ADVERTISEMENT
തകര്‍ച്ചയില്‍ നിന്നു കരകയറാന്‍ കേരള ടൂറിസം മേഖലയ്ക്ക് 400 കോടി രൂപ വായ്പ ലഭ്യമാക്കുമെന്നാണു പുതിയ ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ പ്രഖ്യാപനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നടപ്പാക്കിയ ലോക്ഡൗണില്‍ പ്രതിസന്ധിയിലായ ടൂറിസം സംരംഭകര്‍ക്കു മാത്രമായി 30 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജും ടൂറിസം വകുപ്പു തയാറാക്കുന്നുണ്ട്. കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ്ങിനായി നിലവിലുള്ള 100 കോടി രൂപയ്ക്കു പുറമെ അന്‍പതു കോടി അധികം വകയിരുത്തിയിട്ടുണ്ട്.
കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ക്കും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും ആശ്വാസം പകരുന്നതാണ് വായ്പാ പ്രഖ്യാപനം. 2020ല്‍ കോവിഡ് ആദ്യഘട്ട വ്യാപനത്തിനു ശേഷം ടൂറിസം മേഖലയില്‍ അഞ്ചു ലക്ഷം പേര്‍ക്കാണു ജോലി നഷ്ടപ്പെട്ടത്. വിനോദസഞ്ചാര മേഖലയില്‍ സംരംഭകരുടെ വരുമാനത്തില്‍ എണ്‍പതു ശതമാനം കുറവുണ്ടായി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് വായ്പ, സാമ്പത്തിക സഹായ പാക്കേജുകളെന്നു ധനമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ  പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കുന്ന പ്രത്യേക പാക്കേജിനാണ് സര്‍ക്കാര്‍ വിഹിതമായി 30 കോടി നീക്കി വച്ചിട്ടുള്ളത്. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്‌സി) മുഖേനയാണ് 400 കോടി രൂപ വായ്പ നല്‍കുക.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT