Saturday 07 August 2021 02:28 PM IST

കൊതുകുകടി സഹിച്ചും ഉറക്കമൊഴിഞ്ഞും നടത്തിയ ട്രെയിന്‍ യാത്രകൾ

Baiju Govind

Sub Editor Manorama Traveller

1-laljose

വിഷ്ണുലോകം കഴിഞ്ഞതോടെ ദിലീപുമായി വലിയ മാനസിക ബന്ധമുണ്ടായി. ദിലീപിന്റെ തമാശകളും ജീവിതത്തോടുള്ള പ്രതീക്ഷയുമൊക്കെ എന്നെ വല്ലാതെ ആകർഷിച്ചു. ഭാവിയെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ കാണുന്ന, വ്യാപ്തിയുള്ള ആശയങ്ങളുടെ ഉടമയാണു ദിലീപ്. സ്വന്തം അധ്വാനംകൊണ്ടു കുടുംബം പുലർത്തുന്ന യുവാവായിരുന്നു. വളരെ സരസമായും ലളിതമായും ജീവിതത്തെ നോക്കിക്കാണാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നെ അദ്ഭുതപ്പെടുത്തി.

ഇതെല്ലാം ദിലീപിനെ ആരാധനയോടെ നോക്കിക്കാണാൻ എനിക്കു കാരണങ്ങളായി.

വലിയ സ്വപ്നങ്ങൾ കാണുന്ന ആളായിരുന്നില്ല ഞാൻ. അധ്യാപകരായ മാതാപിതാക്കളുടെ ചെലവിലാണ് ജീവിച്ചിരുന്നത്. ചെയ്യുന്ന കാര്യങ്ങൾ ആസ്വദിച്ച് വർത്തമാന കാലത്തിൽ മുഴുകുന്ന ആളായിരുന്നു. ഈ മനോഭാവമായിരിക്കാം യാത്ര ചെയ്യാൻ എനിക്ക് പ്രേരണയാകുന്നത്.

വിഷ്ണുലോകം കഴിഞ്ഞുള്ള ഇടവേളകളിൽ എന്റെ ഏർപ്പാടുകളെക്കുറിച്ച് ദിലീപ് അന്വേഷിച്ചു. പുസ്തകങ്ങൾ വായിക്കും. സിനിമ കാണും. കൂട്ടുകാരോടൊപ്പം ഊരുചുറ്റും. വേറെ പരിപാടികളൊന്നുമില്ലെന്നു ഞാൻ പറഞ്ഞു. ജോലിയില്ലാത്ത സമയത്ത് സ്വന്തം നാടായ ദേശത്തേക്ക് ദിലീപ് ക്ഷണിച്ചു. അങ്ങനെ ആലുവയ്ക്കടുത്തുള്ള ദേശമെന്ന പുതിയ സ്ഥലത്ത് ഞാൻ എത്തി. പെരിയാറിന്റെ സമീപ പ്രദേശമായ ദേശം ഗ്രാമഭംഗിയുടെ കണ്ണാടിയാണ്.

മേട്ടുപ്പാളയത്തു നിന്ന് തീവണ്ടി പുറപ്പെടുന്നു

കമൽ സാറിന്റെ അടുത്ത ചിത്രം ഉള്ളടക്കമായിരുന്നു. ചെറിയാൻ കൽപ്പകവാടിയുടെ കഥ. തിരക്കഥ പി.ബാലചന്ദ്രൻ. ഷൂട്ടിങ് ഊട്ടിയിൽ. പുതിയ യാത്രയ്ക്ക് അവസരം ഒരുങ്ങിയ സന്തോഷത്തിൽ മനസ്സ് തുള്ളിച്ചാടി. ഊട്ടിയിലേക്ക് ഒരുമിച്ചു പോകാമെന്നു ദിലീപ് പറഞ്ഞു. പാലക്കാട് പോയി അവിടെ നിന്നു കോയമ്പത്തൂരിലേക്ക് ബസ് കയറി മേട്ടുപ്പാളയം വഴി ഊട്ടിയിലേക്കു പോവുന്നവരാണ് ഏറെയും. റൂട്ടൊന്നു മാറ്റിപ്പിടിക്കാനായി ഒറ്റപ്പാലത്തു നിന്ന് ടീ ഗാർഡൻ എക്സ്പ്രസ് ട്രെയിനിൽ മേട്ടുപ്പാളയത്തേക്കു പോകാമെന്നു ഞാനൊരു ആശയം മുന്നോട്ടു വച്ചു. തൃശൂരിൽ പഠിച്ചിരുന്ന സമയത്ത് ഞാൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയിരുന്നത് ഈ ട്രെയിനിലായിരുന്നു. ടീ ഗാർഡനിൽ മേട്ടുപ്പാളയത്തു ചെന്ന് അവിടെ നിന്നു നീലഗിരിയിലേക്കുള്ള ടോയ് ട്രെയിനിൽ പോകാമെന്നായിരുന്നു എന്റെ കണക്കു കൂട്ടൽ. ഏഷ്യയിൽ അവശേഷിക്കുന്ന നാരോ ഗേജ് തീവണ്ടിയിൽ യാത്ര ചെയ്യുകയെന്ന സ്വപ്ന സാക്ഷാത്കാരമായിരുന്നു എന്റെ ഉദ്ദേശ്യം. യാത്ര രസകരമായ അനുഭവമാകുമെന്നു പൊലിപ്പിച്ചു പറഞ്ഞ് ദിലീപിന്റെ സാന്നിധ്യം ഉറപ്പാക്കി.

