നൂറു കിലോയോളം ഭാരം വരുന്ന കൊമ്പും ചുമന്ന് നടക്കുന്ന കൂറ്റൻ ആഫ്രിക്കൻ ആന ക്രെയ്ഗ്... ഇന്ന് ലോകത്തുള്ള ആനകളിൽ ഏറ്റവും വലിയ കൊമ്പുകളുടെ ഉടമയെ അംബോസിലിയിൽ കണ്ടുമുട്ടിയ അനുഭവം പങ്കുവയ്ക്കുകയാണ് സ്കോട്‌ലൻഡിൽ ഐ റ്റി പ്രഫഷനൽ ആയി ജോലി നോക്കുന്ന വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫർ കൂടിയായ കൊല്ലം സ്വദേശി ഹരികുമാർ പി.
ഫെബ്രുവരിയിലെ മനോഹരമായ പ്രഭാതം. ആഫ്രിക്കൻ പുൽമേടുകളിലൂടെ സഫാരി ജീപ്പ് നീങ്ങിത്തുടങ്ങി. ക്യാമറ ഒരിക്കൽ കൂടി എടുത്ത് വ്യൂഫൈൻഡറിൽക്കൂടി നാലുപുറവും നിരീക്ഷിച്ചു, ഓൾ സെറ്റ്! മേഘമാലകൾക്കിടെ ഒരു രൂപരേഖപോലെ കിളിമഞ്‍ജാരോയുടെ മേൽഭാഗം ദൃശ്യമാണ്. ചെറു മഴകൾക്കു ശേഷം പൊട്ടിമുളച്ച പുൽത്തലപ്പുകളിൽ പച്ചപ്പണിഞ്ഞ സുന്ദരിയായിരിക്കുന്നു അംബോസിലി. ആദ്യമായിട്ടല്ല ഈ വനമേഖലയിൽ എത്തുന്നതെങ്കിലും കാണാക്കാഴ്ചകളുടെ കൗതുകം മനസ്സിൽ നിറഞ്ഞിരുന്നു. ജീപ്പ് അൽപദൂരം മുന്നോട്ട് പോയി, കാര്യമായ മൃഗങ്ങളൊന്നും മുന്നിലെത്തിയില്ല.
‘അംബോസിലി ആരെയും നിരാശപ്പെടുത്തില്ല.’ ഡ്രൈവറും ഗൈഡുമായ ആഫ്രിക്കൻ സുഹൃത്ത് ആശ്വസിപ്പിച്ചു. വിശേഷപ്പെട്ട ലക്ഷ്യം ഇന്ന് മനസ്സിലുണ്ട്. ഇവിടേക്കുള്ള ആദ്യ സഞ്ചാരം തൊട്ടേ കേൾക്കുന്ന, കഴിഞ്ഞ മൂന്നു വർഷമായി പലരുടെയും വിവരണങ്ങളിലൂടെയും പഠനങ്ങളിലൂടെയും വിടാതെ പിന്തുടരുന്ന ഒരു മൃഗത്തെ കാണണം. കഴിഞ്ഞ ട്രിപ്പിൽ അതിനു ശ്രമിച്ചെങ്കിലും അവൻ അന്ന് എവിടെയോ മറഞ്ഞിരുന്നു. ഇത്തവണത്തെ സന്ദർശനം പോലും ആ കൂടിക്കാഴ്ചയ്ക്കാണ് എന്നു പറയാം. പക്ഷേ, അതിനെ എവിടെ കാണും, എങ്ങനെ കാണും, എപ്പോൾ കാണും... നിശ്ചയമില്ല.
ആഫ്രിക്കൻ ജംഗിൾ സഫാരി എന്നു കേട്ടാൽ ഓർമ വരിക കെനിയയിലെ മസായി മാര റിസർവിന്റെ കാര്യമാണ്. അംബോസിലിയും കെനിയയിൽതന്നെയാണ്, ആഫ്രിക്കൻ ആനകളുടെ തറവാട് എന്നാണ് ഇതറിയപ്പെടുന്നതു പോലും. മാരയെ അപേക്ഷിച്ച് മൃഗങ്ങൾക്കോ പക്ഷികൾക്കോ വലിയ വ്യത്യാസമില്ല. ചെറിയ പ്രദേശമായതിനാൽ കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സൈറ്റിങ്ങിന് സാധ്യതയുണ്ട്. ജീ്പ്പിന്റെ വഴി തിരിച്ചുകൊണ്ട് ഗൈഡ് എന്നോട് ശ്രദ്ധിച്ച് ഇരുന്നോളാൻ പറഞ്ഞു. ജീപ്പ് പ്രത്യേക സംരക്ഷിത പ്രദേശത്തേക്ക് നീങ്ങുകയാണ്, ആനകളെ എന്തായാലും കാണാതിരിക്കില്ല. മാത്രമല്ല ആ ഭാഗത്ത് മനോഹരമായ പശ്ചാത്തല ഭംഗിയുമുണ്ട്. പ്രതീക്ഷകൾ വാനോളമുയർന്നു. അൽപം അകലെ മെല്ലെ ചലിക്കുന്ന ഏതാനും കൂറ്റൻ രൂപങ്ങൾ...
