കുട്ടിക്കാലത്ത് എന്റെ അധ്യാപികയായിരുന്ന സിസ്റ്റർ സെബസ്റ്റ്യനോ എനിക്കു കാവൽ മാലാഖമാരെക്കുറിച്ചു പറഞ്ഞു തന്നിട്ടുണ്ട്. നമ്മൾക്കു വഴി തെറ്റിയാൽ കാവൽ മാലാഖ നേർവഴി കാണിച്ചു തരുമെന്നും അവരെന്നെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. പിന്നീട് ജീവിത യാത്രയിലെ എത്രയോ പ്രതിസന്ധികളിൽ കുറേയാളുകൾ കാവൽ മാലാഖമാരായി എന്റെ മുന്നിൽ അവതരിച്ചു.
പ്രീ–ഡിഗ്രിക്ക് ഫസ്റ്റ് ഗ്രൂപ്പും ഡിഗ്രിക്ക് ഇക്കണോമിക്സുമാണ് ഞാൻ പഠിച്ചത്. അന്ന് ഇക്കണോമിക്സുകാർക്കു വിനോദയാത്രകളില്ല. ബിഎസ്‌സി മാത്‌സ് ക്ലാസിലെ കുട്ടികൾ എക്സ്കർഷൻ പോകുന്നതറിഞ്ഞ് യാത്രയിൽ കമ്പമുള്ള ഞാനും അവരുടെ കൂടെ പോകാൻ അനുമതി വാങ്ങി. പഴനി, കൊടൈക്കനാൽ, മധുര ചുറ്റിയുള്ള യാത്രയായിരുന്നു അത്. എന്റെ ആദ്യത്തെ ദീർഘദൂര എക്സ്കർഷൻ. കൂട്ടുകാരുടെ വീടുകളിൽ ഒന്നോ രണ്ടോ ദിവസം താമസിച്ച് കംബയിൻ സ്റ്റഡി നടത്തുന്ന ഒരു ഏർപ്പാട് അക്കാലത്തുണ്ടായിരുന്നു. കാട്ടാന സത്യൻ എന്നു ഞങ്ങൾ വിളിച്ചിരുന്ന സത്യനാരായണന്റെ വീട്ടിലേക്കു പോവുകയാണെന്ന് അപ്പച്ചനോടു പറഞ്ഞ് മാത്‌സിലെ വിദ്യാർഥികൾക്കൊപ്പം ഞാനും യാത്ര പുറപ്പെട്ടു.
കണക്ക് പഠിക്കുന്നവർ ഇക്കണോമിക്സിലെ കുട്ടികളെപ്പോലെയല്ല. എല്ലാവരും സീരിയസും പഠിപ്പിസ്റ്റുകളുമാണ്. കോളജിൽ പൊടി വില്ലത്തരമുള്ള കൂട്ടത്തിലായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എന്നെ ഇത്തിരി പേടിയായിരുന്നു അവർക്ക്. ഒരു വാക്കുപോലും മിണ്ടാതെ സീറ്റിൽ ചാഞ്ഞിരുന്ന് അവർ ചിന്തകളിൽ മുഴുകി. ആ ബസ് യാത്രയുടെ മൂഡ് മാറ്റാനുള്ള ഐസ് ബ്രേക്കിങ് ചുമതല ഞാൻ ഏറ്റെടുത്തു. സത്യനും ഞാനും ദേവദാസുമെല്ലാംകൂടി ബസ്സിന്റെ ഏറ്റവും പിന്നിലെ സീറ്റിലിരുന്ന് ഒരു അയ്യപ്പൻ പാട്ടോടുകൂടി യാത്രയ്ക്കു ചൂടു പിടിപ്പിച്ചു. സാവധാനം പെൺകുട്ടികളും ആൺകുട്ടികളുമായുള്ളൊരു മത്സരമായി അതു മാറി. പെൺകുട്ടികൾ തിരുവാതിരപ്പാട്ടു പാടി, ഞങ്ങൾ സിനിമാപ്പാട്ടും. ചുരുക്കിപ്പറഞ്ഞാൽ യാത്ര സജീവമായി.
