ഈജിപ്ത് എന്ന പേരിനൊപ്പം പലപ്പോഴും മനസ്സിൽ തെളിയുക ചരിത്ര പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും ഏറെ പരിചയപ്പെട്ടിട്ടുള്ള ‘മമ്മി’യുടെ രൂപമായിരിക്കും. ഈജിപ്തിൽ മാത്രമല്ല ഇന്ത്യയിലും മമ്മിയാക്കിയ ഒരു ശരീരം കണ്ടെത്തിയിട്ടുണ്ട്, അഞ്ഞൂറിലധികം വർഷം പഴക്കമുള്ള ഒന്ന്. അതൊരു രാജാവിന്റേതോ പ്രഭുവിന്റേതോ അല്ല, ഒരു ബുദ്ധസന്യാസിയുടേതാണ്. എന്നും കാഴ്ചകളുടെയും അനുഭവങ്ങളുടെയും അദ്ഭുത താഴ്‌വരമായ ഹിമാലയത്തിൽനിന്നാണ് ഈ മമ്മി കണ്ടെടുത്തത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന സ്പിതി താഴ്‌വരയിലെ ഒരു പ്രധാന കൗതുകകാഴ്ചയാണ് ഇപ്പോൾ ഈ മമ്മി.
ജീവനോടെ മമ്മിയായ ബുദ്ധഭിക്ഷു
സങ്ക ടെൻസിൽ എന്ന ബുദ്ധസന്യാസിയുടേതാണ് ഈ സംരക്ഷിത ശരീരം എന്നു തദ്ദേശവാസികൾ വിശ്വസിക്കുന്നു. ഒരു നാടിന്റെ രക്ഷയ്ക്കായി സ്വന്തം ശരീരം ത്യജിച്ച മഹാത്മാവാണ് സങ്ക ടെൻസിൻ, അതിനാൽ ഈ ശരീരത്തെ ‘ജീവിക്കുന്ന ബുദ്ധ’നായി അവർ കണക്കാക്കുന്നു. ഒരിക്കൽ വലിയ തേളുകളുടെ ആക്രമണത്താൽ ഈ ഗ്രാമവാസികൾ മുഴുവൻ ദുരിതത്തിലായി. അളരുടെ രക്ഷയ്ക്കായി ഈശ്വരനു മുന്നിൽ ജീവൻ നൽകിയ സങ്ക ടെൻസിലിന്റെ ഐതിഹ്യമാണ് ഗ്രാമവാസികൾ പങ്കുവയ്ക്കുക.
ഈജിപ്തിലെ മമ്മികളിൽനിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ട് സ്പിതിയിലെ മമ്മിക്ക്. സങ്ക ടെൻസിലിന്റെ ശരീരം ജീവൻ നഷ്ടപ്പെട്ടശേഷം രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് മമ്മിയാക്കിയതല്ല. ബുദ്ധമതത്തിലെ നിങ്മ വിഭാഗത്തിൽപെട്ട സന്യാസിമാർക്ക് ജീവൻ ത്യജിക്കുന്നതിനോടൊപ്പം ത്വക്കും മറ്റു ശരീരഭാഗങ്ങളും ജീർണിക്കാത്തവിധം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്കു സ്വാഭാവികമായി മാറ്റുകയും ചെയ്യുന്ന ഒരു അനുഷ്ഠാനം ഉണ്ടായിരുന്നു. ഭക്ഷണം ക്രമീകരിച്ചും ക്രമേണ അളവ് കുറച്ചും പിന്നീട് തീർത്തും ഉപേക്ഷിച്ചും ദീർഘനാൾ ധ്യാനത്തിൽ ഇരിക്കും. കുറച്ചു കാലം കൊണ്ട് ജീവൻ വെടിയുന്നതോടൊപ്പം ശരീരത്തിലെ കൊഴുപ്പും ദ്രവങ്ങളും ഇല്ലാതാകുന്നു. ചുറ്റും വിളക്കുകൾ കൊളുത്തി വച്ച് അതിനു നടുക്കാണ് ധ്യാനസ്ഥിതനായി ഇരിക്കുന്നത്. ഭക്ഷണ ക്രമീകരണത്തിലൂടെ ശരീരത്തിലെ കൊഴുപ്പും ദ്രവങ്ങളും ഇല്ലാതാകുന്നതിനൊപ്പം മുറിയിലെ വിളക്കിന്റെ ചൂട് തൊലിയെ ഉണക്കുകയും ചെയ്യുന്നു. മരണാനന്തരം സമാധിയായ ശരീരത്തെ മറ്റു ഭിക്ഷുക്കൾ മൂന്നു വർഷക്കാലത്തേക്ക് വിളക്കുകൾ കൊളുത്തിവച്ച ഒരു ഭൗമാന്തർഗുഹയിൽ സൂക്ഷിക്കും. അതും ശരീരത്തെ ജീർണതകളിൽനിന്ന് സംരക്ഷിക്കാനാണ്. സങ്ക ടെൻസിലിന്റെ മമ്മിയും ഇത്തരത്തിൽ ഒന്നാണ്.