ഇളം പച്ചയുടെ പശ്ചാത്തലത്തിൽ അവയുടെ ഇരുണ്ട തവിട്ടു നിറം പെട്ടെന്നു തിരിച്ചറിയാം, അതെ ആനകൾ തന്നെ. വ്യൂഫൈൻഡറിൽകൂടി നോക്കി ഉറപ്പാക്കി. ആ സ്ഥലത്തേക്ക് അടുക്കുന്തോറും രൂപം വ്യക്തമായി. അഞ്ചോ ആറോ ആനകളുടെ കൂട്ടം. അൻപതോ നൂറോ അംഗങ്ങളുള്ള ആനക്കൂട്ടങ്ങളെയൊക്കെ കാണുക ഈ കാട്ടിൽ സാധാരണമാണ്. ഏതായാലും അന്നത്തെ കന്നി സൈറ്റിങ്ങല്ലേ, ഐശ്വര്യമായി ചിത്രീകരണം തുടങ്ങാൻ ക്യാമറയെടുത്തു.
സൂപ്പർ ടസ്കർ
ആനക്കൂട്ടത്തിൽ എല്ലാവരും പരസ്പരം അകന്ന് അകന്നാണ് മേയുന്നത്. ഒരറ്റത്തു നിന്ന് മറ്റേ അറ്റം വരെ വ്യൂഫൈന്‍ഡറിലൂടെ നോക്കിക്കൊണ്ട് പാൻ ചെയ്തു. അവസാനത്തെ ആനയെ കണ്ടപ്പോൾ വിശ്വസിക്കാനായില്ല, അവൻ തന്നെയല്ലേ ഇവൻ? അസാമാന്യ ഉയരമുള്ള, നന്നേ ക്ഷീണിതനായി തോന്നുന്ന ആനയായിരുന്നു ആ ഫ്രെയ്മിൽ നിറഞ്ഞത്.
അകലെ, കുട നിവർത്തിയതുപോലെ ശിഖരങ്ങൾ വിരിച്ച് നിൽക്കുന്ന മരത്തിന്റെ അത്രതന്നെയുണ്ട് ആ ആന. അതിന്റെ തുമ്പിക്കയ്യുടെ ഇരുവശത്തും ആരോ വരച്ചു ചേർത്ത ബ്രാക്കറ്റ് പോലെ, വളഞ്ഞ് നീണ്ട് നിലം തൊടുന്ന കൊമ്പുകൾ. ഗൈഡിനോട് ആ വശത്തേക്ക് ജീപ്പ് നീക്കാമോ എന്നു ചോദിക്കുമ്പോൾ പുള്ളിക്കാരന്റെ മുഖത്ത് ഒരു പുഞ്ചിരി, ‘സാറിന് ആളെ പിടികിട്ടിയോ?’ ‘സൂപ്പർ ടസ്കർ ക്രെയ്ഗ്?’ ചോദ്യഛിഹ്നമിട്ട് നിർത്തും മുൻപ് ഗൈഡ് അതിനും തംസ് അപ് കാട്ടി.
