ഫെബ്രുവരിയിലെ ഒരു ദിനം. അസമിലെ ദിബ്രുഗഡിൽ നിന്ന് പുലർച്ചേ പുറപ്പെട്ടതാണ് 130കിലോ മീറ്റർ അകലെയുള്ള ഹൂലോംഗപാറിലേക്ക്... മനുഷ്യക്കുരങ്ങുകളുടെ ഇനത്തിൽപ്പെട്ട ഇന്ത്യയിലെ ഒരേയൊരു കുരങ്ങുവർഗത്തെ കാണാൻ. അസമിലെ പ്രശസ്തമായ വന്യജീവി സങ്കേതമായ കാസിരംഗയിൽ നിന്ന് വെറും രണ്ടു മണിക്കൂർ ഡ്രൈവ് ചെയ്താൽ മതി ഹൂലോംഗപാർ ഗിബൺ സാങ്ചുറിയിലെത്താൻ. കാസിരംഗയുടെ വലിപ്പമോ ജൈവവൈവിധ്യമോ അവകാശപ്പെടാനില്ല 20 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള ഈ സാങ്ചുറിക്ക്. എന്നാൽ ലോകത്തെ അപൂർവ ഇനം ജീവികളിലൊന്നായ ഹൂലോക് ഗിബണിന്റെ സുരക്ഷിത ആവാസസ്ഥാനമെന്ന നിലയ്ക്ക് വളരെ വലിയ പ്രാധാന്യമുണ്ട് ഹൂലോംഗപാറിന്. ഇവിടെ കാണപ്പെടുന്ന പല ജീവികളും സസ്യങ്ങളും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലൊന്നും കാണപ്പെടാത്തവയാണ്.
ഉച്ചയ്ക്കു ശേഷം 3 മണിയായി സാങ്ചുറിയിലെത്തിയപ്പോൾ. ഫെബ്രുവരി മാസത്തിൽ വടക്കു കിഴക്കൻ ഇന്ത്യയിൽ സൂര്യാസ്തമയം നേരത്തെയാണ്. കവാടത്തിൽതന്നെ ചെറിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിൽക്കുമ്പോൾ തന്നെ ഹൂലോക് ഗിബണുകളുടെ തനതു ‘ഹൂക്–ഹൂക്’ കോൾ കേട്ടിരുന്നു. റേഞ്ച് ഓഫിസർക്കൊപ്പം കെട്ടിടത്തിനു പുറത്തിറങ്ങിയപ്പോൾ തൊട്ടടുത്ത മരത്തിൽ ഒരു ജോഡി ഹൂലോക് ഗിബണുകളെ വ്യക്തമായി കാണുകയും ചെയ്തു. എന്നാൽ അവ പെട്ടന്നു തന്നെ മരത്തിന്റെ മുകൾ ചില്ലകളിലേക്ക് കയറി ഇലപ്പടർപ്പുകൾക്കിടയില്‍ മറഞ്ഞു. എങ്കിലും സാങ്ചുറിയിലെത്തിയ ഉടനെതന്നെ ആൺ–പെൺ ഹൂലോക്കുകളെ ഒരുമിച്ചു കാണാൻ സാധിച്ചതിൽ സന്തോഷം തോന്നി. ഓഫീസർ പരിചയപ്പെടുത്തിയ ഗൈഡിനൊപ്പം അൽപദൂരം നടന്ന ഞങ്ങൾക്ക് പിന്നീട് ഒരു ജീവിയുടേയും സൈറ്റിങ് കിട്ടിയില്ല. നടപ്പാതയുടെ ഇരു വശത്തും ഹൂലോക് കുരങ്ങുകളുടെ കോളുകൾ പലതവണ കേട്ടു, മൃഗങ്ങളെ ഒന്നും കാണാൻ പറ്റിയില്ല. പ്രഭാതമാണ് മൃഗങ്ങളുടെ നല്ല സൈറ്റിങ് കിട്ടാൻ അനുയോജ്യമായ സമയം എന്ന് ഗൈഡ് പറഞ്ഞു. അതുകൊണ്ട് അന്ന് സമീപത്ത് എവിടെയെങ്കിലും താമസിച്ച് അടുത്ത ദിവസം രാവിലെ വീണ്ടും വരാം എന്നു തീരുമാനിച്ചു. അന്ന്

ഹൂലോംഗപാറിൽ താമസസൗകര്യമില്ല. വനംവകുപ്പിന്റെ ചെറിയൊരു ഗസ്റ്റ് ഹൗസ് നിർമാണം നടക്കുന്നതേയുള്ളു. തൊട്ടടുത്ത ഇടത്തരം പട്ടണമായ മരിയാനിയിൽ താമസസൗകര്യം പരിമിതമാണ്. ജോർഹട് ലക്ഷ്യമാക്കി വണ്ടി വിട്ടു.
