Thursday 01 July 2021 03:18 PM IST : By Easwaran Seeravally

കാട്ടിൽ പുലി, കടുവ തുടങ്ങിയവയെ കാണാൻ നമ്മുടെ കണ്ണുകൾ മതിയാകാതെ വരുമ്പോൾ... വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ അരുൺ പി സിദ്ധാർത്ഥ് പറയുന്നു, കാടിനെ കേട്ടാൽ നേടാം നല്ല ചിത്രം

aps1 Photos : Arun P. Sidharth

കാട്ടിനുള്ളില്‍ ഒരു ജീവിയെ കണ്ടെത്താന്‍ ഏറെ വിഷമിക്കും നമ്മുടെ കണ്ണുകള്‍. അതേസമയം കാട് ഒരായിരം കണ്ണുകളിലൂടെ നമ്മെ കാണും. പരിസരങ്ങളോട് ഇണങ്ങി നില്‍ക്കുന്ന മൃഗങ്ങളെ മനുഷ്യ നേത്രങ്ങള്‍ക്കു തിരിച്ചറിയുക എളുപ്പമല്ല. എന്നാല്‍ കാടിനെ അടുത്തറിഞ്ഞാല്‍ മൃഗങ്ങള്‍ തന്നെ നമുക്കു പലതും പറഞ്ഞു തരും. ബന്ദിപ്പൂർ, മുതുമല, കബനി, തോല്‍പെട്ടി, മുത്തങ്ങ കാടുകളിലെ കടുവ, പുള്ളിപ്പുലി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ അരുൺ പി സിദ്ധാർത്ഥ് തന്റെ ചിത്രങ്ങളും ഫൊട്ടോഗ്രഫി അനുഭവങ്ങളും പങ്കുവയ്ക്കുന്നു.

ലങ്കൂർ കുരങ്ങു തന്ന ചിത്രം

കബനിയിൽ ഒരു പ്രഭാത സഫാരി. വണ്ടി നിർത്തിയിട്ട തടാകക്കരയിൽനിന്ന് കുറച്ചകലെ കുറ്റിക്കാടുകളുടെ ഇടയില്‍ ഏതാനും കടുവകള്‍ ഇരിക്കുന്നതു കണ്ടു. വളരെ ദൂരെ ആയതിനാലും പ്രകാശമില്ലാത്തതിനാലും ഫോട്ടോ എടുക്കാന്‍ സാധിക്കില്ലായിരുന്നു. അൽപം കാത്തിരുന്നെങ്കിലും അവര്‍ അവിടെ നിന്നു മാറിയില്ല. ഞങ്ങള്‍ അവിടം വിട്ട ശേഷം ഈ കടുവകൾ ഒരുമിച്ച് തടാകത്തിലിറങ്ങി വെള്ളം കുടിച്ചു മടങ്ങിയെന്നറിഞ്ഞു. കാടിന്റെ തനിമയാർന്ന ഒരു രംഗം നേരിട്ടു കാണാനുള്ള അവസരം നഷ്ടമായ വിഷമമായിരുന്നു ഉള്ളില്‍. ആ വിഷമം തീർക്കാൻ സായാഹ്ന സഫാരിക്കും കയറി. വെളിച്ചം മങ്ങി തുടങ്ങി, കാര്യമായിട്ട് ഒന്നും തന്നെ കാണാൻ കിട്ടിയതുമില്ല. മടങ്ങാന്‍ തയാറാകുമ്പോള്‍ ഒരു ലങ്കുര്‍ കുരങ്ങിന്റെ അലാം കാള്‍ കേട്ടു. അതിൽ ഒരു സൂചനയണ്ടെന്ന് തിരിച്ചറിഞ്ഞ് വാഹനം ഓഫ് ചെയ്ത് കാത്തിരുന്നു. കുറച്ചു നിമിഷങ്ങള്‍ക്കു ശേഷം ഞങ്ങളുടെ വാഹനത്തിന്റെ പുറകു വശത്തു നിന്ന് വരി വരി ആയി നടന്നു വരുന്നൂ നാല് കടുവകൾ... ഒരെണ്ണം തടാകത്തിലിറങ്ങി വെള്ളം കുടിക്കുകയും ചെയ്തു.

