമാണു കുറുവയുടെ പ്രകൃതി. ഉദ്ദേശ്യം നൂറേക്കർ. മരങ്ങളും ചെടികളും ചങ്ങാടം സവാരിയും കുറുവയില്‍ വിനോദ സഞ്ചാരികളെ തൃപ്തരാക്കുന്നു. മുളങ്കാടുംതുരുത്തും അരുവിയുടെ കുളിരും കുറുവയില്‍ വേനല്‍ക്കാലത്തു തണുപ്പു നിലനിര്‍ത്തുന്നു. പെഡല്‍ ബോട്ടുകളും സവാരി നടത്തുന്നു. പൂക്കളും ചിത്രശലഭങ്ങളും കാട്ടുപക്ഷികളുമാണ് ചങ്ങാടത്തില്‍ കയറുന്നവരുടെ ക്യാമറയ്ക്കു വിരുന്ന്. ഇനി യാത്ര തുടരുന്നവര്‍ കബനി എത്രമാത്രം വിശുദ്ധമെന്നും പ്രസിദ്ധമെന്നും അറിഞ്ഞിരിക്കണം.

kabani2

കിഴക്കോട്ട് ഒഴുകുന്ന കബനിയുടെ പോഷക നദികളാണ് മാനന്തവാടിപുഴയും ബാവലിപ്പുഴയും. കന്നാരംപുഴയും നൂല്‍പുഴയും ചേര്‍ന്ന് സമൃദ്ധമാകുന്ന കബനി, കാവേരി നദിയില്‍ ലയിക്കുന്നു. കര്‍ണാടകയിലെ തിരുമകുടുലു നരസിപുരത്തു വച്ചാണ് കബനിയും കാവേരിയും ഒന്നാകുന്നത്. കബനി ഡാമിന്റെ റിസര്‍വോയറിനപ്പുറത്താണു നരസിപുരം. അവിടെയെത്തും വരെ വയനാടന്‍ മണ്ണിന്റെ അന്‍പത്താറു കിലോമീറ്റര്‍ കൃഷിക്ക് പോഷകമാകുന്നു 'പരിശുദ്ധ' കബനി. കബനിയില്‍ നിന്നു വെള്ളമെടുക്കുന്ന മുപ്പത്തിയൊന്നു ശുദ്ധജല പദ്ധതികളുണ്ട്. നദിയുടെ സമീപം ആറുലക്ഷം പേര്‍ താമസിക്കുന്നു.

മാവിലാംതോട്

കബനിയില്‍ വന്നു ചേരുന്ന കരമനത്തോടിന്റെ ഭാഗമാണ് ബാണാസുരസാഗര്‍ അണക്കെട്ട്. മണ്ണുപയോഗിച്ചു നിര്‍മിച്ച അണക്കെട്ട് അല്‍ഭുതം ഉണര്‍ത്തുന്നു. ബാണാസുരയില്‍ നിന്നുള്ള നീരൊഴുക്കിനെ നിയന്ത്രിക്കാന്‍ നിര്‍മിച്ചിട്ടുള്ള ടണലുകളിലൂടെയാണ് കക്കയം ഡാമിലേക്ക് ജലം ഒഴുകുന്നത്. ബാണാസുരസാഗര്‍ അണക്കെട്ട്, ടണൽ, കരമനത്തോട് എന്നിവ ഈ യാത്രയില്‍ മൂന്ന് അധ്യായങ്ങളാണ്.

kabani3

ബാണാസുരസാഗര്‍ അണക്കെട്ടില്‍ നിന്നാല്‍ കാണുന്ന തൊണ്ടര്‍മുടി മലയിലാണ് മാനന്തവാടിപ്പുഴ ഉല്‍ഭവിക്കുന്നത്. പശ്ചിമഘട്ടത്തിലെ അരുവികളെ ഒപ്പിയെടുത്ത് തൊണ്ടര്‍മുടിയില്‍ നിന്നുള്ള നീരൊഴുക്കുമായി മാനന്തവാടിപ്പുഴ നിറയുന്നു. മാനന്തവാടിപ്പുഴയെ ബലപ്പെടുത്താൻ വഴിയില്‍ നിന്നു കൂടെ ചേരുന്ന മറ്റു നിരൊഴുക്കുകളാണ് ചെറുപുഴയും പേരിയപ്പുഴയും. ഇവയെല്ലാം ചെന്നു ചേരുന്നത് കബനിയിലാണ്.

kabani6

കുറുവ ദ്വീപിനു സമീപത്തു വച്ച് മണിക്കാട് പുഴയും പെരിക്കല്ലൂരില്‍ വച്ചു കടമാന്‍തോടും കബനിയില്‍ ചേരുന്നു. കന്നാരംപുഴ ചേരുന്നിടമാണ് മാവിലാംതോട്. വീരപഴശ്ശി മരണത്തിനു കീഴടങ്ങിയ സ്ഥലമാണു മാവിലാംതോട്. വയനാട് കാണാനെത്തുന്നവര്‍ പുല്‍പള്ളിക്കു സമീപത്തുള്ള മാവിലാംതോട് സന്ദര്‍ശിക്കാതെ മടങ്ങാറില്ല. പഴശ്ശി ജീവന്‍ വെടിഞ്ഞ സ്ഥലത്തിനു സമീപത്താണ് പഴശ്ശിരാജാ മ്യൂസിയം നിര്‍മിച്ചിട്ടുള്ളത്.

