തൃശൂരിൽ നിന്നു സ്കൂട്ടറിലാണു പുറപ്പെട്ടത്. മണ്ണുത്തിയും പട്ടിക്കാടും കുതിരാൻ തുരങ്കവും പിന്നിട്ട് പാലക്കാടിന്റെ സമീപഗ്രാമങ്ങളിലേക്ക് പ്രവേശിച്ചു. സൂര്യോദയത്തിന്റെ പൊൻകതിരിൽ തിളങ്ങുകയാണ് ഈ നാട്. നെൽപാടങ്ങൾ, നാട്ടുപാതകൾ, വീടുകൾ, കന്നുകാലികൾ... എത്ര കണ്ടാലും ആവർത്തനത്തിന്റെ വിരസത തോന്നാത്ത കാഴ്ചകൾ.
നെന്മാറ താണ്ടി പോത്തുണ്ടി അണക്കെട്ടിലേക്കുള്ള റോഡിലേക്കു കടന്നു. കരിമ്പനകൾ ഉയർന്നു നിൽക്കുന്ന പാട വരമ്പുകളിൽ മയിലുകളുണ്ട്. അവ ഉറക്കെ ശബ്ദമുണ്ടാക്കി. കേരളത്തനിമയുള്ള വഴിയോരക്കാഴ്ചകളാണ് പാലക്കാടിന്റെ സവിശേഷത. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയിൽ അതു പൂർണമായ അർഥത്തിൽ ആസ്വദിക്കാം.
നെല്ലിയാമ്പതിയിലേക്ക് ഇതു പതിനഞ്ചാമത്തെ യാത്രയാണ്. ഓരോ തവണയും ഈ പാതകളിൽ നിന്നു ക്യാമറയ്ക്ക് നല്ല ചിത്രങ്ങൾ കിട്ടിയിട്ടുണ്ട്. ഇത്തവണയും പ്രതീക്ഷയോടെ മല കയറുകയാണ്. ചെക്പോസ്റ്റിൽ പേരു വിവരങ്ങൾ എഴുതിക്കൊടുത്ത് വനമേഖലയിലേക്ക് പ്രവേശിച്ചു.
അന്തരീക്ഷം ശാന്തം. ചുരം കയറിത്തുടങ്ങി. കാരണം എന്തെന്നറിയില്ല, കിളികളുടെ കോലാഹലം കേൾക്കാനായില്ല. അയ്യപ്പൻതിട്ടയ്ക്കു സമീപം മിക്കപ്പോഴും കാട്ടുകൊമ്പന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. പക്ഷേ, ഇക്കുറി അതും ഉണ്ടായില്ല. വളഞ്ഞു പുളഞ്ഞ ചുരത്തിലൂടെ സ്കൂട്ടർ ഒടിച്ച് നെല്ലിയാമ്പതിയിലെ പ്രശസ്തമായ ചുരം വ്യൂപോയിന്റിൽ എത്തി.
വേഴാമ്പൽ ചതിച്ചാശാനേ
തണുത്ത കാറ്റ് വീശുന്നുണ്ട്. കൂടെ നേർത്ത കോടമഞ്ഞും. കുറച്ചുനേരം അവിടെ ചിലവഴിക്കാമെന്നു നിശ്ചയിച്ചു. കുന്നിൻ മുകളിൽ മൃഗങ്ങളുടെ ദർശനം പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പ്രതീക്ഷയോടെ യാത്ര തുടരാൻ തീരുമാനിച്ചു. തണുപ്പ് ആസ്വദിച്ച് മുന്നോട്ടു നീങ്ങി.

മുകളിൽ എത്തിയാൽ ലക്ഷ്യം നെല്ലിയാമ്പതിയുടെ സ്വന്തമെന്ന് അറിയപ്പെടുന്ന വേഴാമ്പലുകളാണ്. പല തവണ അവയുടെ ദർശനം കിട്ടിയിട്ടുണ്ടെങ്കിലും വീണ്ടും കാണാൻ ആഗ്രഹമുണ്ടായി. ഓരോ തവണയും കാണുമ്പോൾ ആദ്യമായി കാണുന്നതു പോലെ അദ്ഭുതം ജനിപ്പിക്കുന്ന പക്ഷിയാണു വേഴാമ്പൽ. കാടു മുഴക്കുന്ന ചിറകടി ശബ്ദം നെല്ലിയാമ്പതിയുടെ ഐശ്വര്യമാണ്.
മലമുഴക്കി വേഴാമ്പലിനെ പതിവായി കാണാറുള്ള മരങ്ങളിലൂടെ കണ്ണോടിച്ച് ഏറെ നേരം കാത്തിരുന്നു. എപ്പോഴും ദർശനം തരാറുള്ള ഇണപക്ഷികളും കാടിനുള്ളിൽ മറഞ്ഞിരുന്നു. നിരാശയിൽ നിൽക്കുമ്പോഴാണ് സുഹൃത്തുക്കളായ ഡിജുമോൻ, സുദേവ് എന്നിവരെ കണ്ടത്. പക്ഷികളെ കാണാത്തതിലുള്ള തുല്യദുഖത്തോടെ കുറച്ചു നേരം വർത്തമാനം പറഞ്ഞിരുന്നു.
