ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന

ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന

ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികത കളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന

ആധുനിക സമൂഹങ്ങളിൽ മുൻപന്തിയിലുള്ള അമേരിക്കൻ ഐക്യനാട്, പുരാതന നാഗരികതകളുടെ ശേഷിപ്പുകളാൽ പ്രശസ്തമായ പെറു, ഗോത്രജീവിതം വിസ്മൃതിയിലാകാത്ത ദക്ഷിണാഫ്രിക്ക, ലോകത്തെ ഏറ്റവും വലിയ ഉപ്പുപാടമായ ബൊളീവിയയിലെ സലാർ ഡി യുനി, സാഹസികതകൾക്ക് പഞ്ഞമില്ലാത്ത ഗ്വാട്ടിമല, നഗരസൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കുന്ന ബാങ്കോക്ക്, അപരിചിതരോടും സൗഹൃദം പുലർത്തുന്നതിൽ ഏറെ മുൻപിലുള്ള ഓസ്ട്രേലിയ... കാസർകോട് സ്വദേശി സുജീത്ത് രാമകൃഷ്ണ ഹെഗ്ഡേയുടെ കാഴ്ചകൾ ഇതുകൊണ്ടൊന്നും തീരുന്നില്ല. ലോകരാജ്യങ്ങൾ കാണാനും മനുഷ്യജീവിതങ്ങളും പ്രകൃതിയുടെ വിസ്മയങ്ങളും അറിയാനും സാധാരണക്കാരുടെ അളവുകോൽ വെച്ച് മികച്ചതെന്ന് പറയുമായിരുന്ന ജോലി ഉപേക്ഷിച്ച് ‘ഊരുതെണ്ടാനിറങ്ങിയ’ ഈ എൻജിനീയറുടെ പാസ്പോർട്ടിൽ സ്വപ്ന സംഖ്യയായ 195 ൽ 103 രാജ്യങ്ങളുടെ വീസ മുദ്രകൾ ഒരുവട്ടമെങ്കിലും പതിഞ്ഞു കഴിഞ്ഞു. നൂറ്റി നാലാം രാജ്യത്തിനുള്ള ബാക്ക് പാക്ക് ഒരുക്കി ബക്കറ്റ് ലിസ്റ്റ് തയാറാക്കി കാത്തിരിക്കുകയാണ് സുജീത്ത്.

സഞ്ചരിക്കാനായി ജോലി

ADVERTISEMENT

ചുരുങ്ങിയ കാലം കൊണ്ട് ആറ് ഭൂഖണ്ഡങ്ങളിലെ പ്രദേശങ്ങൾ സന്ദർശിച്ച സുജീത്ത് ഹെഗ്ഡെ തന്റെ സഞ്ചാരവിശേഷങ്ങൾ പങ്കിടുന്നു മനോരമ ട്രാവലറിലൂടെ. ‘‘റിവഞ്ച് ട്രാവൽ എന്ന പദം ഉണ്ടായത് കോവിഡ് കാലത്തിനു ശേഷമാണെങ്കിലും എന്റെ സഞ്ചാരങ്ങളുടെ തുടക്കം ഒരുതരം പകരം വീട്ടലായിട്ടായിരുന്നു. ആഗ്രഹിച്ചതുപോലെ ദൂരയാത്രകളുണ്ടായിരുന്നില്ല ചെറുപ്പത്തിൽ. എവിടേക്കും വിനോദയാത്രകളൊന്നും പോയിരുന്നില്ല. സ്റ്റാംപ് കലക്ഷനും അറ്റ്ലസ് നോക്കി ഓരോ രാജ്യത്തെയും തിരിച്ചറിയുന്നതുമൊക്കെ ആയിരുന്നു അക്കാലത്തെ ഏറ്റവും വലിയ സന്തോഷം. ലോകരാഷ്ട്രങ്ങളും അവയുടെ ഭൂമിശാസ്ത്രവും മനസ്സിലുറയ്ക്കുന്നതിന് അത് വഴിവച്ചു. എൻജിനീയറിങ് പഠന കാലത്ത് ക്യാംപസിൽ നടന്ന പാസ്പോർട്ട് മേളയിൽ പാസ്പോർട്ട് സ്വന്തമാക്കി. പഠനം പൂർത്തിയാക്കി ബഹുരാഷ്ട്ര കമ്പനികളുടെ സർവീസ് എൻജിനീയറാകുമെന്നും അങ്ങനെ ജോലിക്കായി പലസ്ഥലങ്ങളിലും സ‍ഞ്ചരിക്കുമെന്നുമൊക്കെയായിരുന്നു മനസ്സിൽ.

