എന്റെ പേരിലും ഒരു സ്ഥലമോ? അവിടെ അതേ പേരിലൊരു ഗുഹയോ? മേഘാലയയിലാണ് സിജു എന്ന നദിയോര ഗ്രാമവും വവ്വാലുകൾ ഉള്ളതുകൊണ്ട് ബാറ്റ് കേവ് എന്നും ധബോഖോൽ എന്നു പ്രാദേശിക ഭാഷയിലും പേരുള്ള ഗുഹയും. സാഞ്ചാരയിടങ്ങൾ തിരയുന്നതിനിടയിലാണ് യാദൃശ്ചികമായി ഗൂഗിൾ ഇത് കൺമുന്നിലെത്തിച്ചത്. അപ്പോഴേ ഉറപ്പിച്ചു, അടുത്ത മേഘാലയ യാത്രയിലെ ആദ്യം പോകുന്നയിടമാണ് സിജു.
ഗാരോ മലനിരകളിലെ സിജു ഗുഹയും സിജു ഗ്രാമവുമൊന്നും മേഘാലയയ്ക്കു പുറത്തുള്ള സഞ്ചാരികൾക്കു പരിചിതമായ ഇടമല്ല. സുന്ദരമായ അനാഘ്രാത പുഷ്പം പോലൊരു ഗ്രാമം. മേഘാലയയിലാണെങ്കിലും എത്തിച്ചേരാൻ എളുപ്പം ഗുവാഹത്തിയിൽ നിന്നാണ്. 220 കിലോമീറ്റർ യാത്ര ചെയ്യാൻ ആറു മണിക്കൂർ എടുക്കും.

സിജുവിൽ എങ്ങനെ എത്തും എവിടെ താമസിക്കും എന്ന അന്വേഷണത്തിലാണു പ്ലിൻറ്റാർ മാരാക്കിനെ കിട്ടുന്നത്. സിജു ഗ്രാമത്തിലെയും ഗുഹയിലേയും ഒരു ചെറിയ ട്രാവൽ സംഘാടകനും ഗൈഡുമാണ് മാരാക്. താമസവും ഭക്ഷണവും മറ്റു കാര്യങ്ങളും മാരാക് ഏറ്റു.
വേറിട്ട വഴി
പൊതുവേ മേഘാലയ യാത്രികർ ഷില്ലോങ്ങിലേക്കാണ് ആദ്യം പോകുക. അതിർത്തി കടക്കാനുള്ള പ്രധാന വഴിയും അതു തന്നെ. സിജുവിലേക്ക് പോകാൻ മറ്റൊരു അതിർത്തിവഴിയാണ് തിരഞ്ഞെടുത്തത്. ഗുവാഹത്തി, ദുദ്‌നായ്, റോങ്ങ്‌ജെങ്, നെംഗ്ക്ര, നൊംഗൽബിബ്ര വഴി സിജു. രസകരമായ കാര്യം ഗൂഗിൾ മാപ്പിലെ സിജു കഴിഞ്ഞു പത്തു കിലോമീറ്റർ എങ്കിലും കഴിഞ്ഞാണു യഥാർത്ഥ സ്ഥലം. സുന്ദരമായ സ്ഥലങ്ങൾ. ഇടക്കൊക്കെ വണ്ടി നിർത്തി ആളുകളെയൊക്കെ കണ്ടാണു യാത്ര. ആസ്വദിച്ചു പുകവലിക്കുന്ന വൃദ്ധയും കൂടെയുള്ള സ്ത്രീകളെയൊക്കെ കെട്ടിപ്പിടിച്ചുള്ള തന്റെ ഫോട്ടോ എടുപ്പിച്ച നവവൃദ്ധനും ഒരു നദിയോര ചായക്കടയിലെ കൗതുകങ്ങൾ ആയി.

സിംസാങ്ങിന്റെ തീരത്ത്
ഇന്ത്യയിലും ബംഗ്ലാദേശിലുമായി ഒഴുകുന്ന, സോമേശ്വരി നദിയെന്ന് കൂടി പേരുള്ള സിംസാങ്ങ് നദിയാണ് സിജുവിന്റെ ജീവനാഡി. ഞങ്ങൾ താമസിച്ച ടൂറിസ്റ്റ് ലോഡ്ജ് പുഴക്കരയിൽ ആണ്. മഴക്കാലം കഴിഞ്ഞ് കുറേ ആയതു കൊണ്ട് വെള്ളം കുറവാണ്. പുഴയിലെ നല്ലൊരു മുങ്ങിക്കുളി കഴിഞ്ഞതോടെ യാത്രാ ക്ഷീണം സിംസാങ്ങ് കടന്നു.

നദിയിൽ കൊച്ചു കൊച്ചു തോണികളിൽ മീൻപിടുത്തക്കാർ. തോണിയെന്ന് പറഞ്ഞു കൂടാ. ഒറ്റമരം ചെത്തിക്കുഴിച്ച് തോണിയാക്കിയതാണ്. നമ്മുടെ കട്ടമരം പോലെ. ചെറിയ ശരീരപ്രകൃതിയുള്ള തദ്ദേശീയർക്കു വലുപ്പം പാകം. നമ്മൾക്കിരിക്കാൻ ഞെങ്ങി ഞെരുങ്ങണം. കേരളത്തിൽ കുട്ടികൾ സൈക്കിൾ എടുത്തു കറങ്ങും പോലെ ഇവിടെ മിക്കവാറും കുട്ടികൾ തോണിയുമായി പുഴയിലാണ്.

നദിയുടെ മറുതീരത്താണു സിജു വൈൽഡ് ലൈഫ് സാങ്ച്വറി. പ്രധാനമായും ഇതൊരു ബേർഡ് സാങ്ച്വറിയാണ്. കാട്ടിലൂടെ ട്രക്കിങ് സൗകര്യമൊക്കെ ഫോറസ്റ്റ് വകുപ്പ് നൽകുന്നുണ്ട്. മേഘാലയയുടെ ആദ്യ മുഖ്യമന്ത്രിയും സ്ഥാപകനുമായ ട്രൈബൽ നേതാവ് ക്യാപ്റ്റൻ വില്യംസൺ സംഗ്മ ഈ നാട്ടുകാരനാണ്. ബാഗ്മാരയിൽ ജനിച്ച അദ്ദേഹത്തിന്റെ സ്മാരകമായി പ്രതിമയും അഡ്വഞ്ചർ പാർക്കുമൊക്കെ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.
രാത്രി, മുറിയിൽ നിന്ന് പുറത്ത് നദിയിലേക്ക് നോക്കിയപ്പോൾ നദിയിൽ നിറയെ വെളിച്ചം. മീൻപിടുത്തക്കാരാണ്. രാത്രി, ടോർച്ച് വെളിച്ചത്തിൽ മീൻ പിടിക്കാൻ നിരവധി പേരുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം. വെളിച്ചം കണ്ട് കണ്ണഞ്ചിനിൽക്കുന്ന മീനുകളെ ചെറിയ കൈവലകളിൽ കോരിയെടുക്കും. രാത്രി അവർക്കൊപ്പം ക്യാമറയുമായി ഏറെ നേരം പുഴയിൽ ചെലവഴിച്ചു. നമ്മുടെ ചീനവലയുടെ മിനിയേച്ചർ പതിപ്പ് വല ഉപയോഗിച്ചും മീൻപിടുത്തം ഉണ്ട്. കൊതുകുവല മലർത്തി വെളളത്തിൽ മുക്കി വെച്ച പോലെ. മണലും ഗോതമ്പ് പൊടിയും ചേർത്തു വലക്കുള്ളിൽ ഇടും. ഭാരത്തിനും മീനിനെ ആകർഷിക്കാനും. കുറെ സമയം കഴിയുമ്പോൾ വലിച്ചു പൊക്കും. 400 രൂപയുടെ മീനൊക്കെ കിട്ടാറുണ്ടെന്ന് ഒരാൾ പറഞ്ഞു. പക്ഷേ അന്നെന്തായാലും കുഞ്ഞിപ്പരലു പോലും പാവത്തിന്റെ വലയിൽ കയറിയില്ല. മലനിരകളിലെ കൽക്കരി ഖനികളിൽ ഉപയോഗിക്കുന്ന ബ്ലീച്ചിങ് പൗഡറും മറ്റ് രാസവസ്തുക്കളുമൊക്കെ പുഴയിലേക്കാണ് എത്തുന്നത്. അതു കൊണ്ട് നദിയിൽ മീൻ കുറഞ്ഞു വരുന്നുവത്രെ. അമ്പതിലധികം ക്വാറികൾ പരിസരത്ത് ഉണ്ടുപോലും. ചെറുപ്പക്കാർ, പ്രത്യേകിച്ച് കുട്ടികൾ റാറ്റ് ഹോൾ എന്ന് വിളിക്കുന്ന ഖനികളിൽ ജോലിക്ക് പോകുകയാണെന്ന് അയാൾ പറഞ്ഞു. മേഘാലയയുടെ നാശത്തിന് വേഗത കൂട്ടിക്കൊണ്ടിരിക്കുകയാണ് അനധികൃത ഖനനവും ചൂഷണവും.