പാപനാശിനിപ്പുഴ

പുഴക്കാഴ്ചയില്‍ ചേര്‍ത്തു നിര്‍ത്താവുന്ന കാനനമാണു തോല്‍പെട്ടി വന്യജീവി സങ്കേതം. മാനന്തവാടിക്കു സമീപത്തു നിന്നാണ് കാനനപാത ആരംഭിക്കുന്നത്. മുത്തങ്ങ - തോല്‍പെട്ടി ജീപ്പ് സഫാരിയുണ്ട്. വന്യജീവികളെ നേരിട്ട് കാണാന്‍ ആളുകള്‍ സഫാരി നടത്തുന്നു.

മാനന്തവാടിക്കു സമീപത്തുള്ള തീര്‍ഥാടന കേന്ദ്രമാണ് വള്ളിയൂര്‍ക്കാവ്. മീന മാസത്തിലാണ് വള്ളിയൂര്‍ക്കാവിലമ്മയുടെ ക്ഷേത്രോത്സവം. മീനച്ചൂടില്‍ ഉത്സവം കാണാനെത്തുന്നവര്‍ കബനിയില്‍ മുങ്ങിക്കുളിക്കാറുണ്ട്.

kabani4

അതുപോലെ, കര്‍ക്കടകത്തിലെ വാവുബലിക്ക് മറ്റു ജില്ലകളില്‍ നിന്നു പോലും ആളുകള്‍ വരുന്ന കടവാണ് പാപനാശിനിപ്പുഴ. കബനിയുടെ കൈവഴിയാണ് പാപനാശിനി. പിതൃതര്‍പ്പണം നടത്തുന്നവര്‍ പാപനാശിനിയുടെ തീരത്തു മഹാവിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. പാപനാശിനിയില്‍ മുങ്ങി വിഷ്ണു ദര്‍ശനം നടത്തിയാല്‍ മനുഷ്യജന്മത്തിന്റെ പാപം തീരുമെന്ന് ഐതിഹ്യം.

പാപനാശിനിയെ വഹിച്ചു വരുന്ന കാളിന്ദിപ്പുഴയും കൊച്ചരുവികളും കൂടിച്ചേര്‍ന്നുണ്ടാകുന്നതാണ് ബാവലിപ്പുഴ. കുടകിനു സമീപത്തു കുശാല്‍നഗറിലുള്ള ബൈലക്കുപ്പയിലെത്തുമ്പോള്‍ ബാവലിപ്പുഴ കബനിയില്‍ ലയിക്കും. ദലൈലാമയെ ആത്മീയ ആചാര്യനായി വിശ്വസിച്ച് കര്‍ണാകയുടെയും കേരളത്തിന്റെയും അതിര്‍ത്തിയില്‍ ജീവിക്കുന്ന ടിബറ്റന്‍ സന്യാസിമാരുടെ ആശ്രമങ്ങളാണ് ബൈലക്കുപ്പയുടെ പ്രശസ്തി.

പനമരം കോട്ട

കബനിയിലെ നീരൊഴുക്കു കനപ്പെടുത്തുന്ന പനമരംപുഴയുടെ വഴികള്‍ ഫോട്ടൊഗ്രഫി താല്‍പര്യമുള്ളവരെ സന്തുഷ്ടരാക്കും. ലക്കിടിമലയിലാണ് പനമരം പുഴയുടെ ഉല്‍ഭവം. പനമരംപുഴയാണ് പ്രശസ്തമായ പൂക്കോട് തടാകത്തിന്റെ ജലസ്രോതസ്സ്. ചെറുപുഴ, കരമാന്‍പുഴ, കാരാപ്പുഴ, ചൂണ്ടാലിപ്പുഴ, നരസിപ്പുഴ എന്നീ പുഴകളും പൂക്കോട് തടാകത്തില്‍ വെള്ളം നിറയ്ക്കുന്നു.