ബെംഗളൂരുവിലെയും ചെന്നൈയിലെയും ജോലിക്ക്് ശേഷം അസമിലെ ഗുവാഹത്തിയിലേക്ക് ജോലി മാറാൻ തയാറെടുക്കുമ്പോഴാണ് ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ ഒരു കമ്പനിയിലേക്ക് അവസരം കൈവന്നത്. ആ സമയത്ത് പാസ്പോർട്ട് കാലാവധിയുടെ അവസാന വർഷമാണ്, ഒരു വിദേശരാജ്യത്തെങ്കിലും പോകാം എന്നചിന്തയിൽ മുംബൈയിലേക്ക് ട്രെയിൻ കയറി, അവിടെ നിന്ന് മൊസാംബിക്കിലേക്ക് ഫ്ലൈറ്റ്. ആദ്യത്തെ വിമാന യാത്രയായിരുന്നു അത്.

ADVERTISEMENT

ആഫ്രിക്കൻ മലയാളി

തികച്ചും വ്യത്യസ്തമായ പുതിയ നാട്ടിലെ ജോലിയും പരിചയക്കാരുമൊക്കെയായി മുൻപോട്ട് പോയി.. മലയാളിയുടെ കമ്പനിയും ഇന്ത്യക്കാരായ സഹപ്രവർത്തകരും ആയിരുന്നു, ഇടയ്ക്ക് ഇന്ത്യയിൽ രണ്ടു മൂന്നു വട്ടം വന്നുപോയി, അതിൽ അവസാനത്തെ തവണ കാഞ്ഞങ്ങാട് സ്വദേശി ശാലിനിയെ ജീവിതപങ്കാളിയാക്കി മൊസാംബിലേക്ക് കൂട്ടി. അതിനു ശേഷമാണ് വീണ്ടും യാത്രകളെക്കുറിച്ച് ചിന്തിക്കുന്നത്.

ADVERTISEMENT

അങ്ങനെ ഞങ്ങൾ ഇരുവരും കൂടി നാലഞ്ച് ദിവസം അവധി എടുത്ത് മൗറിഷ്യസിലേക്ക് പുറപ്പെട്ടു. താമസസ്ഥലമോ ഗൈഡിനെയോ ഒന്നും ബുക്ക് ചെയ്ത് മുൻപരിചയമില്ല. ഓൺലൈനായി റൂം ബുക്ക് ചെയ്ത് വിമാനത്തിൽ കയറുമ്പോഴും നെഞ്ചിടിപ്പായിരുന്നു, അവിടെ ചെല്ലുമ്പോൾ ബുക്ക് ചെയ്ത ഹോട്ടലും മുറിയുമൊക്കെ ഉണ്ടാകുമോ എന്ന ഭയത്താൽ. ട്രിപ്പ് പൂർത്തിയായ ശേഷം കണക്ക് കൂട്ടി നോക്കിയപ്പോൾ അഞ്ച് ദിവസത്തേക്ക് ചെലവ് മൂന്നര ലക്ഷം രൂപ!

ഈഫൽ കാണാൻ

എല്ലാ വർഷവും നാട്ടിൽ പോകാൻ കമ്പനി വിമാന ടിക്കറ്റ് എടുത്തു തരും. അടുത്ത വർഷമായപ്പോൾ ആ ടിക്കറ്റ് എനിക്ക് നാട്ടിലേക്ക് വേണ്ട, തുല്യമായ തുകയ്ക്ക് മറ്റൊരു രാജ്യത്തേക്ക് തന്നാൽ മതി എന്ന് അറിയിച്ചു. ശാലിനിക്ക് ഈഫൽ ടവർ കാണാൻ ആഗ്രഹം. ചെറിയൊരു യൂറോപ്യൻ പര്യടനം പ്ലാൻ ചെയ്തു. അപ്പോഴേക്ക് എയർ ബി എൻ ബി ഹോസ്റ്റലുകളെപ്പറ്റി കേട്ടറിഞ്ഞിരുന്നു. നല്ല മുറി, പാചകത്തിന് കോമൺ കിച്ചൺ, ചെലവും ചുരുങ്ങിയതാണ്... ഹോസ്റ്റലിൽ റൂം ബുക്ക് ചെയ്ത് അരിയും പയറുമൊക്കെയായിട്ടാണ് വിമാനം കയറിയത്. യൂറോപ്യൻ രാജ്യമായതുകൊണ്ട് ഭാഷ പ്രശ്നമാകില്ല, ഇംഗ്ലിഷ് നമുക്കറിയാമല്ലോ എന്നായിരുന്നു ധൈര്യം. പക്ഷേ, പാരിസ് വിമാനത്താവളത്തിൽ കണ്ടുമുട്ടിയവർക്കൊന്നും ഇംഗ്ലിഷ് വശമില്ല.