ജോർഹട്ടിലെത്തിയപ്പോൾ തീരേ പ്രതീക്ഷിക്കാത്ത ഒരു പ്രശ്നം. ജനുവരി–ഫെബ്രുവരി അസമിൽ വിവാഹങ്ങളുടെ കാലമാണ്. ജോർഹട്ടിലെ പ്രധാന ഹോട്ടലുകളിലൊക്കെ മുറികൾ വിവാഹ സംഘങ്ങൾ മുൻകൂർ ബുക്ക് ചെയ്തിരിക്കുകയാണ്യ അസം ടൂറിസം വകുപ്പിന്റെ ഗസ്‌റ്റ് ഹൗസ് പ്രശാന്തിയിലെത്തിയപ്പോൾ റൂം ഒഴിവുണ്ട്, പക്ഷേ ആ ദിവസം ഉച്ചയോടെ വിവാഹപ്പാർട്ടികൾ മുറി ഒഴിഞ്ഞ ശേഷം കഴുകി ഉണക്കിയ വിരികളൊന്നും ലഭ്യമായിട്ടില്ലത്രേ... ഒടുവിൽ എ ടി റോഡിലെ ഒരു ഹോട്ടലിൽ നല്ല മുറി കിട്ടി. റൂമിലെത്തി ബാഗുകളൊക്കെ വച്ച് പുറത്തിറങ്ങി. തനത് അസം ശൈലിയിലുള്ള ചോറും ബ്രഹ്മപുത്രയി പുഴമീൻ ഉപയോഗിച്ചുള്ള കറിയും നാടൻ പച്ചക്കറി വിഭവങ്ങളും എരിവുള്ള മുളകിനു പേരെടുത്ത അസമിലെ അച്ചാറും കൂട്ടി അത്താഴം കഴിച്ച് മുറികളിലേക്കു മടങ്ങി.

നിത്യഹരിത വനമേഖലയാണ് ഹൂലോംഗപാർ. അസമും അരുണാചൽ പ്രദേശും സംസ്ഥാന വൃക്ഷമായി പ്രഖ്യാപിച്ചിട്ടുള്ള ഹൂലോംഗ് മരങ്ങളാണ് ഈ വനത്തിലെ പ്രധാന വൃക്ഷം. ചൈന, ഫിലിപീൻസ്, കംബോഡിയ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിൽ വളരുന്ന ഹൂലോംഗ് മരം ഇന്ത്യയിൽ അപ്പർ അസം മേഖലയിലും അരുണാചൽ പ്രദേശിലും മാത്രമേ കാണപ്പെടുന്നുള്ളു. ഹൂലോംഗപാര്‍ ഉൾപ്പെടുന്ന പ്രദേശത്തെ 1881 ൽ സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചെങ്കിലും അസമിൽ തേയിലത്തോട്ടങ്ങളും അതിനോടു ചേർന്ന് പാർപ്പിട പ്രദേശങ്ങളും വളർന്നതോടെ അതിന്റെ നല്ലൊരു പങ്ക് കയ്യേറ്റക്കാർ സ്വന്തമാക്കി. ഒറ്റപ്പെട്ട കാട്ടിനുള്ളിൽ തളയ്ക്കപ്പെട്ടവരായി ഇവിടുത്തെ മൃഗങ്ങൾ. 1997 ലാണ് ഇപ്പോഴത്തെ 20 ചതുരശ്ര കിലോ മീറ്റർ വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്.

അടുത്ത ദിവസം രാവിലെ 7.30 നു തന്നെ സാങ്ചുറിയിലെത്തി. തലേദിവസം ഹൂലോക് ഗിബണുകളെ കണ്ട ആ മരത്തിൽ നിന്ന് അന്നും ഗിബണുകളുടെ ശബ്ദം കേട്ടു. നോക്കുമ്പോൾ ആൺ–പെൺ ഗിബണുകളും ഒരു കുട്ടിയും ചേരുന്ന കുടുംബത്തെയാണ് കണ്ടത്. സൂര്യോദയം കഴിഞ്ഞെങ്കിലും പ്രകാശം കുറവായിരുന്നതിനാൽ ചിത്രമെടുക്കുവാൻ സാധിച്ചില്ല. ഡൽഹിയിൽ നിന്നു വന്ന ഒരു സംഘം സന്ദർശകരിൽ പ്രൊഫഷനൽ ക്യാമറകളും ലെൻസുകളുമായി വന്നവർ ആ കുടുംബത്തിനു നേരേ ക്യാമറയുമായി ശ്രദ്ധ കേന്ദ്രീകരിച്ചു നിന്നതോടെ അവ മുകളിലേക്ക് കയറിപ്പോയി. താമസിയാതെ ഗൈഡിനൊപ്പം കാട്ടിനുള്ളിലേക്കു നടന്നു. ഡെൽഹി സംഘത്തിൽ നിന്ന് അകന്ന് ഗൈഡ് ഞങ്ങളെ മറ്റൊരു വഴിയിലൂടെയാണ് കൊണ്ടുപോയത്. താമസിയാതെ വഴിയരികിലെ മരത്തിൽ പിഗ് ടെയിൽഡ് മകാക്യുവിനെ കണ്ടു. അൽപ്പം നടന്നപ്പോൾ സ്‌റ്റംപ് ടെയിൽഡ് മകാക്യുവിനേയും തുടർന്ന് മറ്റൊരു പിഗ് ടെയിൽഡ് മകാക്യുവിനേയും കാണാൻ പറ്റി. എങ്കിലും അവ ഇലച്ചാർത്തുകളുടെ ഇടയിലായിരുന്നു. തുടർന്ന് ആ കാട്ടിലെ സ്‌റ്റാറുകളായ ഹൂലോക് ഗിബണുകൾ ചിത്രങ്ങൾ പകർത്താൻ സാധിക്കുംവിധം മുന്നിലെത്തി. വളരെ വേഗം മെയ്‌വഴക്കത്തോടെ മരങ്ങളുടെ ശാഖകളിൽ നിന്നു ശാഖകളിലേക്ക് ചാടിക്കളിക്കുകയായിരുന്നു അവ. ഇടയ്ക്ക് ഇലകൾ പറിച്ചു തിന്നുന്നു.

ഹൂലോക്കുകളിൽ ആൺകുരങ്ങുകൾക്കു നല്ല കറുപ്പു നിറവും പെൺകുരങ്ങുകൾക്കു തവിട്ടു നിറവുമാണ്. പ്രായപൂർത്തി എത്തിയ കുരങ്ങുകൾക്ക് 3 അടി നീളമുണ്ടാകും, മരങ്ങൾക്കു മുകളിലെ ജീവിതത്തിനു സഹായകമാം വിധം നല്ല നീളമുള്ള കൈകൾ ഇവയുടെ സവിശേഷതയാണ്. ഞങ്ങളുടെ ഗൈഡ് പറഞ്ഞതനുസരിച്ച് ഇവ വെള്ളം കുടിക്കാൻ പോലും നിലത്തിറങ്ങാറില്ലത്രേ... ഭക്ഷിക്കുന്ന ഇലകളിൽനിന്നുതന്നെ ശരീരത്തിന് ആവശ്യമായ ജലം കിട്ടും. ജീവിതകാലം മുഴുവൻ ഒരൊറ്റ ഇണയാണ് ഇവയ്ക്കുണ്ടാവുക, ഒരു പ്രസവത്തിൽ ഒറ്റക്കുട്ടിയേ ജനിക്കാറുമുള്ളു. കുട്ടികളെ 2 വയസ്സുവരെയേ അച്ഛനമ്മമാർ പരിപാലിക്കാറുള്ളു എങ്കിലും പ്രായപൂർത്തിയാകുന്നതുവരെ (ഉദ്ദേശം 4 വയസ്സ്) അവ മാതാപിതാക്കൾക്കൊപ്പം തന്നെ കഴിയും. 20 വർഷമാണ് ഇവരുടെ ആയുസ്സ്. ഏറെ കുലീനമായ രീതിയിൽ ആത്മവിശ്വാസത്തോടെ ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്കുള്ള ഇവയുടെ സഞ്ചാരം ഒരു കാഴ്ചതന്നെയാണ്.