കിഴക്കൻ ആഫ്രിക്കയിൽ കാണപ്പെടുന്ന ഒരു കൊമ്പെങ്കിലും 100 പൗണ്ടിനു മുകളിൽ (45 കിലോ ഗ്രാം) ഭാരമുള്ള കൊമ്പനാനകളെയാണ് സൂപ്പർ ടസ്കർ എന്നു വിളിക്കുന്നത്. (ആഫ്രിക്കൻ ആനകളിൽ പിടിയാനയ്ക്കും കൊമ്പുണ്ട്.) അവയുടെ കൊമ്പുകൾ മിക്കവാറും നിലത്തു മുട്ടുന്നത്ര നീളമുള്ളതുമായിരിക്കും. ഒരുകാലത്ത് ആഫ്രിക്കൻ വനമേഖലയിൽ ഇന്ന് കാട്ടുപോത്തുകളെയും സീബ്രകളെയും കാണുന്നതുപോലെ ഇക്കൂട്ടർ മേഞ്ഞു നടന്നിരുന്നത്രേ. എന്നാൽ ആനക്കൊമ്പു വേട്ടക്കാരുടെ ഒന്നാം നമ്പർ ഇരകളായി മാറിയതോടെ സൂപ്പർ ടസ്കറുകളുടെ എണ്ണം പൊടുന്നനേ കൂപ്പുകുത്തി. ഇന്ന് അൻപതിനും നൂറിനും ഇടയ്ക്ക് സൂപ്പർ ടസ്കറുകൾ മാത്രമേ ആഫ്രിക്ക മുഴുവൻ പരതിയാലും കിട്ടാനുള്ളു. അതിൽ തന്നെ ഏറ്റവുമധികം സൂപ്പർ ടസ്കറുകള്‍ വസിക്കുന്ന പ്രദേശമാണ് അംബോസിലി നാഷനൽ പാർക്ക്.ക്രെയ്ഗ്, നമ്മുടെ മുൻപിലുള്ള കഥാനായകൻ വെറും സൂപ്പർ ടസ്കർ മാത്രമല്ല, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ആനയും ഇവന്‍ തന്നെയാണെന്ന് റിക്കോർഡ് ബുക്കുകൾ പറയുന്നു. അപ്രതീക്ഷിതമായ കാഴ്ച എന്നു പറയാനാകില്ലെങ്കിലും, അവിചാരിതമായി കണ്ടതുപോലെ ആനന്ദം. ആദ്യമായി നേരിട്ട് കാണുന്നതിന്റെ വിസ്മയം. മനസ്സ് തുള്ളിച്ചാടി.
ക്രെയ്ഗിന്റെ ആനച്ചന്തം
ഗൈഡ് ജീപ്പുമായി മുന്നോട്ട് നീങ്ങി ക്രെയ്ഗ് നിൽക്കുന്ന സ്ഥലത്തിന് ചുറ്റും കറങ്ങി. ഈ സമയമെല്ലാം എന്റെ വിരലുകൾ ക്യാമറ സ്വിച്ചിൽ പതിഞ്ഞുകൊണ്ടിരുന്നു. ക്രെയ്ഗിനെ ആകമാനം കാണാൻ പറ്റുന്ന ഒരു പോയിന്റിൽ വാഹനം നിർത്തി. ആനക്കൂട്ടത്തിൽ നിന്ന് ഏറെ അകലെയുമല്ല, അടുത്തുമല്ല അങ്ങനെ ഒരു സ്ഥാനം. ക്യാമറയൊക്കെ താഴെ വച്ച് ആ ആനച്ചന്തം നന്നായിട്ട് ആസ്വദിച്ചു. വിശാലമായ കാഴ്ചയില്‍ നാല് ആനകളാണ് അവിടുള്ളത്. അതിൽ രണ്ടറ്റങ്ങളിലും നിൽക്കുന്നവയുടെ കൊമ്പുകൾക്ക് അസാധാരണ വലുപ്പമുണ്ട്. എന്നാൽ ഇടത്തേ അറ്റത്തു നിൽക്കുന്നത് താരതമ്യേന ചെറുപ്പത്തിന്റെ സൗന്ദര്യവും വലത്തെ അറ്റത്തുള്ളത് പ്രായത്തിന്റെ പ്രൗഢിയും സൂക്ഷിക്കുന്നവയാണ്. പ്രായം കൂടിയ, ഞങ്ങളുടെ സമീപത്തുള്ള ആനയാണ് ക്രെയ്ഗ് എന്ന അൻപത്തിരണ്ടുകാരൻ.
മണ്ണുവാരിയെറിഞ്ഞ് ചെളിനിറം സ്വന്തം നിറമാക്കി മാറ്റിയ ദേഹം, ഇരുവശത്തേക്കും വിടർത്തി പിടിച്ച ചെവികൾ, മലയാളി ആനച്ചന്തത്തിൽ വിവരിക്കാറുള്ളതുപോലെ നിലത്തിഴയുന്ന തുമ്പിക്കൈ, കുഴിയെ കുലച്ചതുപോലെ നടു വളഞ്ഞ് അറ്റം നിലം പറ്റുന്ന നീളക്കാരൻ വലത്തെ കൊമ്പും ചെറുതെങ്കിലും നീളവും രൂപവുമൊത്ത ഇടത്തെ കൊമ്പും. തൂണുപോലുള്ള കാലുകൾ എന്ന പ്രയോഗത്തെ അക്ഷരാർഥത്തിൽ സാധൂകരിക്കുന്ന വലുപ്പമുള്ള ‘നട’കൾ. ഈ പ്രായത്തിലും ആരുമൊന്ന് നോക്കിപ്പോകും!
