ലോകം മുഴുവൻ അറിയപ്പെടാനുള്ള കാഴ്ചകളുണ്ടായിട്ടും സഞ്ചാരികളുടെ ശ്രദ്ധ വേണ്ടത്ര കിട്ടാത്ത സ്ഥലമാണു കാഞ്ഞിരപ്പുഴ. പാലക്കാടിന്റെ ഗ്രാമഭംഗിക്ക് പാശ്ചാത്യ രാജ്യങ്ങളുടെ അഴകു പകരുന്ന പ്രകൃതിയാണ് കാഞ്ഞിരപ്പുഴയിലേത്. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന വാക്കോടൻ മലയും അണക്കെട്ടും ഉദ്യാനവുമാണ് കാഞ്ഞിരപ്പുഴയിൽ കാണാനുള്ളത്. കിഴക്ക് പാലക്കയവും വടക്ക് ഇരുമ്പകച്ചോലയും അതിരിട്ട ഭൂപ്രദേശത്തെ കാഴ്ചകൾ ആദ്യമായി മലയാളികൾക്കു മുന്നിൽ തുറന്നിടുകയാണ് മനോരമ ട്രാവലർ.
പാലക്കാടു നിന്ന് കോഴിക്കോട്ടേക്കുള്ള സംസ്ഥാന പാതയിൽ മണ്ണാർക്കാട് എത്തുന്നതിനു മുമ്പാണു ചിറക്കൽപ്പടി. ഇവിടെ നിന്നാണ് കാഞ്ഞിരപ്പുഴയിലേക്കുള്ള വഴി ആരംഭിക്കുന്നത്. റബർ തോട്ടങ്ങൾക്കു നടുവിൽ വീടുകളുള്ള പൊറ്റശ്ശേരി ഗ്രാമത്തിന്റെ റോഡ് ചെന്നവസാനിക്കുന്നത് അണക്കെട്ടിനു മുന്നിലാണ്.
ഡാമിന്റെ ഭംഗി നടന്നു കാണാം
കാഞ്ഞിരപ്പുഴയിലെത്തിയപ്പോൾ സമയം പത്തു മണി. വലിയ കവാടത്തിന്റെ മുൻ ഭാഗത്തു വാഹനം നിർത്തി. ഗെയ്റ്റ് കടന്ന് ഇറങ്ങിച്ചെല്ലുന്നത് ഉദ്യാനത്തിലാണ്. ‘‘വെയിലിനു കനം കൂടുന്നതിനു മുൻപ് അണക്കെട്ടിൽ കയറിക്കോളൂ. നേരേ ഇടത്തോട്ടുള്ള വഴി’’ പൂന്തോട്ടത്തിന്റെ ചുമതലയുള്ള രാജൻ വഴി കാണിച്ചു. കരിങ്കല്ലുകൾ ചിതറിയ പടവിലൂടെ കെട്ടിനു മുകളിലേക്ക്. കുട്ടികളുടെ കയ്യിൽ പിടിച്ച് സൂക്ഷിച്ചു നടക്കുന്ന ഒരു കുടുംബത്തിനൊപ്പം അണക്കെട്ടിലെത്തി. റോഡിനോളം വീതിയുണ്ട് കെട്ടിന്. ഇരുവശത്തേയും വലിയ ബാരിക്കേഡ് സുരക്ഷ ഉറപ്പാക്കുന്നു.
മലയുടെ അടിവാരം വരെ നീല നിറത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്നു. ചുവന്ന കൂനകൾ പോലെ വെള്ളത്തിനു നടുവിൽ മൺതിട്ടകൾ. മീൻ പിടിത്തക്കാർ കരയ്ക്കിട്ട കുട്ടവഞ്ചികളുടെ കടും നിറത്തിന്റെ തിളക്കം തടാകത്തിനു ഭംഗി വർധിപ്പിച്ചു. റിസർവോയറിന്റെ കിഴക്കു ഭാഗത്തെ തരിശു ഭൂമിയാണു കൂടുതൽ ചന്തം. തടാകത്തിന്റെ വടക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങൾ മലയാണ്. കരിമ്പച്ച നിറമുള്ള മല. കാട്ടു ചോലകൾ മലയുടെ വെള്ളിയരഞ്ഞാണം പോലെ വെയിലത്തു തിളങ്ങി. പച്ചപ്പുല്ല് നിറഞ്ഞ മണൽപ്പരപ്പും നിരയിട്ട മരക്കൂട്ടവും പശുക്കളും സിനിമാ ഗാനരംഗങ്ങൾ ഓർമിപ്പിച്ചു.
അണക്കെട്ടിലൂടെ വടക്കോട്ടു നടന്നു. റിസർവോയറിൽ നിന്നു വെള്ളം തുറന്നു വിടുന്ന ഷട്ടറുകൾ അവിടെയാണ്. മഴക്കാലത്ത് മൂന്നു ഷട്ടറുകളും തുറക്കും. കുതിച്ചിറങ്ങുന്ന വെള്ളച്ചാട്ടം കാഞ്ഞിരപ്പുഴയിലെ ഭംഗിയുള്ള കാഴ്ചയാണ്.
ഷട്ടറുകളുടെ മുകൾഭാഗത്തു നിന്നാൽ പടിഞ്ഞാറൻ കാറ്റിന്റെ ശക്തി അനുഭവിച്ചറിയാം. അണക്കെട്ടിന്റെ മുഴുവൻ ഭംഗിയും ഇവിടെ നിന്നു ക്യാമറയിൽ പകർത്താം. മുതുകുറുശ്ശിയിലൂടെ ശ്രീകൃഷ്ണപുരം വഴി ഒഴുകുന്ന കനാലിലേക്കു വെള്ളം കൊണ്ടു പോകുന്നത് ഷട്ടറിനു താഴെ നിന്നാണ്. ഷട്ടറിന്റെ കീഴ്‌ഭാഗത്തെ ജലപ്പരപ്പിൽ നേരത്തെ ബോട്ട് സവാരി ഉണ്ടായിരുന്നു. ചവിട്ടി നീങ്ങുന്ന ബോട്ടുകളും ഒരു വലിയ ബോട്ടും സവാരി നടത്തിയിരുന്ന കാലത്ത് കുട്ടികളും കുടുംബങ്ങളുമായി നിരവധി സന്ദർശകർ എത്തിയിരുന്നു. ബോട്ടുകൾ കേടായപ്പോൾ ജലസവാരി നിലച്ചു.
ഒരു കിലോമീറ്ററോളം നീളമുള്ള അണക്കെട്ട് പൂർണമായും നടന്നു കാണണമെങ്കിൽ ഒരു മണിക്കൂറെങ്കിലും വേണം. പൊരി വെയിലിനെ തണലാക്കി അണക്കെട്ടിനു മുകളിലൂടെ കുസൃതിക്കുട്ടികളുമായി സന്ദർശകർ നടന്നു നീങ്ങി. കോളജിൽ നിന്നെത്തിയ ഒരു സംഘമാണ് അണക്കെട്ടിനെ വലം വയ്ക്കാൻ തീരുമാനിച്ച മറ്റൊരു കൂട്ടം യാത്രികർ. ഷട്ടറിനടുത്തു നിന്നു താഴേക്കിറങ്ങാൻ കുത്തനെ പടികളുണ്ട്. അണക്കെട്ടിനോളം ഉയരമുള്ള പടികളിൽ കൂട്ടികൾ ഉത്സാഹത്തോടെ ഓടിക്കയറി.
