ADVERTISEMENT

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ ഒരു വിവാഹത്തിന് ക്ഷണം കിട്ടിയാൽ എന്താകും തയാറെടുപ്പ്? അവിടത്തെ കാലാവസ്ഥ, അതിന് ചേരുന്ന വസ്ത്രങ്ങൾ, പാസ്പോർട്ട്, വീസ, ടിക്കറ്റ് തുടങ്ങിയ സാങ്കേതികത... ഇങ്ങനെ ടെൻഷനടിക്കാൻ എന്തൊക്കെ. ‘‘ഏതായാലും ബ്രിട്ടനിലേക്കു പോകുകയാണ്, എന്നാൽ സമീപത്തുള്ള ചില യൂറോപ്യൻ രാജ്യങ്ങളൊക്കെ കണ്ടുപോരാം’’ എന്നു വേറിട്ടു ചിന്തിച്ചവരാണ് നെടുമ്പാശേരിക്കു സമീപം കുർമശേരിയിലെ ലെന്റിൻ ജോസഫ്–അലീന ജോണി ദമ്പതിമാർ. ഫലം, മാഞ്ചസ്റ്ററിൽ പോയി വന്നതിനൊപ്പം 13 രാജ്യങ്ങളിലെ എമിഗ്രേഷൻ–ഇമിഗ്രേഷൻ മുദ്രകൾ പാസ്പോർട്ടിന്റെ താളുകളിൽ പതിഞ്ഞു. അൻപത്തിയെട്ട് ദിവസങ്ങൾകൊണ്ട് വിവിധ രാജ്യങ്ങളിലെ 25 നഗരങ്ങളും 25 ഗ്രാമങ്ങളും കണ്ടു. ബീച്ചുകളും ദ്വീപുകളും മലമ്പ്രദേശങ്ങളും പുൽമേടുകളും നദീതീരങ്ങളും തടാകങ്ങളും ആകർഷണങ്ങളായി. ഫാഷൻ ട്രെൻഡ് ഉറവിടുന്ന യൂറോപ്യൻ നഗരങ്ങളും തനിമയുള്ള സാംസ്കാരിക പാരമ്പര്യങ്ങളും പശുവളർത്തി, കൃഷി ചെയ്ത് വസിക്കുന്ന ഗ്രാമീണരും ഒരുപോലെ കണ്ണിനു വിരുന്നായി ഈ ‘മിനി യൂറോപ്യൻ പര്യടന’ത്തിൽ. എന്നാൽ, ഏറെ ഇഷ്ടപ്പെട്ട സ്ഥലങ്ങളെപ്പറ്റി ചോദിച്ചാൽ ലെന്റിനും അലീനയ്ക്കും ഒരേ അഭിപ്രായം, ‘പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ഗ്രാമങ്ങളാണ് ഈ യൂറോപ്യൻ ട്രിപ്പിനെക്കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നത്.’

തെയിംസിലെ കാറ്റിനൊപ്പം

ADVERTISEMENT

കഴിഞ്ഞ ജൂലൈയിൽ ലണ്ടനിലെത്തുമ്പോൾ കസിന്റെ വിവാഹത്തിന് ഒരാഴ്ച ബാക്കിയുണ്ട്. മാഞ്ചസ്റ്ററിലെ ബന്ധുവീട്ടിലെത്തി ദാ, ഇപ്പോൾ വരാമെന്ന് പറഞ്ഞ് ഇറങ്ങി. തെയിംസ് നദിയെ തഴുകി എത്തുന്ന കുളിർ കാറ്റിനൊപ്പം സഞ്ചരിച്ച് ലണ്ടൻ ബ്രിജും ബക്കിങ്ങാം കൊട്ടാരവും കണ്ട് നേരേ സ്കോട്‌ലൻഡിലേക്ക്. മധ്യകാല നഗരങ്ങളുടെ ഭാവം ഇപ്പോഴും കൈവിടാത്ത എഡിൻബർഗിൽ താമസിച്ച് ഗ്ലാസ്ഗോയും കണ്ട ശേഷം വിവാഹത്തിനായി മാഞ്ചസ്റ്ററിൽ മടങ്ങിയെത്തി. ഇടയ്ക്ക് വെയിൽസിന്റെ ഭാഗമായ കോൺവെയും സന്ദർശിച്ചു.