ഇരുട്ടു ഗുഹ

സിജുവിലെ പ്രധാന ആകർഷണങ്ങളിലൊന്ന് ഗുഹയാണ്. ചുണ്ണാമ്പ് കല്ലിൽ രൂപപ്പെട്ട വിശാലമായ ഗുഹ, സ്റ്റലാഗ്മൈറ്റ്‌സിനും സ്റ്റലാക്ടൈറ്റ്‌സിനും പ്രശസ്തമാണ്. ഗുഹയുടെ മുകൾ ഭാഗത്തും തറയിലും നിരന്തരമായ ജലസാന്നിധ്യത്തിൽ ധാതുക്കൾ രൂപപ്പെടുത്തുന്ന ചുണ്ണാമ്പ് ശിലകൾ ആണവ. ഗുഹക്കുള്ളിലോ, മലമുകളിലെവിടെയോ ഉത്ഭവിക്കുന്ന ചെറിയൊരു അരുവി ഗുഹയ്ക്കുള്ളിലൂടെയാണ് ഒഴുകുന്നത്. അത് നേരെ സിംസാങ് നദിയിലെത്തും.

മഴക്കാലത്ത് ഗുഹയിൽ കയറാൻ പറ്റില്ല. വേനൽക്കാലത്ത് തന്നെ അരയ്‌ക്കൊപ്പം വെള്ളമുണ്ട്, ഗുഹയിൽ പലയിടത്തും. നനഞ്ഞ് നശിക്കുന്നതൊന്നും കൊണ്ടു പോകരുത്. നാലര കിലോമീറ്റർ നീളമുണ്ട് ഗുഹയ്ക്ക്. ഏറ്റവും ചുരുങ്ങിയത് രണ്ടാൾ, മൂന്നാൾപ്പൊക്കമുള്ള വലിയ ഗുഹയാണിത്. പലയിടത്തും അത് 40 മുതൽ 80 അടിവരെ എത്തുന്നു. വീതിയും മുപ്പത് നാൽപത് അടിയൊക്കെ ഉണ്ട്. നിരവധി ഉപവഴികളും അറകളുമുള്ള ഗുഹയിൽ ഗൈഡില്ലാതെ പോയാൽ വഴി തെറ്റുമെന്നുറപ്പ്. ആദ്യത്തെ നൂറു നൂറ്റമ്പത് അടിയേ സൂര്യപ്രകാശമെത്തൂ. പിന്നീടങ്ങോട്ട് കടുത്ത ഇരുട്ടാണ്. ഘോരാന്ധകാരം. അതു കൊണ്ട് ഗുഹയ്ക്കകത്ത് രാപകൽ വ്യത്യാസമൊന്നുമില്ല. ടോർച്ചും ഹെഡ്‌ലാമ്പുകളുമൊക്കെ നിർബന്ധം. ഗൈഡില്ലാതെ ഗുഹയിലേക്കു കടത്തി വിടുകയുമില്ല. മാരാക് കൂടെ വന്നിരുന്നത് കൊണ്ട് ആ പേടി ഇല്ലായിരുന്നു. മാരാക്, സിജുവിലെ പ്രാദേശിക ട്രൈബൽ ടൂറിസം വികസന സമിതിയുടെ അംഗമാണ്. സർക്കാർ പണിതു കൊടുത്ത ടൂറിസ്റ്റ് ലോഡ്ജ് നടത്തുന്നതും ഈ സമിതിയാണ്. രണ്ടു കിലോമീറ്ററോളമേ ഗുഹയ്ക്കകത്തു സാധാരണക്കാർക്ക് പോകാൻ കഴിയൂ. മുമ്പ്, ഒരു വിദേശിയായ ഗുഹാ പര്യവേഷകൻ മുഴുവൻ ദൂരവും പോയി വന്നെന്ന് മാരാക് പറഞ്ഞു.
ബ്രിട്ടിഷുകാരനായ സ്റ്റാൻലി കെംപ്, 1922ൽ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ട് ആയിരുന്നപ്പോൾ നടത്തിയ പഠന റിപ്പോർട്ടിൽ സിജു ഗുഹയെപ്പറ്റി അളവുകൾ സഹിതം വിശദമായി പറയുന്നുണ്ട്. അവരും ഗുഹ മുഴുവനും സഞ്ചരിച്ചിട്ടില്ല. 1881 ൽ ഇവിടം സന്ദർശിച്ച ജിയോളജിക്കൽ സർവേ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിനെപ്പറ്റിയും ഇതിൽ പറയുന്നു. ഗുഹയിൽ നിന്ന് കണ്ടെത്തി ഇന്ത്യൻ മ്യൂസിയത്തിലേക്ക് നൽകിയ 102 ഇനം ജീവജാലങ്ങളെക്കുറിച്ചും ഇതിലുണ്ട്. അതിനും ഏറെ വർഷങ്ങൾക്ക് മുമ്പ് ഗുഹയിൽ കയറുകയും ഒരു കുപ്പിയിൽ സന്ദേശം എഴുതി ഗുഹയ്ക്ക് അകത്ത് വച്ച് മടങ്ങുകയും ചെയ്ത പട്ടാളക്കാരനെക്കുറിച്ചും പരാമർശമുണ്ട്.

