ADVERTISEMENT

വടക്കൻ തായ്‌ലൻഡിലെ ദീൻ ലാവോ മലനിരകളിലെ കൊടുമുടി. ഉദയം കാത്തിരിക്കുന്ന പ്രകൃതി ഉറക്കം വിട്ടു പുറത്തു വന്നിട്ടില്ല. മാനത്ത് സൂര്യനുദിക്കും മുൻപ് മണ്ണിൽ കൊത്തിപ്പെറുക്കാൻ വരുന്ന പക്ഷികളെ കാത്ത് അവിടെ ക്യാംപ് ടെന്റിൽ സമയം തള്ളി നീക്കുകയാണ് ഡോ. ശ്യാംകുട്ടിയും ജയ ശ്യാംകുട്ടിയും. മുതിർന്ന പൗരൻമാരായ തങ്ങളിരുവരും ‘ഈ കൂരിരുട്ടിലും കൊടും മഞ്ഞിലും കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പരിചയപ്പെട്ട ഗൈഡിനൊപ്പം ഇവിടെ കാത്തിരിക്കുന്നത് എന്ത് ഉറപ്പിലാണ്?’ ജയ ശ്യാംകുട്ടിയുടെ മനസ്സിലേക്ക് ഒരു ചിന്ത കടന്നു വന്നു.

എങ്കിലും ആ പ്രദേശത്തെ സുന്ദരികളും സുന്ദരൻമാരുമായ പക്ഷികളെക്കുറിച്ച് ഓർത്തതോടെ ആശങ്കകളെല്ലാം അകന്നു. പ്രായം കൊണ്ട് അറുപതുകളിലാണെങ്കിലും മുതിർന്ന പൗരൻമാരുടെ ചിട്ടകളിലൊതുങ്ങാതെ ഭൂപ്രകൃതിയുടെയും കാലാവസ്ഥയുടെയും വെല്ലുവിളികളെ തരണം ചെയ്ത് ചെറുപ്പക്കാരുടെ ആവേശത്തോടെ ക്യാമറയുമായി ലോകമെങ്ങും സഞ്ചരിക്കാൻ ഡോ. ശ്യാംകുട്ടി – ജയ ശ്യാംകുട്ടി ദമ്പതികളെ പ്രേരിപ്പിക്കുന്നത് ഒന്നു മാത്രം, അതുവരെ കാണാത്ത വർണക്കിളികളുടെ വിസ്മയലോകം. തായ്‌ലൻഡ്, ഭൂട്ടാൻ, കെനിയ, ഇന്ത്യയുടെയും കേരളത്തിന്റെയും പലഭാഗങ്ങൾ... ഇവർ നടത്തിയ കപ്പിൾസ് ജേണി വേറിട്ടതാകുന്നത് ഓരോ ഡെസ്‌റ്റിനേഷനിലെയും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ്.

humespheasantmale
ഹ്യൂംസ് ഫെസന്റ് ആൺ പക്ഷി Photos - Dr John Sam Kutty and Jaya Samkutty
ADVERTISEMENT

തായ്‌ലൻഡിൽ മിക്കവരും പോകുന്നത് ബീച്ചും ഭക്ഷണവും പ്രകൃതിയും ആസ്വദിക്കാനാണ്. എന്നാൽ ഞങ്ങളുടെ പ്രാഥമിക പരിഗണന പക്ഷികൾക്കായതിനാൽ രാജ്യത്തിന്റെ വടക്കൻ പ്രദേശമാണ് സഞ്ചാരത്തിനായി കണ്ടെത്തിയത്. മ്യാൻമറിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ മലനിരകളായിരുന്നു ബേഡിങ് ഡെസ്‌റ്റിനേഷൻ. അവിടെ ദിവസവും മൂന്നു മണിക്കൊക്കെ താമസസ്ഥലത്തു നിന്ന് പുറപ്പെടും. സ്കൂൾ കുട്ടികളുടെ ആവേശത്തോടെയാണ് ഞങ്ങൾ ആ സമയത്ത് തയാറാകുന്നത്. ഒന്നര–രണ്ട് മണിക്കൂർസഞ്ചരിച്ച് ഏതെങ്കിലും മലമുകളിലെത്തും. സൂര്യോദയത്തോട് അടുക്കുമ്പോൾ പക്ഷികൾ, അത് ഫെസന്റുകളോ ബാർവിങ്ങോ പാർട്രിജുകളോ ഒക്കെ ആകാം. അവയെ കണ്ട് സാവധാനം താഴേക്ക് ഇറങ്ങും. അപ്പോഴേക്കും നടപ്പാതയുടെ പരിസരങ്ങളിൽ അപൂർവ പക്ഷികൾ സജീവമായിരിക്കും.