ഉദ്ദേശം 106 ഹൂലോക് ഗിബണുകളാണ് സാങ്ചുറിയിലുള്ളത്. മേഘലായ, നംദഫ, ദിബ്രു സൈഖോവ തുടങ്ങി ചില പ്രദേശങ്ങളിലും ഇന്ത്യയിൽ ഈ മനുഷ്യക്കുരങ്ങുകള്‍ വസിക്കുന്നുണ്ടെങ്കിലും അവയെ എളുപ്പം കാണാൻ സാധിക്കുന്നത് ഹൂലോംഗപാറിലാണ്. രാജ്യത്തെ ഏറ്റവും ചെറിയ സാങ്ചുറികളിലൊന്നായ ഹൂലോംഗപാറിൽ ഗിബൺ, പിഗ് ടെയിൽഡ് മകാക്യു, സ്റ്റംപ് ടെയിൽഡ് മകാക്യു എന്നിവയ്ക്കൊപ്പം അസമിസ് മകാക്യു, ക്യാപ്ഡ് ലംഗൂർ എന്നീ കുരങ്ങുകളും ആനയും പുള്ളിപ്പുലിയും ഉണ്ട്. മലേഷ്യൻ ജയന്റ് സ്ക്വിറൽ, കാട്ടുപൂച്ച, കാട്ടുപന്നി, വെരുക്, പല ഇനം പാമ്പുകൾ, കാട്ടിൽ കയറുന്നവർക്ക് ഭീഷണിയായ അട്ടകൾ, അപൂർവങ്ങളായ ഒട്ടേറെ പക്ഷികൾ, ചിത്രശലഭങ്ങൾ എന്നിവ ഹൂലോംഗപാർ കാട്ടിലുണ്ട്. അവയെ എല്ലാം കാണാൻ ദീർഘമായ ഒരു സന്ദർശനം ആവശ്യമാണ്.

കാടിനു ചുറ്റുമുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പാതകളും ഗുവാഹത്തി–ജോർഹട് റെയിൽവേ ലൈനും ഈ കാട്ടിലൂടെ കടന്നുപോകുന്നു. മേലേങ് എന്ന സ്ഥലത്ത് പാസഞ്ചർ ട്രെയിനുകൾക്കു സ്‌റ്റോപ് അനുവദിച്ചിട്ടുണ്ട്. ഗ്രാമപാതകളിൽ പകൽ സഞ്ചാരമേ അനുവദിച്ചിട്ടുള്ളു. ജോർഹട്ടാണ് ഏറ്റവുമടുത്തുള്ള പ്രധാന നഗരം, ട്രെയിനിൽ മരിയാനി വരെ സഞ്ചരിക്കാം. സന്ദർശകർക്ക് കാട്ടിനുള്ളിൽ നടന്നു മാത്രമേ കാഴ്ചകൾ കാണാൻ സാധിക്കു. വാഹനങ്ങൾ അനുവദിക്കുകയില്ല. കാസിരംഗയാത്ര ചെയ്യുന്നവർക്ക് അധികമായി ഒരു ദിവസം കൂടി ചെലവാക്കാന്‍ സാധിക്കുമെങ്കിൽ മനുഷ്യക്കുരങ്ങുകളുടെ അപൂർവകാഴ്ച കാണാനുള്ള അവസരം നൽകുന്നു ഹൂലോംഗപാർ.