പരിസരത്തെ മറ്റാനകളെ ശ്രദ്ധിക്കാതെ ക്രെയ്ഗ് സാവധാനം അവന്റെ വേഗത്തിൽ, പുല്ല് തിന്ന് അലസമായി നടക്കുകയാണ്. അംബോസിലി നാഷനൽ പാർക്കിന്റെ പരിധിക്ക് പുറത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള വനപ്രദേശത്താണ് ഞങ്ങൾ നിൽക്കുന്നത്. പ്രായത്തിന്റെ ക്ഷീണമുള്ളതുകൊണ്ട് നാഷനൽ പാർക്കിന്റെ ഉൾപ്രദേശങ്ങളിലേക്ക് ക്രെയ്ഗ് ഇപ്പോൾ വല്ലപ്പോഴുമേ പോകാറുള്ളു. നാഷനൽ പാർക്കിനുള്ളിൽ സഫാരിക്കിടെ സഞ്ചാരികൾക്ക് ജീപ്പിൽ നിന്നു ഇറങ്ങാൻ അനുമതിയില്ല, പ്രത്യേകിച്ച് മൃഗങ്ങളുടെ മുൻപിൽ. സ്വകാര്യ പാർക്കിൽ അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാത്തതിനാൽ ആനയുടെ മുൻപിലേക്ക് പോകാമെന്ന് ഗൈഡ് പറഞ്ഞു.
ലോകമെമ്പാടുമുള്ള വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ചിത്രീകരിക്കാൻ മത്സരിച്ചിട്ടുള്ള ക്രെയ്ഗിന് ക്യാമറയോ ജീപ്പോ പുതുമയല്ല, മാത്രമല്ല ഇന്നുവരെ മനുഷ്യരെ ഉപദ്രവിച്ച ചരിത്രവും അതിനില്ല. എങ്കിലും മൃഗങ്ങളല്ലേ, അപകടമുണ്ടാകാതിരിക്കാൻ നാം സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്.
ടിം, ക്രെയ്ഗ്... ഇനി ടീജെ?
ജീപ്പിൽ നിന്ന് പുറത്തിറങ്ങി ക്രെയ്ഗിന്റെ അടുത്ത് നിന്നും കിടന്നും ഇരുന്നും ചിത്രങ്ങൾ പകർത്തി. അതിന് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും കണ്ടില്ല. എന്നാൽ അവിടെ നിന്ന ആനകളിൽ ചിലതിന് അതൊന്നും ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ച് അക്കൂട്ടത്തിലുണ്ടായിരുന്ന ഒരു ‘ജൂനിയർ’ സൂപ്പർ ടസ്കറിന്. ഒരു വട്ടം അത് ആക്രമിക്കാനെന്നോണം ഓടി അടുത്തു. ഭാഗ്യംകൊണ്ട് ജീപ്പിനു സമീപത്തേക്കോടി അതിനു പിന്നിൽ പോയി നിന്നു. ക്രെയിഗിന്റെ സാമീപ്യം കൊണ്ടോ എന്തോ, ആ കൊമ്പൻ കലിപ്പിച്ചൊന്നു നോക്കിയിട്ട് ദൂരേക്ക് നീങ്ങി. ഉച്ചയോടെ തുടങ്ങിയ ക്രെയ്ഗ് ആസ്വാദനത്തിനിടെ സമയം പോയത് അറിഞ്ഞില്ല. അസ്തമയം അടുക്കുന്നു എന്ന് ഗൈഡ് പറഞ്ഞു. മുകളിൽ തെളിഞ്ഞ ആകാശം, താഴെ പുൽപ്പരപ്പിൽ തലയുയർത്തി നിൽക്കുന്ന ക്രെയ്ഗ്, അതിനു പശ്ചാത്തലമായി കിളിമഞ്ജാരോ കൊടുമുടി... ഏതു ഫൊട്ടോഗ്രഫറും കൊതിക്കുന്ന ആ ദൃശ്യത്തിലേക്ക് അസ്തമയസൂര്യനും കൂടി ചേർന്നാൽ അതിമധുരമായി. പൊൻകതിരുകൾ വീശിയ ആകാശത്തിനു താഴെ സൂപ്പർ ടസ്കർ!
ആ ഫ്രെയിം ഒരുങ്ങാൻ കാത്തിരിക്കവേ, ഗൈഡ് സൂപ്പർ ടസ്കറുകളെ കുറിച്ച് വാചാലനായി. ക്രെയ്ഗിനു മുൻപ് ടിം എന്ന ‘കസിൻ ബ്രദറാ’യിരുന്നു പ്രശസ്തൻ. വലിയ കൊമ്പുകളുടെ ഭാരം ചുമക്കുമ്പോഴും കാട്ടിലെങ്ങും വിലസിയ കിം, ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കാനും കേമനായിരുന്നു. അങ്ങനെ പലവട്ടം പരിക്കേൽക്കുകയും റേഡിയോ കോളർ ഘടിപ്പിച്ച് വിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. 2020 ൽ ടിം ചെരിഞ്ഞു. അതിന്റെ കൊമ്പുകൾ 71ഉം 68ഉം കിലോ ഗ്രാം വീതമുണ്ടായിരുന്നു.
ക്രെയ്ഗിനെ കണ്ടാൽ ടിം ആണെന്നു തന്നെ പറയുമത്രേ. എന്നാൽ സ്വഭാവത്തിൽ ക്രെയ്ഗ് ഏറെ ശാന്തനാണ്. ഏഴ് അടിയിലേറെ നീളമുണ്ട് അതിന്റെ കൊമ്പുകൾക്ക്. സൂപ്പർ ടസ്കറുകളുടെ ഒരു കൊമ്പിന് എപ്പോഴും വലുപ്പം കൂടുതലായിരിക്കും. ആ കൊമ്പ് കൂടുതലായി ഉപയോഗിക്കുന്നതു കൊണ്ടാണ് അങ്ങനെ വളരുന്നത്. ടിമ്മിന്റെയും വലത്തേ കൊമ്പായിരുന്നു വലുത്. ക്രെയ്ഗ് ഇന്നു വരെ ആരുടെയും നേരേ തലകുലുക്കി, ചിന്നം വിളിച്ച് ചെന്നിട്ടില്ല എന്ന് വഴികാട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. സോൾജ്യർ, റ്റീ ജെ, വൺ ടോൺ തുടങ്ങി ഏതാനും സൂപ്പർ ടസ്കറുകൾ കൂടി വളരുന്നുണ്ട്. അതിൽ ടീ ജെ എന്ന കൊമ്പനായിരുന്നു ക്രെയിഗിന്റെ ചിത്രങ്ങൾ പകർത്തവേ ഞങ്ങളുടെ നേരേ കൊമ്പുകുലുക്കി വന്നത്.
വനപാലകരും എൻജിഒ സംഘടനകളും സൂപ്പർ ടസ്കറുകൾ ഓരോന്നിനെയും പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. മുൻപ് 70 വയസ്സിലേറെ ജീവിച്ചിരുന്ന ഈ മൃഗങ്ങളുടെ ജീവിതം ഇപ്പോൾ അൻപതുകളിൽ അവസാനിക്കുന്നതായിട്ടാണ് കാണുന്നത്. മറ്റ് ആനകളുടെ ആക്രമണങ്ങളും വേട്ടക്കാരുടെ ഭീഷണിയും ധാരാളം. 2023 ൽ ടാൻസാനിയയിൽ ട്രോഫി ഹണ്ടിങ് എന്ന പരമ്പരാഗത ആനവേട്ട മത്സരത്തിൽ രണ്ട് സൂപ്പർ ടസ്കറുകളെ മനുഷ്യൻ കൊന്നൊടുക്കിയത്രേ.
കഥയും കാര്യവും പറഞ്ഞിരിക്കവേ സൂര്യൻ ആകാശത്ത് സ്വർണപ്രഭ പരത്തി, സമയം വൈകാതെ ക്രെയ്ഗിന്റെ ചിത്രം പകർത്തി ഞങ്ങൾ ജീപ്പിലേക്ക് കയറി. അവിടെനിന്ന് സാവധാനം അകലുമ്പോൾ ഒരു സുഹൃത്തിനോടെന്നവണ്ണം അതിനോട് കൈവീശി യാത്ര പറഞ്ഞു. ഒരു ദിനം കൂടി അംബോസിലിയിൽ ചെലവിട്ടെങ്കിലും ഹിപ്പോപൊട്ടാമസും ചില പക്ഷികളുമല്ലാതെ, ക്രെയ്ഗിനെ കണ്ട സന്ദർഭം വിസ്മൃതിയിലാക്കാൻ കെൽപുള്ള ഒരു ‘സൂപ്പർ അനിമലും’ മുൻപിലെത്തിയില്ല. അതാണ് കൊമ്പൻമാരിലെ വമ്പന്റെ വലുപ്പം.