ഷാങ്ഹായ് നഗരവാസികൾ മതവിശ്വാസികളല്ല. എങ്കിലും ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും മോസ്ക്കും അവിടെയുണ്ട്. ഷാങ്ഹായിലെ പുരാതന ബുദ്ധ ക്ഷേത്രം ജെയ്ഡ് ബുദ്ധയാണ്. അനന്തശയന രൂപിയായ ബുദ്ധന്റെ ശിൽപമാണു ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ. വേറെ രണ്ടു ബുദ്ധ ശിൽപങ്ങളും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രമന്ദിരത്തിനു ചുറ്റുമുള്ള തൂക്കു വിളക്കുകൾ ആകർഷകം. ബുദ്ധമത പഠനകേന്ദ്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസം ക്ഷേത്രവളപ്പിൽ സ്ഥിതി ചെയ്യുന്നു. പ്രഭാതങ്ങളിൽ സന്യാസിമാർ നിരയായി ഭിക്ഷാടനത്തിനിറങ്ങും. ബുദ്ധസൂക്തം ചൊല്ലി മണി മുഴക്കിയാണ് നഗരപ്രദക്ഷിണം.
സിറ്റി ഗോഡ് ടെംപിളിനു സമീപത്താണു യുവാൻ ഗാർഡൻ. അതിനോടു ചേർന്നു യുവാൻ ബസാർ. മിങ് രാജവംശമാണ് ആറ് ഏക്കർ സഥലത്ത് യുവാൻ ഗാർഡൻ നിർമിച്ചത്. പൗരാണിക കെട്ടിടങ്ങൾ, ലോട്ടസ് തടാകം, പഗോഡ, ടീ ഹൗസ് എന്നിവ അവിടെയുണ്ട്. ജെയ്ഡ് റോക്ക് ഗുഹയാണ് ഉദ്യാനത്തിന്റെ പ്രവേശന കവാടം.
ലോകത്ത് ഏറ്റവും തിരക്കേറിയ കാൽനട വാണിജ്യ തെരുവ് ഷാങ്ഹായിലാണ് – നാഞ്ചിങ് സ്ട്രീറ്റ്. അഞ്ചര കി.മീ. വിസ്താരമുള്ള തെരുവിൽ വാഹനങ്ങൾക്കു പ്രവേശനമില്ല. ലോകപ്രശസ്ത ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ അവിടത്തെ ഷോപ്പിങ് മാളുകളിലുണ്ട്. വഴിയോരം സ്ട്രീറ്റ് ഫൂഡിനു പ്രശസ്തം. ആ തെരുവിൽ ഉണക്കമീനിനു പോലും പൊന്നിന്റെ വിലയാണ്.
ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾക്കു പ്രശസ്തമാണു ഷാങ്ഹായ് യിലെ എ.പി. മാർക്കറ്റ്. കാൽക്കുലേറ്ററിൽ വില കാണിക്കലാണ് കച്ചവടക്കാരുടെ രീതി. ഇംഗ്ലിഷിൽ വിലപേശിയാൽ അവർ മുഖം തിരിക്കും. മാൻഡ്രിൻ ഭാഷയല്ലാതെ മറ്റൊന്നും അവിടെ ചെലവാകില്ല.

ഷാങ്ഹായ് നാഷനൽ മ്യൂസിയത്തിൽ പല വലുപ്പത്തിൽ ഇരുമ്പു ചീനച്ചട്ടികൾ കണ്ടു. രാജവംശങ്ങളുടെയും ഗോത്രങ്ങളുടെയും ശേഷിപ്പുകൾ ഉൾപ്പെടെ പത്തു ലക്ഷത്തിലേറെ വസ്തുക്കൾ അവിടെയുണ്ട്. ചീനഭരണി, കാലിഗ്രാഫി, ചൈനീസ് പെയിന്റിങ് എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. പീപ്പിൾസ് ഗവൺമെന്റ് സമുച്ചയം, ഷാങ്ഹായ് ഗ്രാൻഡ് തിയേറ്റർ, പീപ്പിൾസ് പാർക്ക് എന്നിവ നിലനിൽക്കുന്നതു മ്യൂസിയത്തിനു സമീപത്താണ്.