aps2

വള്ളിപ്പടർപ്പിൽ മറഞ്ഞിരുന്ന പുള്ളിപ്പുലി

സുഹൃത്തുക്കള്‍ക്കൊപ്പം പോയ ഒരു ട്രിപ്പിലാണ് ചെടിപ്പടർപ്പിനിടയിൽ ഒളിച്ചിരുന്ന പുള്ളിപ്പുലിയുടെ ചിത്രം കിട്ടിയത്. സഫാരിക്കിടെ കാട്ടിലൊരിടത്തു പുള്ളിപ്പുലി കുരങ്ങനെ കൊന്നു മരത്തില്‍ ഇട്ടിട്ടുണ്ട് എന്ന വിവരം ഡ്രൈവര്‍ക്കു കിട്ടി. അപ്പോൾ നിന്നിരുന്ന സ്ഥലത്തു നിന്നു ദൂരെയാണ് സ്ഥലം. അവിടെ അവസാനം എത്തിയ വാഹനമായിരുന്നു ഞങ്ങളുടേത്. ഇടുങ്ങിയ പ്രദേശം, പാർക്കു ചെയ്തിരുന്ന മറ്റു സഫാരി വാഹനങ്ങള്‍ക്കിടയിലൂടെ ദൂരെ പുലി ചാടി കുറ്റിക്കാട്ടിലേക്കു മറയുന്നത് ഒരു മിന്നായം പോലെ കണ്ടു, കാൽ മണിക്കൂർ അവന്‍ അവിടെ മരച്ചില്ലയില്‍ വിശ്രമിച്ചത്രേ. താമസിക്കാതെ അവിടെ ഉണ്ടായിരുന്ന ജീപ്പുകള്‍ മറ്റു സ്ഥലത്തേക്ക് പോയി.

aps4

ഞങ്ങൾ വാഹനം കുറച്ചു മുന്നോട്ടെടുത്തു നേരത്തെ പുലി കിടന്ന ചില്ലയ്ക്കടുത്തു നിര്‍ത്തിയിട്ടു. കുറച്ചു സമയത്തിനുള്ളിൽ ഡ്രൈവര്‍ വണ്ടി എടുക്കാനൊരുങ്ങി. പെട്ടെന്നായിരുന്നു കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ‘ലെപേഡ്’ എന്ന് വിളിച്ചു പറഞ്ഞു കൈചൂണ്ടി... കുറച്ചപ്പുറത്തൊരു മരത്തിന്റെ കൊമ്പിലേക്കു പുള്ളിപ്പുലി കയറുന്നു. ‌അവന്‍ അവിടെ സ്ഥാനം ഉറപ്പിച്ചു, ഏതാണ്ട് 15 മിനിറ്റ് ഞങ്ങൾക്കു മാത്രമായി ദർശനം തന്നു, പിന്നെ കാട്ടിനുള്ളിലേക്ക് കയറിപ്പോയി.

നഗർഹോളയിൽവച്ച് വളരെ അകലെയുള്ള മരക്കൊമ്പില്‍ കിടന്നുറങ്ങുന്ന പുള്ളിപ്പുലിയുടെ സാമീപ്യം അറിയാന്‍ സഹായിച്ചത് ലംഗൂര്‍ കുരങ്ങന്‍മാരാണ്. കയ്യിലുണ്ടായിരുന്ന സൂം ലെന്‍സ് ഉപയോഗിച്ച് ചിത്രം പകര്‍ത്തി. അല്‍പനേരം നിശ്ശബ്ദമായി ജാഗ്രതയോടെ പുള്ളിപ്പുലിയെ നോക്കിനിന്നു. അത് ഉറക്കമുണരാന്‍ ഭാവമില്ലെന്നു കണ്ട് അവിടെ നിന്നു പിന്‍വാങ്ങി.