Eurotripvillage
ലിസ്ബൺ, ആംസ്റ്റർഡാം | Photos : Lentin Joseph, Aleena Johny

വിവാഹത്തിൽ പങ്കുചേർന്ന് മാഞ്ചസ്റ്ററില്‍ നിന്നു വിമാനം കയറി നെതർലൻഡ്സിലെ ആംസ്റ്റർഡമിലേക്ക്. നദികളും കനാലുകളും ജലവും ജീവിതത്തിന്റെ ഒഴുക്കിനെ സ്വാധീനിക്കുന്ന നാട്. അവിടെ റോട്ടർഡാം. ഡെൽറ്റ്, ഹേഗ്, ബാർണം... ഒരാഴ്ച കൊണ്ട് കാണാവുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിച്ചു. തുടർന്ന് സമീപത്തു തന്നെയുള്ള ബൽജിയം നഗരം ബ്രസൽസിൽ ഒന്നു കറങ്ങി അതുവഴി സ്വിസ് മണ്ണിലേക്ക്.

ADVERTISEMENT

നീസും കാൻസും മൊനാക്കോയും

ലോകത്തെ ഏറ്റവും മനോഹരഭൂമിയായി വാഴ്ത്തുന്ന സ്വിറ്റ്സർലൻഡിൽ ഞങ്ങൾ രണ്ടാം വട്ടമാണ്. ആൽപ്സ് മലനിരകളുടെ വേനൽ സൗന്ദര്യം കൺകുളിർക്കെ നുകർന്ന് പോർച്ചുഗലിലേക്ക്. നൂറ്റാണ്ടുകൾക്കു മുൻപ് എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെ ഇന്നും തുടരുന്ന ലിസ്ബൺ, പോർട് വൈനിനു പ്രശസ്തവുമായ പോർടോ, ഫാത്തിമ മാതാവുമായി ബന്ധപ്പെട്ട ഫാത്തിമ നഗരം തുടങ്ങിയ സ്ഥലങ്ങളായിരുന്നു ആസ്വദിച്ചത്.

ADVERTISEMENT

സ്പെയിനിലെ ബാഴ്സലോണ, മാഡ്രിഡ് കാഴ്ചകൾ കണ്ട് സൗത്ത് ഫ്രാൻസിലെ നീസ് എന്ന തീരദേശ നഗരവും കാൻസ് ഫിലിം ഫെസ്റ്റിവലിന് വേദിയൊരുക്കുന്ന കാൻസ് സിറ്റിയും കണ്ടു. നീസിനു സമീപമാണ് മൊനാക്കോ എന്ന ചെറുരാജ്യം. വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ ചെറിയ രാജ്യമായ മൊനാക്കോ വലുപ്പത്തിൽ പിന്നിലാണെങ്കിലും പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ മുൻപനാണ്. തുടർന്ന് ഇറ്റലിയിലേക്ക്.

Eurotrippostano2
ക്ലിഫ് സൈഡ് ഗ്രാമം പൊസിറ്റാനോ

സൗന്ദര്യം വഴിഞ്ഞൊഴുകുന്ന തീരദേശപട്ടണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇറ്റലിയിൽ റോം, ഫ്ലോറൻസ്, പിസ, നേപ്പിൾസ്, കാപ്രി, പൊസിറ്റാനോ, അമാൽഫി എന്നീ സ്ഥലങ്ങൾ വിരുന്നായി. വത്തിക്കാൻ സിറ്റിയും സന്ദർശിച്ചു. ഗ്രീസിലെ സാന്റോറിനി ദ്വീപ് കണ്ടിട്ട് ഏഥൻസ് വഴി ഇന്ത്യയിലേക്ക്.

