വർഷം 1965. ഡിസംബറിലെ മരംകോച്ചുന്ന തണുപ്പിൽ സുഖമായി ഉറങ്ങുന്ന ഉത്തരേന്ത്യ. രാജസ്ഥാനിലെ ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ തനോട്ട് കുറച്ചു നാളായി അസ്വസ്ഥതയിലാണ്. ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം തുടങ്ങിയിരിക്കുന്നു, അതിർത്തി കടന്നുള്ള ആക്രമണം ഈ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്ന ലക്ഷണമുണ്ട്. ആ രാത്രിയിൽ പാക്കിസ്ഥാന്റെ ഷെല്ലാക്രമണം, അതു തികച്ചും അപ്രതീക്ഷിതമായിരുന്നു. ഗ്രാമത്തിലെ പ്രധാന ആരാധനാലയമായ തനോട്ട് മാതാ ദേവി മന്ദിർ തകർക്കുകയാണ് ലക്ഷ്യം. ഉദ്ദേശം മൂവായിരം ഷെല്ലുകൾ മിനിറ്റുകൾ കൊണ്ട് ആ ഗ്രാമത്തിൽ വന്നു പതിച്ചു...
പിറ്റേന്ന് ഇന്ത്യൻ സൈന്യം ട്രെക്കുകളുമായി ഗ്രാമത്തിൽ എത്തി. ഗ്രാമത്തിലെ തകർന്ന അവശിഷ്ടങ്ങൾ മാറ്റാനും ശവശരീരങ്ങൾ നീക്കം ചെയ്യാനും ഉള്ള സർവ സജ്ജീകരണങ്ങളും അവർ കരുതിയിരുന്നു. എന്നാൽ, അവർ കണ്ടത്, എന്നത്തെയും പോലെ സാധാരണ ജീവിതം നയിക്കുന്ന ജനതയെ ആണ്. ഇങ്ങനെ ഒരു ആക്രമണം നടന്നതായിട്ടേ അവർക്ക് അറിയില്ല...
പാക്കിസ്ഥാൻ തകർക്കാൻ ഉദ്ദേശിച്ച തനോട്ട് മാതാ മന്ദിർ തല ഉയർത്തി നിൽക്കുന്നു. രാത്രി സംഭവിച്ചത് എന്താണ്? പാക്കിസ്ഥാൻ വർഷിച്ച ബോംബുകൾ വീണത് എവിടെയാണ്?
സുവർണ നഗരത്തിലേക്ക്
വളരെ വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന ആഗ്രഹമായിരുന്നു ജയ്സൽമേറിന് അടുത്തുള്ള താർ മരുഭൂമിയിൽ ഒരു ഒട്ടക സവാരി നടത്തുക എന്നത്. അങ്ങനെ ഒരു ഡിസംബർ മാസത്തിൽ കാസർകോട്ടു നിന്ന് മരുസാഗർ എക്സ്പ്രസ്സിൽ സ്വപ്നയാത്ര തുടങ്ങി. മൂന്നു ദിവസത്തെ യാത്രയ്ക്ക് ഒടുവിൽ തീവണ്ടി സ്വപ്ന നാട്ടിലേക്കു കടന്നു. അതിരാവിലെ മരംകോച്ചുന്ന തണുപ്പിൽ ജയ്സൽമേറിൽ വന്നിറങ്ങി.

സുവർണ നഗരം എന്ന പേരിന് അടിവരയിടുന്ന തരത്തിൽ എങ്ങും സ്വർണ നിറത്തിൽ ഉള്ള കെട്ടിടങ്ങൾ മാത്രം. തെരുവു വിളക്കിന്റെ തൂണുകൾക്കു പോലും മഞ്ഞ നിറമാണ്. മുന്നോട്ട് നടന്നപ്പോഴാണ് ജയ്സൽമേർ കോട്ട കാഴ്ചയിൽ പെട്ടത്. മനോഹരമായ സ്വർണ വർണത്തിൽ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കോട്ട. ഇന്ത്യയിൽ ഇപ്പോഴും ജനവാസം ഉള്ള ചുരുക്കം ചില കോട്ടകളിൽ ഒന്നാണിത്. ജയ്സൽമേർ ജനസംഖ്യയുടെ നാലിൽ ഒന്ന് ജനങ്ങളും ഇപ്പോഴും താമസിക്കുന്നത് ഈ കോട്ടയ്ക്ക് അകത്തുള്ള "ഹവേലി"കളിൽ ആണ്.