humespheasantfemale
ഹ്യൂംസ് ഫെസന്റ് പെൺ പക്ഷി

അങ്ങനെ ഒരു ദിനം, കാത്തിരുന്ന് മുഷിഞ്ഞപ്പോഴാണ് എന്ത് ഉറപ്പിലാണ് ഈ ഇരിപ്പ് എന്നു ചിന്തിച്ചത്. ആറുമണിയോടെ കിഴക്കൻ ചക്രവാളത്തിൽ മാനം ചുവന്നു തുടങ്ങിയപ്പോൾ, അതാ ക്യാമറയ്ക്ക് ഒരു വിരുന്നുകാരൻ മലയുടെ അടിവാരത്തു നിന്ന് കയറി വരുന്നു. ചുവപ്പിൽ കറുത്ത പുള്ളികൾ പോലെയുള്ള ശരീരവും നീല വരയുള്ള ചിറകും കറുപ്പും വെളുപ്പും ഇടകലർന്ന വാലുമുള്ള ഹ്യൂംസ് ഫെസന്റ് എന്ന സുന്ദരനായിരുന്നു അത്. തൊട്ടു പിന്നാലെ അവന്റെ പെൺ സുഹൃത്ത്, വാലിട്ടു കണ്ണെഴുതിയ ഗോതമ്പിന്റെ നിറമുള്ള സുന്ദരിയും വന്നു. തൊട്ടു പിന്നാലെ ബാംബു പാർട്രിജ് അവിടെത്തി.

ADVERTISEMENT

അതിർത്തിയിലെ ബാർവിങ്

ആ ട്രിപ്പിൽ തായ്‌ലൻഡ്–മ്യാൻമർ അതിർത്തി പ്രദേശത്തേക്ക് ഗൈഡ് കൂട്ടിക്കൊണ്ടുപോയി. അവിടത്തെ പട്ടാള ക്യാംപിനു സമീപത്താണ് പക്ഷികളെ കാണാന്‍ ഏറ്റവും സാധ്യത. ക്യാംപിലെ ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കൊത്തിത്തിന്നാൻ പക്ഷികൾ വരിക പതിവാണ്. ആ സ്ഥലവും ക്യാമറയ്ക്ക് മോശമല്ലാത്ത വിരുന്നൊരുക്കി. അവിടെ കണ്ട പക്ഷികളിൽ പ്രധാനികൾ ബാർവിങ് ഇനത്തിൽപെട്ട ഒന്നായിരുന്നു. തവിട്ടു നിറവും മഞ്ഞയും കറുപ്പും ശരീരത്തിന് അഴകേകുന്ന, ചീകിയൊതുക്കാത്ത മുടിപോലെ തലയിൽ തൂവലുകളുള്ള സ്പെക്റ്റക്കിൾഡ് ബാർവിങ്. നോർതേൺ തായ്‌ലൻഡിലെ അമൂല്യചിത്രങ്ങള്‍ എന്നു വിശേഷിപ്പിക്കാൻ ഇനിയും പലതുമുണ്ട്. ചെറു പക്ഷികളിൽ സുന്ദരിയായ റെഡ് ഫെയ്സ്ഡ് ലിയോചിച്‌ല, ബ്ലാക്ക് ബ്രസ്റ്റഡ് ത്രഷ്, സ്പോട് ബ്രസ്റ്റഡ് പാരറ്റ് ബിൽ അങ്ങനെ ഒട്ടേറെ ഫോട്ടോകൾ ഉണ്ട്.

thailandbirds
Spectacled barwing (Actinodura ramsayi) and Red-faced liocichla (Liocichla phoenicea ) Thailand
ADVERTISEMENT