Eurovillagegeithroon1
ഹീതുൺ

പോസ്റ്റ്കാർഡ് ഗ്രാമങ്ങൾ

കുട്ടിക്കാല വിസ്മയങ്ങളായിരുന്നു പ്രകൃതിദൃശ്യങ്ങൾ ആലേഖനം ചെയ്ത കാർഡുകൾ. പച്ച പുതച്ച മലനിരകൾക്കിടയിലെ പലകകൾ ചേർത്തുവച്ച വീട്, പാറക്കെട്ടുകൾ നിറഞ്ഞ തുറമുഖത്തെ ബോട്ടുകൾ ഒക്കെ പലവട്ടം കണ്ടതാണ്. അത്തരത്തിലുള്ള ഒട്ടേറെ ഗ്രാമങ്ങളാണ് ഈ പര്യടനത്തിന്റെ ബാക്കിപത്രമായി മനസ്സിൽ തെളിയുന്നത്. വീണ്ടും കാണണമെന്ന് തോന്നുന്ന സ്ഥലങ്ങൾ തന്നെയുണ്ട് ഒട്ടേറെ. ബീച്ച് സൈഡുകളായ സാന്റോറിനിയും നീസും ആദ്യം നാവിൻതുമ്പിലെത്തും. മലമുകളിലെ സ്വിസ് ഗ്രാമം ഗിമ്മൽവാൽഡിലെത്തിയപ്പോൾ എവിടെയോ കണ്ടുമറന്ന പ്രതീതി, നെതർലൻഡിലെ ഹീതുണിലേക്ക് പോയതു തന്നെ സമൂഹമാധ്യമങ്ങളിൽ ആ ഗ്രാമത്തിന്റെ ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ്. ഇറ്റലിയുടെ അമാൽഫി തീരത്ത് കടലിറമ്പിലേക്ക് തള്ളി നിൽക്കുന്ന പൊസിറ്റാനോ സൗന്ദര്യം കൊണ്ടു മാത്രമല്ല സഞ്ചാരാനുഭവം കൊണ്ടും ശ്രദ്ധേയമാണ്.

മലയാളിക്ക് കുശുമ്പ്

Eurovillagegeithroon3
ഗ്രാമം കാണാൻ തോടുകളിലൂടെ പെഡൽ ബോട്ട് സഞ്ചാരം

നെതർലൻഡ്സിലെ തനത് ടൂറിസം കേന്ദ്രമാണ് ഹീതുൺ. കനാലുകൾക്ക് പ്രശസ്തമാണ് ആംസ്റ്റർഡാം എങ്കിലും ‘നെതർലൻഡ്സിന്റെ വെനീസ്’ എന്നോ മലയാളിക്ക് ‘നെതർലൻഡ്സിന്റെ ആലപ്പുഴ’ എന്നോ വിശേഷിപ്പി ക്കാവുന്ന ഇടം. ഇവിടത്തെ കനാലുകൾക്ക് ആഴം നന്നേ കുറവാണ്, ഒരു മീറ്റർ–ഒന്നര മീറ്റർ മാത്രം താഴ്ചയേയുള്ളു. അതിനാൽ ഇവിടത്തെ ചെറുവഞ്ചിയിലുള്ള യാത്രയിൽ ഭയം വേണ്ട. സൈക്കിളുകളല്ലാതെ മറ്റു വാഹനങ്ങളോ നിരത്തുകളോ ഇല്ല എന്നു പറയാവുന്ന ഹീതുണിൽ മരങ്ങൾക്കും പുൽത്തകിടികൾക്കും പൂച്ചെടികൾക്കും ഇടയിൽ കാലം നിശ്ചലമായതുപോലെ ചെരിഞ്ഞ മേൽക്കൂരകളോടുകൂടിയ കെട്ടിടങ്ങൾ കാണാം.

