Thursday 09 December 2021 11:06 AM IST

ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ വാൽപാറയിലെ നല്ലമുടി

Baiju Govind

Sub Editor Manorama Traveller

Nallamudi-cover Photos: Basil Paulo

വാൽപാറയിൽ ഏറ്റവും നന്നായി പ്രകൃതിഭംഗി ആസ്വദിക്കാവുന്ന സ്ഥലമാണ് നല്ലമുടി വ്യൂപോയിന്റ്. ഷോളയാർ – കല്യാർ ടീ പ്ലാന്റേഷനിലുള്ള നല്ലമുടിയിൽ രാവിലെയും വൈകിട്ടും ആനയിറങ്ങും. പക്ഷേ, രാവിലെ ഒൻപതിനു മുൻപും വൈകിട്ട് അഞ്ചിനു ശേഷവും തേയിലത്തോട്ടത്തിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കില്ല. ക്രിസ്മസ് അവധി ആഘോഷിക്കാനോ, പുതുവർഷത്തിന്റെ ആദ്യ സൂര്യകിരണം ഏറ്റുവാങ്ങാനോ വ്യത്യസ്തമായ ഒരിടം പ്ലാനിലുണ്ടെങ്കിൽ നല്ലമുടി നല്ല ചോയിസാണ്... നമുക്ക് നല്ലമുടിയിലേക്ക് പോകാം..

അതിരപ്പള്ളി വഴി

അതിരപ്പള്ളി – വാഴച്ചാൽ വഴി വാൽപാറയിലേക്ക് രണ്ടു ദിവസത്തെ യാത്രയ്ക്ക് അനുയോജ്യമായ സമയമാണ് മഞ്ഞുകാലം. നവംബറിൽ തുടങ്ങുന്ന മഞ്ഞുകാലം ഫെബ്രുവരി പകുതിയാകുമ്പോഴേക്കും തണുപ്പിന്റെ കൊടുമുടിയിലെത്തും. ചാലക്കുടിയിൽ നിന്നു വാൽപാറയിലെത്താൻ മൂന്നു മണിക്കൂർ മതി. പക്ഷേ റോഡിന്റെ അവസ്ഥ ചിലപ്പോൾ 107 കിലോമീറ്റർ താണ്ടാൻ നാലു മണിക്കൂർ വണ്ടിയോടിക്കാനും ഇടയാക്കും.

കോട്ടയത്തു നിന്നു പുലർച്ചെ അഞ്ചിനു പുറപ്പെട്ടു. ചാലക്കുടി എത്തിയപ്പോൾ ഏഴു മണി. കാറിന്റെ വിൻഡോ ഗ്ലാസിനുള്ളിലേക്ക് കുതിച്ചു കയറിയ കാറ്റിനെ ആസ്വദിച്ച് അതിരപ്പള്ളി റൂട്ടിലേക്ക് തിരിച്ചു. ചാലക്കുടിപ്പുഴയുടെ തീരത്തുള്ള വീട്ടുപറമ്പുകൾ നിറയെ കൊക്കോ മരങ്ങളുണ്ട്. രണ്ടുനില കെട്ടിടങ്ങളുടെ ഉയരമുള്ള തെങ്ങുകളിൽ തേങ്ങ വിളഞ്ഞു നിൽക്കുന്നു. അടുക്കള തോട്ടങ്ങളിൽ മഞ്ഞളും കൂവയും ഇഞ്ചിച്ചെടിയും തഴച്ചു വളരുന്നു. പുഴയുടെ കുളിരിലേക്കുള്ള വേരോട്ടമാണ് അവിടുത്തെ കൃഷി സമൃദ്ധി.

തുമ്പൂർമുഴി അണക്കെട്ടും ചിത്രശലഭങ്ങളുടെ പാർക്കുമാണ് ആദ്യ ഡെസ്റ്റിനേഷൻ. രാവിലെ അവിടന്നങ്ങോട്ട് ഈന്തപ്പന തോട്ടമാണ്. പാറക്കെട്ടിലൂടെ പരന്നൊഴുകുന്ന ചാലക്കുടിപ്പുഴയും ഈന്തപ്പന തോട്ടവും ഒട്ടേറെ സിനിമകൾക്കു പശ്ചാത്തലമായി. ‘വടക്കൻ വീരകഥ’ പറയുന്ന ഉദയാ, നവോദയാ ബാനർ സിനിമകളുടെ മെയിൻ ലൊക്കേഷനായിരുന്നു ചാലക്കുടിപ്പുഴ. ഇന്നും ആ സിനിമാസ്കോപ്പ് സൗന്ദര്യത്തിന് പകരം വയ്ക്കാൻ വേറേ ലൊക്കേഷനില്ല.

അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപത്തെ റോഡ് കച്ചവട കേന്ദ്രമായി മാറിയിട്ട് ഏറെക്കാലമായിട്ടില്ല. തൊപ്പിയും കൂളിങ് ഗ്ലാസും മാലയും വളയുമൊക്കെയാണ് കടകളുടെ ഉള്ളടക്കം. സ്കൂൾ അവധിക്കാലത്തും നവംബർ – മാർ‌ച്ച് മാസമാണ് സീസൺ. സംവിധായകൻ മണിരത്നവും രാജമൗലിയും സിനിമയ്ക്കു ലൊക്കേഷനാക്കിയ ശേഷം അതിരപ്പള്ളി വെള്ളച്ചാട്ടം രാജ്യാന്തര ശ്രദ്ധ നേടി.

വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം കാണാൻ ടിക്കറ്റ് എടുത്തവർ വാഴച്ചാലിൽ വേറെ ടിക്കറ്റ് എടുക്കേണ്ട. ചെരിഞ്ഞു കിടക്കുന്ന പാറക്കെട്ടിലൂടെ പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണ് വാഴച്ചാലിന്റെ ഭംഗി. പാർക്ക്, വ്യൂ പോയിന്റ്, വിശ്രമ സ്ഥലം എന്നിവയൊരുക്കി വാഴച്ചാൽ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ വരവേൽക്കുന്നു.

വാഴച്ചാലിന്റെ ഗെയിറ്റിനരികിലാണ് വനംവകുപ്പ് ചെക് പോസ്റ്റ്. വാൽപാറ യാത്രക്കാർ അവിടെ നിന്നു പ്രവേശന പാസ് എടുക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ, ഡ്രൈവറുടെ പേര്, യാത്രക്കാരുടെ എണ്ണം, പ്ലാസ്റ്റിക് കുപ്പി – കവർ എന്നിവയുടെ എണ്ണം എന്നീ വിവരങ്ങൾ രേഖപ്പെടുത്തിയ കടലാസ് കൈപ്പറ്റിയ ശേഷം വനപാതയിലേക്ക് പ്രവേശിച്ചു.

Nallamudi-Elephants

അതിരപ്പള്ളി കാട്ടിൽ പുഴയും അരുവികളും ഉണ്ടെങ്കിലും തണുപ്പു കുറവാണ്. അതു കൊണ്ടു തന്നെ റോഡരികിൽ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കണം. വാച്ച്മരം പാലം, ഇരുമ്പുപാലം എന്നിവിടങ്ങളിൽ ആനയെ കണ്ടു. ആനക്കുട്ടികളോടൊപ്പം മേഞ്ഞു നടന്ന പിടിയാനയും കൊമ്പനും വാഹനങ്ങളുടെ ഹോണടി മൈൻഡ് ചെയ്തില്ല. എന്നാൽ ഒറ്റയ്ക്ക് വഴിയിലിറങ്ങിയ കൊമ്പൻ വണ്ടികളുടെ ഹോൺ കേട്ട് മുളങ്കൂട്ടത്തിലേക്ക് പാഞ്ഞു. അതു കണ്ടപ്പോൾ വണ്ടിയിൽ നിന്നിറങ്ങരുതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിർദേശിച്ചത് ഓർമിച്ചു.

വാൽപ്പാറ റൂട്ടിൽ അതിരപ്പള്ളി കഴിഞ്ഞാൽ വെറ്റിലപ്പാറയാണ് പ്രധാന കവല. പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നേരത്തേ ബോട്ടിങ് ഉണ്ടായിരുന്നു. ഇപ്പോൾ അണക്കെട്ടിന്റെ പരിസരത്തേക്കു പോലും സന്ദർശകർക്ക് പ്രവേശനമില്ല.

മുക്കുമ്പുഴ വനമേഖലയിൽ ഷോളയാർ റെയ്ഞ്ചിലേക്കു കടന്നാൽ തമിഴ്നാടിന്റെ അതിർത്തിയായി. മലക്കപ്പാറയാണ് കേരള – തമിഴ്നാട് ബോർഡർ. അതിർത്തി എത്തുന്നതിനു മുൻപാണ് ‘ചീങ്കണ്ണിക്കുളം’. കാടിന്റെ നടുവിലെ തടാകത്തിൽ പണ്ട് ചീങ്കണ്ണിയെ കണ്ടതായി പറയപ്പെടുന്നു. കുളത്തിൽ ഇറങ്ങരുതെന്ന് ബോർഡ് വച്ചിട്ടുണ്ടെങ്കിലും കമ്പിവേലി ചാടിക്കടന്ന് ഫോട്ടോ എടുക്കുന്ന ഒട്ടേറെയാളുകളെ അവിടെ കണ്ടു.