ഒറ്റപ്പാലം റെയിൽവെ സ്േറ്റഷനെ ഞങ്ങൾ അന്ന് ബാർ അറ്റാച്ച്ഡ് തീവണ്ടിയാപ്പീസ് എന്നാണു വിളിച്ചിരുന്നത്. ദീർഘദൂര യാത്രക്കാർക്ക് കുപ്പികൾ എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാർ ആ റെയിൽവെ സ്േറ്റഷന് അങ്ങനെയൊരു പരിവേഷം നൽകി. അവർ ഇരട്ടി വിലയ്ക്കു വിൽക്കുന്ന കുപ്പികൾ ട്രെയിനിലെ തത്പരരായ യാത്രക്കാർക്ക് ഇന്ധനമായി.

ഞാനും ദിലീപും റെയിൽവെ സ്േറ്റഷനിലെത്തിയപ്പോൾ രാത്രി പത്തു മണിയായി. വണ്ടി മേട്ടുപ്പാളയമെത്തുമ്പോൾ നേരം പുലരുമെന്ന് ടിടിആർ പറഞ്ഞതോടെ ഞങ്ങൾ രണ്ടാളും മുകളിലെ ബെർത്തിൽ കയറിക്കിടന്ന് ഉറക്കമായി. രാത്രിയുടെ ഏതോ യാമത്തിൽ ഒരു ബെറ്റാലിയൻ കൊതുകുകളുടെ ആക്രമണമേറ്റാണ് ഞാനുണർന്നത്. ട്രെയിൻ നീങ്ങുന്നതായി തോന്നുന്നില്ല. ഫാനുകളുടെ പ്രവർത്തനം നിലച്ചിരിക്കുന്നു. ചൂടും കൊതുകു കടിയും സഹിക്കാനാവുന്നില്ല. ഇതിനിടെ സ്ത്രീകളുടെ അടക്കിപ്പിടിച്ച വർത്തമാനം പറച്ചിലും. എന്തോ പന്തികേടു തോന്നി ഞാൻ ദിലീപിനെ വിളിച്ചുണർത്തി. പുറത്തേക്കിറങ്ങി നോക്കുമ്പോൾ യാത്രക്കാരായ ആളുകളെ കാണാനില്ലെന്നു മാത്രമല്ല, ഞങ്ങൾ കയറിയ ബോഗിയൊഴികെ ട്രെയിനിന്റെ ബാക്കി കോച്ചുകളൊന്നും കാണാനില്ല. വാലും തലയുമില്ലാത്ത ബോഗിയുടെ ഉള്ളിൽ കുറച്ചു ഭിക്ഷക്കാരും ഞങ്ങളും പെണ്ണുങ്ങളുടെ അടക്കിപ്പിടിച്ച ശബ്ദവും മാത്രം. വണ്ടിയിൽ ഉണ്ടായിരുന്ന ഒരാളോടു വിവരം തിരക്കി. ടീ ഗാർഡൻ എക്സ്പ്രസ് പാലക്കാട്ടെത്തിയാൽ മേട്ടുപ്പാളയത്തേക്കുള്ള ഒരു ബോഗി അഴിച്ചിട്ട് യാത്ര തുടരുകയാണു പതിവെന്ന് അയാൾ പറഞ്ഞു. ഈ ബോഗി പുലർച്ചയ്ക്കു വരുന്ന മറ്റൊരു ട്രെയിനിൽ ഘടിപ്പിച്ചാണ് മേട്ടുപ്പാളയത്തേക്കു പോവുക.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിന് ദിലീപ് എന്നെ ചീത്ത വിളിച്ചു. നേരം പുലർന്ന് വണ്ടി എടുക്കുന്നതു വരെ ആ ബോഗിക്കുള്ളിൽ കാത്തിരിക്കുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. മേട്ടുപ്പാളയത്തു നിന്ന് ടോയ് ട്രെയിനിലാണ് യാത്ര തുടർന്നത്. മേട്ടുപ്പാളയത്തിന്റെ ഹൃദയത്തിലൂടെ ചെറിയ പാളങ്ങളിൽ ചക്രമുരസിക്കൊണ്ടു തീവണ്ടി നീങ്ങി. ചിലയിടത്ത് കണ്ണുകളെ കുളിരണിയിച്ചും മറ്റു ചില സ്ഥലങ്ങളിൽ ഭയപ്പാടുണ്ടാക്കുന്ന ചുരങ്ങൾ താണ്ടിയും തീവണ്ടി കൂകിപ്പാഞ്ഞു. തണുപ്പും ചാറ്റൽ മഴയും പന്തലൊരുക്കിയ ഉതകൈമണ്ഡലത്തിന്റെ ഉൾപ്പരപ്പുകളിലേക്ക് കുളിരിൽ പുതഞ്ഞ മനസ്സുമായി ഞങ്ങൾ യാത്ര ചെയ്തു. വേറിട്ട വഴികളുടെ പുസ്തകത്തിൽ ആ യാത്ര ഇന്നും മൂല്യമുള്ള ഓർമയാണ്.

