Friday 20 May 2022 04:41 PM IST : By Easwaran Seeravally

അഗസ്ത്യാർകൂടം മുതൽ കേദാർനാഥ് വന്യജീവി സങ്കേതം വരെ നാഷനൽപാർക്കുകളിലൂടെ ഗ്രേറ്റ് ഇന്ത്യൻ സഫാരി.

v_talchhappar blackbuck Photos : Vinod C L

അഗസ്ത്യാർകൂടം, നെല്ലിയാമ്പതി വനം, കബിനി, തമിഴ്നാട്ടിൽ വാൽപാറ, കർണാടകത്തിൽ മുതുമല സാങ്ചുറി, ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രം, നഗർഹോളെ നാഷനൽ പാർക്ക്, രംഗനത്തിട്ടു പക്ഷിസങ്കേതം, മഹാരാഷ്ട്രയിൽ തഡോബ നാഷനൽ പാർക്ക്, ഒഡിഷയിൽ ചിൽക തടകാതീരത്ത് മംഗളജോതി ഗ്രാമം, മധ്യപ്രദേശിൽ ബാന്ധവ്ഗഡ് നാഷനൽപാർക്ക്, ചംബൽ ഘരിയാൽ സാങ്ചുറി, സത്പുര നാഷനൽപാർക്ക്, ഗുജറാത്തിൽ ലിറ്റിൽ റാൻ ഓഫ് കച്ച്, ഗിർ വനം, രാജസ്ഥാനിൽ ഭരത്പുർ പക്ഷിസങ്കേതം, താൽ ഛപർ സാങ്ചുറി, രന്ദംബോർ സാങ്ചുറി, ഝൽന നാഷനൽ പാർക്ക്, ജോർബീർ കൺസർവേഷൻ‌ റിസർവ്, ഉത്തർപ്രദേശിൽ നേപ്പാൾ അതിർത്തിയോടു ചേർന്നു കിടക്കുന്ന ദുധ്‌വ നാഷനൽ പാർക്ക്, ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്ക്, കേദാർനാഥ് വൈൽഡ്‌ലൈഫ് സാങ്ചുറി... വിനോദ് സി.എൽ. ക്യാമറയും ലെൻസുമെടുത്ത് കാടുകൾ തോറും സഞ്ചരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ സഫാരി തുടങ്ങിയിട്ട് ഒരു ദശാബ്ദമായി.

v_kuchh

തുള്ളിയോടും കൃഷ്ണമൃഗം

രാജസ്ഥാനിൽ താർ മരുഭൂമിയുടെ ഓരം ചേർന്നു കിടക്കുന്ന വന്യജീവി സങ്കേതമാണ് താൽ ഛപർ. ബ്ലാക്ക് ബക്ക് അഥവാ കൃഷ്ണമൃഗത്തിന്റെ സംരക്ഷണണമാണ് ഈ സങ്കേതത്തിന്റെ ലക്ഷ്യം. കാഴ്ചയിൽ ഏറെ ആകർഷകവും വാത്സല്യം തോന്നുന്നതുമാണ് മാൻവർഗത്തിൽപ്പെട്ട കൃഷ്ണമൃഗം. ഇവ കൂട്ടമായി മേഞ്ഞു നടക്കുന്ന ചിത്രം കിട്ടാൻ‍ എളുപ്പമാണ്. ഇവയുടെ ഒരു പ്രത്യേകത ഓടുന്ന സമയത്ത് ഇടയ്ക്കൊന്നു നീളത്തിൽ ചാടും. കൃഷ്ണമൃഗത്തെ ആദ്യം കണ്ടപ്പോൾതന്നെ തോന്നിയ മോഹമാണ് ആ ചാട്ടത്തിന്റെ ആക്ഷൻ ചിത്രം പകർത്തണമെന്ന്. എന്നാൽ അത് എളുപ്പമായിരുന്നില്ല. കൃഷ്ണമൃഗങ്ങളുടെ കൂട്ടത്തെ നമ്മൾ നിരീക്ഷിച്ച്, ഒരെണ്ണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു നിൽക്കുമ്പോഴാകും ഓടി അകലാൻ തുടങ്ങുന്നത്. എന്നാൽ നമ്മൾ ശ്രദ്ധിക്കുന്നതാകില്ല ഓട്ടത്തിനിടയിൽ ചാടുന്നത്. ചാടുന്നതിലേക്ക് ഫോക്കസ് മാറ്റി ചിത്രം കിട്ടിയാലും അതു നന്നാകുകയുമില്ല.

v_talchhappar blackbuck2

ആദ്യ താൽഛപർ യാത്രയിൽ ചിത്രം കിട്ടിയില്ല, അടുത്ത വർഷം വീണ്ടും പോയി. അപ്പോഴും നിരാശതന്നെ ഫലം. ഒടുവിൽ തുടർച്ചയായി മൂന്നാം വര്‍ഷം നടത്തിയ ശ്രമത്തിൽ, 2017 ൽ, ആണ് കൃഷ്ണമൃഗം ചാടി ഓടുന്ന ചിത്രം പകർത്താനായത്.