കാടിളക്കി വന്ന മദയാന

മുതുമല കാട്ടിൽ സഫാരിക്കിടെ നല്ല ലക്ഷണമൊത്ത ഒരു കൊമ്പന്‍ കാടിന്റെ മൂലയില്‍ നില്‍ക്കുന്നതു കണ്ടു. അതിനെ കണ്ടപ്പോൾ തന്നെ മലയാളിയായ ജീപ്പ് ഡ്രൈവർ പറഞ്ഞു മദം പൊട്ടി നില്ക്കുന്ന ആനയാണത് എന്ന്, ജീപ്പ് അല്‍പം ദൂരെ നിർത്തി എല്ലാവരും ചിത്രങ്ങൾ എടുത്തു, തുടർന്ന് ജീപ്പ് സ്റ്റാര്‍ട് ചെയ്യാൻ ഒരുങ്ങുമ്പോള്‍, ആ ശബ്ദം കേട്ടിട്ടാകാം, ആന ഉച്ചത്തിൽ ചിന്നം വിളിച്ചു ഞങ്ങളുടെ ജീപ്പിനു നേരേ വന്നു. എല്ലാവരും ഭയന്നു വിറച്ചു. ഒരു സാധാരണ കാട്ടാനയെക്കാള്‍ അപകടകാരിയാണ് മദപ്പാടിലുള്ള ആന. ഡ്രൈവര്‍ വളരെ കയ്യൊതുക്കത്തോടെ വണ്ടി പുറകോട്ടെടുത്ത് ഓടിച്ചു കൊണ്ടുപോയതിനാൽ രക്ഷപെട്ടു.

അപ്രതീക്ഷിതമായി എത്തിയ അതിഥികള്‍

aps3

മാനും കുരങ്ങനും ചില പക്ഷിക്കളുമൊക്കെ കടുവയെയോ പുലിയെയോ പോലുള്ള വേട്ടയാടി ജീവിക്കുന്ന മൃഗങ്ങളുടെ വരവ് കാണുമ്പോഴേ തങ്ങളുടെ കൂട്ടുകാർക്കും മറ്റുള്ള മൃഗങ്ങൾക്കും മുന്നറിയിപ്പായി അപായസൂചന നൽകുന്ന ശബ്ദമുണ്ടാക്കി രക്ഷപെടും. അലാം കോൾ എന്നാണ് ഈ അപായസൂചനകളെ വിളിക്കുന്നത്. ഒരിക്കല്‍ ഇങ്ങനെയൊരു അലാം കാള്‍ കേട്ട് വാഹനം സുരക്ഷിതമായി നിർത്തി കാത്തിരുന്നു. വേട്ടമൃഗങ്ങളെ പ്രതീക്ഷിച്ചിരുന്ന ഞങ്ങളുടെ മുന്നിലേക്കു വന്നത് ഒരു ആനക്കൂട്ടം ആയിരുന്നു. കടുവയെ പ്രതീക്ഷിച്ചിരുന്നവർക്ക് നിരാശ തോന്നിയെങ്കിലും പെട്ടന്നുതന്നെ അതൊക്കെ മറന്നു. ആനകള്‍ കൂട്ടത്തോടെ അടുത്തുളള തടാകത്തിലേക്ക് ഇറങ്ങി നീരാട്ട് തുടങ്ങി. അക്കൂട്ടത്തില്‍ ഏതാനും ആനക്കുട്ടികളുമുണ്ടായിരുന്നു, അവരുടെ പുറകെ ശ്രദ്ധയോടെ തള്ള ആനകളും. കുളി കഴിഞ്ഞു വന്ന് എല്ലാവരും ചേർന്നു പൊടിമണ്ണു വാരി ദേഹത്ത് എറിയാന്‍ തുടങ്ങി, അൽപസമയം കൊണ്ട് ആ പരിസരം പൊടിയില്‍ മുങ്ങി.

Tags:
  • Manorama Traveller
  • Travel Photos
  • Travel Stories
  • Travel India
  • Wild Destination