ആദ്യം മലമ്പുഴയും പിന്നീട് പഴനിയും സന്ദർശിച്ച ശേഷമാണു കൊടൈക്കനാലിലേക്കു പോയത്. ഈ യാത്രയിലാണ് ജീവിതത്തിലെ അവിസ്മരണീയമായ ഒരു സംഭവമുണ്ടായത്. കൊടൈക്കനാൽ എത്തുന്നതിനു തൊട്ടു മുമ്പുള്ള മനോഹരമായ ഒരു പൂന്തോട്ടത്തിൽ സിനിമാ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ ബസ്സിലുണ്ടായിരുന്ന അമ്പതുപേരും വണ്ടി നിർത്തിച്ചു ഷൂട്ടിങ് നടക്കുന്നിടത്തേക്ക് ഓടി. മമ്മൂട്ടിയാണ് അഭിനയിക്കുന്നത്, സിനിമയുടെ പേര് ശ്യാമ. സമാധാനമായി നടന്നിരുന്ന ഷൂട്ടിങ്ങിനിടയിലേക്ക് തിരക്കിക്കയറിയ കുട്ടികളെല്ലാവരും കൂടി മമ്മൂട്ടിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. കുട്ടികളുടെ ആർപ്പുവിളി കാരണം കുറച്ചു നേരം ചിത്രീകരണം നിർത്തിവയ്ക്കേണ്ടി വന്നു. കൂട്ടുകാരെല്ലാവരും മമ്മൂക്കയുടെ കൂടെ നിന്നു ഫോട്ടോയെടുക്കാൻ മത്സരിച്ചു. പക്ഷേ, പെട്ടന്നൊരു ബുദ്ധിജീവിത്തം ബാധിച്ചപോലെ ഞാൻ മാത്രം ആ തിരക്കിനിടയിൽ നിന്നു മാറി നിന്നു. ബഹളം വച്ച് ഫോട്ടോയെടുക്കേണ്ട പ്രായക്കാരനല്ല ഞാനെന്നൊരു തോന്നലായിരുന്നു അതിനു കാരണം. ഷൂട്ടിങ് സ്ഥലത്തു നിന്ന് അൽപ്പം മാറി കസേരയിലിരിക്കുന്ന ഒരു താടിക്കാരനാണ് എന്റെ ശ്രദ്ധയാകർഷിച്ചത്. നിർമാതാവ് ജോയി തോമസല്ലേ..? ഞാൻ ചോദിച്ചു. എന്നെ അറിയാമോ...? അദ്ഭുതത്തോടെ അദ്ദേഹത്തിന്റെ മറുചോദ്യം. താങ്കൾ വലിയ നിർമാതാവാണെന്നും ഏറ്റവും നല്ല സിനിമകൾ ചെയ്ത ജൂബിലിയുടെ ഉടമയാണെന്നും എനിക്കറിയാമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ജോയി തോമസിനൊപ്പം നിന്നു സംസാരിക്കുന്നതിൽ ഞാനൊരു ഗമ കണ്ടെത്തി. സിനിമയുടെ റിലീസിനെക്കുറിച്ചും മറ്റുമായി വിശദാംശങ്ങൾ അദ്ദേഹത്തോടു ചോദിച്ചു മനസ്സിലാക്കി. അവിടെ നിന്നു മടങ്ങുമ്പോൾ സിനിമയുടെ പേരല്ലാതെ ഞങ്ങളുടെ കൂട്ടത്തിലാർക്കും ആ ചിത്രത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നു. കുറച്ചു നേരം മുമ്പ് ആർജിച്ച അറിവുകൾ അവരുടെ മുമ്പിൽ വിളമ്പി ഞാൻ വലിയ ആളായി.