ഹോസ്റ്റലിന്റെ ഉടമ ഞങ്ങളെ പിക്ക് ചെയ്യാൻ ഓഡി കാർ അയച്ചിട്ടുണ്ട്. പക്ഷേ, ഡ്രൈവർക്ക് ഫ്രഞ്ച് മാത്രമേ അറിയു. അവസാനം ടൂറിസ്റ്റ് കിയോസ്കിലെ ഒരാളുടെ സഹായത്തോടെ ഡ്രൈവറെ കണ്ടെത്തി. മുറിയിലെത്തി ഭക്ഷണം കഴിച്ച് പുറത്തിറങ്ങി. അപ്പോഴാണ് അവിടെ കെട്ടിടങ്ങളെല്ലാം ഒരുപോലെ... മടങ്ങി വരാൻ വഴി അറിയണ്ടേ. ഹോസ്റ്റൽ ഈഫൽ ടവറിനു സമീപമാണ് എന്നേ അറിയു, ഏതു ഭാഗത്താണെന്ന് അറിയില്ല. ഒടുവിൽ വഴിയിലെ പ്രധാന പോയിന്റുകളുടെ ഫോട്ടോ ക്യാമറയിൽ പകർത്തി മുന്നോട്ട് നടന്നു. മൂന്നു കിലോമീറ്ററോളം നടന്ന ശേഷം തിരിഞ്ഞ് നോക്കിയപ്പോൾ അതാ പിന്നിൽ കുറേ അപ്പുറത്ത് ഈഫൽ ടവർ! 16 ദിവസത്തെ ആ ട്രിപ്പിന് ആകെ ചെലവായത് നാലര ലക്ഷത്തിനു മുകളിൽ മാത്രമായിരുന്നു.

ഇനി നാട്ടിലേക്കില്ല

പിന്നെ മൂന്നു വർഷത്തേക്ക് ഞങ്ങൾ നാട്ടിലേക്കു വന്നതേയില്ല. തൊട്ടടുത്ത വർഷം അമേരിക്ക എന്ന സ്വപ്ന നാടുകളായിരുന്നു ഡെസ്റ്റിനേഷൻ. ഏകദേശം ഒരുമാസം നീണ്ട ട്രിപ്പ്. പിന്നെ ദക്ഷിണാഫ്രിക്ക. ഒരുവർഷം കൂടി കഴിഞ്ഞ് അമേരിക്കയിലെ ഡള്ളാസിലേക്ക് പറന്നു. ഇത്തവണ തെക്കേ അമേരിക്കയായിരുന്നു പ്രധാന ആകർഷണം. മെക്സിക്കോയിൽ ചിചെൻ ഇറ്റ്സ, പെറുവില്‍ ലീമ നഗരം, കുസ്കോ നഗരം, ബോളീവിയയിലെ ഉപ്പുപാടം സലാര്‍ ഡി യുനി ഒക്കെ ആയിരുന്നു പ്രധാന ആകർഷണങ്ങൾ. കുസ്കോ നഗരം സമുദ്ര നിരപ്പില്‍ നിന്ന് ഏതാണ്ട് നാലായിരം അടിയോളം ഉയരത്തിലാണ്.ഞങ്ങൾ വിമാന മാർഗം അവിടെ ചെന്ന് ഇറങ്ങിയതിനാൽ ഹൈ ആൾറ്റിറ്റ്യൂഡിന്റേതായ ആരോഗ്യ പ്രശ്നങ്ങൾ അൽപനേരം എന്നെ വിഷമിപ്പിച്ചു. എന്നാൽ കൊക്കോ ചായ ഇടയ്ക്കിടെ കുടിച്ചുകൊണ്ടിരുന്ന ശാലിനിക്ക് ഒരു പ്രശ്നവും തോന്നിയതുമില്ല.

പ്രകൃതി സൗന്ദര്യംകൊണ്ട് ഏറെ അനുഗ്രഹിതമായിരുന്ന ആ സ്ഥലം ഏതൊരു സഞ്ചാരിയും കാണേണ്ടതു തന്നെ. അവിെട നിന്നാണ് ഞങ്ങൾ മാചു പിചുവിലേക്ക് പോയത്. ആ പഴയകാല സാംസ്കാരിക മുദ്രകളെ മഞ്ഞ് പൊതിഞ്ഞ് ഒന്നും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ ചെല്ലുന്നത്. എന്നാൽ അൽപ സമയത്തിനുള്ളിൽ ചെറു കാറ്റിൽ തിരശ്ശീല മാറുന്നതുപോലെ മഞ്ഞിന്റെ ആവരണം അകന്നു പോയതും മാചു പിചുവിന്റെ മായികദൃശ്യം തെളിഞ്ഞു.