ഈജിപ്ഷ്യൻ മമ്മികളിൽനിന്നു വ്യത്യസ്തമായി സങ്ക ടെൻസിലിന്റെ ശരീരത്തെ മൂടിയ ആവരണങ്ങളൊന്നുമില്ല. ഇരിക്കുന്ന രൂപത്തിലാണ് ശരീരം, തലമുടിക്കോ പല്ലുകൾക്കോ ജീർണതകളൊന്നുമില്ല. കാർബൺ ഡേറ്റിങ്ങിലൂടെ അഞ്ഞൂറിലധികം വർഷം പഴക്കം ഈ മമ്മിക്കുള്ളതായി കണ്ടെത്തിയിട്ടുണ്ടത്രേ. ഇത്തരത്തിൽ സ്വയം ജീവൻ വെടിഞ്ഞ ബുദ്ധഭിക്ഷുക്കളുടെ മമ്മികൾ ജപ്പാനിലും ടിബറ്റിലും കണ്ടെത്തിയിട്ടുണ്ട്.
1975 ലെ ഭൂചലനത്തിൽ സങ്ക ടെൻസിലിന്റെ ശവകുടീരത്തിന് കേടുപാടുകൾ പറ്റി. 2004 ൽ ആണ് അതിർത്തി രക്ഷാസേനയുടെ നേതൃത്വത്തിൽ ഈ ശവകൂടീരത്തിൽ ഉദ്ഖനനം നടത്തിയതും മമ്മി പുറത്തെടുത്തതും. തദ്ദേശിയരായ ജനങ്ങളുടെ ഭക്തിയും വിശ്വാസവും പരിഗണിച്ച് മമ്മി തൊട്ടടുത്തുള്ള ഗ്യൂഗോംപയിൽ ഒരു പ്രത്യേക മുറി പണിത് സംരക്ഷിക്കുകയാണ്. കൃത്രിമമായ സംരക്ഷണമാർഗങ്ങളൊന്നും ഇതുവരെ ഉപയോഗിച്ചിട്ടില്ലെങ്കിലും ഇന്നും മമ്മിക്ക് ജീർണതകളൊന്നും ഇല്ല. ഉപ്പു കലർന്ന മണ്ണും ഈർപ്പമില്ലാത്തും തണുത്തതുമായ കാലാവസ്ഥയും മമ്മിയുടെ സംരക്ഷണത്തിനു സഹായകമായിട്ടുണ്ടാകും എന്നു കണക്കാക്കുന്നു.
മിഡിൽ ലാൻഡ്
ഹിമാനികളിൽനിന്ന് ഒഴുകി എത്തുന്ന സ്പിതി നദിയും അതിന്റെ കൈവഴികളും ചേർന്ന് രൂപപ്പെടുത്തിയതാണ് ഇന്ത്യക്കും ടിബറ്റിനും ഇടയിലുള്ള സ്പിതി താഴ്‌വര. സ്പിതി എന്ന വാക്കിന് അർഥം മിഡിൽ ലാൻഡ്. പൊതുവേ ജനവാസവും സസ്യങ്ങളും കുറഞ്ഞ് ഹിമാലയൻ നിരകളിലെ ഗിരിനിരകളും മഞ്ഞുമലകളും നിറഞ്ഞ ഈ പ്രദേശത്തെ തണുത്തുറഞ്ഞ മരുഭൂമി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. മുപ്പതിനായിരം ആളുകൾ താമസിക്കുന്ന, കുറച്ചു കൃഷിയും ഏതാനും കച്ചവടസ്ഥാപനങ്ങളും ഉള്ള ഒരു നാട്. പച്ചപ്പും തടാകങ്ങളുമുള്ള ഗ്രാമങ്ങളും ജനവാസകേന്ദ്രങ്ങളും കാണാൻ അതീവ സുന്ദരമാണ്. എന്നാൽ ഇവിടെ എത്തിച്ചേരുക എളുപ്പമല്ല. സമുദ്രനിരപ്പിൽ നിന്ന് 12000 അടി ഉയരത്തിലുള്ള നാകോ ഗ്രാമത്തിൽനിന്ന് 50 കി മീ അകലെയാണ് ഗ്യൂ ഗോംപ. നാകോയിൽനിന്ന് ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന ടാബോ മൊണാസ്ട്രിയിലേക്കുള്ള വഴിയിലാണ് ഗ്യൂ. ഹിമാചൽ പ്രദേശിലെ സിംലയിൽനിന്ന് കിന്നൗർ വഴിയാണ് ഇവിടെ എത്തുക. വേനൽക്കാലത്ത് മണാലി, റോഹ്തങ് പാസ്, കുൻസും പാസ് വഴിയും ഇവിടെത്താം.