സത്യന്റെ വീട്ടിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നു മുങ്ങിയതിനാൽ കൊടൈക്കനാലിലെ തണുപ്പിനെ മറികടക്കാനുള്ള വസ്ത്രങ്ങളൊന്നും എന്റെ കയ്യിലുണ്ടായിരുന്നില്ല. ഈ സമയത്താണ് മാത്‌സിലെ നിശ്ശബ്ദ ജീവികളായ പെൺകുട്ടികളുടെ സ്നേഹം എനിക്കു മനസ്സിലായത്. അവർ കൊണ്ടുവന്നിരുന്ന കമ്പിളിയും ഷാളുമെല്ലാം എനിക്കു തന്നു. അത്രയും കാലം എന്നെ പേടിയോടെ കണ്ടിരുന്ന പെൺകുട്ടികൾ ഞാനൊരു സാധുവാണെന്നു മനസ്സിലാക്കി. മാല, ദേവി, ചിത്ര തുടങ്ങിയ പേരുകൾ ഞാൻ ഓർക്കുന്നു. ഞങ്ങളുടെ കോളജിൽ പഠിച്ച് അവിടെ അധ്യാപകനായി എത്തിയ അരവിന്ദാക്ഷൻ സാറാണ് യാത്രാസംഘത്തെ നയിച്ചിരുന്നത്. അദ്ദേഹത്തെ മുൻസീറ്റിലിരുത്തി ഞാനും സത്യനും കൂട്ടുകാരും രഹസ്യമായി തണുപ്പു മാറ്റാനുള്ള പാനീയം നുകർന്നു. അതു കണ്ടുപിടിച്ച പെൺകുട്ടികളെ കണ്ണുരുട്ടിക്കാണിച്ച് നിശ്ശബ്ദരാക്കി. ഇങ്ങനെയൊരു ദ്രാവകം അകത്തു ചെന്നാൽ ഞങ്ങളെല്ലാം ഗായകരാകുമെന്നും സരസന്മാരാകുമെന്നും അന്ന് ആ പെൺകുട്ടികൾ തിരിച്ചറിഞ്ഞു. സന്തോഷത്തോടെ പാട്ടുംപാടി മധുരയിലെത്തി.
മധുരമീനാക്ഷി ക്ഷേത്രം എല്ലാവർക്കും അദ്ഭുതമായി. മീനാക്ഷി ക്ഷേത്രത്തിലെ പില്ലറുകൾ കണ്ടപ്പോൾ അരവിന്ദാക്ഷൻ സാറിലെ കണക്ക് മാഷ് ഉണർന്നു. ക്ഷേത്രത്തിലെ സ്തൂപങ്ങളുടെ അളവുകളെക്കുറിച്ച് അദ്ദേഹം വലിയ ചർച്ച നടത്തി. ശരിക്കു പറഞ്ഞാൽ ലോക മഹാദ്ഭുതങ്ങളിൽ ഒന്നാക്കാൻ എന്തുകൊണ്ടും യോഗ്യതയുള്ള മന്ദിരമാണ് മധുര മീനാക്ഷി ക്ഷേത്രം.
യാത്ര കഴിഞ്ഞ് കോളജിൽ തിരിച്ചെത്തിയപ്പോഴാണ് വലിയ മണ്ടത്തരം പറ്റിയെന്ന കാര്യം മനസ്സിലായത്. ബാക്കിയെല്ലാവരുടെയും കയ്യിൽ മമ്മൂക്കയോടൊപ്പമുള്ള ഫോട്ടോയുണ്ട്. മമ്മൂക്കയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ച് സത്യനും മറ്റു കൂട്ടുകാരും ഒരുപാട് പെൺകുട്ടികളുടെ ആരാധന നേടിയെടുത്തു. അതിലൊന്നും ഞാനില്ലെന്ന സത്യം മനസ്സിലാക്കിയ ഞാൻ ബ്ളിംഗസ്യ മിഴിച്ചു നിന്നു.