ഷോളയാർ അണക്കെട്ടിന്റെ ക്യാച്മെന്റിനു സമീപത്തുകൂടിയാണ് തുടർയാത്ര. സുരക്ഷിതമായി നിന്നു ഫോട്ടോ എടുക്കാനും അണക്കെട്ടിന്റെ ഭംഗി പശ്ചാത്തലമാക്കാനും നാലു ലൊക്കേഷനുണ്ട്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ഇറങ്ങി നടക്കുന്നത് നിയമപ്രകാരം കുറ്റകരം.

ഏഷ്യയിലെ ഏറ്റവും ആഴമേറിയ ഡാമുകളിൽ രണ്ടാം സ്ഥാനം ഷോളയാറിനാണ്. അണക്കെട്ടിനു മുകളിൽ നിന്നാൽ പൂന്തോട്ടവും സമീപ ഗ്രാമവും ഏരിയൽ ആംഗിളിൽ കാണാം. വെള്ളം നിറഞ്ഞ ശേഷം ഷട്ടർ തുറക്കുമ്പോഴാണ് ഷോളയാറിന്റെ ഭംഗി പൂർണമാവുക. അണക്കെട്ടിനു മുൻപിൽ വഴിയോരത്ത് മീൻ പൊരിച്ചു വിൽക്കുന്ന കടകളുണ്ട്. അണക്കെട്ടിൽ നിന്നു പിടിച്ച മീൻ മസാല പുരട്ടി കടയുടെ മുന്നിൽ കെട്ടിത്തൂക്കിയിരിക്കുന്നു. ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത് പൊരിച്ചു വാങ്ങി കഴിക്കാം.

Sholayar-Fish

ഷോളയാർ പിന്നിട്ടാൽ വാൽപാറയിലേക്ക് 20 കിലോമീറ്റർ. തേയിലത്തോട്ടത്തിന്റെ നടുവിൽ വളഞ്ഞു പുളഞ്ഞ റോഡ്. മേഘക്കൂട്ടം നിറഞ്ഞ നീലാകാശവും പച്ച നിറത്തിലുള്ള തേയിലച്ചെടിയും റോഡുമാണ് ഈ വഴിയാത്രയുടെ റിയൽ ഫീൽ.

അന്നും ഇന്നും വലിയ വികസനങ്ങളോട് താൽപര്യമില്ലാത്ത പട്ടണമാണു വാൽപാറ. ചായക്കട, മുറുക്കാൻകട, പഴവർഗങ്ങൾ വിൽക്കുന്ന കട, മീൻകട, ഇറച്ചിക്കട, സ്വർണപ്പണയത്തിൽ വായ്പ നൽകുന്ന കട – എല്ലാം ഓടു മേഞ്ഞ പഴയ കെട്ടിടങ്ങൾ. വീടിന്റെ രണ്ടാം നില ‘ഹോം േസ്റ്റ’ ആക്കിയും ആകെയുള്ള രണ്ടു മുറികളിലൊന്ന് വാടകയ്ക്കു നൽകിയും അവിടത്തുകാർ വരുമാനം കണ്ടെത്തുന്നു. കുളിരിനെ വാരി പുണർന്ന് അന്തിയുറങ്ങാൻ എത്തുന്നവർക്ക് ചുരുങ്ങിയ ചെലവിൽ താമസം ലഭ്യം.

