ആധുനിക ലോകത്തെ മഹാദ്ഭുതങ്ങളായി അംഗീകരിച്ചിരിക്കുന്ന ചൈനയിലെ വൻമതിൽ, ആഗ്രയിലെ താജ് മഹൽ, ജോർദാനിലെ പെട്ര, റോമിലെ കൊളോസിയം, ബ്രസീലിലെ ക്രൈസ്റ്റ് ദ് റെഡീമർ, പെറുവിലെ മചു പിചു, മെക്സിക്കോയിലെ ചിചെൻ ഇറ്റ്സ എന്നിവ കാണാൻ എത്ര സമയം വേണ്ടിവരും? ഒരൊറ്റ യാത്രയിൽ ആയാൽപോലും അത് ഒരു ലോകപര്യടനത്തിനു തുല്യമാണ്. രാജ്യങ്ങളും ഭൂഖണ്ഡങ്ങളും താണ്ടിയുള്ള സഞ്ചാരത്തിന് മാസങ്ങളെങ്കിലും കുറഞ്ഞത് വേണ്ടിവരുമെന്നാണ് ഉത്തരമെങ്കിൽ തെറ്റി... ബ്രിട്ടനിൽ നിന്നുള്ള ജാമി മക്ഡൊണാൾഡ് കേവലം 6 ദിവസം 16 മണിക്കൂർ 14 മിനിറ്റ് കൊണ്ട് ഏഴു മഹാദ്ഭുതങ്ങളും സന്ദർശിച്ചു, അതും പൊതുഗതാഗത സൗകര്യം മാത്രമുപയോഗിച്ച്. മക്ഡൊണാൾഡിന്റെ ഈ മിന്നൽ പര്യടനം അദ്ദേഹത്തിന് ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിക്കൊടുത്തു.
അഡ്‌വഞ്ചർ മാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജാമി മക്ഡോണാൾഡ് ആദ്യം സന്ദർശിച്ചത് ചൈനയിലെ വൻമതിൽ ആയിരുന്നു. ചൈനയിൽ നിന്ന് ഹോങ്കോങ് വഴി ന്യൂഡെൽഹിയിലേക്ക് പറന്ന മക്ഡൊണാൾഡ് ആഗ്രയിലേക്ക് ട്രെയിനിലും തുടർന്ന് ടാക്സിയിൽ താജ്മഹലിലെത്തി. 15 മിനിറ്റാണ് താജിൽ ചെലവഴിച്ചത്. പിന്നീട് ദുബൈ വഴി ജോർദാനിലേക്ക് വിമാനം കയറി. അമ്മാനിൽ നിന്ന് ബസ്സിലാണ് പെട്രയിലേക്ക് സഞ്ചരിച്ചത്.
നാലാമത്തെ ലക്ഷ്യസ്ഥാനം റോമിലെ കൊളോസിയമായിരുന്നു. അവിടെ നിന്ന് ബ്രസിലിലേക്ക്. റിയ ഡി ജനിറോയിലെ ക്രൈസ്റ്റ് ദ് റെഡിമർ ശിൽപം സന്ദർശിച്ചശേഷം പെറുവിലെ ലിമ വഴി പുരാതന സംസ്കാര കേന്ദ്രമായ മചു പിചുവിലേക്ക്. അതിനുശേഷം മെക്സിക്കോയിലെ മായൻ സാംസ്കാരിക ശേഷിപ്പായ ചിചെൻ ഇറ്റ്സയിൽ പര്യടനം പൂർത്തിയാക്കുമ്പോൾ യാത്ര തുടങ്ങിയിട്ട് ഏഴു ദിവസം പൂർത്തിയായിരുന്നില്ല.
4 ഭൂഖണ്ഡങ്ങളിലായി 9 രാജ്യങ്ങൾ സഞ്ചരിക്കാൻ 43 വ്യത്യസ്ത യാത്രകൾ ഈ പര്യടനത്തിന്റെ ഭാഗമായി. 22856 മൈൽ ദൈർഘ്യമുണ്ടായിരുന്ന പര്യടനം പൂർത്തിയാക്കിയത് 13 ഫ്ലൈറ്റ് യാത്രകളും 9 ബസ് യാത്രകളും 4 ട്രെയിൻ സഞ്ചാരങ്ങളും 16 ടാക്സി റൈഡുകളും ഉപയോഗിച്ചാണ്. സ്ലെഡ്ജ് പോലെ തെന്നി നീങ്ങുന്ന ടോബോഗനിലാണ് വൻമതിലിൽ നിന്ന് ഇറങ്ങിയത്. ഇടയ്ക്ക് രണ്ട് വട്ടം തന്റെ യാത്രാപദ്ധതി പാളിപ്പോയിരുന്നു എന്ന് അഡ്‌വഞ്ചർ മാൻ സൂചിപ്പിച്ചു. ഒരിടത്ത് റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ വൈകിപ്പോയി, എന്നാൽ ബുക്ക് ചെയ്തിരുന്ന ട്രെയിനും വൈകിയതിനാൽ യാത്രയ്ക്ക് പ്രശ്നമുണ്ടായില്ല. മറ്റൊരിടത്ത് വിമാനത്താവളത്തിലെ ടെർമിനൽ മാറി കയറിയതിനെ തുടർന്ന് പോകാൻ നിശ്ചയിച്ച വിമാനത്തിൽ കയറാൻ പറ്റിയില്ല. എങ്കിലും ട്രാവൽ ഏജന്റിന്റെ ഇടപെടൽ വഴി സമയനഷ്ടം കൂടാതെ പര്യടനം മുൻപോട്ട് കൊണ്ടുപോകാൻ സാധിച്ചു.
ട്രാവൽ ടെക്നോളജി കമ്പനിയായ ട്രാവൽപോർട് തങ്ങളുടെ പുതിയ പ്ലാറ്റ്ഫോം പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ സാഹസിക ഉദ്യമം നടത്തിയത്. പൊതുഗതാഗത സൗകര്യങ്ങൾ മാത്രം ഉപയോഗിക്കുക, 50 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തേക്ക് മാത്രം ടാക്സി ഉപയോഗിക്കാൻ പാടുള്ളു, ചെല്ലുന്ന സ്ഥലങ്ങളിൽ നിന്നൊക്കെ ടിക്കറ്റുകൾ, രസീതുകൾ തുടങ്ങിയവ ശേഖരിക്കുക, വിഡിയോകളും ഫോട്ടോകളും പകർത്തുക, ഓരോ ലക്ഷ്യസ്ഥാനത്തുമുള്ള ഉദ്യോഗസ്ഥരിൽ നിന്നോ പ്രദേശവാസിയായ വിശിഷ്ട വ്യക്തികളിൽ നിന്നോ പൊലിസ് ഉദ്യോഗസ്ഥരിൽ നിന്നോ സാക്ഷ്യപത്രം എഴുതി വാങ്ങുക തുടങ്ങിയ കർശന മാനദണ്ഡങ്ങൾ ഗിന്നസ് ബുക്ക് ഒഫ് വേൾഡ് റെകോർഡ്സ് നിർദേശിച്ചിരുന്നു.