സൂര്യോദയത്തിന്റെ ഗ്രാമഭംഗി
ഡിഗ്രിക്ക് രാവിലെ മാത്രമായിരുന്നു ക്ലാസ്. അക്കാലത്ത് എനിക്കൊരു ജാവ മോട്ടോർ ബൈക്ക് ഉണ്ടായിരുന്നു. ബൈക്കിൽ പെട്രോൾ അടിക്കാനും സിനിമ കാണാനും പണമുണ്ടാക്കാനായി ഉച്ചകഴിഞ്ഞുള്ള സമയത്ത് ഞാൻ ചെറിയ ജോലികളിൽ ഏർപ്പെട്ടു. അതിലൊന്ന് ‘ഇലക്ട്രൊ’ എന്ന കമ്പനിയുടെ ഫാൻ വിൽക്കുന്ന റെപ്രസെന്റേറ്റിവ് പണിയായിരുന്നു. ഒറ്റപ്പാലം–തിരുവില്വാമല, ഒറ്റപ്പാലം–പഴയന്നൂർ, ഒറ്റപ്പാലം–ചേലക്കര, ഒറ്റപ്പാലം–ഷൊർണൂർ, ഒറ്റപ്പാലം–പട്ടാമ്പി, ഒറ്റപ്പാലം–ചെർപ്പുളശ്ശേരി റോഡുകളിൽ ഈ ജോലിയുമായി ഞാൻ സ്ഥിരം ബൈക്കിൽ സഞ്ചരിക്കുമായിരുന്നു. ഈ കാലത്ത് ഒരു പത്രത്തിന്റെ ഏജൻസി കിട്ടുമോ എന്നന്വേഷിക്കാൻ പാലക്കാട്ടേക്കു പോയി. പക്ഷേ, ആ യാത്ര പത്രത്തിന്റെ പ്രാദേശിക ലേഖകനായി ഒറ്റപ്പാലത്ത് ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കിത്തന്നത്. അങ്ങനെ ഞാൻ പത്രപ്രവർത്തകനായി. അതിനൊപ്പം പത്ര വിതരണം ഏറ്റെടുത്ത് ന്യൂസ് പേപ്പർ ബോയിയുമായി. ജോസ് മാഷിന്റെയും ലില്ലി ടീച്ചറുടെയും മകൻ പത്രവിതരണം നടത്തുന്നതു കണ്ടു മറ്റു പത്ര ഏജന്റുമാർ അദ്ഭുതപ്പെട്ടിരുന്നു.
ക്ലാസിൽ പോയി വന്നാൽ ഉച്ചയ്ക്കു ശേഷം ഒറ്റപ്പാലത്തുള്ള രാഗം സ്റ്റുഡിയോയിൽ ഫോട്ടോഗ്രഫി പഠിക്കാനും ഞാൻ പോയിത്തുടങ്ങി. അതിനു പിന്നിലൊരു ഗൂഢ ഉദ്ദേശ്യമുണ്ടായിരുന്നു. പത്രത്തിനു ന്യൂസ് കൊടുത്താൽ ഒരു കോളത്തിന് 10 രൂപയാണു കിട്ടുക. ഫോട്ടോയ്ക്ക് 12 രൂപയുണ്ട്. ഫോട്ടോയെടുത്ത് സ്വന്തമായി ഡെവലപ് ചെയ്താൽ ആ പൈസ മുഴുവൻ എനിക്കു കിട്ടും. ആ ലാഭത്തിനായി ഞാൻ കഠിനാധ്വാനം ചെയ്തു.
ഒറ്റപ്പാലത്തിന്റെ ഭംഗി അപ്പോഴാണ് ഞാൻ പ്രഭാതങ്ങളായി കണ്ടത്. തലയിലൊരു തോർത്തുമുണ്ടു കെട്ടി ആ നാടിന്റെ നാലതിരുകളിലൂടെ ഞാൻ സൈക്കിളിൽ സഞ്ചരിച്ചു. പുലർകാല സൂര്യന്റെ വെളിച്ചത്തിൽ ഒറ്റപ്പാലത്തെ പാടങ്ങളും ഭൂപ്രകൃതിയും ആസ്വദിച്ചു. പിന്നീട് സിനിമയിൽ വന്നപ്പോൾ മോണിങ് ലൈറ്റിന്റെ പ്രാധാന്യം എന്താണെന്നുള്ളത് കൗമാരകാലത്തെ അനുഭവങ്ങളിലൂടെ ഞാൻ ഓർത്തെടുത്തു.