ആംസ്‌റ്റർഡാം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് സ്റ്റീംവിജ് വരെ ട്രെയിനിലും തുടർന്ന് ഹീതൂണിലേക്ക് ബസ്സിലുമായിരുന്നു സഞ്ചാരം. ബസിറങ്ങി തോടിന്റെ ഓരം ചേർന്ന് അൽപം നടന്നു. കനാലുകളുടെ ഇടയിൽ കരഭൂമിയാണോ അതോ മണ്ണിനെ കീറിമുറിച്ച് കനാലുകൾ ഒഴുകുകയാണോ എന്നു മനസ്സിലാവില്ല.

Eurovillagegeithroon2
ഹീതുൺ.

ഗ്രാമം കാണാൻ തോടുകളിലൂടെ പെഡൽ ബോട്ട് വാടകയ്ക്ക് എടുത്ത് സഞ്ചരിക്കാം, അല്ലെങ്കിൽ കുറേ സഞ്ചാരികൾക്കൊപ്പം വലിയ ബോട്ടിൽ സഞ്ചരിക്കുകയും ചെയ്യാം. തോടിനു കുറുകെ തടിയിൽ നിർമിച്ച പാലങ്ങളുടെ അടിയിലൂടെ കടന്നു പോകുമ്പോഴും പാലങ്ങളിൽ ചിത്രത്തിനു വേണ്ടി പോസ് ചെയ്യുമ്പോഴുമൊന്നും നമുക്ക് അപരിചിതത്വം തീരേ തോന്നുകയില്ല. എങ്കിലും, കടും നിറങ്ങളിൽ ചാലിച്ച ഹീതുണിൽ നിൽക്കുമ്പോൾ, നദികളും തോടുകളും കനാലുകളും എറെയുള്ള ഒരു നാട്ടിൽ നിന്നു വന്ന സഞ്ചാരി എന്ന നിലയ്ക്ക് ആ സൗന്ദര്യത്തോട് അൽപം കുശുമ്പ് തോന്നാതിരുന്നില്ല.

മലമുകളിലെ ഗ്രാമം

ലോകമെങ്ങും പ്രശസ്തമായ ടൂറിസം ഡെസ്റ്റിനേഷനുകളാണ് സ്വിറ്റസർലൻഡിലെ ഇന്റർലേക്കൺ, ലാറ്റർബൂൺ, ഷിൽറ്റോൺ ഒക്കെ. ആൽപ്സ് പർവതനിരയുടെ മടിയിൽ സുഖശീതളമായ കാലാവസ്ഥ ആസ്വദിച്ച് ദിവസങ്ങൾ തള്ളിനീക്കാൻ ഒട്ടേറെ സഞ്ചാരികൾ ഇവിടെത്തുന്നു. ഇന്റർലേക്കണിൽ നിന്ന് ഷിൽറ്റോണിലേക്കുള്ള കേബിൾകാർ കടന്നുപോകുന്ന വഴിയിൽ ആദ്യ സ്‌‌റ്റോപ്പാണ് വാഹനങ്ങൾ ചെന്നെത്താത്ത, ഗിമ്മൽവാൽഡ് ഗ്രാമം. ലാറ്റർബൂണിൽ നിന്ന് ബസിൽ മ്യുറി എന്ന സ്ഥലത്തിറങ്ങി. അവിടെ നിന്നാണ് ഷിൽറ്റോണിലേക്കുള്ള കേബിൾ കാർ ആരംഭിക്കുന്നത്. പർവതങ്ങളുടെയും പുൽമൈതാനങ്ങളുടെയും ആകാശക്കാഴ്ചകൾ ആസ്വദിച്ച് ഗിമ്മൽവാൽഡിന്റെ കവാടത്തിൽ ഇറങ്ങി. സമുദ്രനിരപ്പിൽ നിന്ന് 4472 അടി ഉയരത്തിലുള്ള ഗ്രാമത്തിലേക്ക് കല്ല് പാകിയ നടപ്പാതയിലൂടെ നീങ്ങി. ആൽപ്സ് മലനിരകളിലെ ഗ്രാമങ്ങളുടെ തനത് ഭംഗി വേനലിലാണ് കാണാൻ പറ്റുന്നത്. അവസാനത്തെ ചുവടു വച്ച് ഒരു മലയുടെ മുകളിലെത്തുമ്പോൾ തൊട്ട് താഴെ കൊടുമുടികളാൽ വലയം ചെയ്ത ഗ്രാമം.