ഫുൾ ടൈം സ‍ഞ്ചാരി

ഈ ട്രിപ്പിനു ശേഷം മൊസാംബിക്കിൽ മടങ്ങിയെത്തിയപ്പോൾ ഓഫിസിൽ ജോലിയിൽ ചില മാറ്റങ്ങളുണ്ടായതുമായി പൊരുത്തപ്പെടാൻ പറ്റിയില്ല. ലോകം മുഴുവൻ കണ്ടു തീരണം എന്ന ലക്ഷ്യത്തോടെ ജോലി രാജിവച്ചുകൊണ്ട് കമ്പനിയിലേക്ക് ഇ മെയിൽ അയച്ചു. അവർ അത് സ്വീകരിച്ചില്ല, എങ്കിലും കോവിഡ് മഹാവ്യാധിയുടെ വരവ് എല്ലാ നിശ്ചയങ്ങളെയും മാറ്റിമറിച്ചു. അതോടെ നാട്ടിലേക്ക് മടങ്ങി.

ജോലിയുമില്ല, കോവിഡ് നിയന്ത്രണങ്ങളാൽ സഞ്ചാരവുമില്ല എന്ന അവസ്ഥയിൽ ആകെ കലങ്ങിയ മനസ്സോടെ നാട്ടിലിരിക്കുമ്പോഴാണ് റഷ്യ സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്ന വാർ്ത്ത വരുന്നത്. പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ടിക്കറ്റ് എടുത്തു. ഏറെ പ്രതിബന്ധങ്ങളെ മറികടന്നുള്ള ആ സ‍ഞ്ചാരം ഒരുപക്ഷേ, ഉൻമാദാവസ്ഥയിൽ വരെ എത്താമായിരുന്ന എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അത് എന്റെ സഞ്ചാര ജീവിതത്തിന്റെ രണ്ടാം ജന്മമായിരുന്നു.

പിന്നീട് ഏതാനും രാജ്യങ്ങൾ ഒരുമിച്ച് പോകാൻ പ്ലാൻ ചെയ്ത് കാത്തിരിക്കും. വിമാന ടിക്കറ്റ് നിരക്ക് താരതമ്യേന കുറഞ്ഞു വരുന്ന സമയം നോക്കി യാത്ര പുറപ്പെടും. എപ്പോഴും പുറപ്പെടുന്നത് റിട്ടേൺ ടിക്കറ്റ് ഇല്ലാതെയാണ്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും മുന്നോട്ടുള്ള ഏറ്റവും നല്ല വഴി കണ്ടെത്തി ബാക്കി ടിക്കറ്റുകൾ ബുക്ക് ചെയ്യും. അങ്ങനെയാണ് 50 ദിവസം നീണ്ട ഏഷ്യ–ഓഷ്യാനിയ ട്രിപ്, 2023 സെപ്റ്റംബർ മുതൽ 2024 ഫെബ്രുവരി വരെ നീണ്ടു നിന്ന 25 രാജ്യങ്ങളുടെ പര്യടനം... അങ്ങനെ എത്ര സഞ്ചാരങ്ങൾ... ഇതുവരെ സഞ്ചരിച്ചതിൽ ഏറ്റവും ഹൃദ്യമായ നഗരം തുർക്കിയിലെ ഇസ്താംബുൾ ആണ്. എന്നാൽ ഭക്ഷണത്തിന് ഇറാൻ എന്നാണ് ഉത്തരം. നമ്മുടെ ജിലേബി മുതൽ ബിരിയാണി വരെ ഒട്ടേറെ വിഭവങ്ങളുടെ ഉറവിടം ഈ പ്രദേശമാണ്. നല്ലവാസനയുള്ള ചോറും രുചിസമൃദ്ധമായ കറികളും ചേരുമ്പോൾ എത്ര കഴിച്ചാലും മതിവരില്ല. ഇറാനിൽ അവരുടെ പുതുവത്സരാഘോഷമായ നവ്‌രോസിന്റെ ഭാഗമാകാനും സാധിച്ചിരുന്നു ഒരിക്കൽ.