ഡ്രാഗണുകളുടെ നാട്ടിൽ

നിഗൂഢതകൾ ഒളിപ്പിച്ച പ്രകൃതി സൗന്ദര്യത്തിന് പ്രശസ്തമാണ് ഡ്രാഗണുകളുടെ നാട് എന്നറിയപ്പെടുന്ന ഭൂട്ടാൻ. പാരോ താഴ്‌വരയിലൂടെ ഒഴുകുന്ന നദിയുടെ പരിസരങ്ങളിൽ കാണപ്പെടുന്ന നീർപക്ഷി ഐബിസ് ബിൽ ആയിരുന്നു ആകർഷണങ്ങളിൽ പ്രധാനം. വെള്ളാരങ്കല്ലുകൾ നിറഞ്ഞ നദിയിൽ ആ പരിസരത്തിനൊത്ത വിധം വെളുത്ത വയറും ചാര ചിറകും നീല ഛായയുള്ള കറുപ്പ് നിറത്തിൽ കഴുത്തുമുള്ള കുഞ്ഞൻ പക്ഷിയാണ് ഐബിസ് ബിൽ. ചുവപ്പ് നിറത്തിൽ നീണ്ടു വളഞ്ഞ കൊക്ക് അതിന്റെ വലിയ സവിശേഷതയാണ്. പാരോയിലേക്ക് സഞ്ചരിക്കുമ്പോൾ ആ രാജ്യത്തിന്റെ മനോഹരമായ ഭൂപ്രകൃതി കണ്ടു. പക്ഷേ, ഞങ്ങൾ എടുത്ത ബേഡിങ് പാക്കേജിൽ സൈറ്റ് സീയിങ്, മൊണാസ്ട്രി സന്ദർശനം, ട്രെക്കിങ് എന്നിവ ഒന്നും ഉൾപ്പെടില്ല. അതിനാൽ പ്രകൃതിദൃശ്യങ്ങളെ വഴിയോരക്കാഴ്ചകളിലേക്ക് ഒതുക്കി. പാരോ നദിക്കരയിൽ ഐബിസ് ബിൽ പക്ഷിയുടെ ഒരു കുടുംബം തന്നെ ഞങ്ങൾക്ക് ദർശനം നൽകി. ഹിമാലയൻ യാത്രകളിൽ കാണാൻ സാധിച്ച മറ്റു പല പക്ഷികളെയും പാരോയിൽ കണ്ടു. തിംഫുവിലെ കാട്ടിലായിരുന്നു ബ്ലഡ് ഫെസന്റുകളെ കണ്ടത്. കറുപ്പും വെളുപ്പും നിറങ്ങളുള്ള ശരീരം, ചുവപ്പ് നിറത്തിൽ വലുതായി കണ്ണെഴുതിയിട്ടുള്ള സാമാന്യം വലിപ്പമുള്ള പക്ഷിയാണ് ഇത്. ഇന്ത്യൻ ഹിമാലയത്തിൽ ഫെസന്റ് ഇനത്തിൽ പെട്ട പല പക്ഷികളെയും കണ്ടിട്ടുണ്ടെങ്കിലും കറുപ്പും ചുവപ്പും ചേർന്ന് ഇത്ര സൗന്ദര്യം നൽകുന്ന മറ്റൊരിനമില്ല. കണ്ണഞ്ചിക്കുന്ന നിറംകൊണ്ട് കാഴ്ചക്കാരുടെ മനസ്സിൽ ഇടംപിടിക്കുന്ന പക്ഷിയാണ് ഗൂൾഡ്സ് സൺബേഡ്. ആ അപൂർവ പക്ഷിയെയും ഭൂട്ടാനിൽ ക്യാമറയിൽ പകർത്തി. അതിന്റെ സൗന്ദര്യത്തിൽ മയങ്ങി ക്യാമറ ക്ലിക്ക് ചെയ്യാൻ മറന്നു പോയി എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ഫ്ലൈകാച്ചറുകൾ, യുഹിന, ടിറ്റ്സ്, കുയിൽ ഇനത്തിലുള്ളവ ഇങ്ങനെ പലവിധം പക്ഷികൾ ആ രാജ്യത്ത് ധാരാളമുണ്ട്.

gouldssunbirdbhutan
Red-faced liocichla (Liocichla phoenicea ) Thailand)

കെനിയൻ സഫാരി

ആഫ്രിക്കൻ സഫാരി എന്നു കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് ചീറ്റകളുടെയും സിംഹങ്ങളുടെയും ചിത്രങ്ങളായിരിക്കും. എന്നാൽ ഞങ്ങൾ അവിടെ തേടിയത് പക്ഷികളെത്തന്നെ ആയിരുന്നു. ആ സഞ്ചാരത്തിൽ മനസ്സിലായ ഒരു കാര്യം ഇത്രകാലം ചിത്രങ്ങളിലൂടെ കണ്ടതൊന്നുമല്ല ആഫ്രിക്കൻ വനവും വന്യജീവികളും എന്നതാണ്. ബിഗ് ഫൈവിനെ മാറ്റി വച്ചാൽ മാനുകളുണ്ട് ഒട്ടേറെ ഇനങ്ങൾ, ഏറെ വൃത്തിയുള്ള മൃഗമായി തോന്നിയ ചീറ്റപ്പുലിയുടെ നിറം പോലും ചിത്രങ്ങളിൽ കാണുന്ന മഞ്ഞ ആയിരുന്നില്ല. ടാർ ചെയ്ത പാതയോ പാലങ്ങളോ ഇല്ലാതെ പുൽമേടുകളിലൂടെ നീളുന്ന ഫോർവീൽ ഡ്രൈവ് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് നൽകുന്നത്.