ഏറ്റവും കൂടുതൽ ജനവാസം ഉള്ള "പട്ടുവോം കി ഹവേലി"യുടെ മുന്നിലാണ് ഞാൻ ചെന്നെത്തിയത്. ചുറ്റും കണ്ണോടിച്ചപ്പോൾ കുറെ കടകളും പിന്നെ കോട്ടയുടെ ഭാഗമായ പുരാതന നിർമിതികളും കണ്ടു. അതിനിടയിൽ എപ്പോഴോ ഞാൻ ബുക്ക് ചെയ്ത ഹോസ്റ്റലിന്റെ പേര് എഴുതിയ ബോർഡ് കണ്ണിൽ ഉടക്കി.

ഒരു ബൈക്ക് എടുത്ത് സ്ഥലങ്ങൾ കാണാനായിരുന്നു ഉദ്ദേശ്യം. ഹോസ്റ്റൽ ഉടമസ്ഥൻ ബൈക്കു വാടകയ്ക്ക് കൊടുക്കുന്ന ഷോപ്പിന്റെ പേരും അഡ്രസ്സും തന്നു.
ലിസ്റ്റിൽ പെടാത്ത തനോട്ട്
കടയുടെ മുന്നിൽ കുറെ ബൈക്കുകളും സ്കൂട്ടറും നിരത്തി വച്ചിട്ടുണ്ട്. ബൈക്കുകൾ ഒക്കെ മറ്റു സഞ്ചാരികൾ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു. എനിക്ക് കിട്ടിയതു സ്കൂട്ടർ ആണ്. ജയ്സൽമേറിൽ കാണേണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് ആ കട ഉടമ തന്നു. ഒരുവിധം സ്ഥലങ്ങൾ മനസിൽ പോകണമെന്ന് ഉറപ്പിച്ചു വച്ചിരുന്ന സ്ഥലങ്ങൾ തന്നെ. ജയ്സൽമേർ കോട്ട, സാൻഡ് ഡ്യുൻ, മരുഭൂമിയിലെ ഒട്ടക സവാരി, വാർ മ്യൂസിയം, ഗാഡിസാർ തടാകം, ഹവേലികൾ അങ്ങനെ പോകുന്നു ആ നിര.
ലിസ്റ്റിൽ പെടാത്ത ഒരു പേര് ഞാൻ ആ കടലാസിൽ കണ്ടു. തനോട്ട്, ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും 10 കിലോ മീറ്റർ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം. അവിടെയാണ് തനോട്ട് മാതാ മന്ദിർ. ജയ്സൽമേറിൽ നിന്നു 120 കിലോമീറ്റർ യാത്ര ചെയ്ത് വേണം അവിടെ എത്താൻ.
ഇത്ര ദൂരം യാത്ര ചെയ്തു പോയി കാണാൻ മാത്രം എന്ത് പ്രത്യേകയാണ് അവിടെ ഉള്ളത് എന്ന് ഒരുനിമിഷം ചിന്തിച്ചു. മരുഭൂമിയിലെ ഒരു അതിർത്തി ഗ്രാമം എന്നതിലുപരി ഒരു ആശ്ചര്യവും ആ പേരിൽ എനിക്ക് തോന്നിയില്ല.അതുകൊണ്ടു തന്നെ തനോട്ട് ഗ്രാമം ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളും കാണാം എന്നു തീരുമാനിച്ചു യാത്ര തുടങ്ങി.
ആദ്യം ജയ്സൽമേർ നഗരം ഒന്നു ചുറ്റി കറങ്ങി. ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ നഗരത്തിന് അനേകായിരം വർഷങ്ങളുടെ ചരിത്രം പറയാനുണ്ട്. നഗരക്കാഴ്ചകൾക്കു ശേഷം താർ മരുഭൂമിയിലേക്ക്.

കണ്ടറിയേണ്ട കാഴ്ചകൾ
നഗരവീഥികൾ താണ്ടി രാംഗർ റോഡിൽ പ്രവേശിച്ചു. 110 കിമീ റോഡ് ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിലാണ് അവസാനിക്കുന്നത്. ഉദ്ദേശം 30 കിമീ സഞ്ചരിച്ചപ്പോൾ ഒരു ചായക്കട കണ്ടു. അവിടെ വണ്ടി നിർത്തി ചായ കുടിച്ചിരിക്കുമ്പോഴാണ് തനോട്ട് ഗ്രാമത്തെപ്പറ്റി ഓർത്തത്. ചായക്കടക്കാരനോട് ഗ്രാമത്തെ കുറിച്ചും യുദ്ധ രാത്രി നടന്ന ഷെല്ലാക്രമണത്തിനു ശേഷം ഗ്രാമത്തിൽ നടന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. അയാൾ പറഞ്ഞു, "ചില കാഴ്ചകൾ കണ്ടു തന്നെ അറിയണം." പിന്നീട് മനസ്സു മുഴുവൻ തനോട്ട് ഗ്രാമം മാത്രമായിരുന്നു. അങ്ങനെ മരുഭൂമിയിലെ ഒട്ടക സവാരി മോഹം അടുത്ത ദിവസത്തേക്ക് മാറ്റി തനോട്ടിലേക്കു യാത്രയായി.
