ഹിമാലയം എന്ന സ്വർഗ്ഗ ഭൂമിയിലേക്ക് ഒരു യാത്ര, സ്വപ്നങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടപ്പോഴാണ് ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ ആദ്യപടിയെന്ന വണ്ണം സ്പിതി ലാഹുൾ താഴ്‌വരയിലേക്ക് ഒരു യാത്ര പോകാൻ അവസരം ലഭിച്ചത്.
ഷിംലയിൽ തുടങ്ങി കിന്നോറിലൂടെ സ്പിതിയും ലാഹോളും കടന്ന് കുളു ജില്ലയിലെ മണാലിയിൽ അവസാനിക്കുന്ന രീതിയിലാണ് ഞങ്ങളുടെ യാത്ര പ്ലാൻ ചെയ്തത്. ഷിംലയിൽ നിന്ന് പുറപ്പെട്ടത് മുതൽ കാണുന്നതെല്ലാം അത്ഭുതക്കാഴ്ചകളായിരുന്നു. ടിബറ്റിനോട് വളരെ ചേർന്നു കിടക്കുന്ന, ‘Land of Fairy Tales’ എന്നറിയപ്പെടുന്ന കിന്നോറിലെ, കൽപ്പയിൽ നിന്ന് കിന്നോർ കൈലാസ ശൃംഗത്തിൽ അസ്തമയസൂര്യൻ പകർന്നാടിയ വിസ്മയ കാഴ്ചയും കണ്ട്, നാക്കോ താഴ്‌വര താണ്ടി നാക്കോ തടാകവും കണ്ട് രണ്ടാം ദിവസം സന്ധ്യയോടെ ടാബോയിൽ എത്തി .
നക്ഷത്ര വീഥിയിലെ മരണവും ശമനവും
സ്പിതി നദിയുടെ തീരത്ത് പടുകൂറ്റൻ പർവ്വതങ്ങൾ ആൽ ചുറ്റപ്പെട്ട 600 താഴെ മാത്രം ജനങ്ങൾ വസിക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് ടാബോ. ഞങ്ങൾ എത്തിയപ്പോഴേക്കും എങ്ങും ഇരുട്ട് പരന്നു. മുറിയിൽ ബാഗുകൾ വെച്ച് ബാൽക്കണിയിലിരുന്ന് തണുത്ത കാറ്റും കൊണ്ട് റൂബി എന്ന ആതിഥേയ കൊണ്ടുവന്ന ചൂടു ചായയും മോമോസും കഴിയുമ്പോഴേക്കും ആ പ്രദേശമാകെ ഇരുളിനെ നേർപ്പിച്ചു ചെറു നിലാവ് പരന്നു. തെളിഞ്ഞ ആകാശത്തിൽ നക്ഷത്രങ്ങൾ ഉണർന്നു തുടങ്ങി. നീലനും അമലും ക്യാമറയും എടുത്തു ടെറസ്സിന്റെ മുകളിലേക്ക് ഓടുന്നത് കണ്ടു. അവർ രണ്ടു പേരും അവരുടെ യാത്ര ലക്ഷ്യങ്ങളിൽ ഒന്നായ നക്ഷത്ര വീഥി (star trail) പകർത്താനുള്ള തയ്യാറെടുപ്പ് തുടങ്ങി. .
ലലങ് ഗ്രാമം
ടാബോയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് ലലങ് ഗ്രാമം. തങ്മാർ പർവ്വതത്തിന്റെ അരികിൽ സ്ഥിതിചെയ്യുന്ന, കാഴ്ചയിൽ ഏതാണ്ട് ഒരു പോലെ തോന്നിക്കുന്ന 45 ഓളം വീടുകൾ മാത്രമുള്ള ഒരു ചെറിയ ഗ്രാമം.
‘The land of gods” അഥവാ ദൈവങ്ങളുടെ നാട് എന്നാണ് ലലുങ് എന്ന പദത്തിനർത്ഥം. മലനിരകൾ ദൈവങ്ങളുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് നിറം മാറുന്നു എന്നാണ് അവിടുത്തുകാരുടെ വിശ്വാസം. എന്നാൽ ശൈത്യകാലത്തെ കരുതലിനായി അധ്വാനിക്കുന്ന അവിടുത്തെ ജനങ്ങള്‍, കളങ്കമില്ലാത്ത സ്നേഹത്തിനും സന്തോഷത്തിനും മാറ്റമേതുമില്ലാതെ ജീവിക്കുന്നു.