lionmasaimara
Lion (Panthera leo melanochaita) Masai Mara

അവിടെയും വൈൽഡ് ലൈഫ് കാട്ടിത്തരുന്ന ഗൈഡ്സിന് പക്ഷികളോട് പ്രതിപത്തിയില്ല. അവർക്ക് സിംഹത്തിന്റെ കില്ലിങ് എത്ര കാട്ടിത്തന്നാലും മതിയാകില്ല. അതുപോലെ ചില ബേഡിങ് ഗൈഡ് സിംഹത്തെയും മറ്റും കണ്ടാൽ ചിത്രമെടുക്കാനുള്ള അവസരം കൊടുക്കാറില്ലത്രേ. എന്നാൽ സഹയാത്രികരായ ലത പ്രഭാകരന്റെയും പി കെ രാജയുടെയും സൗഹൃദത്താൽ ഞങ്ങളുടെ ഗൈഡ് പക്ഷികളെക്കൂടി കാട്ടിത്തന്നു. അതുകൊണ്ട് ആ യാത്ര അപൂർവ പക്ഷികളുടെ ദൃശ്യങ്ങൾക്കൊപ്പം മാനുകളെ വേട്ടയാടി കടിച്ചു കീറുന്ന ചീറ്റയുടെ കില്ലിങ് സഹിതമുള്ള മൃഗക്കാഴ്ചകളാലും അവിസ്മരണീയമായി.

secretarybirdandgreycrownedcrane
Secretarybird (Sagittarius serpentarius) and Grey crowned crane ( Masai Mara

ആഫ്രിക്കയിൽ മാത്രം കാണപ്പെടുന്ന പക്ഷികളാണ് ഞങ്ങളുടെ മസായി മാര യാത്രയ്ക്ക് പ്രചോദനമായത്. പ്രത്യേകിച്ച് ഗോൾഡൻ ക്രൗൺഡ് ക്രെയ്ൻ അഥവാ ഗ്രേ ക്രൗൺഡ് ക്രെയ്ൻ എന്ന വലിയ പക്ഷി. അതുപോലെ സെക്രട്ടറി ബേഡ്, ലൈലാക് ബ്രസ്റ്റഡ് റോളർ, റെഡ് നെക്ഡ് സ്പർ ഫൗൾ തുടങ്ങി പലതും ക്യാമറയിലെ ആഫ്രിക്കൻ ഫോൾഡറിൽ എത്തി. പരുന്തിന്റെ ശരീരത്തിനൊപ്പം കൊക്കിന്റെ കാലുകൾ ചേർത്തു വച്ചതുപോലെയുള്ള പക്ഷിയാണ് സെക്രട്ടറി ബേഡ്. ആഫ്രിക്കൻ പുൽമേടുകളിൽ കാണപ്പെടുന്ന, പറക്കാൻ സാധിക്കാത്ത വലിയ പക്ഷിയാണ് ഇത്. പറക്കാനാവാത്ത പക്ഷികളിൽ ഒരേയൊരു ഇരപിടിയൻ പക്ഷിയായ സെക്രട്ടറി ബേഡ് വംശനാശ ഭീഷണി നേരിടുന്ന ഇനം കൂടിയാണ്. സമൃദ്ധമായ കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായിരുന്നു കെനിയ സഞ്ചാരം.

മൂന്നാർ മുതൽ ഹിമാലയം വരെ

വീട്ടിൽ നിന്നു വെറും 45 മിനിറ്റ് സഞ്ചരിച്ചാൽ തട്ടേക്കാട് പക്ഷി സങ്കേതത്തിലെത്താം. അതുപോലെ വർഷം മൂന്നോ നാലോ തവണ മൂന്നാറിലേക്ക് പക്ഷികളെ കാണാൻ പോകും. ഓരോ യാത്രയിലും അതുവരെ കാണാത്ത ഒരിനം പക്ഷിയെ എങ്കിലും കണ്ടിട്ടുണ്ട്. കൂന്ദൻകുളം, പാമ്പാടുംചോല, കൂനൂർ, െബംഗളൂരു, ഹൈദരാബാദ് ഇങ്ങിനെ തെക്കേ ഇന്ത്യയുടെ പല സ്ഥലത്തും ബേഡിങ് നടത്തിയിട്ടുണ്ട്.

himalayanbirds
Verditer Flycatcher (Eumyias thalassinus)Thattekad, 11Blood pheasant (Ithaginis cruentus ) Bhutan