ചംബൽ ‘ഭീകരൻ’

ക്രൂരൻമാരായ കൊള്ളക്കാരുടെ കഥകളിലൂടെ പ്രശസ്തമാണ് മധ്യപ്രദേശിലെ ചംബൽ. കാട് എന്ന് ഈ സ്ഥലപ്പേരിനൊപ്പം പറയാറുണ്ടെങ്കിലും ഇടതൂർന്ന് മരങ്ങളുള്ള ഘോരവനമല്ല അത്. മൺകൂനകളും കുറ്റിക്കാടുകളും അവയ്ക്കിടയിലൂടെ ഒഴുകുന്ന ചംബൽ നദിയും ചേരുന്ന പ്രത്യേക ഭൂപ്രകൃതി. നാഷനൽ ചംബൽ ഘരിയാൽ സാങ്ചുറിയായി പ്രഖ്യാപിച്ചിട്ടുള്ള ചംബലിൽ നദിയിൽ ബോട്ടു യാത്ര ചെയ്യാം. ഒരിക്കൽ ഇന്ത്യ ഉപദ്വീപിന്റെ വടക്കൻ പ്രവിശ്യകളിൽ സിന്ധു, ഗംഗ, ബ്രഹ്മപുത്ര, ഗോദാവരി തുടങ്ങിയ പ്രധാന നദികളിലും നേപ്പാളിലും മ്യാൻമറിലെ ഇരാവതി നദിയിലുമൊക്കെ സുലഭമായി കണ്ടിരുന്നു മുതല വർഗത്തിൽപ്പെട്ട ഘരിയാലുകളെ. ഇപ്പോൾ ഘരിയാലുകൾ വസിക്കുന്ന അപൂർവം നദികളിലൊന്നാണ് ചംബൽ നദി. തീവ്രമായ വംശനാശ ഭീഷണി നേരിടുന്ന ഇവ ആയിരത്തോളം എണ്ണം ഇവിടെയുണ്ട്.

v_chambal ghariyal

ഏറെ ഉയരമുള്ള മൺകൂനകളെ ചുറ്റി നദിയിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ തീരത്തു കയറി കിടക്കുന്ന ഘരിയാലുകളെ അപൂർവമായി കാണാം. മീൻ ഭക്ഷിച്ചു ജീവിക്കുന്ന, നീണ്ട മുഖമുള്ള, മുതല വർഗത്തിൽ ആയുർ ദൈർഘ്യം ഏറ്റവും കൂടുതലുള്ള ഘരിയാലുകൾ പക്ഷേ, ചംബലിലെ പഴയകാല കൊള്ളക്കാരെപ്പോലെ അത്ര ഉപദ്രവിക്കുന്നവയല്ല എന്നാണ് പറയുന്നത്. ചംബലിലെ യാത്രയിൽ നദീതീരത്തു കിടന്നു തല പൊക്കി നോക്കുന്ന ഘരിയാലിന്റെ ഘരിയാലിന്റെ നല്ല ചിത്രം എനിക്കു കിട്ടിയിരുന്നു. സ്‌റ്റോക് ഫൊട്ടോ സൈറ്റിൽ അപ്‌ലോഡു ചെയ്ത ആ ചിത്രം ലോകത്തിന്റെ പല ഭാഗത്തും ആളുകൾ ഡൗൺലോഡു ചെയ്തു എന്നത് എനിക്ക് വലിയ സംതൃപ്തിയേകി.

v_ranthambore

ഹിമാലയത്തിന്റെ വിസ്മയം

കോവിഡ് മാഹാമാരി ലോകം കീഴടക്കുന്നതിനു മുൻപ് 2020ഫെബ്രുവരിയിലാണ് ഹിമാലയത്തിലേക്ക് യാത്ര നടത്തിയത്. മനോഹരമായ നിറങ്ങളാൽ ഏഴഴകുള്ള മൊണാൽ പക്ഷിയുടേയും മറ്റ് ഹിമാലയൻ പക്ഷികളുടേയും ചിത്രം പകർത്തുകയാണ് ലക്ഷ്യം. ചോപ്തയിൽ താമസിച്ച് ചിത്രങ്ങൾ പകർത്തുമ്പോഴാണ് ചന്ദ്രശിലാ കൊടുമുടിയെപ്പറ്റി കേൾക്കുന്നത്. അവിടെ അപ്പർ ഹിമാലയൻ ഭാഗത്തുമാത്രം കാണുന്ന സ്നോ പാട്രിജ് എന്ന പക്ഷിയെ കാണാനും സാധ്യതയുണ്ടെന്നു കേട്ടതോടെ ട്രെക്കിങ് നടത്താം എന്നു തീരുമാനിച്ചു. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ ഉയരത്തിലുള്ള ചന്ദ്രശിലയിൽ എത്താൻ 5 കിലോ മീറ്റർ കയറ്റം കയറണം. കയ്യിൽ ക്യാമറയും അനുബന്ധ ഉപകരണങ്ങളുമായി 10–13 കിലോ ഭാരവും... പ്രഭാതത്തിൽ ഉദയസൂര്യന്റെ ആദ്യ കിരണങ്ങൾ ഹിമാലയത്തിന്റെ നെറുകയിൽ വീഴുമ്പോഴുള്ള സ്വർണവർണത്തിന്റെ മാസ്മരികത അനുഭവിക്കാൻ പുലർച്ചെ 2 മണിക്കു ചോപ്തയിൽ നിന്നു നടപ്പു തുടങ്ങി. ആദ്യം ലളിതമായി തോന്നിയെങ്കിലും ക്രമേണ കാഠിനമായി നടപ്പ്. ഉദ്ദേശം 3മണിക്കൂർകൊണ്ട് ചന്ദ്രശിലയിലെത്തി സൂര്യോദയം കണ്ടപ്പോൾ കിട്ടിയ അനുഭൂതി ഒന്നു വേറെ തന്നെ. സൂര്യോദയ ചിത്രം പകർത്തി മാറുമ്പോൾ തൊട്ടടുത്തു തന്നെ ഫോട്ടോയ്ക്കു പോസു ചെയ്തെന്നവണ്ണം ഒരുകൂട്ടം സ്നോപാട്രിജുകളെക്കൂടി കണ്ടതോടെ ആ യാത്ര ഗംഭീര അനുഭവമായി.

v_snowpartridge

കാത്തിരിക്കുന്ന യാത്രകൾ

കൊല്ലം ജില്ലയിലെ അഞ്ചലിൽ കുളത്തുപ്പുഴ വനമേഖലയുടെ സമീപമാണ് വീട്. കുട്ടിക്കാലത്ത് കാട് കുറച്ചുകൂടി അടുത്തായിരുന്നു. ജീവികളെ ഏറെ ഇഷ്ടപ്പെടുകയും അവയെ സംരക്ഷിക്കാൻ താൽപര്യം കാണിക്കുകയും ചെയ്തിരുന്ന അച്ഛന്റെ അമ്മയ്ക്ക് വീണുകിട്ടുന്ന പക്ഷിക്കുഞ്ഞുങ്ങളേയും കാട്ടിൽനിന്ന് അനാഥരായി കിട്ടുന്ന കൊച്ചു മൃഗങ്ങളേയും നാട്ടുകാർ സമ്മാനിക്കുക പതിവായിരുന്നു. അവയിൽ രണ്ടു വലിയ ഓർമകളാണ് ഒരു കാട്ടുപന്നിയുടെ കുട്ടിയും സിംഹവാലൻ കുരങ്ങും. വന്യജീവി സംരക്ഷണ നിയമങ്ങൾ അത്ര കർക്കശമല്ലാത്ത അക്കാലത്ത് ഇവ രണ്ടും വീട്ടിൽ വളർന്നു. കാളി എന്നു പേരിട്ട കാട്ടുപന്നി വീട്ടുകാരുടെ അരുമ മൃഗമായിരുന്നു. സിംഹവാലൻ കുരങ്ങ് 17 വർഷത്തോളം വീട്ടുപരിസരത്ത് സ്വതന്ത്രമായി ജീവിച്ചു. ആ ഓർമകളാണ് കാടിനേയും മൃഗങ്ങളേയും ഇഷ്ടപ്പെടാൻ വഴി തെളിച്ചത്.

v_korbet baby elephants

രാജ്യാന്തര കോർപറേറ്റ് സ്ഥാപനങ്ങളില്‍ ജോലിയായി ഡൽഹിയിൽ കഴിയുമ്പോൾ ദ്വാരകയിൽ ഏതാനും ദേശാടനക്കിളികളെ ഒരു ജലാശയത്തോടു ചേർന്ന് കാണാനിടയായി. മുൻപ് ഭരത്പുരില്‍ മാത്രം കണ്ടിരുന്ന ഈ കിളികളുടെ ചിത്രം പകർത്തുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്തു. അതുവരെ മൃഗങ്ങളെയും പക്ഷികളെയും കാണാൻ നടത്തിയിരുന്ന യാത്രകൾ ഫൊട്ടോഗ്രഫിക്കുകൂടിയായി. ഓരോ യാത്രയിലും മനോഹരമായ കഥ പറയുന്ന ഒരു ഫ്രെയിമെങ്കിലും കിട്ടും. അത് അടുത്ത യാത്രയ്ക്കുള്ള പ്രചോദനമാകും. അസമിലെ കാസിരംഗയും പശ്ചിമബംഗാളിലെ സുന്ദർബനും ആണ് ഇനി പോകാനുള്ള കാടുകളുടെ പട്ടികയിൽ ആദ്യം.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Photos
  • Travel Stories
  • Travel India
  • Wild Destination