ലക്ഷ്യം തനോട്ട്
വിജനമായ പാത. വല്ലപ്പോഴും എതിർ വശത്ത് കൂടെ ചരക്ക് ലോറികൾ പോകുന്നത് കാണാം. പണ്ട് ഇന്ത്യയിൽ നിന്നു ധാന്യങ്ങളും ഉരുക്കും വസ്ത്രോൽപന്നങ്ങളും പുറം രാജ്യങ്ങളിലേക്കു പോയിരുന്നത് ഈ വഴി ആയിരുന്നു.
ഇന്ന് അതിർത്തി കാക്കുന്ന സേനകൾക്ക് അവശ്യസാധനങ്ങൾ കൊണ്ടുപോകാൻ മാത്രമാണ് ഈ റോഡ് ഉപയോഗിക്കുന്നത്. എയർ പോർട്ടിലിലെ റൺവേയെ ഓർമിപ്പിക്കും വിധം അനന്തതയിലേക്ക് നിവർന്നു കിടക്കുന്ന റോഡ്. ഇരുവശത്തും സ്വർണ നിറമുള്ള മണലുകൾ നിറഞ്ഞ മരുഭൂമി മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ഇടയ്ക്കിടെ അലസമായി മേഞ്ഞു നടക്കുന്ന ഒട്ടകങ്ങളും ആടുകളും. തലേന്ന് പെയ്ത മഴയിൽ കുതിർന്ന മണൽകാട്ടിൽ നിന്നും നല്ല തണുത്ത കാറ്റ് വീശിത്തുടങ്ങി.
ഉദ്ദേശം 80കിമീ പിന്നിട്ടു കഴിഞ്ഞു. മാനം മേഘാവൃതമായി. മഴ പെയ്യാനുള്ള എല്ലാ സാധ്യതയും ഉണ്ട്. മഴ പെയ്താൽ കയറി നിൽക്കാൻ വീടോ മരത്തണലോ അടുത്തെങ്ങും കാണാനില്ല. അങ്ങനെ വിശ്രമം അവസാനിപ്പിച്ചു യാത്ര തുടർന്നു.
തനോട്ടിലേക്ക് ഇനി കുറച്ചു ദൂരം മാത്രമേ ഉള്ളൂ. നല്ല തണുത്ത കാറ്റടിച്ചു ശരീരം ആകെ വിറയ്ക്കാൻ തുടങ്ങി. വഴിയിൽ സൈന്യത്തിന്റെ ട്രെക്കുകൾ വരിവരിയായി റോഡിന് ഇടതു വശത്ത് നിർത്തിയിരിക്കുന്നു. കൂടാതെ സന്ദർശകരുടെ വാഹനങ്ങളുടെ നീണ്ട നിരയും. താനോട്ട് മന്ദിരത്തിലേക്ക് പോകുന്ന ഓരോ വാഹനങ്ങളും പട്ടാളക്കാർ പരിശോധിക്കുകയാണ്
ആളൊഴിഞ്ഞ തനോട്ട് ഗ്രാമം
1965 ൽ ഇരുന്നൂറോളം കുടുംബങ്ങൾ ഇവിടുണ്ടായിരുന്നു. പിന്നീട് തുടർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗ്രാമീണരെ മറ്റൊരു ഗ്രാമത്തിലേക്കു മാറ്റി പാർപ്പിച്ചു. ഇപ്പോൾ ഇവിടെ ശേഷിക്കുന്നത് തനോട്ട് മാതാ മന്ദിർ മാത്രമാണ്. ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതല വഹിക്കുന്നത് പട്ടാളമാണ്. ആർമി ചെക്ക് പോസ്റ്റും ഒരു ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് 10 കിമീ അകലെയാണ് ഇന്ത്യ - പാക്കിസ്ഥാൻ അതിർത്തി.

