Saturday 31 July 2021 03:34 PM IST

‘‘അയാൾ തോക്കു ചൂണ്ടി, ഷൂട്ടിങ് നിർത്താൻ ആക്രോശിച്ചു: ഞാൻ ധർമസങ്കടത്തിലായി’’

Baiju Govind

Sub Editor Manorama Traveller

1 - LJ

എന്നോടിഷ്ടം കൂടാമോ എന്ന സിനിമ കഴിഞ്ഞ് വിവാഹത്തിനുള്ള തയാറെടുപ്പോടെയാണ് ഞാൻ ഒറ്റപ്പാലത്തു മടങ്ങിയെത്തിയത്. പണ്ട് വേളാങ്കണ്ണി യാത്രയ്ക്കു ചക്രം തിരിച്ച അംബാസഡർ കാറിന്റെ ഉടമ വാറുണ്ണിച്ചേട്ടന്റെ മകൾ ലീനയാണു വധു. ഒറ്റപ്പാലത്ത് എന്റെ അമ്മ ജോലി ചെയ്തിരുന്ന സ്കൂളിൽ പ്രൈമറി ക്ലാസ് അധ്യാപികയായിരുന്നു ലീന.

കമൽസാറും ദിലീപും എന്നോടൊപ്പമുണ്ടായിരുന്ന മറ്റു സിനിമാ പ്രവർത്തകരും വിവാഹത്തിനെത്തി. ജയാറാമേട്ടനെയും പാർവതിയെയും ക്ഷണിച്ചിരുന്നു. രണ്ടാളും എന്റെ വിവാഹച്ചടങ്ങിനു സാക്ഷ്യം വഹിച്ചു. അന്ന് അവരുടെ കല്യാണം കഴിഞ്ഞിരുന്നില്ല. ഒറ്റപ്പാലത്തുകാർ ഒട്ടും പ്രതീക്ഷിക്കാത്ത അതിഥിയായിരുന്നു പാർവതി. ഞാനൊരു പ്രധാനപ്പെട്ട ആളാണെന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയുമിടയിൽ തോന്നലുണ്ടാക്കാൻ അവരുടെ സാന്നിധ്യം വഴിയൊരുക്കി.

വിവാഹശേഷം ഞാനും ലീനയും നടത്തിയ ആദ്യ യാത്ര വേളാങ്കണ്ണിയിലേക്കായിരുന്നു. രണ്ടു വർഷം മുമ്പു വിവാഹിതനായ എന്റെ സുഹൃത്ത് കണ്ണി ബാലനും ഭാര്യ സുമയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഏതൊക്കെയോ അപ്രധാന പട്ടണങ്ങളിൽ ഞങ്ങൾ ബസ്സിറങ്ങി. പല ബസ്സുകൾ മാറിക്കയറി യാത്ര തുടർന്നു. അന്നു കുറച്ചു ദുർഘടമായി തോന്നിയെങ്കിലും ഇപ്പോൾ ആലോചിക്കുമ്പോൾ ആ യാത്രയ്ക്കൊരു പ്രത്യേക രസമുണ്ട്. അതുപോലൊരു വേളാങ്കണ്ണി യാത്ര അതിനു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ല. ജമന്തിപ്പൂക്കൾ നിറച്ച കൂടകളും പച്ചക്കറി നിറച്ച വട്ടികളും ആട്ടിൻകുട്ടികളും കോഴിക്കുഞ്ഞുങ്ങളും അതിനിടയിൽ ആളുകളും ഇരിക്കുന്ന ബസ്സിലായിരുന്നു യാത്ര. മുഷിഞ്ഞ വസ്ത്രമണിഞ്ഞ ഗ്രാമീണരുടെ നാട്ടുവർത്തമാനങ്ങൾക്കൊപ്പം ഇരമ്പി നീങ്ങുന്ന വണ്ടിയിൽ ഞങ്ങൾ അപരിചിതരായി യാത്ര ചെയ്തു. മറവത്തൂർ കനവ് എന്ന സിനിമയിൽ തമിഴ്നാടിന്റെ അതിർത്തിയിലേക്ക് മമ്മൂട്ടി വരുന്ന രംഗം ചിത്രീകരിച്ചത് ഈ ഓർമയിലാണ്.