ഉദ്യാനക്കാഴ്ചകൾ
പടികളിറങ്ങിച്ചെല്ലുന്നത് കുട്ടികളുടെ കളി സ്ഥലത്താണ്. ഊഞ്ഞാലും സ്ലൈഡറും സീസോയും മറ്റു വിനോദോപകരണങ്ങളും സ്ഥാപിച്ച പൂന്തോട്ടമാണു കളി സ്ഥലം. ചെറിയ നീർച്ചാലുകളും ജലധാരാ യന്ത്രങ്ങൾ ഘടിപ്പിച്ച തടാകവും പൂന്തോട്ടത്തിനു ഭംഗി വർധിപ്പിക്കുന്നു. വെട്ടിയൊതുക്കിയ പുൽമേടിനു നടുവിലാണ് കാഴ്ചകളെല്ലാം. വിശ്രമിക്കാനുള്ള കുടിലും ടാറിട്ട നടവഴിയും പലതരം മരങ്ങളും ഒരു പകൽ മുഴുവൻ അവിടെയിരിക്കാൻ മോഹമുണർത്തി. സിംഗപ്പൂരിന്റെ ഭംഗിയുള്ള വാട്ടർ ഫൗണ്ടനാണ് നടവഴിയിലെ അലങ്കാരം. നീലനിറത്തിൽ നിലവും ഭിത്തിയും അലങ്കരിച്ച് മുകളിൽ നിന്നു താഴേക്ക് വെള്ളം ഒഴുകുന്ന പടിക്കെട്ടുകളായി നിർമിച്ചിട്ടുള്ള വാട്ടർ ഫൗണ്ടൻ മൈസൂർ ഗാർഡനിലെ ജലധാരയെ ഓർമിപ്പിച്ചു. പ്രണയത്തിനു പശ്ചാത്തലമൊരുക്കുന്ന അക്വാഷ്യത്തോട്ടമാണ് പൂന്തോട്ടത്തിൽ ഇനി കാണാനുള്ളത്. മാമാട്ടിക്കുട്ടിയമ്മയുടെ മുടി പോലെ ഭംഗിയിൽ വെട്ടിയൊതുക്കിയ പുൽത്തകിടിയിലെ പാർക്ക് ബെഞ്ചുകളിൽ പ്രണയങ്ങൾ സല്ലപിക്കുന്നുണ്ടായിരുന്നു. സിമന്റിൽ വാർത്തെടുത്ത ശിൽപ്പം പോലെയുള്ള കൂറ്റൻ മരങ്ങളുടെ തണൽ കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്ക് കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നുണ്ട്. ഇതിനു തൊട്ടടുത്തുള്ള ഐസ്ക്രീം പാർലറിൽ നിന്നു കുളിർ നുകർന്ന് വിശേഷങ്ങൾ പറഞ്ഞു നടക്കുന്നവരേറെയും കൗമാരക്കാരാണ്.
അണക്കെട്ടും പാർക്കും ഉദ്യാനവും പുൽമേടയും ചുറ്റി ഗേറ്റിനരികെ തിരിച്ചെത്തി. പൂന്തോട്ടത്തിനു പുറത്തിറങ്ങിയ ശേഷം അണക്കെട്ടിന്റെ മറ്റൊരു ദൃശ്യം കാണാൻ പോകണമെന്നു നേരത്തേ തീരുമാനിച്ചിരുന്നു. ഇരുമ്പകച്ചോലയിലേക്കുള്ള റോഡിൽ കൊർണക്കുന്ന് എത്തുന്നതിനു മുമ്പ് വലത്തോട്ടുള്ള വരമ്പിലൂടെ നടന്നു. റിസർവോയറിന്റെ കിഴക്കു ഭാഗത്ത് പശുക്കൾ മേയുന്ന മേടയിലാണ് ചെന്നിറങ്ങിയത്. നാട്ടുകാരായ കുറച്ചു കുട്ടികൾ വല വീശി മീൻ പിടിക്കുന്നുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള മണലും ചുവപ്പു കലർന്ന മണ്ണും നീല നിറമുള്ള വെള്ളവും പച്ച വിരിച്ച മലകളും ചേർന്നൊരുക്കുന്ന ഭംഗി പറഞ്ഞറിയിക്കാൻ വയ്യ.
അണക്കെട്ടിന്റെ തെക്കുഭാഗത്താണു പാലക്കയം. കാഞ്ഞിരപ്പുഴ റിസർവോയറിനരികിലൂടെയാണ് പാലക്കയം എത്തുന്നതു വരെയുള്ള റോഡ‍്. ഡാമിന്റെ വിദൂര ദൃശ്യം പകർത്താൻ മത്സരിക്കുന്നവരെ ഈ വഴിയിൽ കണ്ടു.
കാഞ്ഞിരപ്പുഴയിലേക്കു പുറപ്പെടുമ്പോൾ ഇത്രയും മനോഹാരിത പ്രതീക്ഷിച്ചിരുന്നില്ല. പ്രകൃതിയൊരുക്കിയ അദ്ഭുതമെന്നു തോന്നും വിധം കുത്തനെ നിൽക്കുന്ന പാറയാണ് കാഞ്ഞിരപ്പുഴയുടെ ഹൃദയം. ചിന്നിച്ചിതറിയ പാറക്കഷണങ്ങളെ ശിരസ്സിലേന്തി ആകാശം മുട്ടി നിൽക്കുന്നു ആ വലിയ പാറ. ‘വാക്കോടൻ മല’യെന്നാണ് നാട്ടുകാർ ഈ പാറയ്ക്കു പേരിട്ടത്. പാറയുടെ അടിവാരമാണ് കാഞ്ഞിരപ്പുഴ.
കാഞ്ഞിരപ്പുഴയിൽ പ്രകൃതിയൊരുക്കിയ വിരുന്നു കണ്ട് മടങ്ങുകയാണ്. അവിടം വരെ പോയ അനുഭവം സാക്ഷിയാക്കി ഒരു കാര്യം പറയട്ടെ. ‘‘നിങ്ങളും പോകണം കാഞ്ഞിരപ്പുഴയ്ക്ക്...’’ കാരണം, ഒരു പകൽ ആസ്വദിച്ച് വിശ്രമിച്ച് ഉല്ലസിക്കാനുള്ളതെല്ലാം കാഞ്ഞിരപ്പുഴയിലുണ്ട്.
കാഞ്ഞിരപ്പുഴ ഉദ്യാനം
പാലക്കാടു നിന്ന് 32 കിലോമീറ്റർ. പാലക്കാട് – കോഴിക്കോട് റൂട്ടിൽ ചിറക്കൽപ്പടിയിൽ നിന്നു കാഞ്ഞിരപ്പുഴയിലേക്ക് വഴി തിരിയുന്നു. റെയിൽവെ സ്േറ്റഷനിൽ ഇറങ്ങുന്നവർക്ക് ഒലവക്കോടു നിന്ന് കോഴിക്കോട് ബസ്സിൽ കയറി ചിറക്കൽപ്പടിയിലെത്താം. അവിടെ നിന്ന് ഓട്ടൊറിക്ഷ, ടാക്സി ലഭിക്കും. മണ്ണാർക്കാട് – കാഞ്ഞിരപ്പുഴ ബസ്സുകൾ ഈ വഴിക്കാണു സർവീസ് നടത്തുന്നത്. പാലക്കാടു നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് നേരിട്ട് പ്രൈവറ്റ് ബസ്സുകളുണ്ട്. മണ്ണാർക്കാടാണ് സമീപത്തുള്ള പട്ടണം. മണ്ണാർക്കാട് നിരവധി ലോഡ്ജുകളുണ്ട്. കാഞ്ഞിരപ്പുഴ അണക്കെട്ടിനു സമീപത്ത് ചെറുകിട റസ്റ്ററന്റുകളുണ്ട്. കടകളും റസ്റ്ററന്റുകളുമുള്ള മറ്റൊരു സ്ഥലം കാഞ്ഞിരം ആണ്. കാഞ്ഞിരത്തു നിന്നു കാഞ്ഞിരപ്പുഴയിലേക്ക് മൂന്നു കിലോമീറ്റർ.