എൺപതുകളിലെ മദ്രാസിപ്പട്ടണം
കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ വർഷം തന്നെയാണ് സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ പരീക്ഷയെഴുതാൻ ഞങ്ങൾ കുറച്ചുപേർ മദ്രാസിൽ പോയത്. കുട്ടാട്ടെ മധു, കാട്ടാന സത്യൻ, ദേവദാസ്, സുരേഷ് ബാബു എന്നിവരാണു കൂടെയുണ്ടായിരുന്നത്. വീട്ടുകാരുടെ ആശിർവാദത്തോടെയായിരുന്നു യാത്ര. പോളിടെക്നിക്കിൽ പഠിച്ച് സൗണ്ട് റെക്കോഡിസ്റ്റിന്റെ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ദിനേശിന്റെ മുറിയായിരുന്നു മദ്രാസിൽ ഇടത്താവളം.
എന്നെ സംബന്ധിച്ചിടത്തോളം മദ്രാസ് നഗരം കാണുക എന്നതായിരുന്നു ആ യാത്രയുടെ പ്രാധാന്യം. എവിഎം സ്റ്റുഡിയോയുടെ മുന്നിലെ കറങ്ങുന്ന ഗ്ലോബിനു മുന്നിൽ അന്തംവിട്ടു നിന്നത് ഇപ്പോഴും ഓർമയുണ്ട്. ഭാവിയിൽ അതേ സ്റ്റുഡിയോയുടെ അകത്ത് ഞാനും സിനിമകളിൽ വർക്ക് ചെയ്യുമെന്ന് ചെറിയ പ്രതീക്ഷ പോലുമില്ലായിരുന്നു.
എസ്എസ്‌സി പരീക്ഷയിൽ ഞങ്ങളാരും പാസായില്ല. എല്ലാവരും മദ്രാസ് നന്നായി കണ്ടാസ്വദിച്ച് തിരിച്ചു വന്നു.
മാനുവൽ കളർ പ്രോസസിങ് അറിയുന്നവർക്ക് ദുബായിയിൽ ജോലി കിട്ടുമെന്നു കരുതി അതു പഠിക്കാൻ വീണ്ടും തീവണ്ടി കയറിയതാണ് മദ്രാസിലേക്കുള്ള രണ്ടാമത്തെ യാത്ര. എന്റെ ജീവിതം മാറിമറിഞ്ഞത് ആ യാത്രയിലാണ്. കളർ പ്രോസസിങ് പഠനവും പിന്നീട് അവിടെയൊരു ഗാർമന്റ്സ് എക്സ്പോർട്ടിങ് കമ്പനിയിൽ ലഭിച്ച മാനേജ്മെന്റ് ട്രെയ്നി ഉദ്യോഗവുമായി ഒന്നൊന്നര വർഷം അവിടെ ചെലവഴിച്ചു. ദിനേശും റെയിൽവേയിൽ എൻജിനീയറായിരുന്ന വൈപ്പിൻകാരൻ ഷായുമായിരുന്നു എന്റെ സഹമുറിയന്മാർ. ഒരു വൈകുന്നേരം ഷായുടെ അച്ഛന് സുഖമില്ലെന്ന് അറിയിച്ചുകൊണ്ടു നാട്ടിൽ നിന്നു ഫോൺ വന്നു. ഉടൻ തന്നെ ഷായെ ഞാൻ സെൻട്രൽ റെയിൽവേ േസ്റ്റഷനിൽ എത്തിച്ചു. മദ്രാസിലെ വഴികൾ പരിചയമില്ലാത്ത ഞാൻ ഷായുടെ സിൽവർ കളർ ബൈക്കിൽ തിരിച്ചു വരുമ്പോൾ ഒരു മാരുതി കാറുമായി കൂട്ടിയിടിച്ചു. മാരുതി അക്കാലത്ത് പണക്കാരുടെ വാഹനം ആയതിനാലും കാറോടിച്ചിരുന്നത് രഞ്ജിത് ഷാ എന്ന ഗുജറാത്തുകാരനായതുകൊണ്ടും അവിടെ ഓടിക്കൂടിയ ആളുകൾ അയാളുടെ മെക്കട്ടു കയറി. ന്യായം ആരുടെ പക്ഷത്തായാലും അപകടമുണ്ടായാൽ ചെറിയ വണ്ടിക്കാരനെ സപ്പോർട്ട് ചെയ്യുന്ന തമിഴ്നാട്ടുകാരുടെ പൊതു