വേളാങ്കണ്ണിയിലെ ലോഡ്ജിൽ ഞങ്ങൾക്കു മുറി കിട്ടുമോ എന്നായിരുന്നു എന്റെ പേടി. എനിക്കു മീശപോലും മുളച്ചിരുന്നില്ല. ലീന ചെറിയ പെൺകുട്ടിയായിരുന്നു. എവിടെ നിന്നോ ഒളിച്ചോടി വന്ന രണ്ടു പേരാണെന്നേ കണ്ടാൽ പറയൂ. ബാലനും സുമയുമായിരുന്നു എന്റെ ധൈര്യം. കട്ടിയുള്ള മീശയും താടിയുമുള്ള ആളായിരുന്നു ബാലൻ. സുമയും നല്ല പക്വതയുള്ള യുവതിയായിരുന്നു. ലോഡ്ജിൽ മുറിയെടുക്കുമ്പോൾ ഞാനും ലീനയും അവരുടെ പുറകിൽ പതുങ്ങി നിന്നു.

റെയ്ഡുണ്ടായാൽ തെളിവു കാണിക്കാൻ ഞാൻ കെട്ടിയ താലി മാത്രമേയുള്ളൂ. താലി നമ്മൾ സംഘടിപ്പിച്ചതാണെന്നു സംശയം തോന്നുമെന്നു ഞാൻ ലീനയോടു പറഞ്ഞു. എന്നെക്കാൾ ബുദ്ധി ഭാര്യക്കുണ്ടെന്ന് അന്നു ഞാൻ തിരിച്ചറിഞ്ഞു. ഞങ്ങളുടെ വിവാഹ ഫോട്ടോകളുടെ ചെറിയ ആൽബം അവൾ ബാഗിൽ കരുതിയിരുന്നു. ലോഡ്ജിന്റെ കാര്യത്തിൽ ലീനയ്ക്കും ഭയമുണ്ടായിരുന്നു എന്ന കാര്യം അപ്പോഴാണ് ഞാൻ മനസ്സിലായത്.

ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല. വേളാങ്കണ്ണിയിലെ പള്ളിയിലും ബീച്ചിലും ഏറെ നേരം ചെലവഴിച്ചു. വലിയ ആർഭാടങ്ങൾക്കുള്ള പണം കയ്യിലുണ്ടായിരുന്നില്ലെങ്കിലും ആ യാത്ര എന്നും ഓർമയിൽ തങ്ങി നിൽക്കും. യാത്രകൾ അങ്ങനെയാണ്. കൂടുതൽ സുഖമുള്ള യാത്രയിൽ രസകരമായ അനുഭവങ്ങൾ കുറവായിരിക്കും.

അന്ന് ഒറ്റപ്പാലത്തു നിന്നു കാർ വിളിച്ച് വേളാങ്കണ്ണിയിലേക്ക് പോകാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. പക്ഷേ ആ യാത്ര കാണിച്ചു തന്ന വിഷ്വലുകൾ പിന്നീട് എന്റെ സിനിമകൾക്ക് ഉപയോഗപ്പെട്ടു.

പ്രേതങ്ങൾ ഇല്ലാത്ത സെമിത്തേരി

വിവാഹത്തിനു ശേഷം ഞാൻ ഏർപ്പെട്ട സിനിമ ആയുഷ്കാലമാണ്. എറണാകുളത്തായിരുന്നു ഷൂട്ടിങ്. മരണാനന്തര ജീവിതവും ആത്മാക്കളും കഥാപാത്രങ്ങളായ സിനിമയായിരുന്നു ആയുഷ്കാലം. ചെന്നൈയിലാണ് ക്ലൈമാക്സ് ചിത്രീകരിച്ചത്. പ്രൗഢഗംഭീരവും ഉപേക്ഷിക്കപ്പെട്ടതുമായ സെമിത്തേരിയായിരുന്നു ലൊക്കേഷൻ. പകൽ സമയത്തു പോലും ആളുകൾ കയറാൻ ഭയപ്പെടുന്ന, ഒഴിവാക്കപ്പെട്ട സെമിത്തേരിയിലെ കുഴിമാടങ്ങൾക്കു മുകളിലാണ് അന്ന് എന്റെ സഹപ്രവർത്തകർ വിശ്രമിച്ചത് ! അതൊരു വല്ലാത്ത കാഴ്ച തന്നെയായിരുന്നു.