അവിടെ എത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞു. തീർത്തും വിജനമായി കാണപ്പെട്ട ആ പ്രദേശത്തിൽ തഷിജിയുടെ ഹോംസ്റ്റേ കണ്ടുപിടിക്കാൻ നന്നേ ബുദ്ധിമുട്ടി. ആരെയും പുറത്തു കാണാത്തതിനാൽ ഓരോ വീടിനെയും വാതിലിൽ മുട്ടി നോക്കി. അവസാനം ഒരു വീട്ടിൽ നിന്ന് പുറത്തു വന്ന ഏറെ പ്രായം ചെന്ന ഒരാൾ ഞങ്ങൾക്ക് തഷിജിയുടെ വീട് കാണിച്ചു തന്നു. പകൽ സമയം ആ ഗ്രാമത്തിലെ മുഴുവൻ ജനങ്ങളും തങ്ങളുടെ കൃഷിയിടങ്ങളിൽ ആയതിനാലാണ് ആരെയും കാണാത്തത് എന്ന് തഷിജിയിൽ നിന്നും പിന്നീട് മനസ്സിലാക്കി.
ഹിമാലയത്തിന്റെ സമുദ്രബന്ധം
ലലങ് മൊണാസ്റ്ററി കണ്ട് കുംഗ്രി, സഗ്‌നം, മുധ് ഗ്രാമങ്ങളും, കാസ പട്ടണവും കടന്ന്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന ഹിക്കിം, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്രാമം എന്നറിയപ്പെടുന്ന കോമിക് എന്നിവയും സന്ദർശ്ശിച്ച്, കണക്കു നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വോളിബോൾ കോർട്ട് എന്ന് അവകാശപ്പെടാവുന്ന, കോമിക് മൊണാസ്റ്ററിക്കു സമീപമുള്ള വോളിബോൾ കോർട്ടിൽ അവിടുത്തെ ബുദ്ധ ഭിക്ഷുക്കൾക്കൊപ്പം അൽപനേരം വോളിബോളും കളിച്ച്, അഞ്ചാം ദിവസമാണ് ലാങ്‌സയിലെത്തുന്നത്.
ഏതാനും പതിറ്റാണ്ട് മുമ്പ് വരെ സ്പിതി താഴ്വര അതിന്റെ മടിത്തട്ടിൽ ഒളിപ്പിച്ചു വെച്ചിരുന്ന അഭൗമ സൗന്ദര്യക്കൂട്ടുകൾ പലതും ഇന്ന് ലോക ടൂറിസം മാപ്പിന്റെ ഭാഗമാണ്. അവയിൽ ഒന്നാണ് ലാങ്സ എന്ന ഈ സുന്ദര ഗ്രാമം. കേവലം 150ൽ താഴെ മാത്രം ജനങ്ങൾ വസിക്കുന്ന ഒരു ഉൾ ഗ്രാമം.
ലാങ്‌സയിലേക്ക് എത്തുന്നതിന് കാതങ്ങൾ മുമ്പേ തന്നെ ദൃശ്യമാകുന്ന ആ വലിയ സുവർണ്ണ ബുദ്ധ ശില്പമാണ് അതിന്റെ മുഖമുദ്ര. അതിനു താഴെയായി 30 ഓളം വീടുകൾ. മൺപാത്ര നിർമ്മിതിയും, അരി, ഉരുളക്കിഴങ്ങ് എന്നിവയുടെ കൃഷിയുമാണ് അവിടത്തുകാരുടെ പ്രധാന വരുമാന മാർഗ്ഗം.
200 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ലാങ്‌സയും സ്പിതിയിലെ മറ്റ് പല ഗ്രാമങ്ങളും ടെതിസ് സമുദ്രത്തിനടിയിൽ ആയിരുന്നു എന്നതിന് തെളിവായി സമുദ്ര ജീവികളുടെയും സസ്യങ്ങളുടെയും ധാരാളം ഫോസിലുകൾ ഇവിടെ കാണപ്പെടുന്നു.