EurotripGIMMELWALD2
മലമുകളിലെ ഗ്രാമം ഗിമ്മൽവാൽഡ്

തടികൊണ്ടുള്ള വീടുകൾ, പശുക്കൾ മേയുന്ന ഇടങ്ങൾ, നടപ്പാതയിൽ പാകിയ കരിങ്കൽക്കീറുകൾ അങ്ങകലെയുള്ള ഉയരംകൂടിയ ഹിമമുടികളിൽ നിന്നെത്തിയ കാറ്റ് തണുപ്പിച്ചിരിക്കുന്നു. കർഷകരാണ് ഗ്രാമവാസികൾ. കൃഷിയിടങ്ങളിലെ വിളകൾക്കൊപ്പം പാലും ചീസും ഇവിടെ സുലഭമാണ്. ആ ഗ്രാമത്തെ വേറിട്ടതാക്കുന്നത് അവിടത്തെ നിശ്ശബ്ദതയാണ്. സഞ്ചാരികൾ കൂട്ടമായി എത്തിയാൽപ്പോലും വലിയ ഒച്ചയും ബഹളവുമൊന്നും ഗ്രാമീണർക്ക് ഇഷ്ടമല്ല. അവരത് പറയുകയും ചെയ്യും. വാചാലമാകുന്ന പ്രകൃതിഭംഗിയുടെ മുൻപിൽ അല്ലെങ്കിലും, മനുഷ്യരുടെ ഏത്ര വലിയ ശബ്ദവും അധികപ്പറ്റാകുകയേ ഉള്ളു.

Eurotrippostano
പൊസിറ്റാനോ ബീച്ചിൽ ലെന്റിൻ ജോസഫും അലീന ജോണിയും

കരിമണലിന്റെ സൗന്ദര്യം

തിളങ്ങുന്ന നീലക്കടൽ, കരിപുരണ്ടതുപോലെ കറുപ്പു നിറം പടർന്ന തീരം, കടലിലേക്കു തള്ളി നിൽക്കുന്ന പാറക്കെട്ടുകളുടെ ഓരം ചേർന്നൊരു ഗ്രാമം... സതേൺ ഇറ്റലിയിൽ അമാൽഫി തീരത്തെ ക്ലിഫ് സൈഡ് ഗ്രാമമാണ് പൊസിറ്റാനോ. നേപ്പിൾസ് നഗരത്തിൽ നിന്ന് ഒരു കടത്തു വഞ്ചിയിലാണ് പുറപ്പെട്ടത്. അത് കാപ്രി ദ്വീപിലെത്തി, തുടർന്ന് പൊസിറ്റാനോ, അമാൽഫി, അതായിരുന്നു അതിന്റെ റൂട്ട്. ചെറിയ ഗ്രാമമാണെങ്കിലും മലഞ്ചെരിവിൽ വിതറിയിട്ടപോലെ കാണപ്പെടുന്ന വർണഭംഗിയുള്ള കെട്ടിടങ്ങളാണ് അതിന്റെ സൗന്ദര്യം. തിളങ്ങുന്ന ചായത്തിൽ കുളിച്ചാണ് ഓരോ വീടും വേറിട്ടതാകുന്നത്. ബഹുനില നിർമിതികളും ആഡംബര വാഹനങ്ങളൊഴുകുന്ന നിരത്തുകളും മാത്രമല്ല പാശ്ചാത്യനാടുകൾക്കൊപ്പം ചേർത്തു വയ്ക്കേണ്ടത് എന്നാണ് ഈ സഞ്ചാരികൾക്കു പറയാനുള്ളത്.

ADVERTISEMENT