അവസാന രംഗത്തിന്റെ ചില ഭാഗങ്ങൾ ഷോളവാരത്താണ് ചിത്രീകരിച്ചത്. ഉപേക്ഷിക്കപ്പെട്ട റൺവേകൾ ഉള്ള വിശാലമായ പറമ്പായിരുന്നു ഷോളവാരത്തെ ലൊക്കേഷൻ. നടൻ ജയൻ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു മരിച്ചത് അവിടെയാണ്. രാത്രിയായിരുന്നു ഞങ്ങളുടെ ഷൂട്ടിങ്. ദുഷ്ടാത്മാക്കൾ വില്ലന്റെ ആത്മാവിനെ നരകത്തിലേക്കു കൊണ്ടു പോകുന്ന രംഗമുണ്ട്. മരിച്ചു കിടക്കുന്ന സായ്കുമാറിനെ കറുത്ത വവ്വാലുകളെപ്പോലെയുള്ള നിഴൽ രൂപങ്ങൾ വലിച്ചുകൊണ്ടു പോകുന്ന സീൻ. ഇന്നത്തെപ്പോലെ ഗ്രാഫിക്സ് പുരോഗമിച്ചിട്ടില്ല. ഓട്ടൊറിക്ഷയുടെ ബോഡി നീക്കം ചെയ്ത് പകരം വേറൊരു പ്ലാറ്റ്ഫോമുണ്ടാക്കി അതിനു നടുവിൽ ഒരു കുറ്റിയടിച്ച് മൂന്നാളുകൾ മുഖം മറച്ചു നിൽക്കുന്ന രീതിയിലാണ് രംഗം സംവിധാനം ചെയ്തിരുന്നത്. വവ്വാലുകളാവാൻ വരാമെന്നേറ്റ ഡ്യൂപ്പുകൾ എത്തിയില്ല. അവസാന നിമിഷം ഞാനും അക്കു അക്ബറും ദിലീപും ആ ജോലിക്കു നിയുക്തരായി.

ഓടുന്ന വണ്ടിയുടെ പിന്നിൽ മൂന്നാളും പുറം തിരിഞ്ഞു നിൽക്കണം. നിന്നാൽ മാത്രം പോരാ. രണ്ടു കൈകളും വീശി വവ്വാലിനെ പോലെ അംഗചലനം നടത്തണം. ഈ സമയത്ത് ഞങ്ങളുടെ മുഖത്തേക്കു വെളിച്ചമടിക്കാൻ ലൈറ്റ് ഘടിപ്പിച്ചിരുന്നു. ആ ലൈറ്റ് തെളിക്കാനുള്ള ജനറേറ്ററുമായി ഒരു ജീപ്പ് ഓട്ടൊറിക്ഷയുടെ കൂടെ നീങ്ങി. രണ്ടു വണ്ടിയും ഒരേ വേഗതയിൽ ഓടിയില്ലെങ്കിൽ ഞങ്ങൾ കയറിയ ഓട്ടൊറിക്ഷ തലകുത്തി മറിയും. ജീവൻ പോകുന്ന ഇടപാടിലാണ് ഏർപ്പെട്ടിരിക്കുന്നതെന്ന് മൂന്നു പേർക്കും പെട്ടെന്നു മനസ്സിലായി. ചത്താലും വിടില്ലെന്ന മട്ടിൽ ഞാൻ നിലയുറപ്പിച്ചു. എന്റെ കൈകളിൽ പിടിച്ചാണ് അക്കുവും ദിലീപും നിന്നത്. വീണാൽ എന്നെയും കൊണ്ടേ പോകൂ എന്ന മട്ടിൽ അവരുടെ കൈകൾ എന്റെ ദേഹത്തു മുറുകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഇതിനിടെ വവ്വാലുകളുടെ വസ്ത്രങ്ങൾ പറക്കാനായി പ്രൊപ്പല്ലറിൽ നിന്നു കാറ്റടിപ്പിച്ചു. കുന്തിരിക്കപ്പുക നിറഞ്ഞ് കണ്ണു തുറക്കാൻ പറ്റാതായി. ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും കയ്യും കാലും വിറയ്ക്കും. ജീവൻ കയ്യിൽ പിടിച്ചാണ് സ്വീക്വൻസ് പൂർത്തീകരിച്ചത്. ഓട്ടൊറിക്ഷാ യാത്ര ഇതുപോലെ മറ്റൊരിക്കലും എന്നെ ഭയപ്പെടുത്തിയിട്ടില്ല.