വിദൂരതയിൽ ഹിമവാന്റെ മുകളിൽ പെയ്തിറങ്ങുന്ന മഴയുടെ കാഴ്ചയും, അരികിലെ പൊന്ത കാട്ടിലേക്ക് ഓടി ഒളിക്കുന്ന ഹിമാലയൻ റെഡ് ഫോക്സും ഉൾപ്പെടെ ഒട്ടനവധി അപൂർവ്വ കാഴ്ചകളുടെ ഉത്സവമായിരുന്നു ആ യാത്ര. ഞങ്ങളുടെ വരവും കാത്തെന്നപോലെ ദൂരെ ഒരു മല മുകളിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു… ലാങ്‌സയിലെ ബുദ്ധൻ…
ബുദ്ധ പ്രതിമയ്ക്കു സമീപം തണുപ്പേറ്റുന്ന കുളിർ കാറ്റും കൊണ്ട് ആ താഴ്‌വരയുടെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ച് സൂര്യാസ്തമയം വരെ ഞങ്ങൾ അവിടെ ഇരുന്നു. തണുപ്പിന്റെ കാഠിന്യമേറിയപ്പോൾ തൊട്ടു താഴെയുള്ള ഞങ്ങളുടെ ഹോംസ്റ്റേയിലേക്ക് നീങ്ങി.
അവിടെ ചെന്നപ്പോൾ ഞങ്ങളെ വരവേറ്റത് കുംക എന്ന 13 വയസ്സുകാരിയും, അവളുടെ പത്തുവയസ്സുകാരൻ അനിയനുമാണ്. കുസൃതി മാറാത്ത പ്രായത്തിൽ പരസ്പരം തല്ലു കൂടിയും കളിച്ചും ചിരിച്ചും നടക്കുന്നതിനൊപ്പം, അവിടെ എത്തുന്ന അതിഥികൾക്കു താമസ സൗകര്യം ഒരുക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും എല്ലാം ഇവർ രണ്ടുപേരും കൂടിയാണ്.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ് ഗ്രാമം ചുറ്റിക്കറങ്ങി കാണുവാൻ ഇറങ്ങി. പറ്റിയാൽ ഒന്ന് രണ്ട് ഫോസിലുകൾ കണ്ടെത്തുക എന്ന ഗൂഢലക്ഷ്യവും ആ ചുറ്റിക്കറങ്ങലിൽ ഉണ്ടായിരുന്നു. പല കഥകളും പറഞ്ഞ് കുംകയും അനിയനും ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. കാണുന്ന കല്ലുകൾ മുഴുവൻ തട്ടിയും മലർത്തിയും നോക്കുന്നത് കണ്ടപ്പോൾ തന്നെ അവർക്ക് കാര്യം മനസ്സിലായി. അധികം ചവിട്ടി കാലിൽ ചെളി ആക്കേണ്ടതില്ല എന്നും, അവിടെ ചുറ്റുമുള്ള ഫോസിലുകൾ മുഴുവൻ അവർ എടുത്തു സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്നും പറഞ്ഞു. ‘ചൗദുവ’ എന്നാണ് അവിടത്തുകാർ ഫോസ്സിലുകൾക്ക് പറയുന്ന പേര് .
തിരിച്ചെത്തി പ്രാതൽ കഴിക്കുമ്പോൾ അവരുടെ കയ്യിലുള്ള ആ നിധി കുംഭം ഞങ്ങൾക്ക് കാണിച്ചു തന്നു. കാശ് തരാമെങ്കിൽ അവയിൽ ഏതു വേണമെങ്കിലും എടുത്തു കൊള്ളാൻ അവർ സമ്മതം മൂളി. മൺമറഞ്ഞ ജീവനുകളുടെ തിരുശേഷിപ്പുകൾ കൈകളിലും, മറക്കാനാവാത്ത ചില സുന്ദരക്കാഴ്ചകളുടെ മധുരസ്മരണകൾ മനസ്സിലുമേറ്റി ഞങ്ങൾ യാത്ര തുടർന്നു.