കുതിരവണ്ടിയും ചൈനക്കാരുടെ ഷൂസും

ഊട്ടിയിൽ എന്റെ ഭ്രാന്തുകൾ അവസാനിച്ചിരുന്നില്ല. കുതിരവണ്ടിയിൽ കയറി താമസ സ്ഥലത്തേക്കു പോകാമെന്നായിരുന്നു ഞാൻ മുന്നോട്ടു വച്ച അടുത്ത പദ്ധതി. അന്ന് ഊട്ടിയിലെ പേരുകേട്ട ഹോട്ടലായിരുന്ന പനോരമയിലേക്ക് ഞങ്ങൾ കയറിയ കുതിരവണ്ടി കുളമ്പടിച്ചു നീങ്ങി. ഹോട്ടലിനോടടുത്തപ്പോൾ ദിലീപിന് ടെൻഷൻ തുടങ്ങി. കുതിരവണ്ടിയിൽ ചെന്നിറങ്ങുമ്പോൾ കമൽസാറെങ്ങാൻ അവിടെയുണ്ടാകുമോ എന്നായിരുന്നു ദിലീപിന്റെ പേടി. ഊട്ടി മുഴുവൻ കുതിരവണ്ടിയിലിരുന്നു കാണാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഞങ്ങൾ ഹോട്ടലിനു മുന്നിലെത്തിയപ്പോൾ നിർമാതാവ് സുരേഷ് ബാലാജി ഒരു ക്യാമറയും തൂക്കി നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരോടും സൗഹൃദമനോഭാവം പുലർത്തുന്ന അദ്ദേഹം കുശലം ചോദിച്ചപ്പോഴാണ് ദിലീപിന്റെ മുഖത്തു ഭയത്തിന്റെ മഞ്ഞുരുകിയത്.

ഉള്ളടക്കത്തിന്റെ ചിത്രീകരണം പൂർണമായും ഊട്ടിയിലായിരുന്നു. പൂട്ടിയിട്ടിരുന്ന വൃന്ദാവൻ എന്ന ഹോട്ടലാണ് ആ സിനിമയിലെ മാനസികാരോഗ്യ കേന്ദ്രമാക്കിയത്. ലൊക്കേഷൻ നോക്കാനായി വൃന്ദാവനിലേക്ക് പോകുമ്പോൾ പരിചിതമായ ഒരു മുഖം അവിടെ അവ്യക്തമായി കണ്ടു. ഭംഗിയിൽ വസ്ത്രധാരണം ചെയ്ത ആ മനുഷ്യൻ പഴയ നടൻ ജോസാണെന്ന് അടുത്തു വന്നപ്പോൾ മനസ്സിലായി. എന്റെ ചെറുപ്പകാലത്ത് പ്രണയനായകനായി മലയാള ചിത്രങ്ങളിൽ നിറഞ്ഞു നിന്നയാളാണു ജോസ്. പ്രണയത്തകർച്ചയുടെ കഥ പറഞ്ഞ ഉള്ളടക്കത്തിന്റെ ലൊക്കേഷനിൽ വച്ച് അദ്ദേഹത്തെ പരിചയപ്പെടാനായത് മറക്കാനാവാത്ത മറ്റൊരു വിശേഷം.