അടയാറിലെ ബീച്ചിലും ഇതുപോലൊരു സംഭവമുണ്ടായി. രാത്രിയിൽ ഷൂട്ടിങ് നടക്കുന്നതിനിടെ ഒരു അലർച്ച. ‘‘stop the shooting...’’ എന്നാക്രോശിച്ച് തോക്കുമായി ഒരു വൃദ്ധൻ ഞങ്ങൾക്കു നേരെ നടന്നടുത്തു. അയാളുടെ ഇടതു കയ്യിലെ കയറിൽ പൊക്കമുള്ള ഒരു നായയുമുണ്ടായിരുന്നു. റിട്ടയേഡ് കേണലോ മറ്റോ ആയിരുന്നു അദ്ദേഹം. ഞങ്ങൾ പ്രവർത്തിപ്പിച്ചിരുന്ന ജനറേറ്ററിന്റെ ശബ്ദം കാരണം ഉറക്കം നഷ്ടപ്പെട്ടതിനാൽ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി വന്നതാണു കക്ഷി.

അദ്ദേഹവും കമൽ സാറുമായി വലിയ വാഗ്വാദം നടന്നു. തർക്കം മൂത്തപ്പോൾ കമൽ സാറിനു ദേഷ്യം വന്നു. കമൽ സാറിന്റെ ശബ്ദം ഉയരുമ്പോഴെല്ലാം നായ മുരണ്ടു. അതു കേട്ടപ്പോൾ കമൽസാർ ശബ്ദം താഴ്ത്തി. വീണ്ടും ശബ്ദമുയർന്നപ്പോൾ നായ പിന്നെയും മുരണ്ടു. കമൽസാറിന്റെ സകല നിയന്ത്രണവും തെറ്റി. ‘‘ ലാലൂ, ഈ നായയെ പിടിച്ചു കൊണ്ടു പോകുന്നുണ്ടോ...’’ ദേഷ്യം സഹിക്കാതെ കമൽ സാർ അലറി.

ഒരു മനുഷ്യനെ പച്ചയ്ക്കു തിന്നാൻ ശക്തിയും വലുപ്പവുമുള്ള നായ. അ‍തിനെ ഞാൻ പിടിച്ചു കെട്ടണം ! ‘നിന്നോടല്ലേ പറഞ്ഞത്, നീ കെട്ട് ’ എന്ന മട്ടിൽ ബാക്കിയെല്ലാവരും എന്റെ മുഖത്തേക്കു നോക്കി. നായയെ നോക്കാൻ പോലും ധൈര്യമില്ലാതെ നിൽക്കുകയാണ് എല്ലാവരും. എന്തായാലും, എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. കമൽസാർ കാൽപ്പാദം കൊണ്ടു മണൽ കോരിയെടുത്ത് നായയുടെ കണ്ണിലേക്കെറിഞ്ഞു. അങ്ങനെയൊരു പ്രത്യാക്രമണം ആ നായ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചിരുന്നില്ല. അതു വാലും ചുരുട്ടി പിന്തിരിഞ്ഞോടി. സിനിമയ്ക്കു വണ്ടിയുള്ള യാത്രകൾക്കൊപ്പം ചേർത്തു വയ്ക്കാൻ ഇത്തരം നിരവധി സംഭവങ്ങളുണ്ട്.

തമാശ പെയ്തിറങ്ങിയ മഴ

ചമ്പക്കുളം തച്ചന്റെ ഷൂട്ടിങ്ങിനായി ആലപ്പുഴയിലേക്കു പോയ കഥ പറയാം. ചെറുപ്പത്തിൽ കുട്ടനാട്ടിലെ കൈനകരിയിൽ പോയതിനു ശേഷം വീണ്ടും ആലപ്പുഴയിലെത്തുന്നത് ഈ പടത്തിന്റെ ഷൂട്ടിങ്ങിനു വേണ്ടിയാണ്. ആ സിനിമയിൽ ഉപയോഗിച്ചിട്ടുള്ളതെല്ലാം ആലപ്പുഴക്കാരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ സാധനങ്ങളാണ്.