നദിക്കപ്പുറമുള്ള ബേർഡ് സാങ്ച്വറിയിൽ പൂമ്പാറ്റകളുടെ പാർക്ക് എന്ന് വിളിക്കുന്ന ഒരിടമുണ്ട്. മാരാക്കിന്റെ പരിചയത്തിൽ ഒരു തോണിക്കാരൻ കട്ടമരത്തോണിയിൽ പുഴ കടത്തിത്തന്നു. പൂമ്പാറ്റകളെ ആകർഷിക്കുന്ന ഇനം ചെടികളും പൂക്കളും ഉള്ളതുകൊണ്ടാവും അവ കൂട്ടമായി പൂവിലേക്കെത്തുന്നു. പൂമ്പാറ്റകളെയൊക്കെ കണ്ട് മടങ്ങുമ്പോൾ തിരികെ പോകാൻ തോണിയില്ല. അക്കരെ കിടക്കുന്ന തോണിയാവട്ടെ തീരെ ചെറുതും. പിന്നെ പുഴമണലിലൂടെ നേരെ നടന്നു. കുറച്ചകലെയായി പുഴയ്ക്ക് കുറുകെ ഒരു തൂക്കുപാലം ഉണ്ട്. പുഴയുടെ നല്ല ഉയരക്കാഴ്ച്ചയും കിട്ടും. അതെത്തുന്നത് ഫോറസ്റ്റ് ഓഫീസിന് മുന്നിലാണ്. ഒരു ഫോറസ്റ്റ് ലോഡ്ജും ഉണ്ടിവിടെ. ഇത്തിരി വളഞ്ഞ് ചുറ്റി മുറിയിലെത്തി.
കടലിനടിയിലെ കാലം

ഒരുപാടൊരുപാടു വർഷങ്ങൾക്കു മുമ്പു മേഘാലയ കടലിനടിയിൽ ആയിരുന്നുവത്രെ. ഭൂഖണ്ഡങ്ങൾ രൂപപ്പെട്ട കാലത്ത് ഉയർന്ന് വന്നതാണെന്ന് പലരും കരുതുന്നു. ഇവിടെ നിന്നു കിട്ടിയ കടൽ ജീവികളുടെ ഫോസിലുകളും, പാറകളുടെ, പ്രത്യേകിച്ച് ചുണ്ണാമ്പുകല്ലുകളുടെ ഘടനയും അതിന്റെ തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നു. അതിന്റെ മറ്റൊരു ഉദാഹരണമാണത്രെ സിജുവിലുള്ള റോങ്ങ്ചാങ്ങ് റോക്ക് ഫോർമേഷൻ. അടരടരായി നിൽക്കുന്ന നിരവധി വലിയ പാറകളുടെ സമുച്ചയമാണിത്. മരങ്ങളും വള്ളികളും വളർന്ന് നിൽക്കുന്ന, ഏതോ പുരാതനമായ കാലത്തേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നയിടം. ദിനോസറിന്റെ രൂപത്തെ ഓർമിപ്പിക്കും പോലൊരു മരം പാറക്കെട്ടിൽ വളർന്നു നിൽക്കുന്നു. സഞ്ചാരികളിൽ ചിലർ അതിൻമേൽ വലിഞ്ഞുകയറി ആവേശം കൊള്ളുന്നു. വെള്ളം വറ്റുമ്പോൾ വീണ്ടുകീറി ഉണങ്ങിയ പാടങ്ങളെ ഓർമിപ്പിക്കും ഈ പാറകളുടെ പുറം വശം. ഒടിച്ചെടുക്കാൻ നോക്കിയിട്ടു കാര്യമില്ല. അത്രയ്ക്ക് ഉറപ്പാണ്.