ഊട്ടി സ്മരണകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു തമാശകൂടി പറയാം. ഊട്ടിയിലെ തെരുവോരങ്ങൾ നിറയെ നേപ്പാളികൾ ഷൂ വിൽക്കുന്ന കടകളുണ്ട്. നൈക്കി, അഡിഡാസ് തുടങ്ങിയ വലിയ ബ്രാൻഡുകളുടെ ഡ്യൂപ്ലിക്കെറ്റുകളാണ് അതെല്ലാം. കുറഞ്ഞ വിലയ്ക്കു കിട്ടുന്ന മനോഹരമായ ഷൂ എന്നെ ആകർഷിച്ചു.

പുതിയ ഷൂ ധരിച്ചാണ് അടുത്ത ദിവസം ഞാൻ ലൊക്കേഷനിലെത്തിയത്. ഷൂട്ടിങ് തുടങ്ങി. സോമേട്ടനും മോഹൻലാലും അഭിനയിക്കുന്ന സീനായിരുന്നു ആദ്യം. ലൊക്കേഷനിൽ‌ കൂടി നിന്ന ആളുകളെ മാറ്റി നിർത്താനായി മുന്നോട്ടു കുതിച്ച എന്റെ കാൽ ഒരു കുഴിയിൽപ്പെട്ടു. കാൽമുട്ടു വരെ ചെളിയിൽ താഴ്ന്നു. കഷ്ടപ്പെട്ട് കാൽ വലിച്ചൂരിയെടുത്തപ്പോൾ ഞാൻ ആ ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞു. തിരിച്ചു കിട്ടാത്ത വിധം ഒരു ഷൂ ചെളിയിൽ മുങ്ങിപ്പോയി. ഗം ബൂട്സ് ഇട്ടതുപോലെ മുട്ടോളം ചെളിയുമായി ലൊക്കേഷനിലേക്കു തിരിച്ചു വന്ന എന്നെ നോക്കി കമൽ സാറുൾപ്പെടെ അവിടെയുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. അതു പിന്നീട് എത്രയോ കാലം ദിലീപിനും അക്ബറിനുമൊക്കെ പറഞ്ഞു ചിരിക്കാനുള്ള തമാശയായി.

അപ്പാ, നാൻ ഇങ്കെ ഇരുക്ക്

ഊട്ടി ഷെഡ്യൂൾ കഴിഞ്ഞ് ബാക്കി ചിത്രീകരണം തിരുവനന്തപുരത്തായിരുന്നു. കോവളത്തിനടുത്ത് സോമതീരത്തും ചുവന്ന മണ്ണുള്ള മുട്ടവുമായിരുന്നു ലൊക്കേഷൻ. പണ്ടെപ്പഴോ ഭൂകമ്പമുണ്ടായതുപോലെ വിണ്ടുകീറിയ മുട്ടത്തെ ഭൂപ്രദേശം ആ സിനിമയ്ക്കു പശ്ചാത്തലമായി. ഒറ്റപ്പാലത്തു തിരിച്ചെത്തിയപ്പോൾ ഒരു പുതിയ പ്രശ്നം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മാതാപിതാക്കൾ എന്റെ വിവാഹം തീരുമാനിച്ചു. ഞങ്ങളുടെ കുടുംബസുഹൃത്തുക്കളായ വാറുണ്ണിച്ചേട്ടന്റെയും അമ്മിണിച്ചേച്ചിയുടെയും മകൾ ലീനയെയാണ് വധുവായി അവർ കണ്ടെത്തിയത്. ലീന അന്ന് ഒറ്റപ്പാലത്ത് എൽഎസ്എൻ കോൺവെന്റിൽ അധ്യാപികയായിരുന്നു. അടുത്ത സിനിമ കഴിഞ്ഞ ശേഷം വിവാഹം നടത്താമെന്നു തീരുമാനിച്ചു.

2-laljose

ഈ സമയത്ത് ദിലീപ് എന്നെ എറണാകുളത്തേക്കു വിളിച്ചു. എനിക്ക് അധിക വരുമാനത്തിനായി പുതിയ ചില പദ്ധതികൾ ആസൂത്രണം ചെയ്യാനാണ് ദിലീപ് വിളിച്ചത്. മിമിക്രി പ്രോഗാമുകളുടെ വീഡിയോ കസെറ്റ് ഇറക്കിക്കൊണ്ട് ഞങ്ങൾ‌ മിമിക്സ് ഡ്രാമ എന്ന പേരിൽ കലാസ്വാദന രംഗത്ത് പുതിയൊരു മേഖല തുറന്നു. പിന്നീട് സിനിമാ രംഗത്തെത്തിയ ഹരിശ്രീ അശോകൻ, നാദിർഷ, അബി, ഷിയാസ്, തെസ്നി ഖാൻ തുടങ്ങിയവർ ആ വിഡിയോ കാസെറ്റിലൂടെ സ്ക്രീനിലെത്തി.

എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തെക്കുറിച്ചുള്ള ഡിസ്‌കഷൻ ആരംഭിച്ചതോടെ വീണ്ടും ഞാൻ തിരക്കിലായി. ഒരു ശബരിമല സീസണിൽ ഗുരുവായൂരിൽ വച്ചായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാ രചന. രഘുനാഥ് പാലേരി, കൈതപ്രം എന്നിവർക്കൊപ്പം ഞാനും എലൈറ്റ് ഹോട്ടലിൽ താമസിച്ച് അണിയറ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. റോഡരികിലുള്ള ഒരു മുറിയിലാണ് ഞാൻ താമസിച്ചിരുന്നത്. രാത്രി മുഴുവൻ അയ്യപ്പ ഭക്തർക്കുള്ള മൈക്ക് അനൗൺസ്മെന്റ് കേട്ടുകൊണ്ട് ഞാൻ പാതിമയക്കത്തിൽ രാത്രികൾ തള്ളി നീക്കി.

‘‘അപ്പാ നാൻ ഇങ്കെ ഇരുക്ക്. സ്വാമി ശരണം’’

എട്ടോ പത്തോ വയസ്സുള്ള ഒരു പയ്യൻ മൈക്കിലൂടെ വിളിച്ചു പറഞ്ഞത് ഇന്നും കാതിൽ മുഴങ്ങുന്നു.

കിരീടമില്ലാത്ത ചക്രവർത്തിമാർ

എന്നോടിഷ്ടം കൂടാമോ എന്ന സിനിമയുടെ ഷൂട്ടിങ് കോഴിക്കോടായിരുന്നു. എന്റെ ആദ്യ സിനിമയായ പ്രാദേശിക വാർത്തകൾക്കു ശേഷം വീണ്ടും കോഴിക്കോടെത്തി. ദേവഗിരി കോളെജിലായിരുന്നു ചിത്രീകരണം. മുകേഷും മധുബാലയും നായികാനായകന്മാർ. ഈ ചിത്രത്തിനിടയിൽ നിന്നാണ് റോജ എന്ന സിനിമയിലേക്ക് മധുബാല ഓഡ‍ിഷനു പോയത്. ആ ചിത്രത്തിൽ വില്ലനായി അഭിനയിച്ച ചക്രവർത്തിയാണ് പിന്നീട് രാംഗോപാൽ വർമയുടെ സത്യ എന്ന ചിത്രത്തിൽ നായകനായത്. മലയാളം വാക്കുകൾ ചക്രവർത്തിയുടെ നാവിനു വഴങ്ങാതായപ്പോൾ ആ ജോലിയിൽ സഹായിയായി ദിലീപിനെ നിയമിച്ചു. അങ്ങനെ ചക്രവർത്തിയുടെ ഗുണ്ടാസംഘത്തിൽ അംഗമായി ദിലീപ് ഈ ചിത്രത്തിൽ അഭിനയിച്ചു. ഒരു ഗാനരംഗത്തിൽ ചക്രവർത്തിക്കുവേണ്ടി നിർദേശിച്ച ആക്‌ഷൻ പോലും അതേപടി ദിലീപ് ഏറ്റെടുത്തു ചെയ്തു. ദിലീപ് അങ്ങനെ ചെയ്യുന്നതു കണ്ട് ഗുണ്ടാ സംഘത്തിലെ മറ്റാളുകളും അതേ ആക്‌ഷൻ അനുകരിച്ചു. ചക്രവർത്തി തിരിഞ്ഞു നോക്കുമ്പോൾ അഞ്ച് ചക്രവർത്തിമാർ പുറകിൽ... അന്ന് അതൊക്കെ വലിയ ചിരിയുണ്ടാക്കിയ സംഭവങ്ങളായിരുന്നു.

ആ ചിത്രത്തിൽ ഞാനും ഒരു സീനിൽ അഭിനയിച്ചിട്ടുണ്ട്. മധുബാലയും ചക്രവർത്തിയുമായി വഴക്കു പറഞ്ഞു തീരുന്ന രംഗത്തിൽ ഒരു ഡയലോഗ് പറയുന്നത് ഞാനാണ്.