മരത്തിന്റെ തൊട്ടിയിൽ കയറി കാവേരിയും അമൃതയും (രംഭ) പുഴയ്ക്കു കുറുകെ കടക്കുന്ന ഒരു രംഗമുണ്ട്. പുഴ കടക്കാൻ ഉപയോഗിക്കുന്ന അത്തരമൊരു സംവിധാനം ജീവിതത്തിൽ ആദ്യമായാണ് ഞാൻ നേരിൽ കാണുന്നത്. തോണിക്കാരൻ വേണ്ട. തുഴയാൻ ആളു വേണ്ട. പുഴയുടെ രണ്ട് അതിരുകളിൽ ബന്ധിച്ചിട്ടുള്ള കയറിൽ മരത്തിന്റെ തൊട്ടി കെട്ടി കയർ വലിച്ച് ജല സവാരി...

നെടുമുടിക്കടുത്തായിരുന്നു ആ മരത്തൊട്ടി. ഇന്നും ഹൈവേയിലൂടെ കടന്നു പോകുമ്പോൾ ആ സ്ഥലത്തേക്ക് ആകാംക്ഷയോടെ ഞാൻ നോക്കാറുണ്ട്. പണ്ടു തൊട്ടി കെട്ടിയിരുന്ന കടവിൽ ഇപ്പോൾ കോൺക്രീറ്റ് പാലമാണ്.

‘‘ചമ്പക്കുളം തച്ചൻ ഉന്നം പിടിപ്പിച്ച പൊന്നാഞ്ഞിലിത്തോണിയോ...’’ എന്ന പാട്ട് മുരളിയേട്ടനും വിനീതും ശ്രീനിയേട്ടനും ചേർന്നാണ് അഭിനയിച്ചത്. കുട്ടനാട്ടിലെ കായൽപ്പരപ്പുകളിലൂടെ രണ്ടു പകലുകൾ യാത്ര ചെയ്താണ് പാട്ടിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ആർട്ടിസ്റ്റുകളെല്ലാം ഒരു വള്ളത്തിലും ഞങ്ങൾ മറ്റൊരു ബോട്ടിലുമായിരുന്നു. ബോട്ടിലിരുന്ന് ഞാൻ കുട്ടനാടിന്റെ ഭംഗി ആസ്വദിച്ചു. ഷൂട്ടിങ്ങിനിടയിൽ വിശ്രമിക്കാനും രസിക്കാനും അപൂർവമായേ ഇത്തരം അവസരങ്ങൾ ലഭിച്ചിട്ടുള്ളൂ.

മഴയുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ ഷൂട്ടിനിടയിലെ നല്ല ഓർമകളാണ്. ചമ്പക്കുളം തച്ചനായി അഭിനയിച്ച മധു സാറിന്റെ വീട്ടിൽ മഴയത്തു ചില രംഗങ്ങൾ ചിത്രീകരിക്കാനുണ്ടായിരുന്നു. ഫയർ ഫോഴ്സിനെ കൊണ്ടു വന്ന് വെള്ളം പമ്പ് ചെയ്യിച്ച് കൃത്രിമ മഴ പെയ്യിക്കാനായിരുന്നു പദ്ധതി. പക്ഷേ, ഭാരിച്ച ചെലവെന്നു പറഞ്ഞ് നിർമാതാവ് ആ പരിപാടി ഉപേക്ഷിച്ചു. പകരം ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടു വന്ന് വലിയ ഹോസുകളിലൂടെ ചീറ്റിച്ച് മഴ പെയ്യിക്കാനായിരുന്നു തീരുമാനം.

ഷൂട്ടിങ് നടന്ന വീട്ടിലെ ടോയ്‌ലെറ്റിനു മാത്രമേ കോൺക്രീറ്റ് മേൽക്കൂര ഉണ്ടായിരുന്നുള്ളൂ. ജോസേട്ടനും (എബി ജോസ്) ഞാനും ഹോസുമായി അതിനു മുകളിൽ കയറി. തൊട്ടടുത്തുള്ള വള്ളപ്പുരയുടെ മുകളിൽ പൈപ്പുമായി ദിലീപ് നിലയുറപ്പിച്ചു. ‘‘റെയിൻ...’’ എന്നു കമൽ സാർ പറഞ്ഞപ്പോൾ ഞങ്ങൾ പൈപ്പ് ചുഴറ്റി മഴ പെയ്യിച്ചു. കൈ വിറച്ച് പലപ്പോഴും മഴയുടെ ഉന്നം തെറ്റി. അപ്പോഴെല്ലാം കമൽ സാർ ചീത്ത പറഞ്ഞു. ഈ സമയത്താണ് എബി ജോസിനെ കാണാൻ സംഘം ചേർന്ന് അയൽക്കാർ അവിടേക്കു വന്നത്. അമേരിക്കയിൽ നിന്നെത്തിയ ബന്ധുക്കളോടൊപ്പം എബി ജോസ് എന്ന സഹസംവിധായകനെ കാണാനെത്തിയതായിരുന്നു അവർ.