പനമരംപുഴ പോലെ പ്രശസ്തമാണ് പനമരംകോട്ട. പഴശ്ശിരാജാവിന്റെ യുദ്ധചരിത്രത്തിന്റെ ഭാഗമാണു കോട്ട. പഴശ്ശിയുടെ സഹചാരികളായിരുന്ന തലയ്ക്കല്‍ ചന്തുവും എടച്ചേന കുങ്കനും കുറിച്യപ്പടയുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളത്തെ തോല്‍പിച്ച് പനമരംകോട്ട കീഴടക്കിയത് കേരള ചരിത്രത്തിന്റെ ഭാഗമാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് 1802 ഒക്ടോബര്‍ 11 കറുത്ത അധ്യായമായി. കോട്ട പിടിച്ചടക്കാനുള്ള പോരാട്ടത്തില്‍ അന്നത്തെ സൈനിക ക്യാപ്റ്റന്‍ ഡിക്കിന്‍സണ്‍, ലെഫ്റ്റനന്റ് മാക്‌സ്‌വെല്‍ എന്നിവരുള്‍പ്പെടെ ഇരുപത്തഞ്ചു ബ്രിട്ടിഷുകാരെ പഴശ്ശിയുടെ കൂട്ടാളികള്‍ വകവരുത്തി. കബനി നദിയുടെ തീരത്തു പഴശ്ശിരാജാവും ഇംഗ്ലിഷ് സൈന്യവുമായി നടത്തിയ വലിയ പോരാട്ടങ്ങളിലൊന്നാണ് പനമരംകോട്ടയ്ക്കായുള്ള യുദ്ധം.

കബനി കപില നദി

kabani7

തോണി കയറി കേരളത്തില്‍ നിന്നു കര്‍ണാടകയിലെത്തുന്ന മലയാളികളുണ്ട്. കബനി കപിലനദി എന്നാണ് കര്‍ണാടകയില്‍ കബനിയുടെ പേര്. കബനിക്കു കുറുകെ വള്ളം തുഴയുന്നവര്‍ ഒട്ടേറെ. ജോലിക്കു പോകുന്നവരും പച്ചക്കറികള്‍ വില്‍ക്കാന്‍ ഗുണ്ടല്‍പേട്ടിലേക്കു പോകുന്നവരും തോണിയിലെ സ്ഥിരം യാത്രക്കാര്‍. മദ്യപിക്കാനായി മാത്രം രാവിലെ തോണി കയറി കര്‍ണാടകയില്‍ ചെന്നു വൈകിട്ട് തിരിച്ചു നാട്ടിലേക്ക് മടങ്ങുന്നവരുമുണ്ട്. മിക്ക ദിവസങ്ങളിലും ഇത്തരക്കാരുടെ പാട്ടിന്റെ അകമ്പടിയിലാണ് വൈകുന്നേരം തോണി യാത്ര.

മഴക്കാലത്തു കബനിയുടെ രൂപം മാറും. കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്ക് അലച്ചു കയറുന്ന പുഴയ്ക്ക് രൗദ്രഭാവമാണ്. മരങ്ങളും കൃഷിയും കന്നുകാലികളും ഒലിച്ചു പോകുന്നത് പതിവാണ്. തീരത്തു താമസിക്കുന്നവരെല്ലാം മഴക്കാലത്ത് വീടൊഴിയും. കബനിയുടെ തീരങ്ങളിലെ മീന്‍പിടുത്തക്കാര്‍ മാത്രമാണ് മഴക്കാലം ആഗ്രഹിക്കുന്നത്. വില്ലു കുലച്ച് അമ്പെയ്തു മീന്‍ പിടിക്കുന്ന ഗോത്രവാസികളുണ്ട്. ബസ്തര്‍ എന്ന നാടോടി വിഭാഗക്കാര്‍ പെരുമഴയത്ത് തോണിയുമായി ഇറങ്ങി വലവീശി മീന്‍ പിടിക്കും. കര്‍ണാടകയിലെ ഗോത്രമാണ് ബസ്തർ.

കബനിയെ പിന്‍തുടര്‍ന്നാല്‍ ജന്മം ധന്യമെന്നു വിശ്വസിക്കുന്ന നാചുറല്‍ ഫൊട്ടോഗ്രഫര്‍മാര്‍ ഒട്ടേറെ. പുഴയുടെ നവരസങ്ങള്‍ ലെന്‍സില്‍ പകര്‍ത്തിയ ശേഷമാണ് അവര്‍ കബനിക്കു കാവ്യഭംഗി ചാര്‍ത്തിയത്. അഗസ്ത്യമുനിയുടെ ഐതിഹ്യവുമായി ബന്ധമുള്ള കാവേരിയില്‍ ലയിക്കും വരെ കബനി കഥയല്ല, കണ്‍മുന്നില്‍ സമൃദ്ധിയുടെ കാഴ്ചയാണ്.

Tags:
  • Manorama Traveller
  • Travel Destinations
  • Kerala Travel
  • Travel Stories