സമയം ഉച്ചയ്ക്ക് 12.00. പ്രഭാതഭക്ഷണം കഴിക്കാത്തതിനാൽ വിശപ്പിന്റെ വിളി ശക്തമായി. ഞങ്ങളൊരുമിച്ച് ഭക്ഷണം കഴിക്കാനായി കാരപ്പാറയിലേക്കു തിരിച്ചു. കാരപ്പാറയിൽ രമേശേട്ടന്റെ ഹോട്ടലിൽ തനി നാടൻ വിഭവങ്ങൾ കിട്ടും. നെല്ലിയാമ്പതി യാത്രയിലെ സ്ഥിരം സന്ദർശന കേന്ദ്രമാണ് രമേശന്റെ ഹോട്ടൽ. വാഴയിലയിൽ വിളമ്പിയ ചോറ്, സാമ്പാർ, അച്ചാർ, മെഴുക്കുവരട്ടി, തോരൻ. അത്രയും നേരത്തെ വിശപ്പിന്റെ കാഠിന്യം വാശിയോടെ അവസാനിപ്പിച്ചു.
മുൻപുള്ള യാത്രകളിൽ ഉച്ചമയക്കം പതിവായിരുന്നു. സ്കൂട്ടർ നിർത്തിയിട്ട് സീറ്റിനു മുകളിൽ കിടന്നുറങ്ങന്നതാണു രീതി. അല്ലെങ്കിൽ, ബസ് സ്‌റ്റോപ്പ്, പുൽത്തകിടി, തോട്ടം, പറമ്പ് എന്നിവിടങ്ങളൊക്കെ ആയിരുന്നു വിശ്രമ കേന്ദ്രങ്ങൾ. ഇക്കുറി യാത്രയിൽ ഉച്ചമയക്കം ഒഴിവാക്കി.
ഭക്ഷണം കഴിച്ച ശേഷം കാരപ്പാറ വെള്ളച്ചാട്ടത്തിന്റെ സമീപത്തു പോയി. ‘കാട്ടിലെ ക്രൂരൻ’ എന്നറിയപ്പെടുന്ന കാട്ടുനായ്ക്കൾ വെള്ളം കുടിക്കാൻ വരാറുള്ള സ്ഥലമാണിത്. ഒന്നു രണ്ടു തവണ അവയെ കണ്ടിട്ടുണ്ട്. സുബിനോടൊപ്പം ഒരിക്കൽ നടത്തിയ യാത്രയിൽ കാരപ്പാറ വെള്ളച്ചാട്ടത്തിനു താഴെ കാട്ടുനായ്ക്കളെ കണ്ടു. ഇരയെ അകത്താക്കിയ ദാഹവുമായി വെള്ളം കുടിക്കാൻ എത്തിയതായിരുന്നു അവ. പക്ഷേ, ഈ ദിവസത്തെ പകലിൽ അവയും കാടിനു വെളിയിൽ ഇറങ്ങിയില്ല.

വന്നു, കണ്ടു, ക്യാമറയിലാക്കി
സമയം 2.00. വെയിലിന്റെ ദിശ പടിഞ്ഞാറു ഭാഗത്തേക്ക് ചാഞ്ഞു തുടങ്ങി. വേഴാമ്പൽ പ്രത്യക്ഷപ്പെടാറുള്ള സ്ഥലത്തു കാത്തു നിന്നു. അകലെ നിന്ന് അവയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പക്ഷേ, അവ വഴിയോരപ്രദേശങ്ങളിലേക്ക് വന്നില്ല. നെല്ലിയാമ്പതി സന്ദർശനത്തിൽ വേഴാമ്പലിനെ കാണാതെ മടങ്ങുന്നത് തീർത്തും നിരാശാജനകമായ അനുഭവമാണ്. എന്തായാലും, അതൊരു പുതുമയല്ലാത്തതിനാൽ അകലേയ്ക്കു കണ്ണുനട്ട് കുറച്ചു നേരം വെറുതെയിരുന്നു. അപ്പോൾ അതാ അകലെ നിന്നൊരു കനത്ത ശബ്ദം. അതൊരു ‘അലാറം കാൾ’ ആയിരുന്നു. മ്ലാവിന്റെ ശബ്ദമാണെന്നു തിരിച്ചറിഞ്ഞു. കാട്ടിലെ വലിയ മൃഗങ്ങളിൽ ഏതോ ഒരെണ്ണം സമീപത്ത് എത്തിയിട്ടുണ്ടെന്നുള്ള മുന്നറിയിപ്പ്.