കസേരയിലിരുന്ന് ഉത്തരവിടുന്ന എന്തോ വലിയ ജോലിയാണ് അസിസ്റ്റന്റ് ഡയറക്റ്ററുടേതെന്ന വിചാരത്തോടെയാണ് അമേരിക്കൻ സംഘം ലൊക്കേഷനിലെത്തിയത്. പക്ഷേ അവർ കണ്ടത് കള്ളിമുണ്ടുടുത്ത് തലയിൽ തോർത്തു കെട്ടി കക്കൂസിനു മുകളിൽ പൈപ്പുമായി നനഞ്ഞൊലിച്ചു നിൽക്കുന്ന ജോസേട്ടനെയാണ്. ബാങ്ക് ഓഫീസറുടെ ഭർത്താവായ ജോസേട്ടൻ ചെയ്യുന്ന ജോലി കണ്ട് അമേരിക്കൻ അതിഥികൾ അദ്ഭുതപ്പെട്ടു. അവസരോചിതമായി ഇടപെട്ട് ജോസേട്ടൻ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഇങ്ങനെയൊരു ജോലി ചെയ്യേണ്ടി വന്നതാണെന്നും ശരിക്കുമുള്ള ജോലി വേറെയാണെന്നുമൊക്കെ അദ്ദേഹം അവരെ ബോധ്യപ്പെടുത്താനായി വിശദീകരിച്ചു.

മൂന്നു വർഷങ്ങൾക്കിപ്പുറമാണ് ആ സംഭവത്തിന്റെ ക്ലൈമാക്സ്. അഴകിയ രാവണൻ എന്ന സിനിമയുടെ ചിത്രീകരണം ഊട്ടിയിൽ നടക്കുന്നു. ‘‘പ്രണയമണിത്തൂവൽ പൊഴിയും പവിഴ മഴ...’’ എന്ന പാട്ടിന്റെ രംഗമാണ് ഷൂട്ട് ചെയ്യുന്നത്. സീൻ മുഴുവൻ മഴ വേണം. പതിവുപോലെ ഫയർഫോഴ്സ് എത്തിയില്ല. ടാങ്കർ ലോറിയിൽ വെള്ളമെത്തി. ഊട്ടിയിലെ തണുപ്പു സഹിച്ച് ഞാനും ജോസേട്ടനും ആകാശത്തേക്കു വെള്ളം ചീറ്റിച്ചു കൊണ്ടിരിക്കുമ്പോൾ അതാ വരുന്നു, അമേരിക്കൻ ഫാമിലി. കുട്ടനാട്ടിലെ കക്കൂസിനു മുകളിൽ നിന്നു ജോസേട്ടൻ വെള്ളം ചീറ്റിക്കുന്നതു കണ്ട് അദ്ഭുതപ്പെട്ട അതേ ഫാമിലി. മൂന്നു വർഷങ്ങൾക്കു ശേഷം വീണ്ടും അവധിക്കു വന്നതായിരുന്നു അവർ. ഇത്തവണ അമേരിക്കൻ സംഘം ജോസേട്ടനോട് യാതൊരു സംശയവും ചോദിച്ചില്ല. ജോസേട്ടൻ അവരോട് ഒന്നും വിശദമാക്കാനും പോയില്ല. പഴം പുഴുങ്ങിയ ചിരിയെന്നു ഞങ്ങൾ പറയാറുള്ള അബദ്ധച്ചിരിയുമായി ജോസേട്ടൻ നെടുന്നനെ നിവർന്നു നിൽക്കുന്ന കാഴ്ച ഇന്നും കണ്ണിൽ നിന്നു മാഞ്ഞിട്ടില്ല.