അനുകമ്പ എനിക്കു ലഭിച്ചു. ഞാൻ ബൈക്കുമായി കയറി വന്നത് വൺവേയിലൂടെയാണെന്ന് ഹിന്ദിയിൽ തമിഴ് കലർത്തിക്കൊണ്ടു രഞ്ജിത് ഷാ പറയുന്നുണ്ടായിരുന്നു. പക്ഷേ, ആരു കേൾക്കാൻ... തർക്കം മൂത്ത് ആളുകൾ ഷായെ കൈവയ്ക്കുമെന്ന ഘട്ടമെത്തിയപ്പോൾ എന്നിലെ ഒറ്റപ്പാലത്തുകാരൻ ഉണർന്നു. തെറ്റ് എന്റേതാണെന്ന് നാട്ടുകാരോട് എനിക്കറിയാവുന്ന തമിഴിൽ പറഞ്ഞു. എന്തായാലും രഞ്ജിത് ഷാ തല്ലിൽ നിന്നു രക്ഷപെട്ടു. അയാൾ എന്നെയൊന്നു നോക്കി ദയനീയമായി ചിരിച്ചിട്ടു പരുക്കു പറ്റിയോ എന്ന് അന്വേഷിച്ച ശേഷം സ്ഥലം വിട്ടു. എന്റെ കൂട്ടുകാരൻ ഷാ പൊന്നുപോലെ നോക്കുന്ന സിൽവർ കളർ ബൈക്കിന്റെ മുൻ ചക്രം പറങ്കിയണ്ടിപോലെ ചുരുണ്ടിരുന്നു. ശരീരത്തിലുണ്ടായ മുറിവിനെക്കാൾ എന്നെ വേദനിപ്പിച്ചത് അതായിരുന്നു. പറയാതെ പോയി അപകടം വിളിച്ചു വരുത്തിയതിന് ലാബിന്റെ ഉടമയുമായി വഴക്കിട്ട് അവിടത്തെ ജോലി ഉപേക്ഷിച്ചു.
ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം ആർ.കെ. ഇൻഡസ്ട്രീസ് എന്ന ഗാർമെന്റ്സ് കമ്പനിയിൽ പിന്നീടൊരു ദിവസം ഇന്റർവ്യൂവിന് പോയി. മുറിയുടെ ഉള്ളിലേക്കു കയറിയപ്പോൾ ഞാനും ഞെട്ടി, ഇന്റർവ്യൂ ചെയ്യാനിരിക്കുന്ന ആളും ഞെട്ടി. കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ അപകടത്തിൽപ്പെടുത്തിയ രഞ്ജിത് ഷായായിരുന്നു ആ കമ്പനിയുടെ ഉടമ. മുന്നോട്ടു വച്ച കാൽ ഞാൻ അതേപോലെ പിന്നോട്ടു വലിക്കാനൊരു ശ്രമം നടത്തി. പക്ഷേ, രഞ്ജിത് ഷായുടെ മുഖത്ത് ആദ്യമുണ്ടായ ഞെട്ടൽ മാറി പൊട്ടിച്ചിരിയായി. ഇവിടെയും വന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ‘‘ഇല്ല സാർ ഞാൻ പൊയ്ക്കോളാ’’മെന്നു പറഞ്ഞ് ഇറങ്ങാൻ തുടങ്ങി. എന്നാൽ, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് േസ്റ്റാർ ഇൻ–ചാർജിന്റെ അസിസ്റ്റന്റായി അദ്ദേഹം എനിക്കു നിയമനം നൽകി.
സിനിമയിലേക്കുള്ള ട്രെയിൻ യാത്ര
ആർത്തലച്ച് പെയ്യുന്ന മഴയുള്ള ഒരു ദിവസം ഏതാണ്ട് മുട്ടോളം വെള്ളം നിറഞ്ഞ റോഡിലൂടെ ഷായുടെ ബൈക്കിൽ കയറി മദ്രാസ് റെയിൽവേ േസ്റ്റഷനിലെത്തിയ ഞാൻ കോഴിക്കോട്ടേക്കു തിരിച്ചു. നനഞ്ഞുണങ്ങിയ വസ്ത്രങ്ങളും പോക്കറ്റിൽ അഞ്ഞൂറു രൂപയുമായി കോഴിക്കോട് വന്നിറങ്ങി. ജീവിതം വീണ്ടും മാറിമറിയാനുള്ള മടക്കയാത്രയായിരുന്നു അത്.
