മാറ്റങ്ങളില്‍ അദ്ഭുതം സൃഷ്ടിച്ച് ലോകത്തിനു പുതുമകള്‍ സമ്മാനിക്കുന്നു അമേരിക്കയിലെ സെല്‍ഫോണ്‍ നെറ്റ് വര്‍ക്ക് കമ്പനികള്‍. ടവറുകളുടെ 'പ്രാകൃതരൂപം' ഡിസൈനര്‍ സ്റ്റൈലില്‍ അവതരിപ്പിച്ചിരിക്കുന്നു. മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് ഇപ്പോള്‍ ഈന്തപ്പനയുടെ രൂപമാണ്. തരംഗങ്ങള്‍ക്കു വ്യാപനശേഷി വര്‍ധിപ്പിക്കുന്ന 'റിപ്പീറ്റര്‍' ഘടിപ്പിച്ചിട്ടുള്ളത്. ഈന്തപ്പനയുടെ നെറുകയിലാണ്. ടവറുകളാണ് ഇവയെന്നു അകലെ നിന്നു നോക്കിയാല്‍ തിരിച്ചറിയില്ല. മറ്റു സ്ഥലങ്ങളില്‍ നിന്നു വരുന്നവര്‍ ഈ കാഴ്ചയില്‍ അമ്പരന്നു നില്‍ക്കുന്നു. ഗ്രാമത്തിന്റെ സൗന്ദര്യത്തിന് അനുയോജ്യമായ രീതിയില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന രീതിക്കു മാതൃകയാണ് പുതിയ ഡിസൈനുകള്‍.
ലാന്‍ഡ് സ്‌കേപ് ഫൊട്ടോഗ്രഫിയില്‍ വിദഗ്ധരായ കുറച്ചു പേരാണ് പുതുമയുടെ ദൃശ്യങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. അമേരിക്കയുടെ പടിഞ്ഞാറു പ്രദേശങ്ങളില്‍ യാത്ര ചെയ്താണ് ഇവര്‍ ഫോട്ടോ പകര്‍ത്തിയത്. ഇക്കൂട്ടത്തില്‍ അനിറ്റ് ലെമേയ് ബുര്‍ക്ക് പകര്‍ത്തിയ ചിത്രങ്ങള്‍ക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. ലാന്‍ഡ്‌സ്‌കോപ് ഫോട്ടോകള്‍ പകര്‍ത്തുന്ന ഫൊട്ടോഗ്രഫറാണ് അനിറ്റ്. പ്രകൃതി ദൃശ്യങ്ങള്‍ തേടിയുള്ള യാത്രയില്‍ മനോഹരമായ മലഞ്ചെരിവിലെത്തി. ഈന്തപ്പന, കള്ളിമുള്‍ച്ചെടി എന്നിവയുടെ രൂപത്തിലുള്ള മൊബൈല്‍ ടവറുകള്‍ ഫൊട്ടോഗ്രഫറുടെ ക്യാമറയ്ക്കു വിരുന്നായി.
അനിറ്റ് പകര്‍ത്തിയ ഫോട്ടോകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. മരങ്ങളും ചെടികളുമില്ലാത്ത മൊട്ടക്കുന്നുകളിലാണ് ടവറുകള്‍ നില്‍ക്കുന്നത്. ഇരുമ്പു കാലുകളില്‍ കുത്തി നിറുത്തിയും കോര്‍ത്തും നിര്‍മിച്ച ടവറുകളല്ല. ഇന്‍സ്റ്റലേഷന്‍ മാതൃകയിലാണ് പുതിയ ടവറുകള്‍. ആദ്യം കണ്ടപ്പോള്‍ മരുഭൂമിയിലെ മരങ്ങളാണെന്നു തെറ്റദ്ധരിച്ചതായി ഫൊട്ടോഗ്രഫര്‍ പറയുന്നു. അടുത്തു ചെന്നപ്പോഴാണ് പ്രകൃതിക്ക് അനുയോജ്യമായി സൃഷ്ടിച്ച സാങ്കേതിക മികവാണ് അതെന്നു തിരിച്ചറിഞ്ഞത്. പനയുടെ മുകളില്‍ ചുവപ്പു സിഗ്നല്‍ കണ്ടപ്പോള്‍ ടെക്‌നോളജിയെ അവര്‍ അഭിനന്ദിച്ചു.
ആദ്യ ഘട്ടത്തില്‍ ഈന്തപ്പനയുടെ നെറുകയിലാണ് ടവര്‍ പരീക്ഷണം നടത്തിയത്. പിന്നീട് ഉയരമേറിയ പൈന്‍ മരങ്ങളുടെ ചില്ലകളിലും റിപ്പീറ്റര്‍ ഘടിപ്പിച്ചു. ഗ്രാമങ്ങളില്‍ നെറ്റ് വര്‍ക്ക് കവറേജ് കുറവ് അതോടെ പരിഹരിക്കപ്പെട്ടു. നെറ്റ് വര്‍ക്ക് 5 ജി അവതരിപ്പിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. നഗരങ്ങളില്‍ നിന്ന് അകലെയെങ്കിലും വലിയ പട്ടണങ്ങളായി നിലനില്‍ക്കുന്നു ഗ്രാമങ്ങള്‍. അവിടെ ഡേറ്റ റെയ്ഞ്ച് ചില അവസരങ്ങളില്‍ തടസ്സപ്പെട്ടിരുന്നു. മരങ്ങളില്‍ ടവര്‍ സ്ഥാപിച്ചതോടെ പ്രശ്‌നത്തിനു പരിഹാരമായി. പുതിയ രീതി പരസ്യപ്പെടുത്തി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ് നെറ്റ് വര്‍ക്ക് സര്‍വീസ് പ്രൊവൈഡര്‍മാര്‍. അതേസമയം, ഈ കാഴ്ച ആസ്വദിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു സഞ്ചാരികളും എത്തിത്തുടങ്ങി. സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും മഴയും കാറ്റുമുണ്ടായാല്‍ മരങ്ങള്‍ പൊട്ടി വീഴില്ലേ എന്നു ചോദ്യം ഉയര്‍ന്നു. നാട്ടില്‍ വേറെയും മരങ്ങളുണ്ടെന്നു കമ്പനി അധികൃതര്‍ മറുപടി നല്‍കി.