സ്കൂട്ടർ റോഡിന്റെ അരികിലായി നിർത്തിയിട്ട് ചെക്ക് പോസ്റ്റിന് അടുത്തേക്കു നടന്നു. എന്റെ ഐഡന്റിറ്റി കാർഡും മൊബൈൽ നമ്പറും റജിസ്റ്ററിൽ എഴുതി വാങ്ങി ക്ഷേത്രത്തിന് അകത്തേക്കു കടത്തിവിട്ടു. വളരെ ചിട്ടയോടും വൃത്തിയോടും പരിപാലിക്കുന്ന ക്ഷേത്ര പരിസരം. ക്ഷേത്ര മുറ്റത്തു ഒരു വലിയ കിണർ കാണാം. ഇവിടെ കാവൽക്കാരനും പൂജാരിയും എല്ലാം പട്ടാളക്കാരാണ്.
ചെരിപ്പ് പുറത്തു വച്ച് ഞാൻ ക്ഷേത്രത്തിന് അകത്തേക്കു കടന്നു. ക്ഷേത്രത്തിന് അകത്തെ ചുമരുകളിൽ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ ചിത്രങ്ങൾ പതിച്ചിട്ടുണ്ട്. തൊഴുത് വലത്തേക്ക് തിരിഞ്ഞപ്പോൾ മുന്നിൽ ഒരു അലമാര ശ്രദ്ധയിൽ പെട്ടു. ആ അലമാര നിറച്ചും പച്ച നിറത്തിൽ ഉള്ള ഷെല്ലുകൾ. ഷെല്ലുകൾ ഒക്കെ നിർവീര്യമാക്കിയ നിലയിൽ ആണ്. ചില്ലിട്ട കൂട്ടിലെ പത്രത്താളുകളിൽ ഇങ്ങനെ എഴുതിക്കണ്ടു :
‘‘1965 ൽ പാകിസ്ഥാൻ തനോട്ട് ഗ്രാമം തകർക്കാൻ ഉതിർത്ത ഷെല്ലുകൾ ആണിവ. എന്നാൽ ഇതിൽ ഒന്നിന് പോലും തനോട്ട് ഗ്രാമത്തെ തകർക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ഈ ഷെല്ലുകൾ ഇവിടെ ഈ അലമാരയിൽ വിശ്രമിക്കുന്നു.’’
ശരിക്കും ഞെട്ടി. 3000 ഷെല്ലുകൾ വർഷിച്ചിട്ടും ഈ ഗ്രാമത്തിന് ഒന്നും സംഭവിച്ചില്ലെന്നോ?...
അന്ന് നടന്ന കാര്യങ്ങൾ അവിടെ നിന്നിരുന്ന ഒരു പട്ടാളക്കാരനോട് ചോദിച്ചറിഞ്ഞു. അദ്ദേഹം അമ്പലമുറ്റത്തുള്ള കിണറിനു അടുത്തേക്ക് കൊണ്ടു പോയി.
ഈ മരുഭൂമി ഗ്രാമത്തിൽ ഇതുവരെ വെള്ളം വറ്റാത്ത ക്ഷേത്ര മുറ്റത്തെ ആ കിണർ എല്ലാത്തിനും സാക്ഷിയാണ്. ആ കിണറിൽ നിന്നാണ് ഒട്ടുമിക്ക ഷെല്ലുകളും കണ്ടെത്തിയത്. അന്ന് കിണറ്റിൽ കണ്ടെത്തിയ ഷെല്ലുകൾ എല്ലാം നിർവീര്യമാക്കി. എല്ലാം തനോട്ട് ദേവിയുടെ ശക്തി കൊണ്ടാണെന്ന് അവർ ഇപ്പോഴും വിശ്വസിച്ചു പോരുന്നു.

ഇവിടത്തെ പ്രാർഥനാരീതി വ്യത്യസ്തമാണ്. ആഗ്രഹ സാഫല്യത്തിനായി വെള്ള തൂവാലകൾ ക്ഷേത്ര മതിലിൽ കെട്ടിയിടുന്ന കാഴ്ചകൾ. അങ്ങനെ ഈ മതിലുകൾ മുഴുവൻ വെള്ള തൂവാലകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. തിരിച്ച് സ്കൂട്ടർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടന്നു. പിന്നിൽ തനോട്ട് മാത മന്ദിർ, ഒരു പട്ടാളക്കാരനെ പോലെ നെഞ്ചു വിരിച്ച് തല ഉയർത്തി നിൽക്കുന്നു. ചില സത്യങ്ങൾ ഇങ്ങനെ ആണ്. അത് നേരിട്ടു കണ്ടു തന്നെ വിശ്വസിക്കണം..