മഹാറാണി ഹോട്ടലിൽ എത്താനാണ് കമൽ സാർ പറഞ്ഞിരുന്നത്. താമസവും ഭക്ഷണവും സ്വന്തം നിലയിൽ കണ്ടെത്തണമെന്ന് അദ്ദേഹമൊരു കണ്ടീഷൻ വച്ചിരുന്നു. മഹാറാണി ഹോട്ടലിനു മുന്നിൽ മേൽപ്പോട്ടു നോക്കി നിൽക്കുമ്പോൾ എന്റെ മനസ്സിൽ ലിസ എന്ന സിനിമയിലെ ഭയപ്പെടുത്തുന്ന പല രംഗങ്ങൾ ഓരോന്നായി കടന്നു വന്നു. പെട്ടന്നാണ് എന്നെ കടന്നൊരു ബുള്ളറ്റ് ആ വഴി പോയത്. തടിച്ച ഒരു മനുഷ്യൻ വണ്ടി നിർത്തി എന്റെയടുത്തേക്കു വന്നു. ജോസ് മാഷിന്റെയും ലില്ലി ടീച്ചറുടെയും മകനല്ലേ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഒറ്റപ്പാലത്ത് എന്റെ അടുത്ത സുഹൃത്തായ കോമള വിഹാറിലെ രവിയുടെ ബന്ധുവായ ജയനാരായണനായിരുന്നു അത്. 500 രൂപയ്ക്ക് താമസിക്കാനൊരു മുറി അന്വേഷിച്ചു നടന്ന എന്നെ അദ്ദേഹം സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിന്റെ ഭാര്യാപിതാവ്, ഭാര്യ, മക്കൾ എന്നിവരോടൊപ്പം അവരുടെ വീട്ടിൽ താമസിക്കാൻ സൗകര്യം ചെയ്തു തന്നു. മദ്രാസിൽ ഒരു രഞ്ജിത് ഷാ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതുപോലെ കോഴിക്കോട്ട് ജയനാരായണൻ എനിക്കു സഹായവുമായെത്തി. പത്തു പതിനാലു ദിവസങ്ങൾക്കു ശേഷം കമൽസാർ എനിക്കു മഹാറാണിയിൽ മുറി ഏർപ്പാടാക്കിത്തന്നു. അദ്ദേഹത്തോടൊപ്പം പിന്നീട് ഒൻപതു വർഷത്തോളം സംവിധാന സഹായിയായും സഹസംവിധായകനായും സഞ്ചരിച്ചു.
കാവൽ മാലാഖമാരെ ഞാൻ കണ്ടത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. തിരിഞ്ഞു നോക്കുമ്പോൾ എന്റെ ജീവിതത്തിൽ ഇതുപോലെ ഇടപെട്ടിട്ടുള്ള ഒരുപാട് കാവൽമാലാഖമാരുണ്ട്. ചെറിയ യാത്രകളിൽ മാത്രമല്ല, വലിയ യാത്രകളിലും അവരുടെ ഇടപെടലുണ്ടായിട്ടുണ്ട്.
മോസ്കോയിലെ മാലാഖ
കൊച്ചിയിൽ നിന്നു ലണ്ടനിലേക്കു നടത്തിയ റോഡ് യാത്രയിലും ഞാൻ കാവൽമാലാഖമാരെ കണ്ടു. കസാക്കിസ്ഥാൻ തൊട്ടു മോസ്കോ വരെ എല്ലാ സംരക്ഷണവും ഞങ്ങൾക്കു നൽകിയ അലി എന്ന കോഴിക്കോട്ടുകാരനാണ് അതിലൊരാൾ. കിർഗിസ്ഥാനിൽ നിന്നു പുറപ്പെടുമ്പോഴാണ് അലിയെ പരിചയപ്പെട്ടത്. പിന്നീട് മോസ്കോ വരെയുള്ള യാത്രയിൽ താമസവും ഭക്ഷണവുമൊരുക്കിയ കാവൽമാലാഖയായി അലി. ആ രാജ്യത്തിന്റെ അതിർത്തി കടക്കുന്നതുവരെ അലിയുടെ രണ്ട് കസഖ്സ്ഥാൻ സുഹൃത്തുക്കൾ ഞങ്ങൾക്കു പൈലറ്റായി വണ്ടിയോടിച്ചു കൂടെ വന്നു സംരക്ഷണം നൽകി.