പാചകക്കാരൻ സഞ്ചാരി

താമസിക്കാൻ ഹോസ്റ്റലുകൾ കണ്ടെത്തുന്നതുപോലെ എല്ലായിടത്തും ഭക്ഷണം പാകം ചെയ്തു കഴിക്കുന്നതും എന്റെ സഞ്ചാരശീലങ്ങളിലൊന്നാണ്. അതുകൊണ്ട് ഓരോ ട്രിപ്പിലും എന്റെ ലഗേജിൽ ഒരു പങ്ക് അരിയും മസാലകളും മറ്റുമാകും. സെർബിയയുടെ തലസ്ഥാനം ബെൽഗ്രേഡിൽ സഞ്ചരിക്കുമ്പോഴുണ്ടായ അനുഭവം മറക്കാനാകില്ല. അന്ന് മസാലകളൊന്നും കൊണ്ടുപോയി തുടങ്ങിയിട്ടില്ല. എങ്കിലും ചെല്ലുന്ന സ്ഥലത്ത് ലഭിക്കുന്ന ചേരുവകൾ ചേർത്ത് ചോറും കറിയും വയ്ക്കുക പതിവായിരുന്നു. മൂന്ന് നാല് മുറികളുള്ള ഹോസ്റ്റലായിരുന്നു ബെൽഗ്രേഡിലേത്. ബേസ്മെന്റിലെ കിച്ചനിൽ പാകം ചെയ്യുമ്പോൾ ദക്ഷിണേന്ത്യൻ ഭക്ഷണത്തിന്റെ കൂെടപിറപ്പുകളായ വാസന മുകളിലെ മുറികളിൽ എത്തുക സ്വാഭാവികം. എന്റെആവശ്യത്തിനുള്ള ഭക്ഷണമേ തയാറാക്കാറുള്ളു. എങ്കിലും ആരെങ്കിലും വന്നാൽ അൽപം കൊടുക്കുകയും ചെയ്യാറുണ്ട്.

അവിടെ നിന്ന് ഒരു ദിവസം നീസ് എന്ന സ്ഥലത്തേക്ക് പോയി. മടങ്ങിവന്നപ്പോൾ റിസപ്ഷനിസ്റ്റ് പറഞ്ഞു പാചകം ചെയ്യുന്ന ഇന്ത്യൻ സഞ്ചാരിയെ എന്നും എല്ലാവരും തിരക്കാറുണ്ടായിരുന്നു അത്രേ. അതുകൊണ്ട് തൊട്ടടുത്ത ദിവസം, അത് സെർബിയയിൽ എന്റെ അവസാന ദിവസമാണ്, നഗരത്തിൽ കിട്ടുന്ന മസാലകളും അരിയും മേടിച്ച് അൽപം വലിയ അളവിൽ തന്നെ പാചകം ചെയ്തു. ആ ഹോസ്റ്റലിലെ എല്ലാവരെയും വിളിച്ച് സൽക്കരിച്ചു. നാലു ഭൂഖണ്ഡങ്ങളിൽ നിന്നായി 11 പേരുണ്ടായിരുന്നു അവിടെ. എല്ലാവർക്കും ഒരുപോലെ ഇഷ്ടമായി എന്നു മാത്രമല്ല, അൽപം പോലും ബാക്കിവയ്ക്കാതെ പാത്രം തുടച്ചു വൃത്തിയാക്കിയാണ് അന്ന് എല്ലാവരും കഴിച്ചത്. യുക്രെയ്ൻ നിരാശ

എന്നാൽ ജീവിതത്തിലെ ഇതുവരെയുള്ളതിൽ വച്ച് വലിയൊരു നിരാശയും ഇവിടെ വച്ചായിരുന്നു. സെർബിയയ്ക്കു ശേഷം ഷെങ്കൻ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ഞാൻ നോക്കിയെങ്കിലും അതിന് ഇന്ത്യയിൽ വന്ന് വീസയ്ക്ക് അപേക്ഷിക്കണമായിരുന്നു. അതുകൊണ്ട് നാട്ടിലേക്ക് മടങ്ങി. എന്നാൽ ബെൽഗ്രേഡിൽ നിന്ന് യുക്രെയ്നിലേക്ക് ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാമായിരുന്നു അന്ന്. പക്ഷേ, ഞാൻ അതും മാറ്റിവെച്ചു. നാട്ടിലെത്തി അൽപ ദിവസങ്ങൾക്കുള്ളിലാണ് റഷ്യ യുക്രെയ്നിൽ ബോംബിട്ടതും സംഘർഷ സ്ഥിതി ആകുന്നതും. ഇന്നും അത് അങ്ങനെ തുടരുന്നു. ഇനി ആ രാജ്യം എന്നു കാണാനാകും എന്നതാണ് എന്റെ ആശങ്ക...

ADVERTISEMENT