പക്ഷികളെത്തേടി രാജ്യത്തിന്റെ പല ഭാഗത്തും സഞ്ചരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ പോയത് ഹിമാലയനിരകളിലേക്ക് ആയിരിക്കും. മുൻഷിയാരി, സത്താൽ, നൈനിത്താൽ, അൽമോറ അങ്ങനെ നീളുന്നു ആ പട്ടിക. ഇന്ത്യയിലെ ബേഡിങ് സഞ്ചാരങ്ങളിൽ മറക്കാനാവാത്ത ഒന്ന് പശ്ചിമബംഗാളിലെ ഗജോൾഡോബ തടാകത്തിലേക്ക് നടത്തിയതാണ്. ജൽപായ്ഗുഡി ജില്ലയിൽ തീസ്ത നദിയിലെ അണക്കെട്ടിന്റെ ഭാഗമാണ് ഈ തടാകം. ശൈത്യകാലത്ത് യൂറോപ്പിലെ ദേശാടനക്കിളികൾ ഒട്ടേറെ എത്തുന്ന ഇവിടെ യന്ത്രബോട്ടുകൾ നിരോധിച്ചിട്ടുണ്ട്. തുഴഞ്ഞ് പോകുന്ന വ‍ഞ്ചിയിൽ തടാകത്തിൽ സഞ്ചരിച്ചാണ് ഞങ്ങൾ പക്ഷികളുടെ ചിത്രം പകർത്തിയത്.

പെൻഷനേഴ്സിന്റെ വിനോദം

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശികളായ ഡോ. ജോൺ ശ്യാംകുട്ടിയും ജയ ശ്യാംകുട്ടിയും പക്ഷിനിരീക്ഷണത്തിൽ എത്തിയത് യാദൃച്ഛികമാണ്. കൊച്ചിയിൽ മിഷൻ ഹോസ്പിറ്റലിലെ സേവനത്തിനു ശേഷം സ്വന്തം ക്ലിനിക്ക് തുടങ്ങി ഡോക്ടർ. പൊലിസ് വകുപ്പിൽ മിനിസ്റ്റീരിയൽ സ്റ്റാഫായിരുന്ന ജയ ശ്യാംകുട്ടി സർക്കാർ സർവീസിൽ നിന്നു പിരിഞ്ഞു. ആ സമയത്താണ് ജോബി എന്ന സുഹൃത്ത് ഇരുവരെയും പക്ഷി നിരീക്ഷണത്തിന് ക്ഷണിക്കുന്നത്. ബോക്സ് ടൈപ് ക്യാമറയുടെ കാലം മുതൽ ഫൊട്ടോഗ്രഫി ഹോബിയാക്കിയിരുന്ന ഡോക്ടറിനും സുവോളജി ബിരുദധാരിയായ ജയ പത്നിക്കും പക്ഷിനിരീക്ഷണം രസകരമായി അനുഭവപ്പെട്ടു. രണ്ടുപേരും സഞ്ചാരികൾ കൂടി ആയതിനാൽ ഏറ്റവും ഇണങ്ങിയ ഹോബിയായി ഇത് മാറി. കടമക്കുടിയിലായിരുന്നു പക്ഷിനിരീക്ഷണം ആരംഭിച്ചത്. യൂറോപ്പിലും അമേരിക്കയിലും വിനോദയാത്ര പോയാലും ബേഡിങ് ഫൊട്ടോഗ്രഫിക്കുള്ള ലെൻസ് ഒരാളെങ്കിലും മറക്കാതെ കയ്യിലെടുക്കുക പതിവാക്കി ഈ ദമ്പതിമാർ. ബേഡ് ഫൊട്ടോഗ്രഫിയിൽ രണ്ടുപേരും ഒരേപോലെയാണോ?, ‘ഡോക്ടർ ഫൊട്ടോഗ്രഫിയുടെ പൂർണതയ്ക്കാണ് പരിഗണന കൊടുക്കുന്നത്. നല്ല ലൈറ്റ്, മികച്ച ഫ്രെയിം, ആക്ഷൻ അങ്ങനെ. എനിക്ക് പുതിയ ഇനം പക്ഷികളുടെ ചിത്ര ശേഖരത്തിനാണ് പ്രാധാന്യം. അപ്പോൾ സ്വാഭാവികമായും വ്യത്യാസങ്ങളുമുണ്ടാകുമല്ലോ...’ ജയ ഡോക്ടറെ നോക്കി പുഞ്ചിരിച്ചു, അടുത്ത ക്ലിക്കിനുള്ള ഉത്സാഹത്തോടെ..

ADVERTISEMENT