സെന്റ് പീറ്റേഴ്സ് ബർഗിൽ വച്ച് ബൈജു എൻ. നായർ ഞങ്ങളുടെ സംഘത്തിൽ നിന്നു പിരിഞ്ഞു പോയതിനു ശേഷം ഞാനും സുരേഷ് ജോസഫും മാത്രമായി തുടർന്ന യാത്രയിൽ പോളണ്ടിലെ വാഴ്സയിൽ വച്ച് ഞങ്ങൾക്കു വഴി തെറ്റി. ഞങ്ങൾക്കു പോകേണ്ടിയിരുന്നത് ഓസ്ട്രിയയിലെ വിയന്നയിലേക്കായിരുന്നു. പോളിഷ് ഭാഷ അറിയാത്തതുകൊണ്ട് വഴിയരികിലെ ബോർഡിൽ എഴുതിവച്ച സ്ഥലപ്പേരുകൾ നോക്കിയാണു നീങ്ങിയിരുന്നത്. പക്ഷേ, മൂന്നു ദിശകളിലേക്കു വഴിപിരിയുന്ന ഒരു ജംക്‌ഷനിലെത്തിയപ്പോൾ ശരിക്കും കുടുങ്ങി. ഏതു വഴിയിലൂടെ പോയാലാണ് വിയന്നയിലെത്തുകയെന്നു ചോദിക്കാൻ ആ പരിസരത്ത് ഒരു ഈച്ചപോലുമുണ്ടായിരുന്നില്ല.
റോഡിന്റെ വലതു വശത്തെ വളവു തിരിഞ്ഞ് ഒരു ചെറുപ്പക്കാരൻ ഈ സമയത്ത് ഫുൾ സ്പീഡിൽ നടന്നു വന്നു. പല ഭാഷകളിലായി ഞങ്ങൾ പറഞ്ഞതിൽ നിന്നു പോകാനുള്ള സ്ഥലത്തിന്റെ പേരു മാത്രം അയാൾക്കു മനസ്സിലായി. നേരേ മുന്നിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ വേഗത്തിൽ നടന്നു പോയി. ട്രാഫിക് സിഗ്‌നൽ കിട്ടാനായി കാത്തു നിൽക്കുമ്പോൾ, മുമ്പോട്ടു പോയ ആ ചെറുപ്പക്കാരൻ നേരത്തേ നടന്നു വന്ന അതേ വഴിയിലൂടെ അതിലും വേഗത്തിൽ തിരിച്ചു പോകുന്നതു കണ്ടു. ഞാനും സുരേഷ് ജോസഫും അന്തംവിട്ട് പരസ്പരം നോക്കി. ഞങ്ങൾക്കു വഴി കാണിച്ചു തരാൻ വേണ്ടി ഒരാൾ വന്നതുപോലെ. ഗ്രീൻ സിഗ്‌നൽ വീണ് വാഹനം മുന്നോട്ടു നീങ്ങിയപ്പോൾ ഞാൻ അറിയാതെ കുരിശു വരച്ചു.
ഇതെല്ലാം യാത്രകളിലെ വളരെ ചെറിയ കാര്യങ്ങളാണ്. എങ്കിലും, എന്നെ സംബന്ധിച്ചിടത്തോളം ഈ അനുഭവങ്ങൾ വലിയ അദ്ഭുതങ്ങളാണ്. പ്രതിസന്ധികളിലും പരാജയങ്ങളിലുമൊക്കെ ഇതുപോലെ ഒരാൾ എന്റെ മുന്നിൽ വഴി തെളിക്കാൻ എത്തിയിട്ടുണ്ട്. അവരെ ഞാനെന്റെ കാവൽമാലാഖമാരായാണ് കാണുന്നത്.