വ്യൂ പോയിന്റ്

വാൽപ്പാറയിൽ മൂന്നു സ്ഥലങ്ങളാണ് ലിസ്റ്റ് ചെയ്തിരുന്നത് – നല്ലമുടി വ്യൂ പോയിന്റ്, നീരാർ ഡാം, ബാലാജി ക്ഷേത്രം, ഗ്രാസ് ഹിൽസ്. കാടു കാണാനെത്തിയവർ കുപ്പിയും കടലാസും വലിച്ചെറിഞ്ഞ് മാലിന്യ കൂമ്പാരമാക്കിയപ്പോൾ ഗ്രാസ് ഹിൽസിലേക്ക് പ്രവേശനം നിരോധിച്ചു. ഗ്രാസ് ഹിൽസിനു സമീപത്തു കാരമലയിലാണ് ബാലാജി ക്ഷേത്രം. വാൽപാറ – പൊള്ളാച്ചി റൂട്ടിൽ മനോഹരമായ ഭൂപ്രദേശമാണു കാരമല. കാരമല ടീ ഇൻഡസ്ട്രീസ് വാങ്ങിയ ഉത്തരേന്ത്യക്കാരന്റെ നിർദേശ പ്രകാരമാണ് ക്ഷേത്രം നിർമിച്ചത്. തിരുപ്പതിയിലെ ‘ബാലാജി’യുടെ വിഗ്രഹത്തിന്റെ മാതൃകയിലാണ് പ്രതിഷ്ഠ. ഉപക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹമുണ്ട്. ഗ്രാനൈറ്റ് പതിച്ചു കെട്ടിപ്പൊക്കിയ ക്ഷേത്രം മനോഹരം. കാമുകിമാരോടൊപ്പം എത്തിയ ചെറുപ്പക്കാരുടെ പ്രവർത്തികൾ അതിരു വിട്ടപ്പോൾ ക്ഷേത്രമുറ്റത്ത് വാഹനങ്ങൾക്കു പ്രവേശനം നിരോധിച്ചു. ഫോട്ടോ എടുക്കുന്നവർ സഭ്യത മറന്നപ്പോൾ ഫോട്ടൊഗ്രഫിയും നിരോധിച്ചു. ഇപ്പോൾ ക്ഷേത്ര ദർശനം നടത്താം, അൽപ്പനേരം അവിടെയിരിക്കാം, അതിനു ശേഷം നടയിറങ്ങണം.

Nallamudi-Road

വാൽപാറയിൽ ഹൈഡ്രോ ഇലക്ട്രിക് പദ്ധതിക്കു വേണ്ടി തേയിലത്തോട്ടത്തിൽ നിർമിച്ച നീരാർ ഡാം രണ്ടു വർഷം മുൻപാണ് സന്ദർശക കേന്ദ്രമായത്. പ്രവേശനത്തിനു ടിക്കറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്. വാൽപാറ പട്ടണത്തിൽ നിന്നു 15 കിലോമീറ്റർ അകലെയുള്ള നീരാറിലേക്ക് ബസ് സർവീസുണ്ട്.

ഒരു പണിയുമില്ലാതെ വഴിയോരത്ത് കുത്തിയിരുന്ന ‘മുതിർന്ന പൗരന്മാർ’ തടസപ്പെടുത്തിയതു കാരണം നഷ്ടപ്പെട്ട ചിത്രത്തിനായി പിറ്റേന്നു രാവിലെ വീണ്ടും നല്ലമുടിയിലെത്തി. മഞ്ഞു നനഞ്ഞ തേയിലത്തോട്ടത്തിനു മീതെ സൂര്യപ്രകാശം സ്വർണ നിറം പടർത്തിയിരുന്നു. കോട പുകഞ്ഞ് ആകാശച്ചെരുവിൽ ചിത്രങ്ങൾ രൂപപ്പെട്ടു. വാൽപാറ മുതൽ നല്ലമുടി വരെയുള്ള പതിനൊന്നു കിലോമീറ്റർ ക്യാമറ ഓഫ് ചെയ്യാൻ തോന്നിയില്ല.

Nallamudi-tea-plantation

തേയിലത്തോട്ടത്തിലൂടെ ഒരു കിലോമീറ്റർ നടന്ന് വ്യൂപോയിന്റിലെത്തി. ആകാശച്ചെരുവിൽ ഉയർന്നു നിൽക്കുന്ന ആനമുടി തെളിഞ്ഞു കണ്ടു. വ്യൂപോയിന്റിനു സമീപത്ത് ഒരു ആരാധനാലയമുണ്ട് – ആദി മുരുകൻ ക്ഷേത്രം. ‘നല്ലമുടി പൂഞ്ചോലയിലെ അമ്മ’’യ്ക്ക് അവിടെ വച്ച് ദർശനം കിട്ടിയെന്നു കഥ. ഒരു പാല മരവും കൽവിഗ്രഹവുമാണ് അവിടെയുള്ളത്. വിഗ്രഹത്തിന്റെ നെറുകയിൽ ചാർത്തിയ മഞ്ഞളും കുങ്കുമവും മഞ്ഞിൽ കുതിർന്ന് ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...

Nallamudi-Scene