മാംസക്കൊതിയനായ മൃഗം കാപ്പിചെടികൾക്കിടയിൽ പതുങ്ങി നിൽപ്പുണ്ട്. ഞങ്ങൾ കടന്നുപോയ വഴിക്കരികിൽ എവിടെയോ ആണ്. അൽപദൂരം നീങ്ങിയാൽ സൈറ്റിങ് കിട്ടുമെന്നുള്ള പ്രതീക്ഷയിൽ സ്കൂട്ടർ സ്റ്റാർട്ട് ചെയ്തു. വഴിക്കിരുവശവും കാപ്പിച്ചെടികളാണ്. അവ തൊട്ടടുത്ത് എത്തിയാൽ പോലും കാണാൻ കഴിയില്ല.
ആ മ്ലാവ് കണ്ടത് ഏതു മൃഗത്തെയാണ്? കാട്ടുനായ, പുലി... ഞങ്ങൾ ആകാംക്ഷാഭരിതരായി.
വഴിയുടെ ഇരുവശത്തും കണ്ണുപായിച്ചിട്ടും അലാം കോൾ കേട്ട സ്ഥലം തിരിച്ചറിയാനായില്ല. ചെവിയോർത്തിട്ടും അനക്കമൊന്നും കേട്ടില്ല. അങ്ങനെ കാത്തിരുന്നപ്പോൾ പൊടുന്നനെ വീണ്ടും മ്ലാവിന്റെ നിലവിളി കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് പതുക്കെ നീങ്ങി. സ്കൂട്ടറിൽ ഇരുന്നു കൊണ്ട് മരങ്ങൾക്കിടയിലേക്കു നോക്കി. നിഴൽ പോലെയൊരു ദൃശ്യം കണ്ടു. പക്ഷേ, രൂപം വ്യക്തമായില്ല.
സ്കൂട്ടർ വഴിയോരത്തു നിർത്തി. ക്യാമറ ഓൺ ചെയ്തു. പുലി.... അതേ പുലി തന്നെ. തുടർച്ചയായി നെല്ലിയാമ്പതിയിലേക്കു വരുന്നയാൾക്കു മുന്നിലേക്ക് ആദ്യമായി പുലിയുടെ കടന്നു വരവ്. ഈ കാടു നൽകുന്ന വിലയേറിയ ഒരു സമ്മാനം. മ്ലാവിന്റെ ശബ്ദത്തിൽ വിളിച്ചു കാണിച്ചു തന്നതുപോലെ.
സുരക്ഷിതമായ സസ്ഥാനത്തു നിന്നുകൊണ്ട് ക്യാമറ സൂം ചെയ്തു. തുടർച്ചയായി ഫോട്ടോയെടുക്കാൻ സാധിച്ചു. വീണു കിടന്നിരുന്ന മരത്തിൽ ചവിട്ടി നിന്ന് അവൻ ഞങ്ങൾക്ക് ഫോട്ടോ എടുക്കാൻ തക്ക വിധം പോസ് ചെയ്തു. വലുപ്പമുള്ള പുലി. ഉശിരുള്ള, യൗവ്വനത്തിലെത്തിയ, കരുത്തനായ പുലി. സൂര്യപ്രകാശം അവന്റെ ദേഹത്തു തട്ടി ചിതറുന്നത് നേരിട്ടു കണ്ടു. ആവശ്യത്തിനു ഫോട്ടോ എടുത്ത ശേഷം വേഗവീരന്റെ നീക്കങ്ങൾ മനസ്സു നിറയെ കണ്ടു.

കാപ്പിചെടികളുടെ ഇടയിലൂടെ ഞങ്ങളെ അവൻ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അതേസമയം, തെളിഞ്ഞ ഒരു ഗ്യാപ്പിലൂടെ അവന്റെ മുഖം ഞങ്ങൾക്കു ലെൻസിൽ പകർത്താൻ സാധിച്ചു. കേരളത്തിൽ നിന്നൊരു പുലിച്ചിത്രം – സ്വപ്നം സാക്ഷാത്കരിച്ചു.
അത്രയും നേരം സ്വപ്നം കാണുകയായിരുന്നെന്നു തോന്നി. ക്യാമറയിൽ പതിഞ്ഞ ചിത്രങ്ങൾ ഓരോന്നായി വീണ്ടും നോക്കി. അല്ല, അതു സ്വപ്നമല്ല യാഥാർഥ്യമായിരുന്നു. ഓരോ സ്നാപ്പിലും പുലിയുടെ മുഖം കൃത്യമായി ലെൻസിൽ പതിഞ്ഞിട്ടുണ്ട്. വഴിയിൽ കണ്ടവരോടെല്ലാം സന്തോഷത്തോടെ വിവരം പറഞ്ഞു. മൊബൈൽ നെറ്റ്‌വർക്കിന്റെ പരിധിയിലെത്താൻ അതിവേഗം മുന്നോട്ടു കുതിച്ചു.
എന്തിനാണെന്നോ? കാടിനെ ഒരുപാട് സ്നേഹിച്ചതിന് വിലയേറിയ സമ്മാനം കിട്ടിയെന്നു വിളിച്ചു പറയാൻ...