റോക്ക് ഫോർമേഷനെപ്പറ്റി കൃത്യമായ ശാസ്ത്രീയ പഠനരേഖകൾക്കായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല. അതേ സമയം മേഘാലയയിലെ ഗുഹയിൽ നിന്ന് കിട്ടിയ പാറയെ ആധാരമാക്കി രാജ്യാന്തര ജിയോളജി ശാസ്ത്രജ്ഞർ പുതിയൊരു കാലഗണന തീരുമാനിക്കുകയും അതിന് മേഘാലയൻ ഏജ് എന്ന് പേരിടുകയും ചെയ്തിട്ടുണ്ട്. 4200 വർഷത്തിൽ താഴെയുള്ള കാലമാണിത്. കഴിഞ്ഞ നാൽപത്തി രണ്ട് നൂറ്റാണ്ടുകളുടെ കാലം.
നോൺവെജ് സസ്യങ്ങൾ
മാംസഭുക്കുകളായ സസ്യങ്ങളെപ്പറ്റി കേട്ടിട്ടില്ലേ? അത്തരം ചെടികളുടെ ഒരു പാർക്കുണ്ട് സിജുവിനടുത്ത്. ബാഗ് മാരയിലെ പിച്ചർ പ്ലാന്റ് സാംക്ച്വറിയിലേക്ക് 40 കിലോമീറ്റർ ഉണ്ട്. അത്ര ദൂരം പോണമല്ലോ എന്ന് ശങ്കിച്ച് നിന്ന ഞങ്ങൾക്ക് സഹായവുമായി മാരാക്കിന്റെ സുഹൃത്ത് റിക്ബൻ എത്തി. അയാളുടെ വീട്ടീൽ പിച്ചർ പ്ലാന്റ് ഉണ്ടത്രെ. വായിച്ചു കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അത്തരമൊരു ചെടി കാണുന്നത്. അടപ്പുള്ള കോണ്ടം പോലെയൊരു പൂവ്. അതിനകത്ത് തേനോ മറ്റ് ദഹനരസമോ പോലെ ദ്രാവകം ഉണ്ടാവും. ചെറിയ പ്രാണികൾ അകത്ത് പെട്ടാൽ അടപ്പ് അടയും. പ്രാണികൾ അലിഞ്ഞില്ലാതാവും. അതാണ് ചെടിയുടെ ഭക്ഷണം. മീമാങ്ങ് കോക്‌സി എന്നാണ് പ്രാദേശികമായി ഇതിനെ വിളിക്കുന്നത്.
ലോഡ്ജ് മുറ്റത്തിരുന്ന് ഗ്രാമത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് വിജയൻ ചേട്ടനെപ്പറ്റി മാരാക്ക് പറയുന്നത്. മടക്കത്തിൽ വിജയൻ ചേട്ടന്റെ വീട്ടിൽ കയറി. കൊടുമൺ സ്വദേശിയാണ്. 1982ൽ കേന്ദ്ര സർക്കാരിന്റെ മിനറൽസ് എക്‌സ്‌പ്ലൊറേഷൻ കോർപറേഷൻ ഉദ്യോഗസ്ഥനായി സിജുവിലെത്തി. അവിടെ സിജു സ്വദേശിയായ ഒരു സുന്ദരിയെ പ്രണയിച്ചു. വിവാഹം കഴിച്ചു. സിജുവിൽ സ്ഥിരതാമസം. റിട്ടയർ ആയപ്പൊ ഒരു ഹാർഡ് വെയർ കട തുടങ്ങി. മക്കൾ എൻജിനീയറിങ് കഴിഞ്ഞ് ജോലിയിലാണ്. മകൻ വിവാഹിതൻ. വിജയൻ ചേട്ടൻ ഇത്തിരി സുവിശേഷ പ്രവർത്തനവുമൊക്കെയായി സ്വസ്ഥം. ചന്ദ്രനിൽ മാത്രമല്ല സിജുവിലും കാണും മലയാളി.
സന്ദർശക പുസ്തകത്തിലും പ്രവേശന കവാടത്തിലുമൊക്കെ സ്വന്തം പേരെഴുതുമ്പോൾ പുതുമയുള്ള കൗതുകമായിരുന്നു എനിക്കും സിജുവിൽ ഉള്ളവർക്കും. ജാർഖണ്ഡിലെ ഹസാരിബാദിലും, ഒറീസയിലെ ബംഗാൾ ഉൾക്കടലിന്റെ തീരത്തും വേറെ സിജു ഗ്രാമങ്ങളും പണി തീർന്നോ എന്ന് ഉറപ്പില്ലാത്ത സിജു റെയിൽവേ സ്റ്റേഷനും ഉണ്ട്. ഒന്ന് പോയാലോ... ? കൗതുകം അവസാനിക്കുന്നില്ലല്ലോ.. !